Wednesday 14 November 2018 12:37 PM IST : By സ്വന്തം ലേഖകൻ

മലയാളി നിത്യപൂജാരി, ശൈത്യകാലത്ത് ദേവനെ കമ്പിളി പുതപ്പിക്കും; മഞ്ഞിൽ മുങ്ങിയ ബദരിനാഥ് ക്ഷേത്ര വിശേഷങ്ങൾ

badrinath1

മഞ്ഞിന്റെ കമ്പിളി പുതച്ച് ബദരിനാഥ് ക്ഷേത്രം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയാണ് ഇവിടെ. 37 വര്‍ഷങ്ങൾക്ക് ശേഷമാണ് ഈ അതിമനോഹര കാഴ്ചയ്ക്ക് ലോകം സാക്ഷിയാകുന്നത്. ഇവിടെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് ക്ഷേത്രത്തിലെ ആചാരങ്ങളിലും മാറ്റം വരുത്താറുണ്ട്. ശൈത്യകാലത്തു നടയടച്ചിടുമ്പോള്‍ ദേവനെ കമ്പിളി പുതപ്പിക്കും.

ബദരിനാഥിലെ പ്രധാന പൂജാരി കണ്ണൂര്‍ സ്വദേശിയായ മലയാളിയാണെന്നതാണ് മറ്റൊരു പ്രത്യേകത. പയ്യന്നൂര്‍ ചെറുതാഴം വടക്കേ ചന്ദ്രമന ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരിയാണ് ക്ഷേത്രത്തിലെ പ്രധാന പൂജാരി. റാവല്‍ എന്നാണ് സംസ്ഥാനം പൂജാരിക്ക് നൽകുന്ന സ്ഥാനപ്പേര്. ബദരീനാഥ് റാവല്‍ജിക്ക് ഉത്തരാഖണ്ഡില്‍ കാബിനറ്റ് പദവി നല്‍കിയാണ് ആദരിക്കുന്നത്.

badrinath2

ഇവിടെ മലയാളികൾ മാത്രം പൂജാരിയാകാൻ കാരണം ശ്രീ ശങ്കരാചാര്യര്‍ ആണെന്നാണ് ഐതീഹ്യം. പ്രതിഷ്ഠ നടത്തിയ ശങ്കരാചാര്യര്‍ തന്നെയാണ് വടക്കന്‍ കേരളത്തില്‍ നിന്നുള്ള നമ്പൂതിരിയാകണം പൂജ നടത്തേണ്ടതെന്നും വിധിച്ചത്. ഇത് ക്ഷേത്രത്തിന്റെ ആരംഭം മുതൽ തുടർന്നു വരുന്നു.

ബദരിനാഥ് ക്ഷേത്രത്തിലെ പൂജയ്ക്കു നിയോഗിക്കപ്പെടുമ്പോള്‍ ആദ്യം കഠിനമായിരുന്നുവെന്ന് റാവല്‍ ഈശ്വരപ്രസാദ് നമ്പൂതിരി പറയുന്നു. പക്ഷേ, പിന്നീട് കടുത്ത ശൈത്യം ശീലമായി തുടങ്ങി. അഭിഷേകത്തിനായി ശ്രീകോവിലില്‍ എടുത്തുവയ്ക്കുന്ന വെള്ളം പോലും ഐസാകുമെന്നും ഈശ്വരപ്രസാദ് പറയുന്നു. 25 വര്‍ഷം ഈശ്വരപ്രസാദ് നമ്പൂതിരിയുടെ മുത്തച്ഛന്‍ ആയിരുന്നു റാവല്‍.

badrinath3

മേയ് മാസം തുറന്ന് ഒക്ടോബറില്‍ അടയ്ക്കുന്നതാണ് ബദരിനാഥ് ക്ഷേത്രത്തിന്റെ തീര്‍ഥാടനകാലം. ഈ വർഷത്തെ സീസണ്‍ കഴിഞ്ഞ് നവംബർ 20 നാണു ക്ഷേത്രം അടയ്ക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വർഷാവർഷം ഇവിടെ തീർത്ഥാടനത്തിനായി എത്തുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 10,585 അടി മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

badrinath4