Thursday 16 July 2020 05:12 PM IST

കരഞ്ഞു കരഞ്ഞാണ് അവനുറങ്ങിയത്, എന്നെ കാണാഞ്ഞിട്ടാകുമോ?; ഉണ്ണിയില്ലാത്ത ഞങ്ങളുടെ വീട്; മേരി അനിത പറയുന്നു

Tency Jacob

Sub Editor

mary-doc

എനിക്കു പിറക്കാത്തോരെൻ പൊൻകുഞ്ഞ്....

‘‘ഉണ്ണീ എന്നു വിളിച്ചാൽ അപ്പോൾ നോക്കി ചിരിക്കും. ‘അമ്മ കിടക്കാണുട്ടോ, ഉണ്ണി കിടക്കുന്നുണ്ടോ’ എന്നു ചോദിച്ചാൽ ഉരുണ്ടുവന്നു ഇടതു വശം ചെരിഞ്ഞു എന്റെ കൈകൾക്കുള്ളിൽ കിടന്നു, എന്നെ നോക്കി നോക്കി കിടന്നുറങ്ങും.ഉറക്കത്തിന്നിടയ്ക്കു പാതി കൺതുറന്നു ഞാനടുത്തുണ്ടോ എന്നു തലപൊക്കിയൊരു പരതലുണ്ട്. എന്നെ കണ്ടാൽ ഒരു അമ്പിളി ചിരി ചിരിച്ചു വീണ്ടും കിടന്നുറങ്ങും. കുറച്ചു നാളത്തേക്കാണ് അവൻ കൂടെയുണ്ടാവുക എന്നറിയാമായിരുന്നു. എന്നാലും ഇന്നലെ പോയപ്പോൾ...ഡോ. മേരി അനിതയുടെ ശബ്ദത്തിൽ വാത്സല്യസങ്കടക്കടലിരമ്പി.

പന്ത്രണ്ടു വർഷമായി കൊച്ചി വൈറ്റിലയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുകയാണ് സെന്റർ ഫോർ എംപവർമെന്റ് ആന്റ് എൻറിച്ച്മെന്റിന്റെ ഫൗണ്ടർ ചെയർമാനും സൈക്കോളജിസ്റ്റുമായ ഡോ.മേരി അനിത.ആറുമാസം പ്രായമുള്ള എൽവിന്റെ മാതാപിതാക്കൾ കോവിഡ് ബാധിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോൾ എൽവിനെ ഏറ്റെടുത്ത് നോക്കിയത് ഡോ.മേരി അനിതയായിരുന്നു.ജന്മനാ കിഡ്നിക്കു പ്രശ്നമുള്ള എൽവിനെ മുപ്പതു ദിവസം പൊന്നുപോലെ നോക്കി ഇന്നലെയാണ് മാതാപിതാക്കൾക്ക് കൈമാറിയത്.

mary-anitha-2

ആരു നോക്കും എന്റെ കുഞ്ഞിനെ...

പെരുമ്പാവൂർ സ്വദേശിയായ എൽദോസും ഷീനയും ഹരിയാനയിലെ ആശുപത്രിയിൽ നഴ്സുമാരായി ജോലിചെയ്യുകയായിരുന്നു.ഷീന പ്രസവാവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നില്ല. എൽദോയാണെങ്കിൽ കോവിഡ് ഡ്യൂട്ടിയിലും. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ എൽദോയ്ക്ക് കോവിഡ് ബാധിച്ചു. ഭാര്യയ്ക്കും കുഞ്ഞിനും പകരാതിരിക്കാൻ ആശുപത്രിയിൽ തന്നെ അഡ്മിറ്റായി.ഈ ഭീതിയുടെ കാലഘട്ടത്തിൽ കുഞ്ഞുമായി ഷീന ഹരിയാനയിൽ തുടരുന്നത് സുരക്ഷിതമല്ല എന്നുറപ്പിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ എൽദോ അവരെ രണ്ടുപേരെയും നാട്ടിലേക്ക് പറഞ്ഞയച്ചു.മൂത്തമകൾ എൽദോയുടെ മാതാപിതാക്കൾക്കൊപ്പം നാട്ടിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ഷീനയും കുഞ്ഞും നാട്ടിലെത്തിയാൽ സമ്പർക്കവിലക്കിൽ കഴിയേണ്ടതുകൊണ്ട് അവരെല്ലാം ബന്ധുവീട്ടിലേക്ക് മാറി. നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഷീനയ്ക്കും പനി ബാധിച്ചു. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ ഷീനയ്ക്കും കോവിഡ് പോസറ്റീവ് എന്നു റിസൽട്ടു വന്നു. പക്ഷേ, കുഞ്ഞിന്റെ ഫലം നെഗറ്റീവായിരുന്നു. കുഞ്ഞിനെ അമ്മയുടെ അടുത്തു നിന്നു മാറ്റണം. പക്ഷേ, എവിടേക്ക്, എതു അമ്മയുടെ കൈകളിലേക്ക്...

mary-anitha-3

ഒരു മാലാഖക്കുഞ്ഞ്...

‘‘ഈ സംഭവത്തെക്കുറിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ വഴി ഞാൻ അറിഞ്ഞിരുന്നു. ആ കു‍ഞ്ഞിനെ ആരും ഏറ്റെടുക്കാനില്ലെന്നു അറിഞ്ഞപ്പോൾ എന്തോ എന്നിലെ അമ്മമനസ്സ് സങ്കടപ്പെട്ടു.’’ ഡോ.മേരി അനിത പറഞ്ഞു തുടങ്ങി.‘‘ മൂന്നുമക്കളുണ്ട് എനിക്ക്. അവരാണ് ഒറ്റപ്പെട്ടു പോയതെങ്കിൽ...ആ നിമിഷം കുഞ്ഞിനെ ഞാൻ ഏറ്റെടുക്കാമെന്നു തീരുമാനിച്ചു.ആ നിമിഷം വരെ ആറുമാസം പ്രായമുള്ള ഒറ്റപ്പെട്ടുപോയൊരു കുഞ്ഞ് എന്നതിൽ കവിഞ്ഞൊരു വിവരങ്ങളും എനിക്കറിയാമായിരുന്നില്ല.

അവനെ തന്ന നിമിഷം, ഒരു മാലാഖക്കുഞ്ഞ് എന്റെ കയ്യിൽ മെല്ലെ വന്നു വീഴുന്നതു പോലെയായിരുന്നു. എന്തോ, അവനെ ചേർത്തു പിടിച്ചു ഞാൻ കരഞ്ഞു! ഈ കുഞ്ഞിനെ നോക്കാൻ ദൈവം എന്നെ തിരഞ്ഞെടുത്തല്ലോ എന്നോർത്തു എന്റെ ഹൃദയം തുളുമ്പുന്നത് എനിക്കു തന്നെയറിയാമായിരുന്നു.എന്റെ കരച്ചിൽ കണ്ടാവണം അവൻ പകച്ചു നോക്കി.ഡയപ്പർ മാത്രമിട്ടാണ് അവൻ എന്റെ കൈയിലേക്കു വരുന്നത്.പിന്നെ അവനും കരച്ചിൽ തുടങ്ങി.

mary-anitha-2

കിഡ്നി പ്രശ്നങ്ങളോടെയാണ് അവൻ ജനിച്ചത് എന്നറിയുന്നത് ഹോസ്പിറ്റലിൽ വച്ചാണ്.ജനിച്ചപ്പോൾ മുതൽ ആന്റിബയോട്ടിക്കുകൾ കൊടുക്കുന്നുണ്ട്. ഒരു സർജറി കഴിഞ്ഞിട്ടുണ്ട്. മറ്റൊരു സർജറിക്കു വേണ്ടി കാത്തിരിക്കുന്നു.അതുകൊണ്ടുതന്നെ പ്രത്യേക ശ്രദ്ധ വേണ്ട കുഞ്ഞായിരുന്നു അവൻ.അന്നുവരെ അമ്മയുടെ പാൽ മാത്രമാണ് അവൻ കുടിച്ചിരുന്നത്.ആദ്യമൊന്നും ഞാൻ കൊടുത്ത ഫൂഡ് കഴിക്കാൻ കൂട്ടാക്കിയേയില്ല.ചിണുങ്ങി ചിണുങ്ങി കരഞ്ഞുകൊണ്ടേയിരുന്നു. അന്നു രാത്രി പത്തുമണിവരെ അവനെന്നെ ഒരിടത്തും ഇരുത്തിയില്ല.അവനെയെടുത്തു നടന്നു കൊണ്ടേയിരുന്നു ഞാൻ.പതുക്കെ പതുക്കെ അവനെന്നോടു ചേർന്നുകിടന്നു...

കിഡ്നി പ്രശ്നമുള്ളതുകൊണ്ട് കുഞ്ഞിന്റെ മൂത്രം ശരിയായി പോകുന്നുണ്ടെന്നു ഉറപ്പാക്കണമായിരുന്നു. കരച്ചിലാണെങ്കിലും പാൽ സ്പൂണിലാക്കി തുള്ളികളായി നാവിൽ ഇറ്റിച്ചു കൊടുത്തു.അറുപതു മില്ലി പാലൊക്കെ കൊടുക്കാൻ ഒരു മണിക്കൂറൊക്കെയെടുക്കും.രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുറുക്കും കുറഞ്ഞ അളവിൽ കഴിക്കാൻ തുടങ്ങി. പുലർച്ചെ മൂന്നുമണിക്ക് എന്നും എഴുന്നേൽക്കും. എന്നിട്ടു എന്നെ വന്നു മാന്തും. പാൽ കിട്ടാനാണ്.‘അമ്മ പാപ്പം ഉണ്ടാക്കി കൊണ്ടുവരാട്ടോ’ എന്നു പറഞ്ഞാൽ അടങ്ങിയിരിക്കും. ഒരു ടർക്കി വിരിച്ചു അതിൽ കിടത്തിയിട്ടാണ് പാലു കൊടുക്കാറ്. ഞാൻ പാൽ കൊണ്ടു വരുമ്പോഴേയ്ക്കും അതിൽ വന്നു കിടന്നു കഴിഞ്ഞിട്ടുണ്ടാവും.

ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ പാടിയാൽ വിടർന്നു ചിരിക്കും. കഴിഞ്ഞ ദിവസം എന്റെ അനിയത്തി വന്നു ഞാൻ വിളിക്കുന്ന പോലെ ‘ഉണ്ണീ’ എന്നു വിളിച്ചപ്പോൾ ചിരിച്ചുകൊണ്ട് അവളുടെ കയ്യിലേക്ക് കുതിച്ചു ചാടി പോയി.ഒരു കുഞ്ഞു കുസൃതിക്കാരനാണ്.

anitha-2

ആദ്യത്തെ പതിനൊന്നു ദിവസം കളമശ്ശേരി മെഡിക്കൽ കോളജിൽ ക്വാറന്റീനിലായിരുന്നു ഞാനും കുഞ്ഞും.പിന്നീട് ഞങ്ങളുടെ അപ്പാർട്മെന്റിലെ തന്നെ ഒരു ഫ്ലാറ്റിലേക്കു വന്നു. പതിന്നാലു ദിവസം കഴിഞ്ഞും കോവിഡ് വന്നവരുണ്ട് എന്നു എന്റെ കൂട്ടുകാർ പറഞ്ഞതുകൊണ്ട് വീണ്ടും പതിന്നാലു ദിവസം കൂടി ക്വാറന്റീനിൽ കഴിഞ്ഞു.മാതാപിതാക്കൾക്ക് കോവിഡ് ആയതു കൊണ്ട് കുഞ്ഞിനു ഹൈ റിസ്ക്കുണ്ടായിരുന്നു.എന്റെ മക്കൾ വന്നു ഭക്ഷണം പുറത്തു വച്ചു കോളിങ്ബെല്ലടിക്കുമ്പോൾ എന്നെ നോക്കി അവൻ ചിരിക്കും.

എല്ലാവരും എന്റെ കൂടെ നിന്നു

mary-anitha-4

ഡോ.മേരി അനിതയ്ക്ക് മൂന്നുമക്കളാണ്.നിംറോഡ്, മനാസ്സെ, മൗഷ്മി ഇസബെൽ.ഭർത്താവ് സാബു തൊഴൂപ്പാടൻ അഡ്വക്കേറ്റാണ്.‘ഒരു ചായയിടാൻ പോലും അറിയാത്ത ആളായിരുന്നു. പക്ഷേ, ആ സമയത്ത് ഭക്ഷണമൊക്കെയുണ്ടാക്കി വളരെ സപ്പോർട്ടായി നിന്നു. മക്കളാണ് ഭക്ഷണമൊക്കെ കൃത്യസമയങ്ങളിൽ കൊണ്ടുതന്നിരുന്നത്. ഓൺലൈൻ ക്ലാസിനിടയിലും വീഡിയോ കോളിലൂടെ ഉണ്ണിയെ കളിപ്പിക്കും. ഇളയ മോൾക്കൊക്കെ എന്നെ കാണാതെ വിഷമം തോന്നിയിട്ടുണ്ടാവും. എന്നാലും ഉണ്ണിക്കു വേണ്ടി അവരെല്ലാം സഹിച്ചു.ഇരുപത്തിയാറാമത്തെ ദിവസം ക്വാറന്റീൻ കഴിഞ്ഞാണ് അവർക്കെന്നെ അടുത്തു കാണാൻ കഴിഞ്ഞത്. എന്നിട്ടും ഞാനും കുഞ്ഞും ആ ഫ്ലാറ്റിൽ തന്നെ തുടരുകയായിരുന്നു. മക്കൾ ഞങ്ങളെ കാണാനായി അവിടേക്കു വരും. പിന്നെ ഉണ്ണിയും കളിപ്പിക്കലും കൊഞ്ചിക്കലുമാണ്.ഉണ്ണിയെ കൈമാറുന്നതിനു തലേന്നാണ് ഞങ്ങളുടെ വീട്ടിലേക്ക് ഞാനും കുഞ്ഞും വരുന്നത്.

എന്റെ കയ്യിൽ കിട്ടുമ്പോൾ ഉണ്ണി അത്ര ആക്ടീവായിരുന്നില്ല.ഞാൻ എപ്പോഴും അവനോടു സംസാരിക്കും. അതവനു ഇഷ്ടമാണ്. ഈ മുപ്പതു ദിവസവും ഉണ്ണിക്കു ‍ഞാനും എനിക്കു ഉണ്ണിയും എന്നതായിരുന്നല്ലോ ഞങ്ങളുടെ ജീവിതം.അവന്റെ അമ്മയും പറഞ്ഞു. ‘കുഞ്ഞ് നല്ല ആക്ടീവായല്ലോയെന്നു’

ഉണ്ണി പോയപ്പോൾ മക്കൾക്ക് സങ്കടമായി.മോള് ‘നമുക്ക് ഉണ്ണിയെ കാണാൻ പോകാം’എന്നു പറഞ്ഞു രാത്രി ഭയങ്കര കരച്ചിൽ. രണ്ടു ദിവസം കഴിഞ്ഞ് കാണാൻ പോകാം എന്നു പറഞ്ഞ് സമാധാനിപ്പിച്ചു നിറുത്തിയിരിക്കുകയാണ്.

എൽവിന്റെ അച്ഛൻ കോവിഡ് നെഗറ്റീവായപ്പോൾ തന്നെ നാട്ടിലെത്തിയിരുന്നു.അമ്മ ഷീനയ്ക്കും നെഗറ്റീവായി.ചിരിച്ചു സന്തോഷത്തോടെ ഉണ്ണിയെ അച്ഛന്റെയും അമ്മയുടെയും കൈകളിലേക്കു കൊടുക്കണം എന്നായിരുന്നു കരുതിയിരുന്നത്. അവരെത്തിച്ചേരുന്നതു വരെ ഉണ്ണിയുടെ കയ്യിൽ മുറുകെപിടിച്ചു കളിപ്പിച്ചു കൊണ്ടേയിരുന്നു.അവനും എന്നെ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു. എന്നിട്ടും, ഉണ്ണിയെ അമ്മയെ ഏൽപ്പിക്കുന്ന നിമിഷത്തിൽ ഞാൻ കരഞ്ഞു. അവൻ വീട്ടിലെത്തുന്നതു വരെ ഉറക്കമായിരുന്നു എന്നു ഷീന പറഞ്ഞു. എണീറ്റു കഴിഞ്ഞപ്പോൾ എന്നെ കാണാതെയായിരിക്കണം കരച്ചിൽ തുടങ്ങി.വൈകും വരെ കരഞ്ഞു കരഞ്ഞാണ് അവനുറങ്ങിയത്. അതു കേട്ടിട്ട് എനിക്കും ഉറങ്ങാൻ കഴിഞ്ഞില്ല.‘ഒരു മാലാഖയെപ്പോലാണ് മാഡം ഞങ്ങളിലേക്കു വന്നത്’ എന്നു ഷീനയും എൽദോസും പറയും. പക്ഷേ, അവനാണ് എന്റെ ജീവിതത്തിലേക്കു മാലാഖയെപ്പോലെ വന്നത്...

Tags:
  • Social Media Viral