Saturday 23 October 2021 04:02 PM IST : By സ്വന്തം ലേഖകൻ

കക്ഷത്തിലും കഴുത്തിന്റെ പുറകിലും നിറവ്യത്യാസം ഉണ്ടോ?: പിന്നാലെയെത്താം ഈ രോഗങ്ങൾ: പ്രമേഹം തിരിച്ചറിയാൻ 25 വഴികൾ

diabetese-sym

പ്രമേഹ ചികിത്സ ശരിയായ വിധമല്ല ചെയ്യുന്നതെങ്കിൽ ജീവനു തന്നെ ഭീഷണിയായേക്കാം. ഇൻസുലിൻ എടുക്കാൻ മറക്കുന്നതും മധുരത്തോടുള്ള നിയന്ത്രിക്കാനാകാത്ത ഇഷ്ടവുമെല്ലാം മറ്റു പല ഗുരുതരമായ അസുഖത്തിലേക്കും രോഗിയെ കൊണ്ടുപോയേക്കാം.

രക്താതിമർദം മുതൽ വൃക്കകളുടെ പ്രവർത്തനത്തെ വരെ അതു ബാധിക്കുകയും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളിലെക്കും മറ്റ് സങ്കീർണതകളിലേക്കും പ്രമേഹ രോഗിയെ എത്തിക്കാൻ സാധ്യതയുണ്ട്.

രക്താതിമർദം സൂക്ഷിക്കുക

1.മുപ്പതു ശതമാനം മുതൽ അറുപതു ശതമാനം വരെ പ്രമേഹ രോഗികൾക്ക് രക്താതിമർദം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ബിപിയും നിയന്ത്രിക്കണം.

2.ടൈപ് 1 പ്രമേഹ രോഗികളിൽ പ്രമേഹം കുറച്ചു നാൾ‌ പഴകിയ ശേഷം വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും അതുവഴി രക്തസമ്മർദം വർധിക്കുകയും ചെയ്യുന്നു.

3.ഉപ്പിന്റെ ഉപയോഗം പ്രതിദിനം ആറു ഗ്രാമിൽ കൂടാതെ സൂക്ഷിക്കണം. ടെൻഷൻ നിയന്ത്രിക്കുകയും പുകവലിയും മ ദ്യപാനവും ഉപേക്ഷിക്കുകയും േവണം.

4. അമിതവണ്ണവും കുടവയറും കക്ഷത്തിലും കഴുത്തിന്റെ പുറകു ഭാഗത്തും നിറവ്യത്യാസവും ഉണ്ടെങ്കില്‍ ആരംഭത്തിലേ കണ്ടുപിടിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്തുക

നേത്ര രോഗങ്ങളെ കണ്ടില്ലെന്നു നടിക്കരുത്

1.പ്രമേഹത്തെ കൃത്യമായി നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ കണ്ണിനെ ബാധിക്കാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാതെ തന്നെ അനിയന്ത്രിതമായ പ്രമേഹം മൂലം കാഴ്ച നഷ്ടപ്പെട്ടേക്കാം. കണ്ണിനുണ്ടായ തകരാർ മുഴുവനായും പരിഹരിക്കപ്പെടാൻ സാദ്ധ്യതയില്ല.

2. കൃത്യമായ ചികിത്സയില്ലാത്ത ടൈപ് 1 പ്രമേഹ രോഗികളിൽ അഞ്ചുവർഷത്തിനു ശേഷം ഡയബറ്റിക് റെറ്റിനോപ്പതി പ്രത്യക്ഷപ്പെട്ടേക്കാം. എന്നാൽ ടൈപ് 2 രോഗികൾക്ക് ഒരുപക്ഷേ തുടക്കത്തിലെ ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചേക്കാം. അതുകൊണ്ട് പ്രമേഹം കണ്ടെത്തുന്ന അവസരത്തിൽ തന്നെ പരിശോധനകൾ നടത്തണം.

3. ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാതെ തന്നെ ഡയബറ്റിക് റെറ്റിനോപ്പതി വന്നേക്കാം. അതുകൊണ്ടു തന്നെ കാഴ്ച പരിശോധന നിർബന്ധമായും ചെയ്യുക.

4.പ്രമേഹം വഴിയുണ്ടാകുന്ന നേത്രരോഗങ്ങൾ അന്ധതയ്ക്കുവരെ കാരണമായേക്കാം. ഡയബറ്റിക് മാക്യുലോപ്പതി, ഡയബറ്റിക് റെറ്റിനോപ്പതി കണ്ണിനുള്ളിൽ രക്തസ്രാവമുണ്ടാകുന്ന വിട്രിയസ് ഹെമറേജ്, തിമിരം, ഗ്ലോക്കോമ ഇതെല്ലാം പ്രമേഹരോഗികളിൽ കണ്ടുവരുന്ന നേത്രരോഗങ്ങളാണ്.

ഹൃദയതാളം സൂക്ഷിക്കാം

പ്രമേഹം ഉള്ളവരിൽ ഹൃദയ ധമനീരോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.

ടൈപ് 2 പ്രമേഹത്തിൽ, ഹൈപ്പർ ഇൻസുലിനീമിയ ഹൃദയോപരിതലത്തിലുള്ള വലിയ രക്തക്കുഴലുകൾ‌ ചുരുങ്ങുന്ന അവസ്ഥയും ഉണ്ടാക്കാം.

രക്തത്തിലെ പഞ്ചസാര നിരക്ക് ഉയർന്നു നിൽക്കുന്നതും ഉയർന്ന ലിപ്പി‍ഡ് നിരക്കും രക്തക്കുഴലുകളിലെ ആന്തരിക ആവരണങ്ങൾ‌ക്ക് കേടുവരുത്തുന്നു. ഇതുമൂലം രക്തയോട്ടം കുറയുന്നു. ഇത് പ്രധാന അവയവങ്ങൾക്ക് തകരാറുണ്ടാക്കാം. ജീവനു തന്നെ അപകടമാകുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറാം.

പ്രമേഹം ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളെ ബാധിക്കും. ഇങ്ങനെ രക്തയോട്ടം തടസപ്പെടുന്നതിലൂടെ നെഞ്ചുവേദനയും സ്ഥിതി സങ്കീർണമാവുന്നതോടെ ഹൃദയാഘാതവും ഉണ്ടായേക്കാം.

മരുന്നുകൾക്കൊപ്പം ഹൃദയധമനികള്‍ക്ക് ഗുണം ചെയ്യുന്ന വ്യായാമങ്ങളും ഭക്ഷണ ക്രമീകരണങ്ങളും ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഹൃദ്രോഗമുള്ള പ്രമേഹ രോഗികൾ ആറാഴ്ച കൂടുമ്പോൾ പരിശോധനകൾ നടത്തുക, മൂന്നുമാസം കൂടുമ്പോൾ എച്ച്ബിഎ1സി പരിശോധനയും ആറുമാസത്തിൽ ലിപ്പിഡ് പ്രൊഫൈലും തൈറോക്സിൻ കഴിക്കുന്നവരാണെങ്കിൽ ടിഎസ്എച്ച് പരിശോധന മൂന്നുമാസം കൂടുമ്പോഴും നടത്താൻ മറക്കരുത്.

വൃക്കയെ സംരക്ഷിക്കാം

പ്രമേഹ രോഗികളിലെ ഏറ്റവും പ്രധാനപ്പെട്ട രോഗാവസ്ഥയാണ് ഡയബറ്റിക് നെഫ്രോപ്പതി. പ്രമേഹം മൂലം വൃക്കയിലെ ചെറു രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരാം. ഇത് മൂലം അരിക്കൽ പ്രക്രിയ ശരിയായി നടക്കാതെ വൃക്കകൾ പ്രവർത്തനരഹിതമാകും.

മൂത്രത്തിലെ ആൽബുമിന്റെ അളവിലുള്ള വ്യത്യാസം, ഉയർന്ന രക്തസമ്മർദം കാലിലും പാദത്തിലും നീര്, അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക, ക്രിയാറ്റിന്റെയും ബ്ലഡ് യൂറിയയുടെയും അളവു കൂടുക, ചൊറിച്ചിൽ ഇവയെല്ലാം വൃക്കരോഗത്തിന്റെ സൂചനകളാണ്.

മൂത്രത്തിലെ ആല്‍ബുമിന്‍ പരിശോധന, ബ്ലഡ് യൂറിയ, സീറം ക്രിയാറ്റിനിൻ എന്നീ പരിശോധനകളും നടത്തണം.