Tuesday 31 March 2020 02:25 PM IST : By Shyama

'തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്തില്ലെങ്കിൽ നിങ്ങളെ കടിക്കും, ചിലപ്പോൾ കൊല്ലും'; ഇത്തരം അബദ്ധ സന്ദേശങ്ങൾക്ക് പുറകെ പോകരുത്!

dog-covi44

"തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്തില്ലെങ്കിൽ അത് നിങ്ങളെ കടിക്കും, ചിലപ്പോൾ കൊല്ലും.... ഇത്തരം അബദ്ധസന്ദേശങ്ങളാണ് ഞങ്ങൾ നേരിടുന്ന വെല്ലുവിളികളിലൊന്ന്." സാലി വർമ്മ അവരുടെ പ്രവർത്തങ്ങളെ കുറിച്ചു പറയുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വിഭാഗങ്ങളുമായി സഹകരിച്ചു മൃഗസംരക്ഷണത്തെ കുറിച്ചുള്ള സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് സാലിയും കൂട്ടരും.

"ജീവിച്ചിരിക്കാൻ മനുഷ്യർക്ക് ഭക്ഷണം ആവശ്യമാണ്, അതുപോലെ തന്നെയാണ് മൃഗങ്ങളുടെയും കാര്യം. അല്ലാതെ അത് കൊടുത്തില്ലെങ്കിൽ കടിക്കും കൊല്ലും എന്നൊന്നും പറഞ്ഞു പരത്തുന്നത് ശരിയല്ല. ഏതെങ്കിലും ഒരു സംഘടന മാത്രമായല്ല ഇപ്പോഴുള്ള പ്രവർത്തനം. എന്റെ സംഘടന Humane Society International/ഇന്ത്യ, പല ഗ്രൂപ്പുകൾ, വ്യക്തികൾ എല്ലാവരും പ്രവർത്തനങ്ങൾക്ക് മുന്നിലുണ്ട്. വിശന്നു വലയുന്ന തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുകയാണ് പ്രധാനമായി ചെയ്യ്യുന്നത്.

മൃഗങ്ങളും COVID-19 ഉം, നിങ്ങളുടെ സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും

തെരുവ് നായ്ക്കൾ മാത്രമല്ല വളർത്ത് കോഴികൾ, പശുക്കൾ, പന്നികൾ തുടങ്ങിയ വ്യാവസായികാടിസ്ഥാനത്തിൽ വളർത്തുന്ന മൃഗങ്ങൾ ആനകൾ എന്നിങ്ങനെ പലതും. രാജ്യത്തു ലോക്ക് ഡൗൺ പ്രഘ്യാപിച്ചതോടെ മൃഗങ്ങളെ വിൽക്കുന്ന കേന്ദ്രങ്ങളിൽ ചിലത് മൃഗങ്ങളെ അകത്തിട്ട് പൂട്ടിപ്പോയ സംഭവങ്ങളിൽ വരെ ഇടപെടാൻ ഞങ്ങൾക്ക് സാധിച്ചു.ഇപ്പോൾ പല എൻ.ജി.ഒ കളുടെയും വ്യക്തികളുടെയും ഒക്കെ സഹകരണം ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

കേരള പോലീസ് വിഭാഗവുമായി സഹകരിച്ചു തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള ഫീഡർ പാസുകൾ ആളുകൾക്ക് കൊടുക്കാനും ഞാൻ സഹായിക്കുന്നുണ്ട്. അവരവരുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കി മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്നവർക്ക് അത് തടസമില്ലാതെ ചെയ്യ്യാൻ സഹായിക്കുന്ന രേഖയാണ് ഫീഡർ പാസ്സ്. രജിസ്റ്റർ ചെയ്ത എൻ.ജി.ഓ.കളിലെ പ്രവർത്തകർക്കാണ് ഇത് ലഭ്യമാക്കുക. തിരിച്ചറിയൽ രേഖയുടെയും വണ്ടിയുടെ ആർ സി ബുക്കിന്റെയും പകർപ്പുകളാണ് ഇതിനായി നൽകേണ്ടത്.

പോലീസ്‌കാരിൽ നിന്നും മറ്റ് അധികൃതരിൽ നിന്നും പ്രദേശവാസികളിൽ നിന്നുമൊക്കെ നല്ല പിന്തുണ കിട്ടുന്നുണ്ട്. പോലീസുകാർ നായക്ക് ഭക്ഷണം കൊടുക്കുന്നതും, ഒരു നേരത്തെ അന്നത്തിനു വകയില്ലാത്തവരും ഒക്കെ നായ്ക്കൾക്ക് വെള്ളം കൊടുക്കുന്നതും ഒക്കെയായി പല കാഴ്ചകളും ചിത്രങ്ങളും മനസ് നിറക്കുന്നു. മറുഭാഗത്തു ആശങ്കകളും ഉണ്ട്.

മൃഗങ്ങളും COVID-19 ഉം, നിങ്ങളുടെ സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും

മൃഗങ്ങളിലൂടെ കൊറോണ വൈറസ് പകരില്ലെന്നും അവയെ സംരക്ഷിക്കണം എന്നും ഞങ്ങൾ ആളുകളെ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്. കേരളമൊട്ടുക്ക് പ്രവർത്തനമുണ്ടെങ്കിലും കൊച്ചി, തിരുവന്തപുരം, കണ്ണൂർ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ഇതേവരെ. മറ്റ് ജില്ലകളിൽ നിന്നും ഇപ്പോഴുള്ളതിലും കൂടുതൽ പേര് പ്രവർത്തങ്ങൾക്കായി മുന്നോട്ട് വരുമെന്ന് പ്രതീഷിക്കുന്നു. നിലവിലുള്ള പ്രവർത്തകർ എല്ലാവരും വളരെ ആത്മാർത്ഥതയോടെ കാര്യങ്ങൾ കാണുമ്പോൾ വളരെയേറെ സന്തോഷമുണ്ട്. കേരളത്തിന്റെ കരുതൽ വറ്റില്ലെന്ന് ഇവർ ഓരോ ദിവസവും ഓർമിപ്പിക്കുന്നു....

ഈ ലോക്ക് ഡൗൺ കാലം കഴിഞ്ഞു നമ്മൾ പുറത്തിറങ്ങുന്പോൾ സ്വാതന്ത്രം നമുക്ക് ഇന്നുള്ളതിലേറെ ഇരട്ടി മധുരത്തിൽ ആസ്വദിക്കാൻ പറ്റും....നമുക്ക് ചുറ്റും വർഷങ്ങളായി കൂട്ടിലടക്കപ്പെട്ട് കഴിയുന്ന ജീവജാലങ്ങളെയും നമുക്ക് സ്വാതന്ത്രരാക്കാൻ സാധിക്കട്ടെ....