Saturday 21 November 2020 11:36 AM IST : By സ്വന്തം ലേഖകൻ

കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം, ആ ‘വെറുതെയിരിപ്പ്’ വെറുതെയാകില്ല ഭർത്താവേ; ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ പറയുന്നു

fr-joseph

പ്രശസ്ത ധ്യാനഗുരുവും ഫാമിലി കൗൺസലറും ആയ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ പംക്തി തുടരുന്നു

ലോകത്തെ മുഴുവൻ ഭയത്തിലാഴ്ത്തിക്കൊണ്ട് കൊറോണ എന്ന മാരകവ്യാധി പടർന്നുകൊണ്ടിരിക്കയാണ്. എല്ലാവരും വലിയ ഭീതിയിലും ആശങ്കയിലുമാണ്. അപ്പോൾ അതാ ചിലർ പറയുന്നു.‘‘ഇതൊക്കെ ദൈവകോപമാണ്, തമ്പുരാന്റെ ശാപമാണ്’’ എന്നൊക്കെ. പ്രിയപ്പെട്ടവരെ, പള്ളിപ്പെരുന്നാളിനു അശ്രദ്ധമായി വെടിക്കെട്ട് നടത്തി തീപിടുത്തം ഉണ്ടാകുമ്പോൾ അത് തമ്പുരാന്റെ ശിക്ഷയാണ് എന്നു പറയുന്നതിൽ കാര്യമുണ്ടോ?

ഈ മഹാവ്യാധിയുടെ കാലത്ത് ചില ജീവിതങ്ങൾ കൊഴിഞ്ഞു പോകുന്നുണ്ട്. നമുക്കേറെ പരിചിതരും പ്രിയങ്കരരും ആയിരുന്നവർ മരിച്ച വാർത്തകൾ കേൾക്കേണ്ടിവരുന്നുണ്ട്. തീർച്ചയായും വലിയ നൊമ്പരമുണ്ടാക്കുന്ന ഒന്നാണത്. പക്ഷേ, അതിനെ ദൈവശിക്ഷയെന്നോ തമ്പുരാന്റെ കോപമെന്നോ വ്യാഖ്യാനിക്കുന്നത് വിവേകമില്ലാത്ത വർത്തമാനമാണ്.

ചിലരുണ്ട്, അത്യാവശ്യം വേണ്ടുന്ന പ്രതിരോധ നടപടികൾക്ക് പോലും വഴങ്ങാതെ, എല്ലാം ദൈവം നോക്കിക്കോളും എന്നു പറയും. നമ്മൾ ചെയ്യേണ്ടത് ചെയ്യാതെ തമ്പുരാന്റെ ചുമലിൽ എല്ലാം ഊന്നിവച്ചിട്ട് കാര്യമില്ല.

അസുഖം വരുമ്പോൾ തമ്പുരാൻ മാറ്റുമെന്നു പറഞ്ഞ് ആരും ആശുപത്രിയിൽ പോകാതെയിരിക്കുന്നില്ലല്ലോ. ദൈവമാണ് എന്റെ കാവൽക്കാരൻ എന്നു വിശ്വസിക്കുന്നെങ്കിലും ഉറങ്ങും മുൻപ് വാതിൽ പൂട്ടിയെന്ന് ഉറപ്പു വരുത്തുന്നുണ്ടല്ലോ. അതുപോലെ താൻ ചെയ്യേണ്ടത് ചെയ്തിരിക്കണം.

താൻ പാതി ദൈവം പാതി എന്നാണ്. ഡോക്ടർമാരും ഭരണാധികാരികളും ശാസ്ത്രജ്ഞരും ദൈവസ്ഥാനത്തു നിന്നു തിരുത്തലുകൾ നൽകുമ്പോൾ അവയെ അംഗീകരിക്കണം. അവരുമായി സഹകരിച്ച് പറ്റുന്ന രീതിയിൽ പ്രതിരോധം തീർക്കുക.

പേടി വേണ്ട, മനസ്ഥൈര്യം കൈവിടരുത്

അമിതമായ പേടി വേണ്ട. ഭയം നമ്മുടെ അടിസ്ഥാനങ്ങളെ തകർക്കും. ദൈവത്തോടു ചേർന്നുനിന്നു പ്രവർത്തിക്കേണ്ട കാലമാണിത്. നമ്മൾ ചെയ്യാനുള്ള ഭാഗം ചെയ്യുക, ബാക്കി പങ്കിൽ വിശ്വാസം ചേർത്തുവയ്ക്കുക. എനിക്കു ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. ബാക്കി വരുന്നിടത്തുവച്ച് കാണാമെന്ന മനസ്ഥൈര്യം കൈവിടാതെ സൂക്ഷിക്കണം.

ഞാനും മാർച്ച് 10–ാം തീയതി മുതൽ യാത്രകളും ധ്യാനപരിപാടികളും മാറ്റിവച്ച് കോട്ടയത്തെ ആശ്രമത്തിൽ തന്നെയുണ്ട്. പ്രാർഥനയുടെ ഇടവേളകളിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുന്നു. വായന എനിക്ക് വലിയ ഇഷ്ടമാണ്. ഒരുപാട് പുസ്തകങ്ങൾ വായിക്കുന്നു. യൂട്യൂബിൽ പ്രസംഗങ്ങൾ കാണുന്നു.

ഞങ്ങളിവിടെ 15 പേരുണ്ട്. പരസ്പരം സംസാരിക്കാനും കേൾക്കാനും ഈ ലോക് ഡൗൺ സമയം ചെലവിടുന്നു. ഇപ്പോൾ നമുക്കു വീണുകിട്ടിയിരിക്കുന്നത് വളരെ അമൂല്യമായ ഒരു അവസരമാണ്. രാവിലെ ജോലിക്ക് പോയി രാത്രി വന്നിരുന്ന ഭർത്താക്കന്മാർ ഇപ്പോൾ മുഴുവൻ സമയവും വീട്ടിൽ തന്നെയുണ്ട്.. അടുക്കളപ്പണികളും ഒാഫിസ് ജോലിയുമായി ഞാണിന്മേൽ കളി നടത്തിയിരുന്ന സ്ത്രീകൾക്കും ഒന്നു ശ്വാസം വിടാൻ സമയം ലഭിച്ചിരിക്കുന്നു.

പരസ്പരം കേൾക്കാം

കുടുംബം ഒരുമിച്ചുള്ള ഈ സമയം നല്ല രീതിയിൽ വിനിയോഗിക്കാൻ നാം ശ്രമിക്കണം. ഭാര്യാഭർത്താക്കന്മാർക്ക് പരസ്പരം കേൾക്കാൻ ഉള്ള സമയമാണിത്. മാതാപിതാക്കൾക്ക് മക്കളെ കേൾക്കുവാനുള്ള സമയം. ജീവിതതിരക്കിൽ അകന്നുപോയ കണ്ണികൾ വിളക്കിച്ചേർക്കുവാനുള്ള സമയം.

പള്ളികളും ആരാധനാലയങ്ങളും ആളൊഴിഞ്ഞു ശൂന്യമായിരിക്കുന്നു. പകരം നമ്മുടെ വീടുകൾ ദൈവസാന്നിധ്യം കൊണ്ട് നിറയട്ടെ. സ്നേഹമുള്ളിടത്ത് ദൈവം ഉണ്ടെന്നാണ്. പരസ്പരം സ്നേഹിച്ച് ജീവിക്കാൻ ഉള്ള കാലമാകട്ടെ ഈ കോവിഡ് 19 കാലം.

പുഴു ആ രൂപത്തിൽ കൃഷിക്കാരന്റെ ശത്രുവാണ്. പിന്നീട് അത് സ്വയം ഒരു കവചം രൂപപ്പെടുത്തി പ്യൂപ്പയായി ധ്യാനത്തിലമരുന്നു. പ്യൂപ്പാകാലം കഴിഞ്ഞ് വർണച്ചിറകുകളുള്ള ശലഭമാകുമ്പോൾ ചെടികളിൽ പരാഗണം നടത്തുന്ന ഉപകാരിയായി അതുമാറുന്നു. അതുപോലെ ലോക്ഡൗണിന്റെ ദിവസങ്ങളിലെ പ്യൂപ്പാഘട്ടത്തിനു ശേഷം തിളക്കമുള്ള വർണശലഭങ്ങളായി നാമോരോരുത്തരും പരിവർത്തനപ്പെടട്ടെ. മറ്റുള്ളവർക്ക് ഉപകാരികളാകുന്ന വർണച്ചിറകുള്ള ശലഭങ്ങൾ.

കർഷകർ ചിലപ്പോൾ കൃഷിഭൂമി കുറേനാൾ തരിശ് ഇടാറുണ്ട്. മഴയും മഞ്ഞുമേറ്റ് , കരിയിലകൾ വീണലിഞ്ഞ് വെറുതെ കിടന്ന നിലത്ത് വീണ്ടും കൃഷിയിറക്കുമ്പോൾ ഇരട്ടി വിളവു കിട്ടുമെന്നാണ്. അതുപോലെ നമ്മുടെ ഈ വെറുതെയിരിപ്പും വിഫലമാകില്ല എന്നു പ്രത്യാശിക്കാം.

ഈ മഹാവ്യാധിക്കു ശേഷമുള്ള ജീവിതത്തിനായി നാം കൂടുതൽ ശക്തി സംഭരിക്കേണ്ടിയിരിക്കുന്നു. അതിനുള്ള പാകപ്പെടുത്തലായി വീട്ടിൽ ഇരിപ്പിനെ നമുക്ക് ഹൃദയപൂർവം സ്വീകരിക്കാം.