Thursday 28 April 2022 04:22 PM IST

‘ഒറിജിനൽ പ്രണയകഥയിൽ നിന്നും പിറവിയെടുത്ത സേവ് ദി ഡേറ്റ്’: ആ സെയിൽസ് ഗേളും ചെക്കനും ഇവിടെയുണ്ട്

Binsha Muhammed

sooraj-keerthana

‘ഒരു സേവ് ദി ഡേറ്റിനും ഞാനിതുവരെ ലൈക്കടിച്ചിട്ടില്ല... പക്ഷേ ഈ ജോഡിയെ കാണുമ്പോൾ, അവരുടെ പ്രണയം കാണുമ്പോൾ എന്തോ വല്ലാത്തൊരിഷ്ടം. എന്ത് ക്യൂട്ടാണ് ഈ ചിത്രങ്ങൾ.’

കണ്ട് കണ്ണുതള്ളിപ്പോയ പതിവു കല്യാണ കാഴ്ചയല്ല, ഒരിക്കൽ കണ്ടാൽ കണ്ണെടുക്കാതെ നോക്കി നിന്നു പോകുന്ന മുത്തുപോലുള്ള പ്രണയം.അതുകണ്ട് മനസു നിറഞ്ഞ ഒരാളുടെ കമന്റാണിത്. സേവ് ദി ഡേറ്റിന്റെ പേരിലുള്ള അതിസാഹസങ്ങൾ കണ്ട് ‘ഇതെന്ത് പരീക്ഷണമാണപ്പാ...? എന്ന് ചോദിക്കുന്ന സോഷ്യൽ മീഡിയ ഇവിടെ ശരിക്കും ഫ്ലാറ്റായി. കണ്ടു മറന്ന പ്രണയകഥകളെ അനുസ്മരിപ്പിക്കും വിധം രണ്ട് പ്രണയഭാജനങ്ങൾ. അവരുടെ പ്രണയം കണ്ടു നിൽക്കാൻ തന്നെ എന്തെന്നില്ലാത്ത ചേല്.

ഒരു വലിയ ടെക്സ്റ്റയിൽ ഷോപ്പിലാണ് കഥ നടക്കുന്നത് അവിടുത്തെ സെയിൽസ് ഗേളും പയ്യനും തമ്മിലുള്ള പ്രണയ സുന്ദര നിമിഷങ്ങളിൽ നിന്നാണ് വൈറൽ കല്യാണക്കുറിമാനത്തിന്റെ കഥ പിറവിയെടുക്കുന്നത്. സേവ് ദി ഡേറ്റിൽ പരീക്ഷണങ്ങൾ നടത്തി ‘ആറാടിയ’ ആത്രേയ ഫൊട്ടോഗ്രാഫിയാണ് ഈ ന്യൂജൻ കല്യാണം വിളിക്കും പിന്നിൽ. ജീവിതത്തിലെ പ്രണയം അതേ പടി ക്യാമറയ്ക്കു മുന്നിലും പകർന്നാടിയത് ആലപ്പുഴ സ്വദേശികളായ സൂരജും കീർത്തനയും. റീൽസിലും സ്റ്റാറ്റസുകളിലും നിറഞ്ഞു നിൽക്കുന്ന ആ കല്യാണകഥയിലെ നായകനും നായികയും ഇതാദ്യമായി മനസു തുറക്കുകയാണ്. ആ വൈറൽ സേവ് ദി ഡേറ്റ് പിറവിയെടുത്ത കഥ വനിത ഓൺലൈനോട് പങ്കുവയ്ക്കുന്നു ഇരുവരും.

ഒമ്പത് കൊല്ലം... ഒന്നൊന്നര പ്രണയം

ദുബായിൽ ഡിസൈൻ മാനേജറായി ജോലി ചെയ്യുന്ന പയ്യൻ, ആ മരുഭൂമിയും കടന്ന് അങ്ങകലെ ഓസ്ട്രേലിയയിൽ ഫിസിയോ തെറപ്പിസ്റ്റായി ജോലി ചെയ്യുന്ന അവന്റെ പെണ്ണ്. രണ്ട് ദേശങ്ങളിലിരുന്ന് കണ്ണും കരളും ഹൃദയവും കൈമാറിയ പെണ്ണും ചെക്കനും എങ്ങനെ തൊടുപുഴയിലെ മഹാറാണി വെഡ്ഡിംഗ് കലക്ഷനിൽ എങ്ങനെ എത്തി എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ വിധി! കുറച്ചു കൂടി കളറാക്കി പറ‍ഞ്ഞാൽ ഞങ്ങളുടെ രണ്ടു പേരുടേയും പ്രണയം. അതുകൊണ്ട് തന്നെ സേവ് ദി ഡേറ്റിന്റെ കഥയ്ക്കു മുമ്പ് ഞങ്ങളുടെ പ്രണയകഥ പറയണം– സസ്പെൻസോടെയാണ് സൂരജ് തുടങ്ങിയത്.

സൗഹൃദത്തിന് അതിരുകളില്ലെന്ന് തെളിയിച്ച ഫെയ്സ്ബുക്കും വാട്സാപ്പും പ്രണയത്തിന്റെ കാര്യത്തിലും അതുശരിവച്ചതാണ്. ഞങ്ങളുടെ കോമൺ ഫ്രണ്ട്സ് അഥവാ മ്യൂച്ച്വൽ ഫ്രണ്ട്സ് അവരാണ് ഞങ്ങളെ അടുപ്പിച്ചത്. എന്റെയൊരു സുഹൃത്ത് കീർത്തനയുടേയും കട്ട ചങ്കായിരുന്നു. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെ നല്ല ചങ്ങാതിമാരായി. ആ കൂട്ട് നല്ല ഒന്നാന്തരം പ്രണയക്കൂട്ടായി. ബാക്കി കഥ കീർത്തന പറയും– അർജുൻ കഥയുടെ രസച്ചരട് കീർത്തനയ്ക്ക് കൈമാറി.

keerthana-sooraj-3

നല്ല കൂട്ടുകാരായാൽ നല്ല പ്രണയ ജോഡിയാകാനും കഴിയും എന്ന തിരിച്ചറിവാണ് ഞങ്ങളെ ഒരുമിച്ചത്. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും താത്പര്യങ്ങളും പരസ്പരം പറഞ്ഞു. അതിനിടയിൽ എപ്പോഴോ പ്രണയത്തിന്റെ സൈറൻ മുഴങ്ങി. പ്രണയം തിരിച്ചറിഞ്ഞ ശേഷവും ആദ്യ കൂടിക്കാഴ്ച നീണ്ടു പോയി. ഈ കഴിഞ്ഞ 9 കൊല്ലത്തെ പ്രണയത്തിനിടയിൽ മൂന്നുവട്ടം മാത്രമേ കണ്ടിട്ടുള്ളൂ. അതും സ്വദേശമായ ആലപ്പുഴയിൽ വച്ച്. ആദ്യത്തെ സമാഗമം വല്ലാത്തൊരു എക്സ്പീരിയൻസായിരുന്നു. ഫോണിന്റെ അങ്ങേത്തലയ്ക്കൽ ഉണ്ടായിരുന്ന ചെക്കനെ, അഞ്ച് ഇഞ്ച് സ്ക്രീനില്‍ മാത്രം കണ്ട ചെക്കനെ ആദ്യമായി കാണുകയാണ്. ശരിക്കും ത്രില്ലടിച്ച നിമിഷം. സാധാരണ പ്രണയ ജോഡി ഡെയിലി രണ്ടും മൂന്നും വട്ടം കാണും. അതിലും ഇരട്ടിയായി പിണങ്ങും. പക്ഷേ ഞങ്ങളുടെ കാര്യത്തില്‍ ഈ അകന്നിരിക്കൽ കൊണ്ടൊരു ഗുണമുണ്ടായി. അകന്നിരിക്കുന്ന ബന്ധങ്ങൾക്ക് അടുപ്പവും ആഴവും കൂടും എന്ന് പറയാറില്ലേ... അതിവിടെയും സംഭവിച്ചു. ഓരോ വട്ടം കണ്ടു മടങ്ങുമ്പോഴും അടുത്തവട്ടം കാണാനുള്ള മനോഹരമായ കാത്തിരിപ്പു കൂടിയായി ഞങ്ങളുടെ പ്രണയം. നിത്യവും കാണുമ്പോഴുള്ള തല്ലു കൂടൽ ശരിക്കും ലാഭിച്ചു. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഞങ്ങൾ ഒരുമിക്കുകയാണ് സൂർത്തുക്കളേ.– കീർത്തനയുടെ വാക്കുകളിൽ തമാശ.

അവൾ അപ്പടി ഒൻട്രും അഴകില്ലൈ...

ദുബായിലുള്ള എന്റെ അടുത്ത സുഹൃത്തിന്റെ കസിനാണ് ആത്രേയ ഫൊട്ടോഗ്രഫിയിലെ ജിബിൻ ബ്രോ. പുള്ളിക്കാരന്റെ വെഡ്ഡിംഗ് ഫൊട്ടോഗ്രഫി പരീക്ഷണങ്ങൾ ഞാൻ ഫോളോ ചെയ്യാറുമുണ്ട്. പുള്ളിയോട് കല്യാണത്തിന് ഫൊട്ടോ എടുക്കാനുള്ള ആഗ്രഹം പറയുമ്പോഴും സേവ് ദി ഡേറ്റ് എന്ന പരിപാടിയോട് ഞാൻ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ ഇതൊക്കെ ഒറ്റ പാക്കേജാണെന്നും ധൈര്യമായിരിക്കാനും പുള്ളിക്കാരന്‍ പറഞ്ഞു. ആദ്യം പറഞ്ഞ കൺസപ്റ്റ് എന്തോ അങ്ങോട്ട് സെറ്റ് ആയില്ല. അപ്പോഴാണ് സേവ് ദി ഡേറ്റ് ഷൂട്ടിന് പശ്ചാത്തലമായ മഹാറാണി വെഡ്ഡിംഗ് കലക്ഷനിലെ മാനേജർ ചേട്ടൻ നിയാസ് പണ്ട് അവിടെ നടന്ന സെയിൽസ് ഗേൾ–ബോയ് പ്രണയ കഥ പറഞ്ഞത്. ഉടനെ നമ്മുടെ പൊളിശരത്ത് ജിബിൻ ബ്രോ ട്രാക്ക് മാറ്റി. അപ്പോഴും ഇതെങ്ങനെ വർക് ഔട്ട് ആകും എന്ന ടെൻഷനുണ്ടായിരുന്നു. എനിക്കും കീർത്തനയ്ക്കും അഭിനയം വശമില്ലെന്ന് തറപ്പിച്ചു പറഞ്ഞു. പക്ഷേ പുള്ളി ഞങ്ങളെ കൂളാക്കി. ഒന്നു നിന്നു തന്നാൽ മതിയെന്നായി ഫൊട്ടോഗ്രാഫർ.

keerthana-sooraj-1

സെയിൽസ് ഗേളാകാന്‍ എനിക്ക് മടിയില്ലായിരുന്നു. പഠിക്കുന്ന കാലത്ത് ടെക്സ്റ്റയിൽ ഷോറൂമിൽ സെയിൽസ് ഗേളായി ജോലി ചെയ്ത അനുഭവം ഉണ്ടെന്ന് ഞാൻ പറഞ്ഞു. പക്ഷേ അഭിനയമായിരുന്നു പ്രശ്നം. അവിടെയുണ്ടായിരുന്ന ഒറിജിനൽ സെയിൽസ് ഗേൾസും ചേച്ചിമാരും സപ്പോർട്ട് ചെയ്തതോടെ സംഗതി ഓണായി. മോളുടെ അതേ സൈസുള്ള ഒരു കൊച്ച് ഇവിടെ ഉണ്ടെന്നും പറഞ്ഞ് ആ കുട്ടിയുടെ യൂണിഫോം സാരി എനിക്കു കൊണ്ടു തന്നു. ശരിക്കും പറഞ്ഞാൽ അതെനിക്ക് അളവെടുത്ത് തയ്പിച്ചത് മാതിരിയായിരുന്നു. സൂരജിനും കിട്ടി അതുപോലൊരു യൂണിഫോം. ആദ്യമൊക്കെ കുറേ ഫോട്ടോ എടുത്തെങ്കിലും ഒന്നും അങ്ങോട്ട് ശരിയായില്ല. പക്ഷേ മറ്റ് സ്റ്റാഫുകൾക്കൊപ്പം അവരിലൊരാൾ എന്ന പോലെ സ്റ്റോർ റൂമിലും മെസിലുമൊക്കെ ഞങ്ങളെ എത്തിച്ച് ലൈവായിട്ട് സംഭവം ഷൂട്ട് ചെയ്തു. അവർക്കൊപ്പം നിന്നപ്പോൾ ആ ചമ്മലും അങ്ങുപോയി. എന്നെ ഒരുക്കി, സാരി ഉടുപ്പിച്ച സെയിൽസിലെ ചേച്ചിമാർക്ക് പ്രത്യേകം താങ്ക്സ്.– കീർത്തന പറയുന്നു.

ചിത്രങ്ങൾ കണ്ട് അത് ഏറ്റെടുത്ത എല്ലാവരോടും പ്രത്യേകം നന്ദിയുണ്ട്. കുടുംബവുമായി ഇരുന്ന് കാണാൻ പറ്റിയ ഫൊട്ടോഷൂട്ട് എന്നാണ് പലരും പറഞ്ഞത്. ഞങ്ങളെ അറിയാവുന്നവർ പോലും ഈ ചിത്രങ്ങൾ കണ്ട് ശരിക്കും കൺഫ്യൂഷനായി. വിദേശത്തു പോകും മുമ്പ് ഞങ്ങളുടെ ആദ്യത്തോ ജോലി ഇതായിരുന്നോ എന്നാണ് ചിലർ ചോദിച്ചത്. ശരിക്കും ഞങ്ങൾ സെയിൽസ് ജീവനക്കാരാണെന്ന് കരുതിയവരും ഉണ്ട്. പിന്തുണച്ചവരോടും നല്ല വാക്കുകൾ പറ‍ഞ്ഞവരോടും നന്ദി. അപ്പോ ഈ വരുന്ന ഏപ്രിൽ 27നാണ് കല്യാണം. അപ്പോ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം.– സൂരജ് പറഞ്ഞു നിർത്തി.