കൊച്ചിയിലെ റേഞ്ച് റോവര്‍ അപകടത്തില്‍ വാഹനം ഇറക്കിയത് സിഐടിയു തൊഴിലാളിയല്ലെങ്കിൽ, അതാരാണ് എന്നതിന്റെ ഉത്തരം അറിയണമെന്ന് മരിച്ച റോഷന്റെ ഭാര്യ ഷെൽമ. വൈദഗ്ധ്യം ഉള്ള ആൾ വാഹനം ഇറക്കിയിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടമാവില്ലായിരുന്നുവെന്നും ഷൽമ പറഞ്ഞു. അപകടകാരണം മാനുഷിക പിഴവാണെന്ന് കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ല.
വൈദഗ്ധ്യമില്ലാത്തൊരാൾ യൂണിയന്റെ പിന്‍ബലത്തില്‍ കാര്‍ ഇറക്കിയതാണ് തന്റെ ഭര്‍ത്താവിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ഷെല്‍മ പറഞ്ഞു. കോൾ വന്നപ്പോൾ രാത്രി 9.30നാണ് റോഷൻ പോയത്. പതിനൊന്നരയോടെ തിരിച്ചെത്താം എന്നു പറഞ്ഞാണ് ഇറങ്ങിയത്. റേഞ്ച് റോവര്‍ ഇറക്കിയത് സിഐടിയുവിന്റെ ഭാഗമായ എറണാകുളം ജില്ലാ കാര്‍ ഡ്രൈവേഴ്സ് യൂണിയന്റെ പ്രതിനിധിയായ അന്‍ഷാദായിരുന്നു.
സിഐടിയുവുമായി അൻഷാദിന് ബന്ധം ഇല്ലെന്നാണ് സിഐടിയു നേതൃത്വത്തിന്റെ വിശദീകരണം. കമ്പനിയിൽ നിന്നും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല. അപകടത്തിന് കാരണം മാനുഷിക പിഴവെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ റിപ്പോര്‍ട്ട്. എന്നാൽ അന്വേഷണത്തില്‍ മെല്ലെ പോക്കിലാണ് കൊച്ചി പൊലീസ് എന്നാണ് ആരോപണം. അപകടത്തില്‍ ആകെ തകര്‍ന്ന റോഷന്റെ കുടുംബത്തിന് നഷ്ടപരിഹാരം ആര് നല്‍കുമെന്ന കാര്യത്തിലും അവ്യക്തത തുടരുന്നു.