Wednesday 14 November 2018 02:56 PM IST : By സ്വന്തം ലേഖകൻ

വിളിച്ചാൽ പോകാത്ത ഓട്ടോ ചേട്ടൻമാരുടെ ലൈസൻസ് പോകും; യാത്രക്കാര്‍ക്ക് വാട്സ്ആപ്പ് വഴി നേരിട്ട് പരാതി നൽകാം

auto

ദൂരവും ലാഭവും അളന്ന് മാത്രം ഓട്ടം പോകുന്ന ‘ഓട്ടോ ചേട്ടൻമാരുടെ’ വാർത്ത കുറച്ചു നാളുകൾക്ക് മുമ്പാണ് വാർത്താക്കോളങ്ങളിൽ ഇടംപിടിച്ചത്. സ്റ്റാൻഡുകളിൽ ഓട്ടോയില്ലാത്തതല്ല പ്രശ്നം. പിന്നെയോ?, ഹ്രസ്വദൂരത്തേക്കുള്ള ഓട്ടം നഷ്ടമാണെന്ന വിലയിരുത്തലിലാണ് പല ഓട്ടോക്കാരും ഓട്ടം വിളിച്ചാൽ പോകാത്തത്. ഇനി അഥവാ പോയാൽ തന്നെ മീറ്ററിലില്ലാത്ത കൊള്ളലാഭമായിരിക്കും പലരും ഈടാക്കുന്നത് തന്നെ. പാതിരാത്രിയിൽ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലുമൊക്കെ വന്നിറങ്ങുന്ന സ്ത്രീകളാണ് ഇത്തരം ചെയ്തികളുടെ ഇരയെന്നതാണ് മറ്റൊരു സത്യം. സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാനാകാതെ ഓട്ടോ കാത്ത് നേരം കഴിക്കേണ്ടി വരുന്ന എത്രയോ പേർ?

ഹ്രസ്വദൂര യാത്ര വിളിച്ചാൽ ഓടി മറയുന്ന ഇത്തരം ഓട്ടോ ചേട്ടൻമാരെ നിലയ്ക്കു നിർത്താൻ പുതിയ നടപടിയുമായി രംഗത്തെത്തുകയാണ് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാർ പറയുന്ന സ്ഥലങ്ങളിലേക്ക് കൃത്യമായി സവാരി പോകാത്തവരെ പൂട്ടാൻ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.

അവിടേയും തീർന്നില്ല, സവാരി പോകാത്ത ഓട്ടോക്കാർക്കെതിരെ വാട്സ് ആപ് വഴി പരാതി അറിയിക്കാനുള്ള സങ്കേതവും മോട്ടോർവാഹന വകുപ്പ് അവതരിപ്പിക്കുന്നുണ്ട്. പരാതി നൽകുന്ന പക്ഷം 24 മണിക്കൂറിനുള്ളിൽ നടപടിയുണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ ഉറപ്പ്. പരാതി ഇ–മെയിൽ വഴിയും ഫയൽ ചെയ്യാവുന്നതാണ്.

വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള മോട്ടോർ വാഹന വകുപ്പിന്റെ കുറിപ്പ് ചുവടെ;

ഓട്ടം വിളിച്ചാൽ വരാത്ത ഓട്ടോറിക്ഷകൾ കുടുങ്ങും, വാട്സാപ്പില്‍ പരാതി നൽകാം

ഹ്രസ്വദൂരയാത്രയ്ക്കും മറ്റും വിളിച്ചാൽ ‘ഓടി മറയുന്ന’ ഓട്ടോറിക്ഷക്കാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളിലേക്കു കൃത്യമായി സവാരി പോകാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് തയാറെടുക്കുന്നത്.

യാത്രക്കാരന്‍ പറയുന്ന സ്ഥലത്തേക്കു സവാരി പോകാന്‍ ഓട്ടോ ഡ്രൈവര്‍ വിസമ്മതിക്കുകയാണെങ്കില്‍ വാട്സാപ്പിലൂടെ പരാതി നല്‍കാം. ഓട്ടോറിക്ഷയുടെ നമ്പര്‍ 8547639101 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ചെയ്യുകയോ kl10@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുകയോ ചെയ്യാം.

ഏതു ജില്ലയില്‍നിന്നും ഈ നമ്പരിലേക്ക് വാട്സാപ്പ് സന്ദേശം അയയ്ക്കാം. ഈ നമ്പരില്‍ ലഭിക്കുന്ന പരാതികള്‍ ജില്ലകളിലേക്കു കൈമാറി അപ്പോള്‍ തന്നെ നടപടി സ്വീകരിക്കുമെന്നു ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ നടപടിയുണ്ടാകുമെന്നാണു വകുപ്പ് പറയുന്നത്.

ഓട്ടം വിളിക്കുന്ന സ്ഥലത്തേക്കു പോകാതെ ഓട്ടോക്കാര്‍ക്കു താല്‍പര്യമുള്ള സ്ഥലത്തേക്കു മാത്രം സവാരിപോകുന്നതായി പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണു നടപടി. മീറ്റര്‍ ഇടാതെ യാത്ര ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാനാണു വകുപ്പിന്റെ തീരുമാനം.