Saturday 13 June 2020 04:26 PM IST

‘എന്നോട് മാത്രമല്ല, എല്ലാവരോടും ദൈവം ചോദിക്കും’; കൊറോണ കാലത്തെക്കുറിച്ച് ഇന്നസെന്റ് എഴുതുന്നു

V R Jyothish

Chief Sub Editor

എന്റെ ജീവിതത്തിലൂടെ ഇതുപോലുള്ള ലോക്ഡൗൺ കാലങ്ങൾ പലതവണ കടന്നു പോയിട്ടുണ്ട്. തിരക്കേറെയുള്ള സമയത്തും ഇടയ്ക്ക് ലീവെടുത്ത് വീട്ടിൽ ഇരിക്കുന്നയാളായിരുന്നു ഞാൻ. അതുകൊണ്ട് കുറച്ച് ദിവസം  കൊറോണയെ പേടിച്ച് വീട്ടിലിരിക്കാനും ബുദ്ധിമുട്ടില്ല. മരണവാർത്തയും ദുരിതവുമൊക്കെ വേദനിപ്പിക്കുന്നുണ്ടെങ്കിലും ഇത്തിരി സന്തോഷവും തോന്നാതിരുന്നില്ല. എന്നെപ്പോലെ മറ്റുള്ളവരും പണിയൊന്നുമില്ലാതെ ഇരിക്കുകയല്ലേ?

പഴയ സിനിമകൾ ടിവിയിൽ വരുന്നത് കാണലാണ് ഇപ്പോഴത്തെ ഹോബി. ഞാൻ അഭിനയിക്കാത്ത ചില സിനിമകൾ കാണുമ്പോൾ എനിക്ക് നഷ്ടബോധം തോന്നാറുണ്ട്. സിദ്ധിഖ് ലാലുമാരുടെ ‘ഫ്രണ്ട്സ്’ എന്ന സിനിമയിൽ ജഗതി അവതരിപ്പിച്ച കഥാപാത്രം അത്തരത്തിലൊന്നാണ്.

പക്ഷേ, കുടുംബത്തിനുള്ള സമയം പ്രധാനമാണ് എന്ന തോന്നലിൽ അത് മറക്കും. പലരും ചോദിച്ചിട്ടുണ്ട്.  ‘കാറ്റുള്ളപ്പോൾ അല്ലേ ഇന്നസെന്റേ തൂറ്റേണ്ടത്. സിനിമ കിട്ടുന്ന സമയത്ത് നിങ്ങളിങ്ങനെ ഭാര്യയെയും മകനെയും കൊണ്ട് കറങ്ങി നടന്നാലെങ്ങനെ?’

ഉപദേശിച്ച പലരുടേയും കാറ്റ് പോകുന്നതും വീട്ടിലിരിക്കുന്നതും പിന്നീട് കണ്ടു. കാറ്റ് പോകാത്ത ചില സുഹൃത്തുക്കളും ഇപ്പോൾ വീട്ടിലിരിക്കുന്നു. ഞാൻ ചിലരോടൊക്കെ ചോദിച്ചു. ‘സെറ്റിൽ നിന്നും സെറ്റുകളിലേക്ക് പറന്നു നടക്കുമ്പോൾ വീട്ടിൽ കുടുംബത്തോടൊപ്പം ഇരിക്കുന്ന സന്തോഷം കിട്ടിയിട്ടുണ്ടോ എന്ന്.’

വേണേൽ നന്നായിക്കോ

മനുഷ്യർ തമ്മിൽ തമ്മിൽ പഴയ സ്നേഹമൊന്നുമില്ലെന്ന് ദൈവത്തിന് മനസ്സിലായി. കോവിഡ് 18, 19 എന്നൊന്നും എനിക്കറിയില്ല. നന്നാകാനുള്ള മെസേജുമായി ദൈവം കുറേ സൂക്ഷ്മ ജീവികളെ ഭൂമിയിലേക്ക് അയച്ചു. നിങ്ങൾക്കു നന്നാകാൻ ഉള്ള അവസരമാണ്. വേണമെങ്കിൽ ഇപ്പോ നന്നായിക്കോ എന്നാണ് ദൈവം പറയുന്നത്.

ഈ ഭൂഗോളം എത്രയോ തവണ ചുട്ടു ചാമ്പലാക്കാനുള്ള ആയുധങ്ങൾ മനുഷ്യന്റെ പക്കലുണ്ട്. ലോകത്തെ മുഴുവൻ മര്യാദ പഠിപ്പിക്കുന്ന അമേരിക്കയുണ്ട്, റഷ്യയുണ്ട്, ചൈനയുണ്ട്, യൂറോപ്പുണ്ട്. ആരൊക്കെ ഉണ്ടെങ്കിലെന്താ? ഇത്തിരിയുള്ള വൈറസിനെ നശിപ്പിക്കാൻ ഉള്ള മരുന്ന് ആരുടെയും കയ്യിൽ ഇല്ല. എന്താ അതിന്റെ അർഥം? മനുഷ്യന്റെ നിയന്ത്രണത്തിന് അപ്പുറത്ത് ഏതോ ശക്തി ഉണ്ട് എന്ന് തന്നെയല്ലേ.

വസൂരിപ്പുരയിലെ ഉന്തുവണ്ടികൾ

ഈ കോവിഡിനെ നേരിടാൻ വേണ്ടി നമ്മുടെ സർക്കാർ സംവിധാനം മുഴുവൻ പ്രയത്നിക്കുന്നത് കണ്ടപ്പോൾ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തു. ചിലരുടെയെങ്കിലും മനസ്സിൽ ഉണ്ടാകും വസൂരി പടർന്നുപിടിച്ച പഴയകാലം.

ഞങ്ങളുടെ വീടിനു മുന്നിലൂടെയാണ് അങ്ങാടിക്കുന്നിലേക്കുള്ള വഴി. കുന്നിനു മുകളിലാണ് വസൂരിപ്പുര. അവിടെയാണ് വസൂരി പിടിച്ചു മരിക്കുന്നവരെ അടക്കം ചെയ്യുന്നത്. പഴയ ഉന്തുവണ്ടിയിൽ പനയോലയിൽ പൊതിഞ്ഞുകെട്ടിയാണ് ജീവനുള്ള മനുഷ്യരെ കൊണ്ടുവരുന്നത്. ഉന്തുവണ്ടിയുടെ മണിയടി കേൾക്കുമ്പോഴെ ആളുകൾ എല്ലാവരും വീടുകളിൽ കയറി വാതിലും ജനലും അടയ്ക്കും. വീടിനു മുന്നിലൂടെ രണ്ടും മൂന്നും തവണ മണിയടിയൊച്ച കടന്നു പോകും. കിളിവാതിലിലൂടെ മറ്റാരും കാണാതെ ഞാൻ ആ ദൃശ്യം നോക്കി നിന്നിട്ടുണ്ട്.

അന്ന് ഇരിങ്ങാലക്കുട ഭാഗത്തു മാത്രം 90 പേരാണു മരിച്ചത്. വസൂരി പിടിപെട്ടവരിൽ നല്ലൊരു ശതമാനവും ഇരിങ്ങാലക്കുട കനാൽ ബേസിൽ താമസിച്ചവർ ആയിരുന്നു. വസൂരിപ്പുരയുമായി ബന്ധപ്പെട്ട് കേട്ടിട്ടുള്ള ഏറ്റവും പേടിപ്പെടുത്തിയ കാര്യം രോഗം ബാധിച്ച പലരെയും ജീവനോടെയായിരുന്നു കുഴിച്ചിട്ടിരുന്നത് എന്നാണ്. മരുന്ന് കണ്ടുപിടിച്ച് നമ്മൾ വസൂരിയെ തോൽപ്പിച്ചു. അപ്പോഴിതാ പുതിയ രോഗാണുക്കളുമായി ദൈവം നമ്മളെ തോൽപ്പിക്കാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നു.

ഇനി നമ്മുടെ പ്രാർഥന ശരിയാകാത്തതു കൊണ്ടാണോ?

അതാകാൻ വഴിയില്ല. ഇപ്പോൾ പ്രാർഥന കൂടുതലാണ്. ദൈവത്തിന് കേൾവിശക്തി കുറഞ്ഞു എന്ന് വിചാരിച്ചിട്ട് നമ്മളെല്ലാവരും മൈക്ക് വച്ചാണ് പ്രാർഥിക്കുന്നത്. അപ്പോൾ ദൈവം കേട്ടില്ല എന്നു പറയാനും പറ്റില്ല. പണ്ടത്തെപ്പോലെയല്ല എല്ലാ വരും നന്നായി നേർച്ച കൊടുക്കുന്നുണ്ട്. ഇതൊക്കെ അങ്ങോട്ടു വാങ്ങി വച്ചിട്ട് കൊറോണ പോലെയുള്ള കാര്യങ്ങൾ ഇങ്ങോട്ട് കൊടുക്കുന്നത് മര്യാദയല്ല എന്നു പോലും എനിക്ക് തോന്നി. എന്താ, ദൈവമേ, നീ ഇങ്ങനെ.

സ്വന്തമായി സമ്പാദിച്ച ശത്രുക്കൾ

ചില സത്യങ്ങൾ മുഖം നോക്കാതെ വിളിച്ചു പറയുന്ന ആളാണ് ഞാൻ. സ്വന്തമായി അധ്വാനിച്ച് കുറേ ശത്രുക്കളെ സമ്പാദിച്ചിട്ടുമുണ്ട്. അമേരിക്കയിലെ സായിപ്പൻമാരെല്ലാം മണ്ടന്മാരാണ് എന്ന സത്യം ഞാൻ പണ്ടേ പറഞ്ഞതാണ്. ഈ കൊറോ ണ കാലം വരെ കാത്തിരിക്കേണ്ടി വന്നു മറ്റുള്ളവർ അത് മനസ്സിലാക്കാൻ.

സംവിധായകൻ സിദ്ദിഖ് ഇപ്പോൾ അമേരിക്കയിലെ ചിക്കാഗോയിൽ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ചൈനയിലെ കമ്യൂണിസ്റ്റ് മന്ത്രി സഭയിൽ ഒരു പിണറായി സഖാവോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കിൽ നമുക്ക് ഇന്നീ ഗതി വരില്ലായിരുന്നു. ചൈനയിൽ മാത്രമല്ല അമേരിക്കയിലെ സ്ഥിതിയും വ്യത്യസ്തമല്ല കേരളത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് അവർക്ക്.

സാമൂഹിക അകലം പാലിക്കണം, വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്നൊക്കെ പറഞ്ഞപ്പോൾ പലരും കടപ്പുറത്ത് ഉല്ലസിക്കാനിറങ്ങി. എന്താ ഫലം. മരണം അമ്പതിനായിരം കടന്നില്ലേ. നമ്മുടെ നാട്ടിലെ സാധാരണ മനുഷ്യന് ഉള്ള സാമൂഹിക ബോധം പോലും ഇവർക്കില്ല എന്നതല്ലേ യാഥാർഥ്യം.

മലയാളികളെ പോലെ തിരക്കുള്ള മനുഷ്യൻ ലോകത്ത്  വേറെയില്ല. എല്ലാവരും തിരക്കിലാണ്. എന്താ തിരക്കിന് കാരണം എന്നു ചോദിച്ചാൽ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല. എന്നാലും ഭയങ്കര ബിസിയാണ്.

അമേരിക്കയിൽ മാത്രമല്ല ‘സായിപ്പന്മാർ’ ഉള്ളത്. നമ്മുടെ കേരളത്തിലും ഉണ്ട്. എന്തെങ്കിലും ആവശ്യവുമായി ആരെങ്കിലും വിളിച്ചാലോ ഈ ‘സായിപ്പന്മാർ’ വലിയ തിരക്കിലാണ്. ‘ഹലോ എന്തുണ്ട് വിശേഷം’ എന്ന് ചോദിക്കുമ്പോൾ പറയും ‘ചേട്ടാ ഷോട്ട് റെഡിയായി തിരിച്ചു വിളിക്കാം’. പിന്നെ, ചിലപ്പോൾ ആറു ദിവസം കഴിഞ്ഞാണ് തിരിച്ചുവിളിക്കുന്നത്.

പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. വിളിച്ചാൽ എത്ര മണിക്കൂർ വേണമെങ്കിലും കേൾക്കാൻ റെഡിയാണ്. ഈശോയെ കൊറോണയ്ക്കൊപ്പം ക്ഷമയും സഹിഷ്ണുതയും കൂടി അങ്ങ് അയച്ചായിരുന്നോ? എന്നാലും കുശുമ്പടക്കാൻ വയ്യാത്തതു കൊണ്ട് ഞാൻ ചോദിക്കും. ‘അതെന്താ ഇപ്പോൾ ഷോട്ട് റെഡി അല്ലേ’. ‘ശവത്തിൽ കുത്തരുത്’ എന്നാണ് അവിടെ നിന്നുള്ള മറുപടി. കൊറോണയുടെ ഒരു പവറേ!

കോവിഡ്കാലത്തെ കൃഷിക്കാർ

ഒരു പ്ലാവും ഒരു മാവും അത്യാവശ്യം പച്ചക്കറിയും മാത്രമേ ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. കൊറോണകാലത്ത് ഞങ്ങൾ കൃഷി  വിപുലപ്പെടുത്തി. വനിതയ്ക്കൊപ്പം കിട്ടിയ വിത്തുകളും നട്ടൂട്ടോ. മുൻപ് എന്റെ ഉള്ളിലെ കർഷകനെ വളരാൻ ആലീസ് അനുവദിച്ചിരുന്നില്ല. കടയിൽ നിന്ന് വാങ്ങുന്നതാണ് ലാഭം എന്നായിരുന്നു തടസ്സവാദം. ഇപ്പോൾ വീട്ടിൽ കൃഷി തുടങ്ങിയപ്പോൾ ആലീസിന്റെയും മനസ്സ് മാറി. കൃഷി ചെയ്യുന്നത് തന്നെ സന്തോഷമുള്ള കാര്യമല്ലേ എന്നാണ് ഇപ്പോൾ ആലീസ് പറയുന്നത്. ഇതൊക്കെ ഞാൻ പണ്ടേ പറഞ്ഞതല്ലേ എന്ന് പറഞ്ഞു മിടുക്കനാകാനൊന്നും നോക്കിയില്ല. ‘കടയിൽ നിന്നു സാധനമേ വാങ്ങാൻ പറ്റൂ സന്തോഷം കിട്ടില്ല.’ എന്ന് താത്വികമായി പറഞ്ഞ് ആലീസിന്റെ വെളിപാടിനെ ശരി വച്ചു.

ഞങ്ങളുടെ തറവാട്ടിൽ പണ്ടുതൊട്ടേ കൃഷിയുണ്ട്. ഞാനും അപ്പന്റെ കൂടെ പാടത്ത് പോകാറുണ്ടായിരുന്നു. എനിക്ക് മറക്കാൻ പറ്റാത്ത കർഷകനാണ് ചാത്തൂട്ടിയേട്ടൻ. മൂന്ന് രൂപയാണ് അദ്ദേഹത്തിന്റെ ദിവസക്കൂലി.

ഒരിക്കൽ അപ്പൻ എന്നോട് പറഞ്ഞു നീ നമ്മുടെ വിതച്ച കണ്ടത്തിൽ പോയി വിത്ത് മുള പൊട്ടിയോ എന്ന് നോക്കണം. വലിയ ഉത്സാഹത്തോടെ കണ്ടത്തിൽ പോയി. അവിടെ ചെന്നപ്പോൾ ഒരാൾ വരമ്പിലൂടെ നടക്കുന്നു, വിത്ത് മുള പൊട്ടിയോ എന്ന് നോക്കുന്നു. ചിലയിടങ്ങളിൽ വെള്ളം തിരിച്ചു വിടുന്നു. ഞാൻ തിരിച്ചു വന്ന് അപ്പനോട് പറഞ്ഞു അപ്പോൾ അപ്പൻ പ റഞ്ഞു. ‘അത് ചാത്തൂട്ടി ആയിരിക്കും. വിത്ത് മുള പൊട്ടിയോ എന്ന് നോക്കാൻ വന്നതാകും.

വിതച്ചതിന്റെ കൂലിയെ ചാത്തൂട്ടിക്കു കൊടുത്തിട്ടുള്ളൂ. മുളപ്പിക്കാൻ ഉള്ള കൂലി കൊടുത്തിട്ടില്ല. നല്ല കൃഷിക്കാരന് കൂലി അല്ല കാര്യം വിളവാണ്. ഏതു തൊഴിൽ ചെയ്താലും കൂലി മാത്രം നോക്കരുത് വിളവ് കൂടി നോക്കണം.’ സിനിമയിൽ ആയിട്ടും അപ്പന്റെ വാക്കുകൾ കൂടെക്കൂടെ ഓർക്കാറുണ്ട്.

എന്റെ കുമ്പസാരങ്ങൾ

ഈ കൊറോണകാലത്താണ് ഞാൻ നന്നായി കുമ്പസരിക്കുന്നത്. കുമ്പസാരം എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര കുമ്പ  സാരമാണ്. കുട്ടിക്കാലത്ത് ക്ലാസിൽ കൂടുതൽ പേർ തോൽക്കുന്നത് എനിക്ക് സന്തോഷമായിരുന്നു. കാരണം ഞാൻ ഒറ്റയ്ക്കാകില്ലല്ലോ? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റപ്പോഴും ഞാൻ ഹാപ്പി ആയിരുന്നു. തോറ്റത് ഞാൻ ഒറ്റയ്ക്കല്ലല്ലോ?

ആലപ്പുഴയിലെ എംപി ആരിഫിനോട് എനിക്ക് ഇപ്പോഴുമുണ്ട് ചെറിയൊരു ദേഷ്യം. ഞങ്ങൾ 19 പേരും തോൽക്കുന്നു അയാൾ മാത്രം ജയിക്കുന്നു. നമുക്ക് ഇത് എങ്ങനെ ഉൾക്കൊള്ളാൻ കഴിയും? പറഞ്ഞു വന്നത് കുമ്പസാരത്തെ കുറിച്ചാണല്ലോ. ഈ കൊറോണകാലത്ത് ഞാൻ ചില തീരുമാനങ്ങൾ എ ടുത്തിട്ടുണ്ട്. അതിലൊന്ന് അസൂയയും കുശുമ്പും ഒന്നുമില്ലാത്ത നല്ല മനുഷ്യനാകുക എന്നതാണ്. കുറച്ച് വർഷം മുൻപ് ദേശീയ അവാർഡ് അവസാന റൗണ്ടിൽ അമിതാഭ് ബച്ചനും  മമ്മൂട്ടിയും  ഞാനും എത്തി. ‘പത്താം നിലയിലെ തീവണ്ടി’ ആ യിരുന്നു എന്റെ സിനിമ. ഫൈനൽ റൗണ്ടിൽ ഞാൻ പുറത്തായി. ബച്ചനും  മമ്മൂട്ടിയും തമ്മിലായി മത്സരം. അപ്പോഴെ ഞാൻ ബച്ചനു വേണ്ടി പ്രാർഥന തുടങ്ങി. അതങ്ങ് ഫലിച്ചു.

ഇതേക്കുറിച്ച് മമ്മൂട്ടിയോട് പിന്നീട് സംസാരിച്ചെങ്കിലും  പ്രാർഥനയുടെ കാര്യം  മാത്രം പറഞ്ഞില്ല. കൊറോണക്കാലത്ത് വീട്ടിൽ വെറുതേയിരുന്നപ്പോൾ ആലോചിച്ചു. എന്തിനാണ് ഒരു പരിചയവുമില്ലാത്ത അമിതാഭ് ബച്ചനു വേണ്ടി ഞാൻ പ്രാർഥിച്ചത്. കാരണം വേറെയൊന്നുമല്ല. അസൂയ തന്നെ. അ തെല്ലാം ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. ഇനി ചാൻസ് കിട്ടിയാ  ൽ മമ്മൂട്ടിക്ക് വേണ്ടിയേ ഞാൻ പ്രാർഥിക്കൂ.

അരിപ്പൊടി കൊണ്ടോന്നും കാര്യമില്ലന്നേ

സിനിമയിലെ പഴയ കൃഷിക്കാരനാണ് സത്യൻ അന്തിക്കാട്. ശ്രീനിവാസനെ വിളിച്ചാലും ജൈവക്കൃഷിയെക്കുറിച്ചാണ് സംസാരം. സത്യന്റെ വീട്ടിൽ ചെന്നാൽ രണ്ടുണ്ട് കാര്യം. സത്യനെയും കാണാം. പറമ്പിൽ നിന്നുള്ള വിളവും കിട്ടും.

നല്ല അരിപ്പൊടിയും മഞ്ഞൾപ്പൊടിയുമൊക്കെ സത്യന്റെ ഭാര്യ നിമ്മി തന്നു വിടുകയും ചെയ്യും. ഇക്കാര്യം ഞാൻ സംവിധായകൻ പ്രിയദർശനോട് പറഞ്ഞു. ‘ഇന്നസെന്റിന്റെ ഡേറ്റ് കിട്ടണമെങ്കിൽ കുറച്ച് അരിപ്പൊടി  ഒക്കെ തരണം എന്നു സത്യന് അറിയാം അതുകൊണ്ടാണ് ഇതൊക്കെ തരുന്നത്. ഈ കഥ സത്യന്റെ ചെവിയിലുമെത്തി. കൊറോണ കാരണം സത്യൻ പ്ലാൻ ചെയ്തിരുന്ന സിനിമ മാറിപ്പോയി. ഞാൻ വിളിച്ചപ്പോൾ സത്യന്റെ മറുപടി. ‘അരിപ്പൊടി കൊടുത്ത് ഡേറ്റ് വാങ്ങിച്ചിട്ട് ഒന്നും കാര്യം ഇല്ല എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.’

സ്കൂളും റേഷൻ കടയും

എന്റെ മകൻ സോണറ്റിന് ഇരട്ടക്കുട്ടികളാണ് ഇന്നസെന്റും അന്നയും. രണ്ട് കുട്ടികളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കേൾക്കാൻ എല്ലാ ദിവസവും വരും. ‘ഹാവൂ, എന്റെ പേരക്കുട്ടികൾക്ക് ഇത്രേം സാമൂഹിക ബോധമോ?’. അഭിമാനം സഹിക്ക വയ്യാതെ ഞാൻ നാലഞ്ചാളോട് ഫോണിൽ വിവരം പറഞ്ഞു. ഇതുകേട്ട് ഒരു ദിവസം അവർ എന്നോട് പറഞ്ഞു. ‘എന്റെ പൊന്നപ്പാപ്പ സാമൂഹിക ബോധം കൊണ്ടൊന്നുമല്ല, സ്കൂൾ എങ്ങാനും തുറക്കുമോന്ന് അറിയാനാ ഞങ്ങള് വന്നിരിക്കുന്നത്?’ അത് കേട്ടപ്പോൾ ഒരു കാര്യം ഉറപ്പായി. ഇവർ അപ്പാപ്പന് ചേർന്ന പേരക്കുട്ടികൾ തന്നെ.

എന്റെ വീട്ടിൽ നിന്ന് നാലഞ്ചു കടകൾക്ക് അപ്പുറം ആണ് ഞങ്ങളുടെ റേഷൻകട. ഒരു ദിവസം  ഞാൻ സഞ്ചിയും റേഷൻകാർഡും എടുത്ത് വീട്ടിൽ നിന്നിറങ്ങിയപ്പോൾ മകൻ സോണറ്റ് ചോദിച്ചു ‘അപ്പൻ ഇത് എങ്ങോട്ടാ?’

ഞാൻ പറഞ്ഞു ‘റേഷൻ വാങ്ങാൻ. സർക്കാർ എല്ലാവർക്കും സൗജന്യമായി അരി കൊടുക്കുന്നുണ്ടല്ലോ’

‘അപ്പൻ ഇപ്പോ പോകണ്ട.’ പെട്ടെന്ന് സോണറ്റിന്റെ മുഖം ‘മണിച്ചിത്രത്താഴി’ലെ സുരേഷ് ഗോപിയെ പോലെ. ഞാനും വിട്ടില്ല. തിരിച്ചു ചോദിച്ചു. ‘അതെന്താ ഞാൻ പോയാല്’

‘അത് ശരിയാകില്ല.’ സോണറ്റ് കടുപ്പിച്ച് തന്നെയാണ്. അ ങ്ങനെ യാത്ര മുടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് ഞാൻ അവനോട് ചോദിച്ചു. ‘ ഡാ, സോണറ്റേ, നീ എന്തിനാടാ അപ്പന്റെ റേഷൻ കടയിൽ പോക്ക് മുടക്കിയത്.’

‘അപ്പന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി. അപ്പൻ റേഷൻ വാങ്ങാൻ പോയി എന്ന് പറഞ്ഞ് നാളെ പത്രത്തിൽ വാർത്ത വരണം. കുറച്ച് പബ്ലിസിറ്റി കിട്ടണം. അതു കഴിഞ്ഞ് മന്ത്രി സുനിൽകുമാർ അപ്പനെ കാണാൻ ഇവിടെ വരും. അതും വാർത്തയാക്കണം. അപ്പൻ അങ്ങനെ ആളാകേണ്ടെന്നു കരുതി തന്നെയാണ് ഞാൻ പോകണ്ട എന്നു പറഞ്ഞത്.’

‘എന്റീശോയെ...’  എന്നു വിളിച്ച് ഒരു നിമിഷം പകച്ചുനിന്നെങ്കിലും സമനില വീണ്ടെടുത്ത് ഞാൻ ഭാര്യയെ വിളിച്ചു പറഞ്ഞു. ‘ആലീസേ, നമ്മുടെ ഒരുരുപ്പടീം മോശല്ലാട്ടോ’

ദൈവം അറിയാതെയാണ് കൊറോണ ഇങ്ങോട്ടു വന്നതെന്ന് ഞാൻ കരുതുന്നില്ല. മനുഷ്യന് നന്നാകാനായി ദൈവം  തന്ന ലാസ്റ്റ് ചാൻസാണിത്. അതു കൊണ്ട് ഇനിയെങ്കിലും നന്നായിക്കൂടേ. കൂടുതൽ ആലോചിക്കാനൊന്നുമില്ല. ഇതങ്ങ് ഉറപ്പിക്കാം. നമുക്കങ്ങ് നന്നാകാന്ന്.

തയാറാക്കിയത്: വി.ആർ. ജ്യോതിഷ്

Tags:
  • Spotlight