Tuesday 05 July 2022 04:50 PM IST : By സ്വന്തം ലേഖകൻ

‘എന്നെ പിച്ചിയ അയാളുടെ വിരലുകൾ തടിമില്ലിലെ ജോലിക്കിടയിൽ നഷ്ടപ്പെട്ടു’: വിജനമായ ഇടത്ത് അവൾ നേരിട്ടത്

child-abuse-kid

കളിവീടുണ്ടാക്കി, ഊഞ്ഞാലിൽ ആടിതിമിർത്ത്, കണ്ണാരംപൊത്തി കളിച്ചു ഓടിച്ചാടി ഉല്ലസിക്കേണ്ട കുഞ്ഞുങ്ങൾ. അവരുടെ ചിറകിന്റെ തൂവൽ പറിച്ച് ഇരുട്ടിലേക്കു തള്ളിവിടുകയാണ് ചിലർ. എവിടെ നിന്നാണ് ചോര കിനിയുന്നത്? എങ്ങനെയാണ് മുറിവുണ്ടായത്? അതുപോലും അറിയാതെ ഇളം കണ്ണുകളിൽ അമ്പരപ്പു നിറച്ചു അവർ നമുക്കു നേരെ നോക്കുന്നു. ഏതു വാക്കു കൊണ്ട്, പ്രവർത്തി കൊണ്ട് അവർക്കേറ്റ മുറിവുകളിൽ നമ്മൾ തൈലം പുരട്ടും? നമുക്കവരെ പഴയ കുട്ടികളായി തിരിച്ചു കിട്ടുമോ?

(നിയമപരമായ കാരണങ്ങളാൽ ആരുടെയും പേരോ സ്ഥലമോ ഉപയോഗിക്കുന്നില്ല.)

നീതി ലഭിക്കാൻ ഏതറ്റം വരെയും

(ഇര : ആറു വയസ്സുള്ള പെൺകുട്ടി)

‘‘എന്റെ മകൾക്കു നീതി ലഭിക്കാൻ സുപ്രിം കോടതി വരെ പോകേണ്ടി വന്നാലും ഞാൻ പോകും.അച്ഛനെ പോലെ വിശ്വസിച്ചതാണ് എന്റെ മകൾ അയാളെ. എന്നിട്ട്, ആ കുഞ്ഞിനോടാണ്...’’ ആ അമ്മയുടെ തൊണ്ട ഇടറിത്തുടങ്ങി. വാക്കുകൾ തുടരാനാവാത്ത വിധം അവർ തളർന്നിരുന്നു.‘‘രണ്ടു വർഷമായി ഈ കേസിന്റെ പിന്നാലെ നടക്കുന്നു. അയാൾ കസ്റ്റംസ് ഓഫിസറായതു കാരണം പൊലീസും നിയമപാലകരും എല്ലാം അയാളുടെ കൂടെയാണ്.’’ അവർ ഇടർച്ചയോടെ പറഞ്ഞു.

‘‘ഞാൻ മലയാളിയാണെങ്കിലും ജനിച്ചതും വളർന്നതും മുംബൈയിലാണ്. ആദ്യ ഭർത്താവുമായി ഒരു ബുട്ടീക് നടത്തുകയായിരുന്നു.വിദഗ്ദമായി കളിച്ച് ബിസിനസ്സടക്കം അയാൾ കൊണ്ടുപോയി, ഞാനും മകളും പെരുവഴിയിലുമായി. എനിക്ക് അച്ഛനോ അമ്മയോ ഉണ്ടായിരുന്നില്ല.

ജീവിതം വഴിമുട്ടി ജോലിക്കു വേണ്ടി അലയുന്ന സമയത്താണ് ഇയാളെ പരിചയപ്പെ‍ട്ടത്. അയാളുടെ മകനുമുണ്ടായിരുന്നു ഒപ്പം. 16 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനുമുണ്ട്. ഭാര്യ മരിച്ചതാണ്.

ഞാൻ ചെന്നാൽ ആ കുട്ടിക്ക് അമ്മയും എന്റെ മകൾക്ക് അച്ഛനേയും കിട്ടുമല്ലോ. അങ്ങനെയാണ് ഞാനും മകളും കേരളത്തിലെത്തുന്നത്. ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുകയായിരുന്നു. മകൾ നല്ല പ്രസരിപ്പുള്ള കുട്ടിയാണ്. എപ്പോഴും തുള്ളിച്ചാടി നടക്കും. പെട്ടെന്നു അവളാകെ വാടാൻ തുടങ്ങി. കളിക്കാനൊന്നും പോകാതെ ഒറ്റയ്ക്കിരിക്കും. എന്തുപറ്റിയെന്നു ചോദിച്ചെങ്കിലും ‘ഒന്നുമില്ല മമ്മ’ എന്നു പറഞ്ഞു ഒഴിഞ്ഞു മാറി. പിന്നീട് നിർബന്ധിച്ചു ചോദിച്ചപ്പോൾ അവളെന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.‘മമ്മ ഇതു ചെന്നു ചോദിക്കല്ലേ, മമ്മയെ അയാൾ കൊന്നു കളയും.’ ഞാനാകെ സ്തംഭിച്ചു പോയി.

അച്ഛന്റെ സ്ഥാനത്തുള്ള അയാൾ ദിവസങ്ങളായി എന്റെ മകളെ ഉപദ്രവിക്കുകയായിരുന്നു. മകൾ ഭീതിയോടെ എന്നെ വിളിക്കും. ഞാനതു കേൾക്കാതെ ബോധം കെട്ടുറങ്ങുകയായിരുന്നെന്നാണ് അവൾ പറഞ്ഞത്. കുഞ്ഞ് വിസമ്മതിച്ചപ്പോൾ അയാൾ അവളുടെ രണ്ടു കയ്യും കട്ടിൽ ക്രാസിയിൽ കെട്ടി...’’ അമ്മ നിയന്ത്രണമില്ലാതെ കരഞ്ഞു.

‘‘രാവിലെ എഴുന്നേൽക്കുമ്പോൾ എനിക്കെപ്പോഴും ക്ഷീണം തോന്നിയിരുന്നു. എന്തുകൊണ്ടാണെന്നു മനസ്സിലായിരുന്നില്ല. കുടിക്കുന്ന വെള്ളത്തിലോ ഭക്ഷണത്തിലോ എന്തോ ചേർത്തിരുന്നു. അല്ലെങ്കിൽ മകൾ അലറിക്കരഞ്ഞ് വിളിക്കുമ്പോൾ ‍ഞാൻ എഴുന്നേൽക്കാതിരിക്കുമോ?

തെളിവോടെ വേണം അയാളെ പിടിക്കാനെന്നു ഞാൻ ഉറപ്പിച്ചു. അന്നു മുതൽ പൈപ്പിൽ നിന്നുള്ള വെള്ളമല്ലാതെ മറ്റൊന്നും ‍ഞാൻ കുടിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അയാൾ എന്റെ മകളുടെ അടുത്തേക്കു വരുന്നതു ഞാനറിഞ്ഞു. ഇനിയൊന്നും എനിക്കു പറയാൻ വയ്യ.’’അവർ നിസ്സഹായയായി തല വെട്ടിച്ചു.

‘‘ആദ്യം മരിക്കണമെന്നാണ് ചിന്തിച്ചത്. പിന്നെ തോന്നി, അവനു ശിക്ഷ വാങ്ങിക്കൊടുത്തിട്ടേ മരിക്കൂ. പിറ്റേന്നു തന്നെ പൊലീസ് സ്േറ്റഷനിൽ കേസ് കൊടുത്തു. അ യാൾ പൊലീസ് കസ്റ്റഡിയിലാകുമ്പോൾ രക്ഷപ്പെടാം എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ, ആരോ ഒറ്റിക്കൊടുത്തു.‘നിന്റെ മകൾ എനിക്കെതിരായി മൊഴി കൊടുത്താൽ എന്റെ ജോലി പോകും. കേസ് പിൻവലിക്കണം.’എന്നതായിരുന്നു അയാളുടെ ആവശ്യം.സമ്മതിക്കാതായപ്പോൾ അയാൾ എന്നെ ആക്രമിച്ചു. എതിർത്തപ്പോൾ സ്വയം മുറിവുകളുണ്ടാക്കി അയാൾ പൊലീസിനെ വിളിച്ചു. അങ്ങനെ ഞാൻ ജയിലിലായി. മകളെ അടുത്തുള്ള സംരക്ഷണ കേന്ദ്രത്തിലാക്കി.

വീട്ടുജോലി ചെയ്താണ് ഞാനിപ്പോൾ ജീവിക്കുന്നതും മകളെ വളർത്തുന്നതും. കേസുള്ളതുകൊണ്ട് മുംബൈയിലേക്കു മടങ്ങാൻ വയ്യ. നീതി കിട്ടും വരെ അതിന്റെ പിന്നാലെ ഞാനുണ്ടാകും. മകളിപ്പോൾ മൂന്നാം ക്ലാസ്സിലാണ്. വിഷാദം മാറി വരുന്നുണ്ട്. പഠിക്കാൻ നല്ല മിടുക്കിയാണ്. കേസിനു നടന്നാണ് ഞങ്ങളുടെ രണ്ടുപേരുടെയും മലയാളം ഇത്ര നന്നായത്.’’അവർ ചിരിക്കാൻ ശ്രമിച്ചു.

ഇരുട്ടിലേക്കാണ് വീഴ്ത്തിയത്

(ഇര : ഒൻപതു വയസ്സുള്ള ആൺകുട്ടി)

‘‘എന്റെ മകളുടെ മകനാണ് ഇവൻ. മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്തു നിന്നു കിട്ടിയ സമ്മാനം. പ്രസവിച്ച് അമ്പത്താറാകുന്നതിനു മുമ്പേ ഈ കുഞ്ഞിനെ ഉപേക്ഷിച്ചു അ വൾ വീടു വിട്ടു പോയി. അന്നു തുടങ്ങി ഇവൻ എന്റെ കുഞ്ഞാണ്. നല്ല മിടുക്കൻ കുട്ടിയാണ്. ഞാൻ തൊഴിലുറപ്പിനു പോയാണ് കുഞ്ഞിനെ പോറ്റുന്നത്.’’ അമ്മൂമ്മയുടെ സ്വരത്തിൽ പതിയെ മുറുക്കം വന്നു നിറഞ്ഞു.

‘‘2018 ലാണ്. ഒരു ദിവസം ഉച്ചകഴിഞ്ഞ് കടയിൽ പോയി വരുമ്പോൾ കുട്ടി വീട്ടിലില്ല. വൈകുന്നേരമായിട്ടും കാണാതായപ്പോൾ എനിക്കാകെ ആകുലതയായി.അതുകണ്ട് എന്റെ അമ്മ പറ‍ഞ്ഞു, ‘അടുത്ത വീട്ടിലെ പയ്യൻ കൂട്ടിക്കൊണ്ടു പോയി’ എന്ന്. അന്വേഷിച്ചു ചെന്നപ്പോൾ കുറച്ചകലെയുള്ള ഒരു മാവിന്റെ ചോട്ടിൽ വിറച്ചുവിറച്ചിരുന്നു കരയുന്നു. മുട്ടൊക്കെ പൊട്ടി ചോര വരുന്നുണ്ട്. കാര്യം ചോദിച്ചപ്പോൾ പറഞ്ഞില്ല. അടിക്കുമെന്നായപ്പോൾ എന്നോടു പറഞ്ഞു.‘‘അമ്മാ എന്നെ അടിക്കണ്ട. ചേട്ടൻ എനിക്കു മുട്ടായി തന്നു റൂമിൽ വിളിച്ചു കയറ്റി. അപ്പോൾ പറ്റിയതാണ്.’ഞാൻ എന്റെ രണ്ടാമത്തെ മകളെ വിളിച്ചു കാര്യം പറഞ്ഞു. അവളും ഭർത്താവും കൂടി ആ പയ്യന്റെ വീട്ടിൽച്ചെന്നപ്പോൾ, ‘അവൻ ഉറങ്ങി, നാളെ പറയാം കാര്യം’ എന്നു പറ‍ഞ്ഞു അവന്റെ അച്ഛൻ അവരെ മടക്കിയയച്ചു.

പിറ്റേന്നു ചെന്നു കാര്യം പറഞ്ഞു വഴക്കായി. പിന്നെ, ആൺകുട്ടിയല്ലേ എന്നു കരുതി ഞങ്ങളത് വിട്ടു കളഞ്ഞു. മൂന്നാമത്തെ ദിവസം മുറ്റത്തു നിൽക്കണ സമയത്ത് ദൂരെ നിന്നു ആ പയ്യൻ നടന്നു വരുന്നതു കണ്ടപ്പോഴേ ഇവൻ മയങ്ങി വീണു. അയൽക്കാരെല്ലാം കൂടി വേഗമെടുത്ത് ജില്ലാശുപത്രിയിൽ കൊണ്ടുപോയി.ഡോക്ടർ ചോദിച്ചപ്പോൾ കുട്ടി കാര്യങ്ങൾ പറഞ്ഞു. അപ്പോഴും ഇവൻ മയങ്ങി വീണു.അവർ സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് അയച്ചു.

അവിടെ നിന്നാണ് ഞങ്ങളെ പൊലീസ് സ്േറ്റഷനിലേക്കു വിടുന്നത്. ഇതു ചെയ്ത പയ്യനു പതിനെട്ടു വയസ്സു തികഞ്ഞിരുന്നില്ല. രാഷ്ട്രീയക്കാരൊക്കെ കൂടി കേസ് വേണ്ടെന്നു പറഞ്ഞു. ഞാനും വിചാരിച്ചു അങ്ങനെയാകട്ടേന്ന്. പക്ഷേ, എസ്ഐ സമ്മതിച്ചില്ല. അങ്ങനെ കേസായി.

കുട്ടിക്ക് ഇപ്പോഴും കൃത്യമായി ചികിത്സ ചെയ്യുന്നുണ്ട്. മയങ്ങി വീഴലൊന്നും ഇല്ലെങ്കിലും സ്വഭാവത്തിൽ പ്രശ്നങ്ങളുണ്ട്. പുറത്തിറങ്ങാൻ പേടിയാണ്. ഇപ്പോൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. അന്നത്തെ അറിവില്ലായ്മകൊണ്ട് ഞാൻ പരാതി വേണ്ടെന്നുവച്ചിരുന്നെങ്കിൽ ഒരു പക്ഷേ അതേ പ്രതി വീണ്ടും കുഞ്ഞിനെ ഉപദ്രവിച്ചേനേ. അങ്ങനെയെങ്കിൽ എന്റെ കുഞ്ഞിന്റെ ഗതിയെന്താകുമായിരുന്നു?’’

വിജനമായ ഒരിടത്ത്...

(ഇര : ഏഴു വയസ്സുള്ള പെൺകുട്ടി)

‘‘ഏകദേശം 25 കൊല്ലം മുൻപ് നടന്ന സംഭവമാണ്. അന്നത്തെ കുട്ടിയായിരുന്ന എന്നെ ഓർത്ത് എനിക്കു ഇപ്പോഴും കരച്ചിൽ വരും.’’ അവളുടെ കണ്ണുകളിൽ നീർ പൊടിഞ്ഞു.

‘‘ അവിവാഹിതനായ ബന്ധു ഇടയ്ക്ക് വീട്ടിൽ വരും. ഞാനന്ന് മൂന്നാം ക്ലാസിൽ പഠിക്കുകയാണ്. എന്നെ കൊഞ്ചിക്കാനായി അയാളുടെ മടിയിൽ കയറ്റിയിരുത്തും.നാരങ്ങാ മിഠായിയോ പോപ്പിൻസോ കരുതിയിട്ടുണ്ടാവും.

മദ്യപാനിയായ അച്ഛൻ എന്നെ ഒരിക്കലും ലാളിച്ചിരുന്നില്ല. വീട്ടുപണിക്ക് പോകുന്ന അമ്മയ്ക്ക് തിരക്കായിരുന്നു എപ്പോഴും. എനിക്കന്ന് ആ കെട്ടിപ്പിടുത്തവും ഉമ്മ വ യ്ക്കലുമെല്ലാം ഇഷ്ടമായിരുന്നു. പക്ഷേ, അത് കെണിയായിരുന്നുവെന്ന് പതിയെയാണ് മനസ്സിലായത്.

പിന്നീട് അമ്മ ഓരോ ആവശ്യങ്ങൾക്ക് അയാളുടെ ഒ പ്പം എന്നെ വിട്ടു തുടങ്ങി. ആ സമയം മുതലാണ് അയാളെന്നെ ഉപദ്രവിക്കാൻ തുടങ്ങിയത്. എനിക്ക് എതിർപ്പ് പറയണമെന്നുണ്ട്. വിജനമായ ഇടങ്ങളിലേക്ക് കൊണ്ടുപോയാണ് ‌ഉപദ്രവം. പല ദിവസം അത് തുടർന്നു. സഹിക്കാൻ പറ്റാതെ ഞാൻ എതിർത്തു. നിമിഷനേരം കൊണ്ടാണ് അയാളുടെ മുഖം മാറിയത്. എന്നെ ശക്തിയായി പിച്ചി. കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. വിജനമായ ആ ഇടത്ത് പക്ഷിക്കുഞ്ഞു പോലെയുള്ള ഞാനെന്ത് ചെയ്യാനാണ്?

പക്ഷേ, കഥയറിയാത്ത അമ്മ വീണ്ടും അയാളുടെ കൂടെ എന്നെ വിട്ടുകൊണ്ടിരുന്നു. അയാൾക്ക് വേറെ ജോലി കിട്ടി നാട്ടിൽ നിന്ന് പോകുന്നതു വരെ അതു തുടർന്നു. അയാൾ എന്നെ പീഡിപ്പിക്കുക മാത്രമല്ല, എന്റെ ആത്മവിശ്വാസവും പ്രസരിപ്പും കൂടിയാണ് എടുത്തു കളഞ്ഞത്. പിന്നീട് ഞാൻ ആരോടും സംസാരിക്കാനിഷ്ടപ്പെടാത്ത ഒരു കുട്ടിയായി മാറി. പഠനത്തിൽ തളർന്ന് എല്ലാവരാലും പരിഹസിക്കപ്പെട്ട് എല്ലാ ഇടങ്ങളിലും വേർതിരിച്ചു നിറുത്തപ്പെട്ട കുട്ടി.

കാലം മായ്ക്കാത്ത മുറിവുകളില്ലെന്നു പറയും. പക്ഷേ, ഇളംപ്രായത്തിലെ മുറിവുകൾക്ക് ജീവിതകാലത്തോളമുണ്ടാകും ആഴം. എനിക്ക് അയാളോട് ഇപ്പോഴും പകയാണ്. അയാളുടെ കല്യാണം കഴിഞ്ഞെങ്കിലും കുട്ടികളില്ല. അതുപോലെ എന്നെ ഉപദ്രവിച്ചിരുന്ന അയാളുടെ വിരലുകൾ തടിമില്ലിലെ ജോലിക്കിടയിൽ നഷ്ടപ്പെട്ടു. അതെല്ലാം എന്റെ നിഗൂഢാനന്ദങ്ങളാണ്. മക്കളെ സ്നേഹിക്കുന്ന എല്ലാ അമ്മമാരോടും എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങളാണവരുടെ തണൽ.

പുറത്ത് നിന്നുള്ള ഒരാൾ അത് എത്ര ഉറ്റബന്ധു ആയാലും കരുതൽ വേണം. എത്ര വിശ്വാസം തോന്നിയാലും ആ ശ്രദ്ധ മനസ്സിലുണ്ടാകണം. കാര്യങ്ങൾ തിരിച്ചറിയാനും എ തിർക്കാനുമുളള ശേഷിയും അറിവും മക്കൾക്ക് പകരണം. ആൺകുട്ടിആയാലും പെൺകുട്ടി ആയാലും.’’

തയാറാക്കിയത്: ടെൻസി ജെയ്ക്കബ്