Wednesday 28 September 2022 04:42 PM IST : By സ്വന്തം ലേഖകൻ

കുട്ടികളുടെ ബുദ്ധി വികസിക്കും, ജോലിയുള്ള മാതാപിതാക്കൾ എന്തു ചെയ്യുമെന്ന് മറുചോദ്യം: സ്കൂൾ സമയമാറ്റത്തിലെ ജനമനസ്

schooll

വിദ്യാർഥികളെ പഠിപ്പിക്കുന്ന സമയത്തിൻമേൽ വലിയ പഠനം നടക്കുകയാണ്. സംസ്ഥാനത്തെ സ്കൂളുകളിൽ പഠനസമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കാൻ, സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുകയാണ്. 5 മുതൽ 12 വരെ ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാ–കായിക പരിശീലനത്തിനുമായി ഉപയോഗിക്കാം എന്നാണ് നിർദ്ദേശം

പഠനം അംഗീകരിച്ചാൽ സ്കൂളുകളിൽ ഫസ്റ്റ് ബെൽ ഇനി രാവിലെ 8ന് അടിക്കും. ലാസ്റ്റ് ബെൽ ഉച്ചയ്ക്ക് ഒന്നിനും. നിലവിൽ സംസ്ഥാനത്തുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ ഉച്ചവരെയാണ് ക്ലാസ്. സംസ്ഥാനത്തിനു പുറത്തു പലയിടങ്ങളിലും ഈ സമയക്രമം പണ്ടേ എത്തിയതാണ്.

സമയക്രമം മാറ്റുന്നത് സംബന്ധിച്ചുള്ള വാർത്തകൾ വന്നപാടെ പൊതുസമൂഹവും സോഷ്യൽ മീഡിയയും വിഭിന്നങ്ങളായ പ്രതികരണങ്ങളാണ് നടത്തിയത്. അധ്യാപകരുടേയും വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും മനസറിയാൻ വനിത ഓൺലൈൻ നടത്തിയ സർവേയ്ക്കു ആവേശപൂർണമായ പ്രതികരണമാണ് ലഭിച്ചത്. ഒരു ദിവസത്തെ ഏറ്റവും മികച്ച സമയം എന്നറിയപ്പെടുന്ന രാവിലെ വിദ്യാർഥികൾ പഠനം ആരംഭിക്കുന്നതിനോടു വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും സമ്മതമാണ്. ഉച്ചയ്ക്കു ശേഷമുള്ള സമയം പഠനം ഒഴിവാക്കുന്നതിനോടും. എന്നാൽ രാവിലെ 8നു ക്ലാസിലെത്താൻ വെളുപ്പിനെ തന്നെ ചിലർ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരും. കുട്ടികളെ സ്കൂളിൽ വിട്ട് ജോലിക്കായി പോകുന്ന മാതാപിതാക്കളും ഈ നിർദ്ദേശത്തെ എതിർത്തു.

വായനക്കാർ വനിത ഓൺലൈനോടു പങ്കുവച്ച അഭിപ്രായങ്ങളിൽ ചിലത് ചുവടെ...

‘തീർച്ചയായും സമയമാറ്റം വളരെ ഉപകാരപ്പെടും രാവിലെ മുതൽ ഉച്ചവരെയുള്ള ക്ലാസ്സാണ് കുട്ടികൾക്ക് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് ഉച്ചയ്ക്കുശേഷം പല കുട്ടികൾ ഉറക്കം തോന്നുന്നത് നമ്മൾ കാണാറില്ലേ’– അജയ് മാധവൻ

‘ഈ നിർദ്ദേശം പ്രായോഗികമല്ല. ജോലിക്ക് പോകുന്ന മാതാപിതാക്കൾക്ക് പഴയ സമയക്രമമാണ് നല്ലത്. ഇല്ലെങ്കിൽ ജോലി സമയം കൂടി മാറ്റണം. ഉച്ച വരെ സമയം ആക്കിയാൽ വീട്ടിൽ വന്നു കുട്ടികൾ തന്നെ ഇരിക്കണം അത് ഇപ്പോളത്തെ സാഹചര്യം വച്ചു നോക്കുമ്പോൾ സുരക്ഷിതം അല്ല. കൊച്ചു കുട്ടികളെ തനിയെ ഇരുത്തനും സാധിക്കില്ല...ജോലിക് പോകുന്ന മാതാപിതാക്കളെ സംബന്ധിച്ച് ഇത് വളരെ പ്രശ്നം ആണ്.’– നിത്യ ലിജോ

‘കുട്ടികൾ നല്ല ആഹാരം കഴിച്ചു ശീലിക്കാൻ നല്ലത് 10-4എന്ന സമയം ആണ്. സ്നാക്ക്സ് സംസ്കാരം ഉണ്ടാക്കിയത് 8-2ആണ്‌.’– മിനി കെഎസ്

‘ഇവിടെ ദോഹയിൽ എന്റെLKGക്കാരൻ രാവിലെ 6 മണിക്ക് സ്കൂളിൽ പോകും അവൻ വീട്ടിൽ എത്തുന്നത് 12 മണിക്കാണ്. നേരത്തേ കിടത്തിയാലും ഉറക്കം തൂങ്ങിയാണ് പോകുന്നത്. ഉച്ചയ്ക്ക് വന്നിട്ടും ഉറങ്ങും കളിക്കാൻ പോലും സമയമില്ല. മുതിർന്ന ക്ലാസുകളിലെ കുട്ടികൾ വീട്ടിലെത്തുമ്പോൾ ഉച്ചയ്ക്ക് 2 മണികഴിയും. പലരുടേയും ഉച്ചഭക്ഷണം 3 മണിക്കാണ്. കുട്ടികളുടെ ബ്രേക്ക്ഫാസ്റ്റും ലഞ്ചും കുളമാകും. സ്കൂൾ സമയം നേരത്തെ ആയാൽ നല്ല ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നുണ്ടെന്ന് ഉറപ്പിക്കാൻ പറ്റില്ല, വൈകിയുള്ള ഉച്ചഭക്ഷണം കൂടി ആകുമ്പോൾ ആരോഗ്യം തകരും. പിന്നെയുള്ളത് ജോലിയുള്ള മാതാപിതാക്കളുടെ ബുദ്ധിമുട്ടാണ് നേരത്തേ വരുന്ന കുട്ടികളെ, പ്രത്യേകിച്ച് ചെറിയ ക്ലാസുകളിൽ ഉള്ളവരെ ആരു നോക്കും? ഇപ്പോഴത്തേ സമയമാണ് നല്ലത്.’– തങ്കം തോമസ്.

‘സ്‌കൂൾ പഠനം ഉച്ചവരെ വിഷയാധിഷ്ഠിത പഠനവും ഉച്ചക്ക് ശേഷം കലാകായിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും എന്ന രീതിയിൽ ആവുകയാണ് വേണ്ടത്. കുട്ടികൾ കണക്കും സയൻസും ഭാഷയും മാത്രം പഠിച്ചാൽ പോരല്ലോ. കലയും സ്പോർട്സും എന്തെങ്കിലും തൊഴിലും ഒക്കെ പഠിക്കട്ടെ.

ഓഫീസ് ജോലിക്കു പോകുന്ന മാതാ പിതാക്കൾ മാത്രമല്ല, കൂലിപ്പണിക്ക് പോകുന്നവർക്കും മക്കളെ നോക്കണ്ടെ? രാവിലെ ഏഴു മണിക്ക് ജോലിക്കു പോകുന്നവർ വീടുത്തുക അഞ്ചു മണി കഴിഞ്ഞാണ്.ഉച്ചക്ക് വീട്ടിലെത്തുന്ന മക്കൾ സുരക്ഷിതരായിരിക്കുമോ? കുട്ടികൾ വീടിനടുത്തുള്ള സ്‌കൂളിൽ പഠിക്കുന്നവരാണെന്നു വെക്കാം. അധ്യാപകർ വളരെ ദൂരെ നിന്ന് വരുന്നവരുണ്ട്. അവർക്കും എത്തിച്ചേരണ്ടേ അതിരാവിലെ?

പുതിയ സമായമാറ്റം ദോഷകരമായി ബാധിക്കുക സ്ത്രീ മുന്നേറ്റത്തെയായിരിക്കും. പൊതുവേദിയിൽ നിന്നും സ്ത്രീകളുടെ കൂട്ടത്തോടെയുള്ളപിന്മാറ്റമാകും ഉണ്ടാവുക. സ്ത്രീ മുന്നേറ്റത്തിനായി വർഷങ്ങളായുള്ള പ്രയത്നങ്ങൾ എല്ലാം വിഫലമാകും.’– ശോഭ പഞ്ചമം

‘നിലവിലുള്ള സമയക്രമം തന്നെ നല്ലത്. ഇതുവരെ പഠിച്ചു പോരുന്ന കുട്ടികൾക്ക് അതുകൊണ്ട് പ്രത്യേകിച്ചു ഒരു ബുദ്ധിമുട്ടുകളും ഉള്ളതായി തോന്നുന്നില്ല.അത് മാത്രമല്ല പല വീടുകളിലും കുട്ടികളെ സ്ക്കൂളിൽ കുട്ടികളെ വിട്ടിട്ട് ജോലിക്കു പോകുന്ന മാതാപിതാക്കൾ ഉണ്ട് കുട്ടികൾ നേരത്തെ വീട്ടിൽ എത്തിയാൽ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഒട്ടും സുരക്ഷിതരല്ല..’– നെജു മെഹ്റൂഫ്

‘എന്റെ ചെറുപ്പകാലം മുതൽ 12th വരെഉത്തരേന്ത്യയിൽ ആയിരുന്നു പഠിച്ചത്..രാവിലെ 7:30AM മുതൽ ഉച്ചക്ക് 01:30pm വരെ ആയിരുന്നു സ്കൂൾ സമയം.. കറങ്ങി തിരിഞ്ഞു ഒരു 02 ആകുമ്പോ എങ്കിലും വീട്ടിൽ എത്തും.. അതിനു ശേഷം ട്യൂഷന് പോകാനോ... കളിക്കാനോ ഇഷ്ടം പോലെ സമയം ഉണ്ടാകും..

നാട്ടിൽ ഒരു വർഷം പഠിക്കാൻ വന്നപ്പോ ഉള്ള ഈ 09:40AM to 03:30PM സമയക്രമം സ്വല്പം ബുദ്ധിമുട്ട് തോന്നിപ്പിച്ചു.. ഒരു ദിവസം മുഴുവൻ പോയത് പോലെ... കൂടാതെ പോകുമ്പോഴും വരുമ്പോഴും നല്ല വെയിൽ ആയിരിക്കും.. ട്രാഫിക് ബ്ലോക്കിൽ പെട്ട് ആകെ ക്ഷീണിച്ച് തളരും...’– അഖിൽ വി മധു

‘ജോലിയുള്ള parents ആണ് ശരിക്കും അഭിപ്രായം പറയേണ്ടത് . അവർ പ്രതികരിക്കട്ടെ’– രതി പി മേനോൻ

‘മാറേണ്ടത് സമയക്രമം അല്ല പഠിപ്പിക്കുന്ന രീതിയും സിലബസുമാണ്, കാരണം ഗാന്ധിജി പറഞ്ഞതുപോലെ കുട്ടികൾ പഠിച്ചിറങ്ങുമ്പോൾ ഒരു ജീവിത മാർഗ്ഗം കൂടി അവരുടെ അഭിരുചി അനുസരിച്ചു പഠിച്ചിരിക്കണം. കുട്ടികൾ റോഡ്‌ നിയമങ്ങൾ, അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ, കുട്ടികൾ വരുന്ന ചുറ്റുപാടുകളെ കുറിച്ചും അവരുടെ സാമ്പത്തിക വിഷമങ്ങൾ ഉണ്ടെങ്കിൽ അതിനു മറ്റുള്ളവരുടെ സഹായം എത്തിച്ചു കൊടുക്കാനുള്ള ഗവണ്മെന്റ് ചുമതല എൽപ്പിക്കൽ അങ്ങനെ ഒരുപാട് കാര്യങ്ങൾ ശ്രെദ്ധിച്ചാൽ ഓരോ സ്കൂളും അവരുടെ ജീവിതത്തിന്റെ ഭാവിയുടെ ഭാഗമാകും.’– ജാസ്മിൻ റഫീക്ക്

ഇപ്പോൾ ഉള്ള സമയത്തിൽ ഒരു മാറ്റവും ആവശ്യമില്ല അങ്ങനെ സമയം മാറ്റിയാൽ ഒരുപാട് ബദിമുട്ടുകൾ ഉണ്ടാകും രാവിലെ 7 മണിക്ക് സ്കൂളിൽ പോകാൻ മിനിമം 5.30 മണിക്കെങ്കിലും കുട്ടി ഏണിക്കണം പിന്നെ ഒരു മണിക്ക് കുട്ടി വീട്ടിൽ എത്തിയാൽ അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോൾ വീട്ടിൽ ആരും ഉണ്ടാകില്ല കുട്ടികൾ തനിച്ചു ആകും വീട്ടിൽ അത് ഇപ്പോൾ ഉള്ള കാലവാസ്തയ്ക്ക് നല്ലതല്ല സപ്പോർട്ട് ഉള്ളവർ പറയുക.– ശ്രീകുമാർ ഗോപിനാഥ കുറുപ്പ്

‘സമയ മാറ്റം നല്ലത് തന്നെ പക്ഷെ അതിന്റെ പ്രായോഗികത ചർച്ചചെയ്തു വേണം നടപ്പിലാക്കാൻ നിലവിൽ 9am ന് ആരംഭിക്കുന്ന സ്കൂളിൽ ബസ് വരുന്നത് 7.30am ന് ആണ് ഇത് 8am ആക്കുമ്പോൾ സ്കൂൾ ബസ് 6.30am ന് വരും ചെറിയ കുട്ടികളെ ഒരുക്കി സ്കൂളിൽ അയക്കാൻ മാതാപിതാക്കൾക്ക് ബുദ്ധിമുട്ടേറും.അത്പോലെ മാതാപിതാക്കളുടെ ജോലി സമയവും പ്രശ്നമാണ്. നിലവിലുള്ളത് തുടരണമെന്നല്ല കാലാനുസൃതമായ നല്ല മാറ്റങ്ങളെ അംഗീകരിക്കാനും തയ്യാറാണ് എല്ലാ വശങ്ങളും ചർച്ചകൾക്കും പഠനത്തിനും വിധേയമാക്കണം.’– അരുൺ മാർക്കോസ്

‘സമയമാറ്റം നല്ലത് ആണ്. എന്നാൽ നമ്മുടെ കാലാവസ്ഥ അനുസരിച് കിഴക്കൻ പ്രേദേശം പോലുള്ള സ്ഥലങ്ങളിൽ മഴകാലം വളരെ ബുദ്ധിമുട്ട് ആണ്.7മണിക്ക് അല്ലേൽ 8മണിക്ക് സ്കൂൾ വച്ചാൽ .630നെ എങ്കിലും വീട്ടിൽ നിന്നും ഇറങ്ങണം. കഴിഞ്ഞ 4വർഷം കൊണ്ട് കാലാവസ്ഥ വളരെ ബുദ്ധിമുട്ട് ആക്കുന്ന ഒന്നാണ്. ഇനി സ്കൂൾ ബസ്സ് കിട്ടുമെങ്കിൽ പോലും സ്റ്റോപ്പിൽ എത്താൻ 15അല്ലേൽ 20മിനിറ്റ് ദൂരം നടന്നു വരുന്ന കുട്ടികളും ഉണ്ട് ഇവിടെ. പിന്നെ ഇന്നത്തെ കാലത്ത് കുട്ടികൾ ഉച്ചയോട് കൂടി വീട്ടിൽ വന്നാൽ വർക്കിംഗ്‌ ആയിട്ടുള്ള മാതാപിതാക്കൾ വളരെ വേവലാതി പെടും. കാരണം കുട്ടികൾ നമ്മുടെ നാട്ടിൽ സുരക്ഷിതം ഉള്ളവർ അല്ല. പ്രേത്യകിച്ചേ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ആൾക്കാരുടെ വരവോട് കൂടി.’– മിനി തോമസ്

‘7.10 നു മോന്റെ സ്കൂൾ ബസ് വരും. അതിനായി ഞാനും ഭാര്യയും രാവിലെ 5.30 നു എണീക്കും. ആഹാരം പാകം ചെയ്യും. രാവിലെ കഴിച്ചിട്ട് പോകാൻ ഉള്ളതും, കൊണ്ടു പോകാൻ ഉള്ള ടിഫിനും ലഞ്ചും റെഡി ആക്കണം. ഡ്രെസ് തേക്കണം, ഇതിനിടക്ക് 4 മാസം പ്രായമുള്ള മകൾ എണീറ്റാൽ ഞാൻ എടുത്തു കൊണ്ട് നടന്നു ഉറക്കണം. എന്നിട്ട് സ്കൂളിൽ പോകാൻ ഉള്ള മകനെ എണീപ്പിച്ചു കുളിപ്പിച്ചു റെഡി ആക്കി കഴിപ്പിച്ചു 7 മണിക്ക് ഇറങ്ങി ഗേറ്റിൽ നിൽക്കണം. ചില്ലറ പണി ഒന്നുമല്ല സമയം ഇതാണ് എങ്കിൽ എല്ലാവരും ഇനി എടുക്കേണ്ടത്. ഭാര്യ പമ്പരം പോലെ കറങ്ങുന്നത് കണ്ടാൽ വിഷമം വരും.’– ജിനേഷ് നന്ദനം

‘എട്ടു മണി മുതൽ ഒരു മണി വരെ സ്കൂൾ സമയക്രമം മാറ്റുമ്പോൾ ഒരു നാണയത്തിന് ഇരുവശം എന്നപോലെ ഈ കാര്യവും നമ്മൾ ചർച്ച ചെയ്യേണ്ടതാണ്. പഠനഭാരം ലഘൂകരിക്കുവാനും മറ്റു സമയം വീട്ടിലിരുന്നു കളിക്കുവാനും പുതിയ ആശയപ്രകാരം കുട്ടികൾക്ക് കഴിയുന്നു. എന്നാൽ ഈ കാലഘട്ടം അണുകുടുംബ വ്യവസ്ഥയിൽ നിറഞ്ഞതാണ്. അമ്മയും അച്ഛനും ജോലിക്ക് പോകുന്നു. ഓഫീസ് ടൈം എട്ടു മണി മുതൽ ഒരു മണി വരെ അല്ല എന്നത് ശ്രദ്ധേയമാണ്. ഇവിടെ കുട്ടിയുടെ സുരക്ഷിതത്വം ആണ് നാം ചിന്തിക്കേണ്ടത്. പഠനം കഴിഞ്ഞ് വീട്ടിലെത്തുന്നകുട്ടിയ്ക്ക് തികഞ്ഞ ഒറ്റപ്പെടൽ അനുഭവിക്കേണ്ടിവരും.’–ഐശ്വര്യ എ.ബി

‘കാലത്ത് ക്ലാസ്സ്‌ തുടങ്ങി ഉച്ചവരെ. എല്ലാത്തരത്തിലും ഏറെ ഗുണം ചെയ്യും. വീട്ടിലുള്ളവരും അതി കാലതെഴുന്നേറ്റു,, വീട്ടുജോലികളൊക്കെ സമയത്തിന് തീർത്തു, വേവലാതിയില്ലാതെ ദിവസം ക്രിയാത്മകമായി കൊണ്ടുപോകാൻ സഹായിക്കുന്നു.കുട്ടികൾ കാലതെഴുന്നേൽക്കുന്ന ശീലം ഏറെ സന്തോഷപ്രദം.. അവരുടെ ബുദ്ധിവികാ സത ക്കു അത്യുത്തമം... കാലത്തു ക്ലാസ്സ്‌ വളരെഗുണം ചെയ്യുന്നു... ഉച്ചക്ക് വീട്ടിൽ വന്നു ഭക്ഷണം കഴിച്ചു അല്പം ഉറങ്ങാൻ സമ്മതി ക്കുക... പിന്നീട് എഴുന്നേറ്റു ഹോംവർക് ചെയ്തു കുറഞ്ഞത് ഒരു മണിക്കൂരെങ്കിലും ഓടിച്ചാടി കളിക്കാൻ നിർബന്ധമായും അനുവദിക്കുക..’– തങ്കം നായർ.