Monday 06 February 2023 04:26 PM IST : By സ്വന്തം ലേഖകൻ

ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ബാധിത, പേരു പോലും ഇല്ലാതിരുന്നവൾ: അവളിന്ന് ഡോക്ടറാണ്...

covid-vaccc665fgghh പ്രതീകാത്മക ചിത്രം

ആ കാലം ഓർമയുണ്ടോ? കോവിഡ് കടന്നു പോയ ഇടങ്ങളെല്ലാം ഭീതിയുടെ ഇടങ്ങളായി നിന്നിരുന്ന ആ കാലം. ഒന്ന് തുമ്മിയാൽ പോലും കോവിഡെന്നു കരുതി പേടിച്ച് മുറിക്കുള്ളിൽ പതുങ്ങിയ കാലം. ചൈനയിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോഴേ പ്രബുദ്ധ മലയാളി പേടിച്ചു. നമ്മുടെ കരയിലും ഈ വൈറസ് എത്തുമോ എന്ന് ഭയന്നു. ഒടുവിൽ ഭയന്നതു തന്നെ സംഭവിച്ചു. ചൈനയിൽ നിന്നെത്തിയ വിദ്യാർഥികളിൽ ഒരാൾക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ഭയവും ആശങ്കയും നമുക്കിടയിൽ ഇരച്ചു കയറി. അന്ന് പേരു പോലും ഇല്ലാത്ത അവളെ നമ്മൾ ഇങ്ങനെ വിളിച്ചു. ‘കോവി‍ഡ് ബാധിത.’

ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിതയെന്ന പേരും പേറി ആരുമറിയാതെ മുന്നോട്ടു പോയ ആ കൊടുങ്ങല്ലൂർക്കാരി ഇന്ന് പുതിയൊരാളാണ്. പേരുപോലുമില്ലാതിരുന്ന വൈറസ് വില്ലനെ കണ്ട് ചുമച്ചു, പനിച്ചു തളർന്നിരുന്ന പഴയ ആളല്ല. .അവൾ ഇന്നൊരു ഡോക്ടറാണ്. ഡോക്ടർ! കോവിഡ് എന്ന മഹാമാരിയാകട്ടെ തളർന്നു ദുർബലാവസ്ഥയിലും. ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിത ചൈനയിൽനിന്നു മെഡിക്കൽ ബിരുദം നേടിയെന്ന സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്.

ഇന്ത്യയിൽ പ്രാക്ടിസിനുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് തുല്യതാ പരീക്ഷയും പാസായി. പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത അവൾ, ഹൗസ് സർജൻസി കൂടി കഴിഞ്ഞാൽ പ്രചോദനം പകരുന്ന അതിജീവനത്തിന്റെ ആൾരൂപമാകും. ചൈനയിലെ വുഹാനിൽ മെഡിസിനു പഠിക്കുന്ന മലയാളി വിദ്യാർഥിനിക്കു തൃശൂർ ജനറൽ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചത് 2020 ജനുവരി 30നാണ്.

ഇന്ത്യയിലെ ആദ്യ കോവിഡ് കേസ്. കോവിഡ് സുഖപ്പെട്ടശേഷവും അവൾ നേരിട്ട വെല്ലുവിളികൾ ചില്ലറയല്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം ചൈനയിലേക്കു തിരികെപ്പോകാനാകാതെ, നേരിട്ടുള്ള പഠനം മുടങ്ങി. ഓൺലൈൻ ക്ലാസിലൂടെയാണു പഠനം പൂർത്തിയാക്കിയത്. 2 ക്യാമറകൾക്കു മുന്നിലിരുന്ന് ഓൺലൈനായി പരീക്ഷകളെഴുതി. അതിനിടെ വീണ്ടും കോവിഡ് പിടികൂടി. ഇപ്പോൾ, എല്ലാ പരീക്ഷകളും മറികടന്ന് വരുന്നു, ‘ഡോ. അവൾ’!