Tuesday 14 September 2021 02:29 PM IST : By സ്വന്തം ലേഖകൻ

ആദ്യം അമ്മ പോയി, മരണക്കിടക്കയിലുള്ള അച്ഛനും ഒരു നോക്ക് കാണും മുന്നേ പിന്നാലെ യാത്രയായി: തീരാനോവ്

mahesh-suma

പ്രവാസ ലോകത്തെ വേദനിപ്പിച്ച മരണവാർത്തകളുടെ നിരയിലേക്കാണ് ആ അപ്രതീക്ഷിത വിയോഗങ്ങളും എത്തിയത്. ആഴ്ചകൾക്കു മുന്‍പ് ഒരു വ്യാഴാഴ്ച്ചയാണ്‌ ആലപ്പുഴ താഴക്കര സ്വദേശിനി സുമ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. കൃത്യം രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഭര്‍ത്താവ് മഹേഷും അതേ കാരണത്താല്‍ ഈ ലോകത്തോട് വിടപറഞ്ഞു. വിധിയുടെ പരീക്ഷണം എന്തെന്നാൽ ഈ ഭൂമുഖത്തെ തന്റെ അവസാന ആശ്രയമായിരുന്ന പിതാവിനെ അവസാനമായി കാണാനെത്തിയ മകൾക്ക് അത് സാധിച്ചില്ല എന്നതാണ്. മകൾ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മഹേഷ് ലോകത്തോട് വിടപറഞ്ഞു. സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ദിവസങ്ങൾക്കു മുമ്പ് പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയെ ഇപ്പോഴും കണ്ണീരണിയിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

രണ്ടാഴ്ച്ച മുന്‍പ് ഒരു വ്യാഴാഴ്ച്ചയാണ്‌ ആലപ്പുഴ താഴക്കര സ്വദേശിനി സുമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുന്നത്. കൃത്യം രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഭര്‍ത്താവ് മഹേഷും അതേ കാരണത്താല്‍ ഇന്നലെ വ്യാഴാഴ്ച്ച വിട പറഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ്‌ രണ്ട് പേരും ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയിരുന്നത്. സുമ മരണപ്പെടുമ്പോള്‍ ഭര്‍ത്താവ് മഹേഷ്‌ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നതിനാല്‍ തന്‍റെ സഹധര്‍മ്മിണിയെ അവസാനമായി ഒരുനോക്ക് കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

യു.എ.ഇയില്‍ പഠിച്ചിരുന്ന ഏകമകള്‍ തുടര്‍ പഠനത്തിനായി രണ്ട് വര്‍ഷമായി നാട്ടിലായിരുന്നു. ആശുപത്രിയിലുള്ള ഏക ആശ്രയമായ പിതാവിന്റെ സമീപത്തേക്ക് ബന്ധുക്കള്‍ മുന്‍കൈയെടുത്ത് നാട്ടിലുള്ള മകളെ കൊണ്ട് വരികയായിരുന്നു. നിര്‍ഭാഗ്യം അവിടെയും മകളെ കാത്തിരുന്നു. പിതാവിനെ ഒരു നോക്കുകാണാനായി മകള്‍ യു.എ.ഇയില്‍ ഇറങ്ങിയത് രാവിലെ നാലുമണിക്കുള്ള വിമാനത്തില്‍. ഏകദേശം മൂന്ന് മണിക്കൂര്‍ മുന്പ് പിതാവ് മഹേഷ്‌ ദൈവത്തിന്‍റെ അലംഘനീയമായ വിധിക്ക് കീഴടങ്ങിയിരുന്നു. പിതാവിനെ ജീവനോടെ അവസാനമായി ഒരു നോക്കുകാണാന്‍ പ്രിയപ്പെട്ട മകള്‍ക്ക് കഴിഞ്ഞില്ല.

ജീവനും ജീവിതവും ഇത്രയൊക്കെയുള്ളൂ. എപ്പോള്‍ എങ്ങിനെ അവസാനിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത വല്ലാത്തൊരു സമസ്യ. ആ മകളുടെ അവസ്ഥ ആലോചിക്കുമ്പോള്‍ വല്ലാത്ത വിങ്ങല്‍. കരയും കടലും നഷ്ടപ്പെട്ടമാകുന്നവരുടെ ദുഃഖം അനുഭവിച്ചറിഞ്ഞാലെ തിരിയൂ. ഒരാള്‍ക്കും ഇത്തരം അവസ്ഥ വരാതിരിക്കട്ടെയെന്നു പ്രാര്‍ഥിക്കാം. പുലര്‍ച്ച വിടപറഞ്ഞ മഹേഷ്‌ ചേട്ടന്‍റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്നലെ തന്നെ നാട്ടിലേക്കയച്ചു. മൃതദേഹത്തെ അനുഗമിക്കുന്ന ബന്ധുക്കളോടൊപ്പം മൂകയായി മകളും നാട്ടിലേക്ക് യാത്രയായി.