Saturday 13 January 2018 11:31 AM IST

'എന്തു കഴിച്ചാലും, ഏതു മതത്തിൽ വിശ്വസിച്ചാലും ഞാൻ ഭാരതീയൻ അല്ലാതാകുന്നില്ല..'

V R Jyothish

Chief Sub Editor

alphonse-87
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ശബരിമല ദർശനം കഴിഞ്ഞു വന്നതേയുള്ളൂ അൽഫോൻസ് കണ്ണന്താനം! മണിമലയിലെ തറവാട്ടിൽ നല്ല തിരക്കുണ്ട്. എന്നാൽ  വരുന്നവരെ ‘െെകകാര്യം ചെയ്യാൻ’ പൊലീസുകാരില്ല. സെക്രട്ടറിമാരുമില്ല. നിവേദനങ്ങൾ  അദ്ദേഹം തന്നെ വാങ്ങി തരംതിരിച്ചു വയ്ക്കുന്നു. പ്രധാനമന്ത്രിയുടെ ഒാഫിസിലേക്കുള്ളത്, ടൂറിസം സംബന്ധിയായവ, പ്രധാനമന്ത്രിയുെട ദുരിതാശ്വാസ നിധിയിൽ നിന്നു സഹായത്തിനുള്ളത്... ഇതിനിടയിൽ ഫോൺകോളുകൾ. പാർട്ടി പ്രവർത്തകർ. ആരോടും പരിഭവമില്ല. തന്നെക്കാണാൻ വരുന്നവരോട് ‘കടക്ക് പുറത്ത്’ എന്നല്ല ‘അകത്ത് കയറി ഇരിക്കൂ’ എന്നാണ് അദ്ദേഹം പറയുന്നത്.

ശബരിമലയാത്രയിൽ അയ്യപ്പനെ വണങ്ങുക മാത്രമായിരുന്നില്ല കണ്ണന്താനത്തിന്റെ ലക്ഷ്യം. പിൽഗ്രിം  ടൂറിസത്തിന്റെ സാധ്യതകൾ അന്വേഷിക്കുക കൂടിയായിരുന്നു. ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കുക എന്ന ലക്ഷ്യം  കൂടിയുണ്ട് ക ണ്ണന്താനത്തിന്. ഒരുപാടു നാളായി കേരളം ആവശ്യപ്പെടുന്നുണ്ട് ശബരിമലയ്ക്ക് ഈ പദവി. ‘‘മുപ്പത്തിയാറു വർഷം മുമ്പാണ് ഞാൻ ശബരിമല പോയത്. അന്നു ഞാൻ സബ് കലക്ടറാണ്. പമ്പയിൽ നിന്ന് അര മണിക്കൂർ കൊണ്ടു സന്നിധാനത്തെത്തി. ഇപ്പോൾ ഒന്നര മണിക്കൂറെടുത്തു. പ്രായം കൂടുന്നതിന് അനുസരിച്ചു വേഗത കുറയുകയാണ്. ആദ്യം പോയപ്പോള്‍ മല ഒാടിക്കയറിയ കാര്യമൊക്കെ ചാനലുകാരോടു പറഞ്ഞിരുന്നു. അതിനെക്കുറിച്ച് എന്തൊക്കെ ട്രോളുകള്‍ വന്നു...? ഞാനൊന്നും കണ്ടില്ല. ഇതുപോലെയുള്ള ഒത്തിരി തമാശകൾ എനിക്ക് മിസാകുന്നുണ്ട്.....’’ കണ്ണന്താനം കാര്യമായി ചിരിച്ചു.

മണിമല വരുമ്പോൾ കുടുംബവീട്ടിലാണ് അദ്ദേഹം തങ്ങുന്നത്. അമ്മ അവിടെയുണ്ട്. ഒരു സഹോദരനും. അതിഥികളോടെല്ലാം കുശലം പറഞ്ഞ് ഭാര്യ ഷീല കണ്ണന്താനം ഓടിനടക്കുന്നുണ്ട്. അതിനിടയിലും തമാശ പറഞ്ഞു ചിരിക്കുന്നു. ‘‘എന്റമ്മേ... ഞാനിപ്പോൾ സംസാരിക്കുന്നതു മാത്രമല്ല, നടക്കുന്നതുപോലും സൂക്ഷിച്ചാ. ചാനലുകാർ അടുത്തെങ്ങാനും  ഉണ്ടെങ്കിൽ പ്രത്യേകിച്ചും.’’ 

മുപ്പത്തിയഞ്ചു ലക്ഷം പേരാണ് തന്റെ വിഡിയോ കണ്ടതെന്നു പറഞ്ഞ് ചിരിക്കുമ്പോഴും ‘ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും കഴിഞ്ഞു പോയാൽ ഭാഗ്യവാൻ.’ എന്നു കളിയാക്കുന്നവരെ ഓർമിപ്പിക്കാനും ഷീല കണ്ണന്താനം മറക്കുന്നില്ല.

‘ഞാനിങ്ങനെയൊക്കെത്തന്നെയാണു കേട്ടോ. അഭിനയിക്കാനും മസിലു പിടിക്കാനുമൊന്നും എനിക്ക് അറി‍ഞ്ഞുകൂടാ. പിന്നെ അവരവർക്കു നേരെ വരുമ്പോഴേ മറ്റുള്ളവരുടെ വിഷമം മനസ്സിലാകൂ... മുകളിലിരുന്ന് ഒരാൾ ഇതൊക്കെ കാണുന്നുണ്ട്. ഇതൊക്കെ വനിതയിൽ വരുമല്ലോ അല്ലേ...’ കൊച്ചുകുട്ടികൾ പോലും തിരിച്ചറിയുന്ന അതേ ശബ്ദത്തില്‍ ഷീല ചോദിക്കുന്നു.

‘ഷീല ഇത്രയും പ്രശസ്തയാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ തന്നെ അത് മാർക്കറ്റ് െചയ്യുമായിരുന്നു. പാവപ്പെട്ടവർ ഒരുപാടുണ്ടേ നമ്മുടെ രാജ്യത്ത്. ആ ൈപസ കൊണ്ട് അവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നു. മലയാളിക്കു പൊതുവെ ചിരി കുറവാണല്ലോ? ചിരിക്കാനുള്ള വകയും കുറവാണ്. ഞങ്ങൾ കാരണമെങ്കിലും അവർ ചിരിക്കട്ടെ.’ അൽഫോൻസ് കണ്ണന്താനം ഒന്നുകൂടി ചിരിച്ചു.

തുലാമഴയിൽ കലങ്ങി മറിഞ്ഞ് ഒഴുകിയിരുന്ന മണിമലയാർ തെളിഞ്ഞുതുടങ്ങി. ക്രിസ്മസ് ആകുമ്പോൾ ആറ് പിന്നെയും തെളിയും. വെള്ളം കുറയും. അപ്പോൾ ആറിനു കുറുകേ നടന്ന് അക്കരെ വള്ളഞ്ചിറ പള്ളിയിൽ പോകാം. ആ ക്രിസ്മസ് ഓർത്തു കൊണ്ടാണ് തിരക്കിനിടയിലും അദ്ദേഹം ‘വനിത’യ്ക്കു േവണ്ടി സംസാരിക്കാനിരുന്നത്.

ക്രിസ്മസ് കാലമാണ്. ക്രിസ്മസിനെക്കുറിച്ചു പറഞ്ഞുകൊണ്ടുതന്നെ തുടങ്ങാം?

ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത ഒരു സവിശേഷത പ്രധാന ആഘോഷങ്ങൾ മലയാളികൾ ഒറ്റക്കെട്ടായി ആഘോഷിക്കും എന്നതാണ്. ഒാണവും ക്രിസ്മസും റമസാനുമൊക്കെ നമുക്ക്  ദേശീയ ആഘോഷങ്ങളാണ്. എന്നെ സംബന്ധിച്ചാണെങ്കിൽ മണിമലയാറിന്റെ കരയിൽ നിന്ന് ഈറയും മുളയും വെട്ടിയെടുത്ത് വർണക്കടലാസിൽ പൊതിഞ്ഞുണ്ടാക്കുന്ന നക്ഷത്രങ്ങളിലാണു ക്രിസ്മസ് ഒാർമകൾ തുടങ്ങുന്നത്. അത് ഏറെക്കുറെ ഒരു മാസം മുമ്പേ തുടങ്ങുന്ന ഏർപ്പാടാണ്. കാരണം,  ഇന്നത്തെപ്പോലെ റെഡിമെയ്ഡായി ഒന്നും കിട്ടുന്ന കാലമല്ലല്ലോ? നക്ഷത്രങ്ങൾക്കുള്ള ഒരുക്കങ്ങൾ ഒരു മാസം മുമ്പേ തുടങ്ങും.

ഞങ്ങളുടെ നാട്ടിലെങ്ങും അന്നു െെവദ്യുതി എത്തിയിട്ടില്ല. നക്ഷത്രത്തിനുള്ളിൽ മെഴുകുതിരി കത്തിച്ചു വച്ചാണ് പ്രകാശം പരത്തുന്നത്. കാറ്റിൽ മെഴുകുതിരി കെടാതെയും വര്‍ണക്കടലാസു തീ പിടിക്കാതെയും നോക്കണം.  ക്രിസ്മസിനെക്കുറിച്ചുള്ള ഏറ്റവും പ്രകാശമുള്ള ഒാർമയാണത്.

മണിമലയാറിനെക്കുറിച്ച് ധാരാളം സംസാരിക്കുന്ന ആളാണ് അല്ലേ?

ലോകത്ത് ഒരുപാടു സ്ഥലങ്ങളിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. താമസിച്ചിട്ടുണ്ട്. പക്ഷേ, മണിമല വരുമ്പോഴുള്ള സന്തോഷം, മണിമലയാറു കാണുമ്പോഴുള്ള മനഃസുഖം, അത് മറ്റൊരിടത്തുനിന്നും കിട്ടാറില്ല. കുട്ടിക്കാലത്തേ എനിക്കു കിട്ടിയ ഒരു  ഊർജമുണ്ട്. അത് ഈ ആറിന്റെ കരയിൽ നിന്നു ലഭിച്ചതാണ്. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഇ വിടെത്തന്നെയാണ്. മണിമലയാറ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഞാൻ എന്ന അസ്തിത്വം  തന്നെ ഉണ്ടാകുമായിരുന്നില്ല. എന്തായിരിക്കണം എന്റെ ഭാവി എന്നു തീരുമാനിച്ചതും ഇവിടെ വച്ചു തന്നെ. ഓരോ വിജയത്തിനുശേഷവും ഞാൻ വരാൻ ആഗ്രഹിക്കുന്ന ഇടവും ഈ ആറ്റിറമ്പാണ്.  

നമ്മൾ പറഞ്ഞുവന്നത് ക്രിസ്മസിനെക്കുറിച്ചാണ്. വള്ളഞ്ചിറ പള്ളിയിലാണ് ഞങ്ങളുടെ രാത്രി കുർബാന. ക്രിസ്മസ് കാലമാകുമ്പോൾ ചിലപ്പോൾ മുട്ടറ്റം  പോലും  വെള്ളം  ഉ ണ്ടാകില്ല. ആറിനു കുറുകെ നടന്നാണ്  സ്ത്രീകളൊക്കെ പള്ളിയി ൽ പോയിരുന്നത്. കുർബാന കഴിഞ്ഞു തിരിച്ചു വരുമ്പോൾ രാവേറെ െെവകിയിരിക്കും. അപ്പോഴേക്കും മണിമലയാർ ഒരു വലിയ െഎസുകട്ട പോലെ തണുത്തുറഞ്ഞുകിടക്കും. ആ കുളിെരാക്കെ ഇപ്പോഴും കാലിലുണ്ട്.  സ്റ്റാറും  ബീഫുമാണു ക്രിസ്മസിന്റെ രണ്ടു പ്രധാന ആകർഷണങ്ങൾ.

ഇടയ്ക്ക് ബീഫിന്റെ പേരിലും ഉണ്ടായി വിവാദങ്ങൾ?

വിവാദങ്ങൾക്കായി കുറച്ചുപേർ ഇവിടെ കാത്തിരിക്കുന്നുണ്ട്. എന്തു പറഞ്ഞാലും വിവാദമാക്കുന്നവരോട് പ്രത്യേകിച്ച് എന്തുപറയാൻ.
ബീഫിനും ഗോവധത്തിനുമെതിരെയൊക്കെ ഉണ്ടാകുന്ന എതിര്‍പ്പുകള്‍ സംഘടിതമല്ല എന്നാണ് എന്റെ അറിവ്.  ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാം. പ്രശ്നത്തിൽ പ്രധാനമന്ത്രി തന്നെ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്തതുമാണ്.

െെഹന്ദവാഭിമുഖ്യമുള്ള പാർട്ടിയിലേക്കു വന്നതുകൊണ്ടു ജീവിതചര്യകളിൽ എന്തെങ്കിലും മാറ്റം വരുത്തിയോ? അതായത് ബീഫ് കഴിക്കാതിരിക്കുക അങ്ങനെ എന്തെങ്കിലും?

ഒരിക്കലുമില്ല. എന്റെ കാഴ്ചപ്പാടുകളിലും ജീവിതെെശലിയിലുമൊന്നും മാറ്റം വരുത്തണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാൽ തന്നെ എനിക്കത് കഴിയുകയുമില്ല. അടിസ്ഥാനപരമായി ഞാെനാരു ഭാരതീയനാണ്. എന്തു കഴിച്ചാലും  ഏതു മതത്തിൽ വിശ്വസിച്ചാലും  ഞാൻ  ഭാരതീയൻ അല്ലാതാകുന്നില്ല. അങ്ങനെ ആരും പറയുന്നുമില്ല.

പെട്രോൾവിലയും ശൗചാലയവുമൊക്കെ ഇപ്പോഴും കെട്ടടങ്ങാത്ത വിവാദങ്ങളാണ്?

ഞാൻ നേരത്തെ പറഞ്ഞില്ലേ ചില സത്യങ്ങൾ പറയുമ്പോൾ ആദ്യമത് വിശ്വസിക്കാൻ നമ്മുടെ ആൾക്കാർക്ക് പറ്റില്ലെന്ന്. ഈ വിവാദവും അങ്ങനെയുണ്ടായ ഒന്നാണ്. കേരളത്തിന്റെ സാമൂഹിക സാഹചര്യമല്ല ഉത്തരേന്ത്യയിലേത്. ഇന്ത്യയിൽ 67% കുടുംബങ്ങൾക്കു സ്വന്തം ശുചിമുറി ഇല്ലായിരുന്നു എന്നതു സർക്കാരിന്റെ കണക്കാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 6.4 കോടി ശുചിമുറികൾ ഉണ്ടാക്കി. ഇന്ത്യയിൽ ഇപ്പോൾ 69% പേർക്കു ശൗചാലയം ഉണ്ട്. ബാക്കി 31% പേർക്കു കൂടി ശുചിമുറി ഉണ്ടാകുക എന്നതു സർക്കാരിന്റെ ല ക്ഷ്യമാണ്. ഈ വിപ്ലവം അറിയാതെയാണു ചിലർ സെപ്റ്റിക് ടാങ്കുകളും ചുമന്നു കൊണ്ടു നിന്നു മുറുമുറുക്കുന്നത്.

ഇതൊക്കെ വേണ്ടവിധം മനസ്സിലാക്കപ്പെടുന്നുണ്ടോ?

ഇന്ത്യയിൽ എല്ലാവർക്കും ശൗചാലയം, വീട്, െെവദ്യുതി, ഗ്യാസ്, ബാങ്ക് അക്കൗണ്ട് ഇങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഈ സർക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഇതൊന്നും അറിയാത്തവരല്ല ഈ വിമർശിക്കുന്നവർ. പാവപ്പെട്ടവർക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ പരിഹസിക്കപ്പെടാനുള്ളതാെണങ്കിൽ നിങ്ങൾ പരിഹസിച്ചു കൊള്ളുക. ഞങ്ങൾ ഞങ്ങളുടെ ജോലി െചയ്തു കൊള്ളാം എന്നേ എനിക്കു പറയാനുള്ളൂ.

താങ്കൾ ‘ഞാൻ ‘ഞാൻ’ എന്ന് ആവർത്തിക്കുന്നു എന്നാണ് ചിലരുടെ സ്വകാര്യമായ പരാതി?

െെവദ്യുതി പോലുമില്ലാത്ത ഒരു കുഗ്രാമത്തിൽ നിന്ന് ഇപ്പോൾ ഈ പദവി വരെ എത്തിയ ഒരു സാധാരണക്കാരനാണു ഞാൻ. ഞാൻ ആര്? എന്ത്? എന്തിന്? തുടങ്ങിയ ചിന്തകളൊക്കെ തന്നെയാണ് എന്നെ നയിക്കുന്നത്. അപ്പോൾ സ്വാഭാവികമായും ഞാൻ ‘ഞാൻ’ എന്നൊക്കെ പറയും. ക്ഷമിക്കുക.

sheela-kannamthanam

‘പന്ത്രണ്ട് മിസ്ഡ്കോൾ, െെഫ്ലറ്റ് എടുത്ത് വരാൻ പറഞ്ഞു; മോദിയുമായുള്ള അടുപ്പം...’ ട്രോളന്മാർക്ക് അസഹ്യമായത് ഇതൊക്കെ. സത്യമല്ലേ ഈ കാര്യങ്ങൾ?

ആ പറഞ്ഞതിലൊന്നും  ഒട്ടും  അതിശയോക്തിയില്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തി ൽ ഒരു പ്രഭാഷണത്തിനുപോകാൻ വേണ്ടി നിൽക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഒാഫിസിൽ നിന്നു വിളിക്കുന്നത്. അ ത്യാവശ്യമായി വരാൻ പറഞ്ഞു. ചെന്നപ്പോഴാണ് അറിയുന്നത് മന്ത്രിസഭയിൽ എന്നെക്കൂടി ഉൾപ്പെടുത്തുകയാണെന്ന്.

പക്ഷേ, അതൊന്നും നല്ല അർഥത്തില്‍ അല്ല സ്വീകരിക്കപ്പെട്ടത്. പ്രകാശത്തെക്കാൾ വേഗമുണ്ട്  ഇത്തരം കളിയാക്കലുകൾക്ക്. ഒരാളെയും മോശമായി ചിത്രീകരിക്കുന്നത് െെദവനീതിയല്ലെന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. ഇതൊക്കെ കാണുമ്പോൾ ആർക്കെങ്കിലും ആശ്വാസമാകുന്നെങ്കിൽ ആയിക്കോട്ടെ എന്നാണ് എന്റെ പ്രാർഥന. ഷീല പറഞ്ഞതിൽ സത്യമല്ലാത്ത ഒരു കാര്യവുമില്ല. ആറു വർഷമായി മോദിജിയോടൊപ്പം പ്രവർത്തിക്കുന്ന ആളാണു ഞാൻ.  അദ്ദേഹത്തിന് എന്നിൽ വിശ്വാസമുള്ളതുകൊണ്ടല്ലേ കേന്ദ്രമന്ത്രിയാക്കിയത്. ഭാര്യ പറഞ്ഞതിൽ തെറ്റൊന്നുമില്ല.

കേരളം എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്?

കേരളത്തിന്റെ  പൊതുമാനസികാവസ്ഥ ആരോഗ്യകരമാണോ എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. കാരണം പറയാം. ഇപ്പോൾ ഞങ്ങളുടെ ട്രോളുകൾ കണ്ടത് എത്രയോ ലക്ഷം ആൾക്കാരാണ്. അതായത് പൊതുസമൂഹം അവരുടെ വിലപ്പെട്ട സമയത്തിൽ നിന്ന് ഒരു ഭാഗം ഇത്തരം കലാപരിപാടികൾക്കു വേണ്ടി മാറ്റിവച്ചിരിക്കുന്നു. എന്നാൽ ഞാൻ കേന്ദ്രമന്ത്രിയായതിനുശേഷം കേരളത്തിന്റെ ടൂറിസം പുരോഗതിക്ക് ഇന്നതു ചെയ്യാം എന്നു പറഞ്ഞു നല്ലൊരു ആശയം മുന്നോട്ടു വച്ചവർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. ആർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന ഒരു മന്ത്രിയാണു ഞാൻ.

ഉത്തരവാദിത്തപ്പെട്ട സർക്കാർ ജീവനക്കാർ പോലും ഏതു സമയവും മൊെെബൽ ഫോണിലാണ്. കുറേ ആൾക്കാർ ഒരു പണിയും ചെയ്യാതെ മൊെെബൽ നോക്കിയിരിക്കുന്നു. കുറച്ചു പേർ മറ്റുള്ളവരെ എങ്ങനെ ട്രോളാം എന്നും പറഞ്ഞിരിക്കുന്നു.കേരളത്തിൽ തൊഴിലില്ലായ്മ കുറഞ്ഞിട്ടുണ്ട്. എന്നാൽ സ്ഥിരംതൊഴിൽ ഉള്ളവർ തൊഴിൽ ചെയ്യുന്നതു കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണു രാവിലെ മൊെെബലെടുത്ത് ഇന്ന് ആരെ ചൊറിയാം എന്ന് ആലോചിച്ചിരിക്കുന്നത്.

എന്താണ് യഥാർഥ പ്രശ്നം?

കേരളം പല ദാരിദ്ര്യങ്ങളും അനുഭവിക്കുന്നുണ്ട്. അതു ഞാൻ പറയാതെ തന്നെ അറിയാമല്ലോ? അതിലൊരു ദാരിദ്ര്യം നല്ല തമാശയില്ല എന്നതാണ്. ഇന്ത്യയിൽ സോഷ്യൽ മീഡിയയെ ഏറ്റവും കൂടുതൽ  ഉപയോഗിക്കുന്ന  സംസ്ഥാനം  കേരളമാണ്. അതു നല്ല കാര്യങ്ങൾക്കാണോ ഉപയോഗിക്കുന്നത് എ ന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം ഞാെനാരു ലിബറൽ ആയിട്ടുള്ള ആളാണ്. ഒാേരാരുത്തരുടെയും ജീവിതം എങ്ങനെ ജീവിക്കണമെന്ന് അവരവർ തന്നെയാണു തീരുമാനിക്കേണ്ടത്. അതു മറ്റുള്ളവർക്കു കൂടി ഉപകാരപ്രദമായ രീതിയിൽ ജീവിക്കണോ അതോ മൊെെബ ൽ ഫോണിൽ ചൊറിഞ്ഞു ജീവിച്ചു തീർക്കണോ എന്ന് ഒാേരാ രുത്തരും തീരുമാനിക്കട്ടെ...
എല്ലാവർക്കും ഒരു പ്രതീക്ഷയുണ്ട് കേരളത്തിന്റെ ടൂറിസം മേഖലയിൽ ഞാൻ എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന്. ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് എന്റെ കടമയാണ്.

പൊസിറ്റീവായ സമീപനം കേരള സർക്കാരിനുണ്ടോ?

തീർച്ചയായും  ഉണ്ടെന്നു തന്നെയാണ് ഞാൻ കരുതുന്നത്. നല്ല ആശയങ്ങൾ ആരു തന്നാലും അതു സ്വീകരിക്കുകയും വേണ്ട നടപടികൾ െെകക്കൊള്ളുകയും ചെയ്യും. എന്നെ ദത്തെടുത്തത് രാജസ്ഥാനാണ്. ഒരുപാടു ടൂറിസം സാധ്യതയുള്ള സംസ്ഥാനമാണു രാജസ്ഥാൻ. ആഭ്യന്തര ടൂറിസം വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ലോകത്തിൽ ഏറ്റവും പഴക്കമുള്ള സംസ്കാരവും ചരിത്രവും നമ്മുടേതാണ്. അതുപോലെ ടൂറിസത്തിന് അനുയോജ്യമായ പ്രകൃതിയും. അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലേക്കു വരുന്ന ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കുകയാണ് ഇപ്പോള്‍ എന്റെ ലക്ഷ്യം.

െഎ.എ.എസിൽ നിന്നു രാജിവയ്ക്കുമ്പോൾ കേരളത്തിൽ മന്ത്രിയാക്കാം എന്നു വാഗ്ദാനമുണ്ടായിരുന്നോ?

എന്നും എപ്പോഴും പാവപ്പെട്ടവരുടെ ക്ഷേമമാണ് എന്റെ ലക്ഷ്യം. അങ്ങനെ വാഗ്ദാനം  ഉണ്ടായിട്ടല്ല ഞാൻ രാജി വച്ചത്. എന്നെ മന്ത്രിയാക്കാത്തതിൽ എനിക്കു പ്രത്യേകിച്ചു നഷ്ടമൊന്നുമില്ല. സംസ്ഥാനത്തിനു ചിലപ്പോൾ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം. ചില കാര്യങ്ങൾ നമ്മൾ പറയുമ്പോൾ ആദ്യം പലർക്കും  കോമഡിയായിരിക്കാം. പിന്നീടാണു കാര്യങ്ങൾ ബോധ്യപ്പെടുന്നത്. ഞാൻ ബിെജപിയിൽ ചേർന്നപ്പോഴും പലർക്കും അതു കോമഡിയായിരുന്നു.

ഒന്നിലധികം ജോലി െചയ്തു. ഇപ്പോൾ കേന്ദ്രമന്ത്രിപദം. ഏതു ജോലിയോടാണ് കൂടുതൽ ഇഷ്ടം?

കലക്ടറായിരുന്നതോ, കമ്മിഷനർ ആയിരുന്നതോ, മന്ത്രിയായിരുന്നതോ ഒന്നുമല്ല എന്റെ ജീവിതത്തിൽ സന്തോഷമുണ്ടാക്കിയ കാര്യം. ഭാര്യ ഷീല ഒരു സന്നദ്ധസംഘടന നടത്തുന്നുണ്ട് ഡൽഹിയിൽ. ജനശക്തി എന്നാണു പേര്. ഞാൻ ഡൽഹിയിൽ ജോലി ചെയ്തിരുന്ന സമയത്ത്, ഒരു വർഷം സർവീസിൽ നിന്ന് അവധിയെടുത്ത് ആ സംഘടനയിൽ പ്രവർത്തിച്ചു. ആ സമയത്താണ് ഡൽഹിയിൽ പ്ലേഗ് പടരുന്നത്.

മിക്കവാറും ചേരികളിലായിരുന്നു പ്ലേഗിന്റെ ഭീകരത. ആൾക്കാരൊന്നും വീട്ടിൽ നിന്നു പുറത്തിറങ്ങാത്ത സാഹചര്യം. ഞങ്ങൾ ജനശക്തിയുെട പ്രവർത്തകർ പ്ലേഗിനെതിരെ പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു. തെരുവുകൾ വൃത്തിയാക്കി. എലി പെരുകാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം.

രാവിലെ വീട്ടിൽ നിന്നിറങ്ങും. റോഡരുകിലെ ചപ്പുചവറുകൾ വൃത്തിയാക്കും. ഉച്ചയ്ക്ക് വീടുകളിൽ നിന്നു കൊണ്ടുവരുന്ന ഭക്ഷണം കഴിക്കും. ൈവകുന്നേരം വരെ ജോലി തുടരും. ആരെയും ബോധ്യപ്പെടുത്താനായിരുന്നില്ല ഇതൊക്കെ. സമൂഹത്തിനു വേണ്ടി ജനശക്തി ഒരു നല്ലകാര്യം െചയ്തു അത്രതന്നെ. ഈ പ്രവർത്തനങ്ങൾക്കിടെയാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദൗർഭാഗ്യകരമായ ആ സംഭവം നടക്കുന്നത്. ഈസ്റ്റ് ഡൽഹിയിലായിരുന്നു അന്ന് ഞങ്ങളുടെ പ്രവർത്തനം. അവിടുത്തെ എം.എൽ.എ. അനധികൃതമായി പണിതിരുന്ന മൂന്ന് വീടുകൾ ഞാൻ കമ്മിഷനറായിരിക്കുമ്പോൾ നീക്കം ചെയ്തിട്ടുണ്ട്. ആ പകയിൽ അയാളുടെ അനുയായികൾ ഞങ്ങളെ വടിയും വാളുമായി ആക്രമിച്ചു. രക്തത്തിൽ കുളിച്ചു കിടന്ന ഷീലയെ മരിച്ചു എന്നു കരുതി അവര്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു.

ഞങ്ങളുെട മക്കളെയും അവർ ആക്രമിച്ചു. പന്ത്രണ്ടും പ ത്തും വയസ്സായിരുന്നു അന്ന് അവർക്ക്. അപ്രതീക്ഷിതമായി ഒരു പൊലീസ് വണ്ടി വന്നതു കൊണ്ടുമാത്രം ഭാര്യ മരണത്തിൽ നിന്നു രക്ഷപ്പെട്ടു. തലയിൽ മുപ്പത്തിരണ്ടു തുന്നലിട്ടു. വളരെ നാളുകൾക്കു ശേഷമാണ് അവർ ജീവിതത്തിലേക്കു തിരിച്ചുവന്നത്. േകാമഡിേഷായിലും വിഡിയോയിലും ഒക്കെ കൂളിങ് ഗ്ലാസും വച്ച് ‘എന്റെമ്മേ... റിലാക്സേഷനുണ്ട്..’ എന്നൊക്കെ പ റയുന്ന ഈ പിള്ളേർക്ക് അറിയാമോ സമൂഹത്തിനുവേണ്ടി ഇതുപോലെ ഒരുപാട് ത്യാഗം അനുഭവിച്ച ഒരാളെയാണ് കളിയാക്കുന്നതെന്ന്. സമൂഹത്തിനുവേണ്ടി ചെറിയൊരു ത്യാഗമെങ്കിലും ചെയ്ത എത്രപേരുണ്ട് ഈ കളിയാക്കുന്നവർക്കിടയിൽ. പരിഹാസം നല്ലതാണ്. പക്ഷേ മറ്റുള്ളവരെ പരിഹസിക്കാൻ നമുക്ക് എന്തു യോഗ്യതയാണുള്ളതെന്നു കൂടി ആലോചിക്കുന്നത് വളരെ നല്ലതായിരിക്കും.

യുവജനങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള നേതാവാണ്? പ്രത്യേകിച്ചും മോട്ടിവേഷൻ ക്ലാസുകൾ?

മുപ്പത്തിയഞ്ചു ലക്ഷം കുട്ടികളോടു സംസാരിച്ചിട്ടുണ്ട്. അതാണ് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ കാര്യം. ആ കുട്ടികളിൽ പലരും  നല്ല നിലയിൽ എത്തിയിട്ടുമുണ്ട്. നമ്മുടെ വാക്കോ പ്രവൃത്തിയോ ഒരാളെ പ്രചോദിപ്പിക്കുന്നുവെങ്കിൽ അ തു വലിയ നേട്ടമാണ്. സ്വപ്നം  കാണുക എന്നതാണ് ഞാൻ കുട്ടികളോടു പറയുന്നത്. സ്വപ്നം കണ്ടാൽ മാത്രം പോരാ. അതിനു വേണ്ടി അധ്വാനിക്കുകയും വേണം.

എന്റെ കാര്യങ്ങൾ തുറന്നുപറയാൻ കാരണം ഞാൻ മഹാനായതു കൊണ്ടല്ല. ഒരു സാധാരണക്കാരനായ എനിക്ക് ഇത്രയൊക്കെ ചെയ്യാമെങ്കിൽ ഇതൊക്കെ ആർക്കും ചെയ്യാവുന്നതേയുള്ളൂ എന്നു പറയാനാണ്. അല്ലാതെ ഞാൻ വലിയ ആളാണ് എന്നു പറയാനല്ല. ഏതു ജോലിയും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന ആളാണ് ഞാന്‍ എന്ന് ഉദ്യോഗസ്ഥതലത്തിൽ ഒരു സംസാരമുണ്ടായിരുന്നു. ആ വിശ്വാസത്തിനു കോട്ടം തട്ടുന്ന ഒന്നും ഉണ്ടാകരുത് എന്ന് ആത്മാർഥമായും ആഗ്രഹിക്കുന്നു. പതിനഞ്ചു മണിക്കൂറിലേറെ ജോലി ചെയ്യുന്നുണ്ട് ഇപ്പോഴും.  

ക്രിസ്മസിനെക്കുറിച്ച് പറഞ്ഞാണ് നമ്മൾ തുടങ്ങിയത്. അഭിമുഖം അവസാനിപ്പിക്കുന്നതിനു മുമ്പ് എന്തെങ്കിലും പറയാനുണ്ടോ?

നിറഞ്ഞ ചിരിയോടെ കണ്ണന്താനം പറഞ്ഞു, ‘അഭിമുഖം അവസാനിക്കുമ്പോൾ ഒരു റിലാക്സേഷനുണ്ട്.....’