Saturday 02 June 2018 04:25 PM IST

ലൈംഗികചുവയോടെ സംസാരിച്ചാൽ സ്ത്രീകൾ പേടിച്ച് പിൻമാറുമെന്നോ? ആ കാലം മാറിപ്പോയി കൂട്ടരേ...

Lakshmi Premkumar

Sub Editor

cyber90865

അഴക് വിരിയുന്ന ഭംഗിയുള്ള ഉടുപ്പിട്ട് കണ്ണാടി നോക്കുമ്പോൾ ഒരു സെൽഫിയെടുക്കാൻ കൈകൾ ഉയരാത്ത ആരാണുള്ളത്? പക്ഷേ, അപ്പോഴത്തെ ആനന്ദവും അഭിമാനവും അപമാനമായി മാറാൻ ആ ചിത്രം ഒന്നു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ട താമസമേയുള്ളൂ. ‘ഫ്രണ്ട്’ എന്ന മുഖംമൂടിക്കു പിന്നിൽ ഒളിച്ചിരിക്കുന്ന ചില മാനസിക രോഗികൾ െഞട്ടി ഉണരുകയായി. പിന്നെ, കേട്ടാലറയ്ക്കുന്ന ചീത്തവാക്കുകൾ കൊണ്ട് കമന്റ് ബോക്സിൽ നീരാട്ട്, ഒരു രാത്രിയുടെ വില ചോദിച്ചുകൊണ്ടും അടിവസ്ത്രത്തിന്റെ നിറം ചോദിച്ചും പഴ്സനൽ ഇൻബോക്സിൽ എത്തും സന്ദേശങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ അതുവരെ നല്ല ഒന്നാംതരം ഫ്രണ്ട് ആയിരുന്നവന്റെ മുഖത്തിന് ഇപ്പോൾ ആരുടെ ഛായയാണെന്ന് പ്രത്യേകം  പറയേണ്ടതില്ലല്ലോ.

അൽപം ചിന്തിക്കുന്നവളും ഏതു വിഷയത്തിലും സ്വന്തമായി അഭിപ്രായം ഉള്ളവളും അതു പോസ്റ്റുകളിലൂടെയും മറ്റും തുറന്നടിക്കാൻ മടിയില്ലാത്തവളുമാണ് പെണ്ണെങ്കിൽ പിന്നെ പറയേണ്ട. മനക്കരുത്തും ആത്മാഭിമാനവുമുള്ള പെണ്ണുങ്ങളെ താറടിച്ച്, കരിതേച്ച് നഗ്നയായി തെരുവിലൂടെ നടത്താനാണ് അവർ ആഗ്രഹി ക്കുന്നത്. അത് സാധിക്കാത്തതുകൊണ്ടു മാത്രം തൽക്കാലം വെല്ലുവിളികളിലും  കൊലവിളികളിലും ഒതുക്കുന്നുവെന്നു മാത്രം.   

ഏതായാലും  സോഷ്യൽ മീഡിയയിലെ മുഖമില്ലാത്ത മാനസിക രോഗികളെ പേടിച്ച് മാറിപ്പോയവരും പൊതുമാപ്പ് ചോദിച്ചവരുമൊക്കെ പണ്ടായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ നല്ല ബോൾഡ് ആയി, ബ്യൂട്ടിഫുൾ ആയി പ്രതികരിച്ചുകൊണ്ട് നമ്മുടെ പെൺകുട്ടികൾ സൈബർ ഗുണ്ടകളെ വിരട്ടിയോടിക്കുന്നു. നല്ല ചൂടുള്ള മറുപടികൾ സ്ക്രീൻ ഷോട്ട് സഹിതം  മുഖത്തടിയായി കൊടുക്കുന്നു.  പരാതി നൽകേണ്ടതാണെങ്കിൽ അങ്ങനെ ചെയ്യുകയും നടപടികൾ ഞൊടിയിടയിൽ നേടിയെടുക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിലൂടെ ‘കയ്യേറ്റം’ ചെയ്യപ്പെടുന്നവരാരും ഒളിച്ചോടുന്നില്ല പകരം ‘ഹു കെയേഴ്സ് ദിസ്’ എന്നു ചോദിച്ച് തന്റെ സ്പേസിൽ ഉറച്ചു നിൽക്കുന്നു.

അങ്ങനെ പറയാൻ ആർക്കും അനുവാദമില്ല: മീര നന്ദൻ  

Meera-Nandan-in-red-dress-stills-june-2017-1

‘‘ഞാൻ ഏത് ഡ്രസ്സിട‍ണം, എങ്ങനെ ഒരുങ്ങണം എന്നതൊക്കെ എന്റെ മാത്രം തീരുമാനങ്ങളാണ്. അതില്‍ മറ്റൊരാൾ അഭിപ്രായം പറയേണ്ട കാര്യമില്ല. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഇഷ്ട ചിത്രത്തിനാണ് മെസഞ്ചറിലൂടെ ഒരാൾ മോശം കമന്റ് പറഞ്ഞത്. ഒരു  ഫോട്ടോയിടുമ്പോഴും എന്തെങ്കിലും ആശയങ്ങൾ പങ്ക് വയ്ക്കുമ്പോഴും നല്ലതും മോശവും കമന്റുകൾ വരാറുണ്ട്. നല്ലതിലൂടെ മാത്രം കണ്ണോടിക്കുക, ബാക്കി അവഗണിക്കുക എന്ന നയമായിരുന്നു അതുവരെ പിൻതുടർന്നിരുന്നത്. ആ കമന്റ് കണ്ട ദിവസം അത് അവഗണിക്കാൻ പറ്റിയില്ല. എന്റെ ശരീരത്തെ കുറിച്ചോ വസ്ത്രത്തെ കുറിച്ചോ ആ രീതിയിൽ ചിന്തിക്കാൻ പോലും മറ്റൊരാൾക്ക് എങ്ങനെ ധൈര്യം വന്നു എന്നു മാത്രമായിരുന്നു മുന്നിൽ തെളിഞ്ഞു നിന്ന ചോദ്യം.

ഇൻബോക്സിൽ രഹസ്യമായി വന്ന ആ കമന്റ് സ്ക്രീൻഷോട്ട് എടുത്ത് എല്ലാവരേയും കാണിക്കാനാണ് അപ്പോൾ തോന്നിയത്. ആ പ്രൊഫൈൽ‌ യഥാർഥമാണോ വ്യാജമാണോ എന്നൊന്നും അറിയില്ല. ആ വ്യക്തി  എന്റെ ഒരുപാട് സുഹൃത്തുക്കളുടെ ഫ്രണ്ട് ലിസ്റ്റിലുള്ളയാളായിരുന്നു. അവർക്കെല്ലാം ആ പ്രൊഫെൽ അവരുടെ ലിസ്റ്റിൽ നി ന്ന് ഒഴിവാക്കാൻ സാധിച്ചു.
 അദ്ഭുതം തോന്നിയ മറ്റൊരു കാര്യമുണ്ട്. ആ സ്ക്രീൻ ഷോട്ട് എന്റെ പ്രൊഫൈലിൽ‌  വന്ന ശേഷം വന്ന മെസേജുകളിൽ നല്ലൊരു വിഭാഗം ചോദിച്ചു എന്തിനാണ് ഇങ്ങനെ പ്ര തികരിക്കാൻ പോകുന്നതെന്ന്. ‘ഇയാളെ ബാസ്റ്റാഡ്  എന്നല്ലേ വിളിക്കേണ്ടത്?’ എന്നായിരുന്നു ആ സ്ക്രീൻഷോട്ടിന് ഞാനിട്ട ക്യാപ്ഷൻ. സഭ്യമല്ലാത്ത വാക്കുകൾ മീര എന്തിനാണ് ഉപയോ ഗിച്ചത് എന്നൊക്കെ ചോദ്യങ്ങൾ വന്നു. എന്റെ പോസ്റ്റ് കൊ ണ്ട് ഇത്തരം ഞരമ്പ് രോഗികളെ പൂർണമായി ഇല്ലാതാക്കാം എന്നുള്ള ചിന്തയൊന്നും ഇല്ല. പക്ഷേ, അപ്പോൾ അതൊരു വലിയ ശരിയായിരുന്നു.’’

ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു: റിമ കല്ലിങ്കൽ

rima-sel

‘‘നമ്മുടെ നാട്ടിൽ പണ്ടു മുതലേ നിലനിൽക്കുന്ന ‘ഈവ് ടീസിങ്’ തന്നെയാണിത്. ഇന്നിപ്പോൾ സോഷ്യൽ മീഡിയ എന്ന സൗകര്യത്തെ ആളുകൾ ഉപയോഗപ്പെടുത്തുന്നു എ ന്നു മാത്രം.
സോഷ്യൽ മീഡിയയെ എങ്ങനെ പൊസിറ്റീവ് ആയി ഉപ യോഗിക്കാം എന്ന് മാത്രമേ ഞാൻ ചിന്തിക്കാറുണ്ടായിരുന്നുള്ളൂ. ആദ്യമൊക്കെ ഫെയ്സ്ബുക്കും ടിറ്റ്വറുമെല്ലാം നല്ലൊരു ആശയ വിനിമയ മാർഗമായാണ് കരുതിയിരുന്നത്. സാധ്യതകൾ വളർന്നതോടെ ആർക്കും ആരെയും ചീത്ത വിളിക്കാം, അഭിപ്രായം പറയാം, കമന്റാം, ട്രോളാം. ഒരാളുടെ മുഖത്ത് നോക്കി പറയാൻ കഴിയാത്തതെന്തും നമുക്ക് സോഷ്യൽ മീഡി യയിലൂടെ അവരുടെ അക്കൗണ്ടിൽ കയറി വിളിച്ചു കൂവാം എ ന്ന  നിലയിലേക്കാണ് എത്തിയിരിക്കുന്നത്.  ഇതൊക്കെ ഒ രു ശതമാനം പോലും ഞങ്ങളുടെയൊക്കെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നില്ല എന്ന് ഇനിയെങ്കിലും  ഈ മുഖംമൂടികൾ മനസിലാക്കട്ടെ.

എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം സ്ത്രീയാണ് അഭിപ്രായം പറഞ്ഞതെങ്കിൽ മാത്രമാണ് ലൈംഗിക ചുവയോടെ സംസാരിക്കുക, ലൈംഗികാവയവങ്ങളെ പ്രതിപാദിക്കുക എന്ന ഇത്തരം വൈകൃതങ്ങൾ കാണിക്കുന്നത്. ഒരു പുരുഷന്റെ കാര്യം വരുമ്പോൾ  ഇത്തരം പ്രശ്നങ്ങൾ ഒന്നുമില്ല. ഇവരെന്താണ് കരുതുന്നത്? ലൈംഗിക ചുവയോടെ സംസാരിച്ചാൽ സ്ത്രീകൾ പേടിച്ച് പിൻമാറുമെന്നോ? ആ കാലം മാറിപ്പോയി എന്ന് ഇനിയെങ്കിലും മനസിലാക്കൂ.

അവർക്കു നേരെ വാതിലടയ്ക്കൂ: സജിത മഠത്തിൽ

sajitha-madam

പണ്ടൊക്കെ റോഡിലൂടെ നടന്നു പോകുമ്പോൾ കലുങ്കിലിരുന്ന് കമന്റ് ചെയ്യുന്നവർക്ക് ഒരു മുഖമുണ്ടായിരുന്നു. സോഷ്യൽ മീഡിയ വന്നതോടെ ഇന്നതില്ല. അതുതന്നെയാണ്  അവരുടെ സൗകര്യവും. ഡബ്ല്യുസിസി എന്ന, സ്ത്രീകൾ മാത്രമുള്ള ഞങ്ങളുടെ സംഘടനയുെട ഫെയ്സ്ബുക് പേജ് സന്ദർശിച്ചാൽ അറിയാൻ കഴിയും  എത്രത്തോളം അധിക്ഷേപങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഒരു വിഭാഗം അഴിച്ചു വിടുന്നതെന്ന്.

പരമാവധി ഉപദ്രവങ്ങൾ ചെയ്ത് റേറ്റിങ് താഴ്ത്താനായിരുന്നു ആദ്യം ശ്രമിച്ചത്. പെണ്ണുങ്ങൾ ഒരുമിച്ച് നിന്ന് അവരുടെ താൽപര്യങ്ങൾക്കായി സംസാരിക്കുകയോ? ഒരിക്കലും അനുവദിക്കാനാകില്ല എന്ന മനോഭാവം.  ഞങ്ങൾക്ക് പരിചയം പോലുമില്ലാത്ത ഒരു കൂട്ടം ആളുകൾ ചേർന്ന് ക്യാംപെയ്ൻ നടത്തി റേറ്റിങ് ഉയർത്തി കൊണ്ടുവന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരു വിഭാഗം നശിപ്പിക്കുമ്പോൾ മറ്റൊരു ചെറിയ വി ഭാഗം ഒപ്പം നിൽക്കുന്നു. രണ്ടും സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് സംഭവിക്കുന്നത് എന്നതാണ് വൈരുധ്യം.

ഓരോ പ്രശ്നങ്ങളുണ്ടാകുമ്പോഴും നമ്മൾ അതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വാചാലരാകും. കുറച്ചു ക ഴിയുമ്പോൾ ആ ബഹളം നിലയ്ക്കും. അതാണ് പുതിയ കാല ത്തിന്റെ ട്രെൻഡ്. സോഷ്യൽ മീഡിയയിലൂടെ യാതൊരു പ രിചയവുമില്ലാത്തവർക്ക് മൂന്നിലേക്ക് നമ്മൾ സ്വയം തുറന്നു കാട്ടുകയാണ്. അവർ നമ്മളെ കുറിച്ച് അഭിപ്രായങ്ങൾ പറയുന്നു, ആശയ വിനിമയം നടത്തുന്നു. അതിനിടിയൽ ഇത്തരം ഹരാസ്മെന്റുകളും കയറി വരുന്നു.

പണ്ടൊക്കെ ഒരു സൗഹൃദ കൂട്ടായ്മയെന്നാൽ എത്ര ചെറുതായിരുന്നു. നാടകത്തിലൊക്കെ തുടങ്ങിയ കാലത്ത് ഒരേ പോലെ ചിന്തിക്കുന്ന ചുരുക്കം ആളുകൾ മാത്രം ഒരുമിച്ചു കൂടുകയായിരുന്നു. പക്ഷേ, ഇന്നത് മാറി. സൗഹൃദത്തിന്റെ വി ശാല ലോകമാണ് നമുക്ക് മുന്നിലുള്ളത്. ആ സാധ്യതകളെ നല്ല രീതിയിൽ ഉപയോഗിക്കുന്നതിന് പകരം ചിലർ ഇത്തരം മാനസിക വൈകൃതങ്ങൾക്കുള്ള വേദിയാക്കുന്നു. നമ്മുടെ മുഖപുസ്തകത്തിന്റെ താളുകൾ ഇത്തരക്കാർക്ക് നേരെ കൊട്ടിയടയ്ക്കുക മാത്രമാണ് ഏക പോംവഴി.’’

നിയമം കൂടെയുണ്ട്: ഷാനി പ്രഭാകരൻ

shani_prabhakaran

‘‘എനിക്ക് ഇത്തരത്തിലുള്ള ആറ് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നാലെണ്ണത്തിന് പരാതിയുമായി മുന്നോട്ട് പോയിട്ടുണ്ട്. ആദ്യത്തെ തവണയുണ്ടായ ആഘാതം മാത്രമേ എന്നെ ചെറുതായെങ്കിലും കുലുക്കിയിട്ടുള്ളൂ. കാരണം ജീവിതത്തിൽ തന്നെ ആദ്യത്തെ അനുഭവമാണ്. എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത അവസ്ഥയായിരുന്നു. പിന്നീട് ഉണ്ടായിട്ടുള്ള ആക്രമണങ്ങളിലൊന്നും ഞാൻ പതറിയിട്ടില്ല. ഒരു സാധാരണ വീട്ടമ്മയ്ക്ക് പോലും ഇന്നോ നാളെയോ ഇത് സംഭവിച്ചേക്കാം. എന്നാൽ ഇതിനൊന്നും എന്നെ തകർക്കാൻ കഴിയില്ല എന്ന ഉറച്ച തീരുമാനം ഓരോ സ്ത്രീയും മനസിലെടുക്കുക. സെക്‌ഷ്വൽ ഷെയ്മിങ്ങാണ് പൊതുവേ ഇത്തരക്കാരുടെ ഭാഷ. ഇതിനെ പാടെ അവഗണിക്കുകയെന്നതു മാത്രമാണ് ഏറ്റവും നല്ല ആയുധം. അതിനൊപ്പം ശക്തമായ നിയമങ്ങളുടെ സംരക്ഷണം നമുക്ക് ലഭ്യമാണ്. അത് അറിഞ്ഞിരിക്ക ണമെന്ന് മാത്രം.

കഴിഞ്ഞ ദിവസം ആക്ടിവിസ്റ്റും കവിയത്രിയുമായ  ലിഖിത ദാസിനെ സോഷ്യൽ മീഡിയ ആക്രമിക്കുന്നത് കണ്ടു. സ്വന്തം വിവാഹത്തിന് പട്ട് സാരിയും ആഭരണങ്ങളുമണിഞ്ഞതായിരുന്നു അവർ ചെയ്ത തെറ്റ്. പുരോഗമന ആശയങ്ങൾ പറഞ്ഞിരുന്ന പെൺകുട്ടി സ്വന്തം വിവാഹത്തിന് ഒരുങ്ങിയത് പൊറുക്കാൻ പറ്റാത്ത തെറ്റായിപ്പോയി എന്ന മട്ടിൽ.  

ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെപോലും മാനിക്കാതെ എന്തിലും കയറി അഭിപ്രായം പറയുക എന്ന പുതിയ ട്രെൻഡാണ് ഇപ്പോഴത്തെ ഹൈലൈറ്റ്. അവരിൽ വ്യാജ പ്രൊഫൈലുകളുണ്ടാകാം. യഥാർഥ മുഖങ്ങളുണ്ടാകാം. ഇതൊന്നുമല്ലാതെ പു റത്ത് മാന്യൻ ചമഞ്ഞ് മൂന്നോ നാലോ അക്കൗണ്ടുകളിലൂടെ യഥാർഥ സ്വഭാവം കാണിക്കുന്നവരുണ്ടാകാം. എങ്ങനെ കണ്ടു പിടിക്കാൻ കഴിയും ?  

ഒരു രാഷ്ട്രീയ നേതാവിനൊപ്പം  ഫോട്ടോയെടുത്തതിന്റെ പേരിലായിരുന്നു ഞാൻ ഏറ്റവും അവസാനമായി ആക്രമണത്തിനിരയായത്. അതിൽ ശക്തമായ നിയമ നടപടികളുമായി ട്ടാണ് മുന്നോട്ട് പോയത്. ഏഴ് പേർക്കെതിരെ കേസെടുത്തു. നമ്മൾ എത്രത്തോളം കരുത്തോടെ നില്‍ക്കുന്നുവോ  അത്ര യും വേഗത്തിൽ നടപടികളുണ്ടാകും. വനിതാ അഭിഭാഷകരുടെ കൂട്ടായ്മകൾ ഇത്തരം  പ്രശ്നങ്ങളിൽ നമ്മളെ ഏറെ സഹായിക്കും. ഇനിയിപ്പോൾ വ്യാജപ്രൊഫൈലുകളിൽ നിന്നും സന്ദേശം അയച്ച് ഒളിച്ചിരിക്കുന്നവരായാലും ടെക്നോളജിയിലൂടെയും തന്ത്രങ്ങളിലൂടെയും പൊലീസിന്റെ കുരുക്കിൽ അകപ്പെടും എന്ന കാര്യത്തിൽ യാ തൊരു സംശയവും വേണ്ട.’’

വാഴ നനയുമ്പോൾ ചീരയും നനയുമെന്ന് കൊതിക്കുന്നവർ: വനജ വാസുദേവ്

Vanaja-Vasudev-01

‘‘സെലിബ്രിറ്റികളുടെ ഫോട്ടോയിൽ കമന്റ് ചെയ്യുന്നവരായാലും രഹസ്യമായി അശ്ലീല മെസേജ് അയക്കുന്നവരായാലും അവരുടെ ലക്ഷ്യം നമ്മുെട നാട്ടിൻപുറത്തെ പഴഞ്ചൊല്ലാണ്. വാഴ നനയുമ്പോൾ ചീരയും നനയുക. അങ്ങനെയെങ്കിലും രണ്ടാൾ തിരിച്ചറിഞ്ഞാൽ അത്രയുമായല്ലോ എന്ന ചിന്ത. ഞാനൊരു സെലിബ്രിറ്റിയല്ല. എഴുതാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരി മാത്രമാണ്. എന്നിട്ടും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. പെണ്ണായ ഞാൻ തുറന്നെഴുത്തുകൾ നടത്തുന്നുവെന്നാണ് കുറ്റം.  
ആദ്യമൊക്കെ ആളുകളുടെ മോശം കമന്റുകളും പ്രതികരണങ്ങളും കാണുമ്പോൾ വല്ലാത്ത പേടിയായിരുന്നു. പേടിച്ച് എത്രയോ എഴുത്തുകൾ ഞാൻ വേണ്ടെന്ന് വച്ചിട്ടുണ്ട്. പിന്നീടാണ് തോന്നിയത്, ഞാനെന്തിന് മാറി നിൽക്കണം എന്തിനാണ് ഞാൻ പേടിക്കേണ്ടത്? ഞാൻ എഴുതുന്നത് എന്റെ മിടുക്കാണ്. പിന്നീടങ്ങോട്ട് ഏത് രീതിയിൽ എന്നോട് സംസാരിക്കുന്നുവോ അതേ രീതിയിൽ തിരിച്ചും  പ്രതികരിക്കാൻ തുടങ്ങി.

പെണ്ണിനെ നിശബ്ദമാക്കാൻ അവളുടെ ലൈംഗികാവയവ ത്തെകുറിച്ച് പറയുക, ലൈംഗിക ചുവയോടെ സംസാരിക്കുക തുടങ്ങിയ നയങ്ങളാണ് ഇപ്പോഴും സൈബർഗുണ്ടകൾ നടത്തുന്നത്. പക്ഷേ, അതിന്റെ കാലം കഴിഞ്ഞുപോയി എന്ന് ഈ വ്യാജൻമാർ എന്ന് മനസിലാക്കും?. സ്വയം അധ്വാനിച്ച്  ആരുടേയും  സംരക്ഷണമില്ലാതെ ജീവിക്കുന്ന പെണ്ണിന് കൃത്യമായ ലക്ഷ്യങ്ങളും ചുവടുകളുമുണ്ട്. അതൊന്നും ഒാലപ്പാമ്പിനെ കാണിച്ച് ഇല്ലാതാക്കാനാകില്ല. ഒരു ആൺകുട്ടിയിടുന്ന ഫോട്ടോയ്ക്കോ, സ്റ്റാറ്റസിനോ അടിയിൽ അശ്ലീല ചുവയോടെ കമന്റുകളിടുന്ന എത്ര പെൺ  കുട്ടികളുണ്ട്? പൊതുസ്ഥലത്ത് അശ്ലീലം പറഞ്ഞ് പെണ്ണിനെ അപമാനിക്കുന്നത് ആണിന്റെ ഭീരുത്വമാണ്.

എത്ര വിചിത്രമാണിത്: ലക്ഷ്മി സുബ്രഹ്മണ്യം

10-governor-banwarilal-purohit

‘‘ഒരു കൂട്ടം ആളുകൾക്കിടിയിൽ അന്യനായ ഒരു പുരുഷൻ അനുവാദമില്ലാതെ ശരീരത്തിൽ തൊടുക. അതു കണ്ടു നിന്നവരെല്ലാം വളരെ ലാഘവത്തോടെ ചിരിക്കുക. എനിക്ക് ഓർക്കാൻ കൂടി ഇഷ്ടമല്ലാത്ത ദിവസമാണത്. ലൈംഗിക സേവനം ചെയ്യാൻ അധ്യാപിക വിദ്യാർഥിക ളോട് ആവശ്യപ്പെട്ട സംഭവത്തിൽ തനിക്കു പങ്കില്ലെന്ന് വി ശദീകരിക്കാനായിരുന്നു ഗവർണറുടെ വാർത്താ സമ്മേളനം. മറ്റു പത്രപ്രവർത്തകർക്കൊപ്പം ‘ദ് വീക്ക്’ വാരികയുടെ ചൈന്നൈ കറസ്പോണ്ടന്റായ ഞാനും ചോദ്യങ്ങൾ ചോ ദിക്കുന്നുണ്ട്. അപ്പോഴാണ് അവിചാരിതമായി ഗവർണർ കവിളിൽ തലോടിയത്. വീട്ടിലെത്തിയിട്ടും എനിക്ക് ആ സം ഭവം മറക്കാൻ കഴിഞ്ഞില്ല. അൽപം ആശ്വാസത്തിനാണ് അ നുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘മുഖമെത്ര കഴുകിയിട്ടും ആ തലോടലിന്റെ ആഘാതത്തിൽ നിന്നും മുക്തയാകാൻ കഴിയുന്നില്ല.’ ഇതായിരുന്നു എന്റെ ട്വീറ്റ്.

പ്രതീക്ഷിച്ചതിനു നേരെ വിപരീതമായിരുന്നു ഫലം. ഈ സംഭവത്തിൽ രാഷ്ട്രീയം കലർന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ട്വിറ്ററും ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും ഒന്നും ഞാൻ‌ ദിവസങ്ങളോളം തുറക്കാതിരുന്നു. ‘വേശ്യ’ എന്ന് അർഥംവരുന്ന വാക്കുകൾ കൊണ്ട് ആക്രമിക്കുന്ന സൈബർ ഗുണ്ടകളായിരുന്നു ചുറ്റും. അങ്ങനെ ചെയ്താൽ പെണ്ണ് തളരുമെന്ന ചിന്ത എത്ര വിചിത്രമാണ്. തെറ്റു ചെയ്ത പുരുഷനല്ല, മറിച്ച് ഇരയായ ഞാൻ മാത്രമാണ് ആക്രമിക്കപ്പെടുന്നത് എന്നതാണ് ഏറ്റവും വേദനിപ്പിച്ചത്. പുരുഷനു താഴെയാണ് സ്ത്രീ എന്ന ശക്തമായ ചിന്താഗതി മാറാതെ നമ്മുടെ നാട്ടിലെ പ്രശ്നങ്ങൾ തീരില്ല.

∙    ∙    ∙    ∙    ∙

അതുകൊണ്ട് ഇനിയെങ്കിലും ഇത്തരക്കാർ വിലപ്പെട്ട സമയവും സ്പേസും സ്ത്രീകളെ അവഹേളിക്കുന്നതിനായി മാത്രം നീക്കി വയ്ക്കുന്നത് അവസാനിപ്പിക്കുക. നിങ്ങൾ ഏതു ഭാഷയിലാണോ സംസാരിക്കുന്നത് ആ ഭാഷയിൽ തന്നെ പ്രതികരിക്കുന്ന പെണ്ണുങ്ങളുണ്ടിവിടെ. ഭയന്നു മാറി നിൽക്കുന്നത് മരണതുല്യമെന്ന് കരുതുന്നവർ. സൈബർ ഗുണ്ടായിസം കാണിക്കാൻ തുനിഞ്ഞാൽ ‘ഫ്ഭ’ എന്നു മുഖമടച്ചൊരു ആട്ട്, അതു മാത്രമായിരിക്കും നിങ്ങൾക്കുള്ള മറുപടി.