Monday 17 September 2018 04:31 PM IST

എപ്പോഴും ചിരിക്കുന്ന എല്ലാവരെയും ചിരിപ്പിക്കാൻ ഇഷ്ടമുള്ള ഒരാൾ; പരിമിതികളെ വെല്ലുവിളിച്ച ദേവേഷ് മഹാദേവിന്റെ വിജയകഥ

V R Jyothish

Chief Sub Editor

devesh
ഫോട്ടോ: ബേസിൽ പൗലോ

നിങ്ങളുടെ വെല്ലുവിളികളെയല്ല, പരിമിതികളെയാണു വെല്ലുവിളിക്കേണ്ടത് എന്ന് വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട് ‘ദേവീചന്ദനം’ എന്നു പേരുള്ള ഈ വീട്ടിൽ. ഇവിടെയിരുന്നാണ് ഉയരമുള്ള ഒരു വിജയകഥ പറയാൻ പോകുന്നത്. ദേവേഷ് മഹാദേവ് എന്ന വലിയ പേരിനു പിന്നിലുള്ള അതിനെക്കാൾ വലിയൊരു കഥ.

എപ്പോഴും ചിരിക്കുന്ന എല്ലാവരെയും ചിരിപ്പിക്കാൻ ഇ ഷ്ടമുള്ള ഒരാളാണ് ദേവേഷ്. ഉയരം ആകെ രണ്ടടി. സ്വയം സഞ്ചരിക്കാനുള്ള കഴിവില്ല. കൈക്കുഞ്ഞിനെ എന്ന പോലെ ആരെങ്കിലും എടുത്തോ, വീൽചെയറിലോ ആണ് ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു പോകുന്നത്.

എന്നാൽ ഇതു െകാണ്ടു മനസ്സു തളര്‍ന്ന് വീട്ടില്‍ ഒതുങ്ങിയിരിക്കുകയൊന്നുമല്ല ദേവേഷ്. പഠിച്ചു മിടുക്കനായി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലർക്കാണ് ഈ ഇരുപത്തിയേഴുകാ രന്‍. മാത്രമല്ല നൂറു കണക്കിനു സുഹൃത്തുക്കൾക്ക് ജീവിതത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുന്ന അധ്യാപകനും ആയിരങ്ങൾക്ക് തന്റെ ജീവിതം വരച്ചുകാട്ടി വിജയിക്കാൻ പ്രചോദിപ്പിക്കുന്ന പൊസിറ്റീവ് എനർജിയുെട ഉറവിടവും.

‘‘കദനകഥയൊന്നും വേണ്ട. എന്റെ ജീവിതത്തെക്കുറിച്ച് വായിക്കുന്നവർക്ക് േതാന്നണം രണ്ടടി ഉയരമുള്ള ഇ വനെക്കൊണ്ട് ഇത്രയൊക്കെ സാധി ക്കുമെങ്കിൽ അഞ്ചും ആറും അടി ഉ യരമുള്ള ഞങ്ങളെക്കൊണ്ട് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന്. അല്ലാതെ സങ്കടകഥ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.’’ ചിരിയോെട േദവേഷ് പറഞ്ഞു തുടങ്ങി. ഇതാണ് ദേവേഷിന്റെ നയം. അടിമുടി പൊസിറ്റിവ്.

കൊല്ലത്ത് ചന്ദനത്തോപ്പിനടുത്ത് മാമ്മൂട് ദേവീ ചന്ദനത്തിൽ സജിത് കുമാറിന്റെയും രജിനയുെടയും മകനാണ് ദേവേഷ്. ഓഡിറ്റ് വകുപ്പിലാണ് സജിത് കുമാറിനു ജോലി. രജിന മുള്ളുമല ഇന്ത്യൻ പബ്ലിക് സ്കൂളിൽ അധ്യാപികയും. ഒരു സഹോദരിയുണ്ട് ദേവേഷിന്, ചന്ദന.

ആറുമാസം പ്രായമുള്ളപ്പോഴാണ് ദേവേഷിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. നിർത്താതെയുള്ള കരച്ചിലാ യിരുന്നു ആദ്യം. അസ്ഥികൾ നുറുങ്ങുന്ന വേദന കൊണ്ടായിരുന്നു ആ കരച്ചിലെന്നു കണ്ടുപിടിക്കാൻ പിന്നെയും വളരെ ൈവകി. ‘ഓസ്റ്റിയോ ജനസിസ് ഇൻപെർഫക്റ്റാ’ എന്ന അപൂർവങ്ങളിൽ അപൂർവമായ രോഗമായിരുന്നു ദേവേഷിന്. അറിയാതെ ഒന്നു ഞെട്ടിയാൽ പോലും എല്ലുകൾ നുറുങ്ങുന്ന അത്രയും ദുർബലമാണ് ദേവേഷിന്റെ അസ്ഥികൾ. മറ്റാരെങ്കിലും വെറുതെ ഒന്ന് എടുത്താൽ മതി എല്ലുകൾ െഞരിഞ്ഞ് ഒടിയാൻ. എന്നാൽ സജിത്തും രജിനയും തളരാൻ ഒരുക്കമല്ലായിരുന്നു.

കൈക്കുഞ്ഞായി സ്കൂളിൽ

തുമ്പറ എൽ.പി. എസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മൂന്നാം ക്ലാസു വരെ വീട്ടിലിരുന്നാണ് പഠിച്ചത്. നാലാം ക്ലാസ് മുതല്‍ സ്കൂളിലെത്തി. അവിടെ ചെന്നപ്പോൾ വലിയ ഇന്റർവ്യൂ. ഹെഡ്മിസ്ട്രസിന്റെ ചോദ്യങ്ങൾക്ക് ‘ചുട്ട മറുപടി’ കൊടു ത്തപ്പോൾ അഡ്മിഷൻ കിട്ടിയെന്ന് ദേവേഷിന്റെ കമന്റ്. ൈവകല്യത്തിന്റെ പേരിൽ ക്ലാസ് മാറിയിരിക്കാനോ മറ്റുള്ളവരുടെ അനുകമ്പയ്ക്കു വേണ്ടി കാത്തിരിക്കാനോ ദേവേഷ് തയാറായിരുന്നില്ല. എസ്. എൻ. ട്രസ്റ്റ് ഹയർ െസക്കൻഡറി സ്കൂളിൽ നിന്ന് അഞ്ച് എ പ്ലസ് വാങ്ങിയാണ് ദേവേഷ് പത്താം ക്ലാസ് പാസായത്. അതൊരു വലിയ അദ്ഭുതമായാണ് അധ്യാപകരും വിദ്യാർഥികളും കണ്ടത്.

സ്കൂൾ ക്ലാസുകളിൽ അമ്മയായിരുന്നു ദേവേഷിന് കൂട്ട്. ക്ലാസിൽ മേശയുെട മേല്‍ ടീച്ചര്‍മാര്‍ പഠിപ്പിക്കുന്നതും േകട്ട് കിടക്കും. പാഠപുസ്തകം ഓരോ പാഠങ്ങളായി കീറിയാണ് കൊണ്ടുപോയിരുന്നത്. പേന എടുത്ത് എഴുതുമ്പോൾ പോലും ദേവേഷിന്റെ ൈക ഒടിഞ്ഞിരുന്നു.

‘‘അധ്യാപകരുടെയും സഹപാഠികളുടെയും കാരുണ്യം അതാണ് എന്റെ വിജയത്തിന്റെ രഹസ്യം.’’ ദേവേഷിന്റെ വാക്കുകൾ മൃദുവാകുന്നു. പ്ലസ്ടു വിജയിച്ചതിനുശേഷം കൊല്ലം എസ്.എൻ. കോളജിൽ പഠിക്കണമെന്നായിരുന്നു മോഹം. ആ കോളജിനോട് അത്രയ്ക്കും ഒരടുപ്പം അന്നും ഇന്നുമുണ്ട്. അവിടെ വച്ച് ഒരുപാടു പ്രതിഭകളെ കണ്ടു. മുൻരാഷ്ട്രപതി േഡാ. എ.പി. െജ. അബ്ദുൽ കലാം വരെ അതിൽ ഉൾപ്പെടുന്നു. അബ്ദുൽ കലാം വന്നപ്പോള്‍ അദ്ദേഹത്തോടു ചോദിക്കാന്‍ ഒന്നുരണ്ടു ചോദ്യങ്ങൾ ദേവേഷ് കരുതിയിരുന്നു. പക്ഷേ, കഴി‍ഞ്ഞില്ല. അതൊരു നിരാശയായി ഇന്നും മനസ്സിലുണ്ട്.

_ASP9542
ഫോട്ടോ: ബേസിൽ പൗലോ

ബി. കോം നല്ല മാർക്കോടെ പാസായശേഷം തന്റെ ജീവിതത്തെ ദേവേഷ് ഒന്നു പഠിച്ചു നോക്കി. അച്ഛനും അമ്മയും തനിക്കു േവണ്ടി െചയ്യുന്ന ത്യാഗം, വീട്ടുകാരുടെ കഷ്ടപ്പാടുകൾ, അച്ഛനെയും അമ്മയെയും കൂടാതെ തന്നെ എടുത്തുകൊണ്ടു നടക്കുന്ന ബന്ധുവായ സതീശൻ. പിന്നെ, സഹോദരി, സഹപാഠികൾ. എല്ലാത്തിനും മുകളിൽ അധ്യാപകരുടെ നിർലോഭമായ സ്നേഹം.... ഇവരോടുള്ള കടം തനിക്കൊരിക്കലും വീട്ടി തീർക്കാനാകില്ലെന്ന് ദേവേഷിനറിയാമായിരു ന്നു. എന്നാൽ തന്നെക്കൊണ്ട് കഴിയുന്ന എന്തെങ്കിലും െചയ്യണമെന്ന ആഗ്രഹമാണ് ‘എങ്ങനെയെങ്കിലും ഒരു ജോലി’ എന്ന ചിന്തയിലെത്തിയത്. ദേവേഷിനത് ജീവിതത്തിന്റെ ഒ രു പടികയറൽ കൂടിയായിരുന്നു.

സൈബർ ലോകത്തേക്ക്

കംപ്യൂട്ടറിനോട് കുട്ടിക്കാലത്തേ താൽപര്യമുണ്ടായിരുന്നു. പിന്നെ കണക്കിനോടും. അങ്ങനെയാണ് ബാങ്ക് ടെസ്റ്റിനു വേണ്ടി കോച്ചിങ് ക്ലാസിൽ പോകണം എന്ന ആഗ്രഹം പ്രകടി പ്പിച്ചതും ക്ലാസിലെത്തിയതും.

പിന്നീടു നാം കാണുന്നത് വിജയകഥകളാണ്. അച്ഛനും അമ്മയും മാറിമാറി കൈക്കുഞ്ഞിനെപ്പോലെ എടുത്തു കൊണ്ടു വന്ന് പരീക്ഷ എഴുതിപ്പിച്ച ദേവേഷ് ബാങ്ക് ജീവനക്കാരനായി. മൂന്ന് ബാങ്കുകളിൽ നിന്നാണ് അപ്പോയ്മെന്റ് ഓർഡർ കിട്ടിയത്. അതിൽ നിന്ന് ഏറ്റവും സൗകര്യപ്രദമായ ബാങ്ക് തിരഞ്ഞെടുക്കുകയായിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരിക്കോട് ബ്രാഞ്ചിൽ ക്ലർക്കാണ് ദേവേഷ് മഹാദേവ്. യന്ത്രം ഘടിപ്പിച്ച വീൽ ചെയറില്‍ ബാങ്കിൽ ‘ഓടി നടക്കും.’ കസ്റ്റമേഴ്സിന് ഏറെ പ്രിയപ്പെട്ടവന്‍. അതിനുള്ള കാരണവും ദേവേഷ് തന്നെ പറയും. ‘‘ഈ ബാങ്ക് എന്നു പറയുന്നതു ജീവിതത്തിന്റെ പരിച്ഛേദമാണ്. ഇവിടെ വരുന്നവർ ഇറങ്ങിപ്പോകുന്നത് രണ്ടു മനോഭാവങ്ങളോടെയാണ്. ചിലർ വലിയ സന്തോഷത്തോടെയും ചിലർ വല്ലാത്ത നിരാശയോടെയും. രണ്ടു കൂട്ടരോടും ഒരു സൈക്കോളജിക്കൽ സമീപനം ആവശ്യമാണ്.’’

ബി. ടെക് പഠനം കഴിഞ്ഞ് നിൽക്കുന്ന സഹോദരി ചന്ദനയാണ് ദേവേഷിന്റെ സാങ്കേതിക സഹായി. ആധുനിക ഇലക്ടോണിക്സ് ഉപകരണങ്ങളൊക്കെ കളിപ്പാട്ടം പോലെ െെക കാര്യം ചെയ്യുന്ന േദവേഷിന് ലോകത്തെമ്പാടുമായി വലിയൊരു സൗഹൃദവലയമുണ്ട്. പ്രായമോ, ജാതിയോ മതമോ, ദേശമോ, ഭാഷയോ ഒന്നും േനാക്കാത്തവര്‍. പലരും പല സംശയങ്ങളും ചോദിക്കാൻ വേണ്ടി വിളിക്കും. േദവേഷിന്‍റെ സംശയങ്ങള്‍ക്കു മറുപടി പറയാനും എല്ലാവരും എപ്പോഴും െറഡി.

നാവിന്‍റെ ബലം െകാണ്ട്...

‘‘ഒരു എ ഫോര്‍ സൈസ് പേപ്പറിൽ കിടക്കാനുള്ളതേയുള്ളല്ലോ ഞാന്‍ എന്ന് ഇടയ്ക്കു തോന്നും. അച്ഛൻ പറയാറുണ്ട്, ഇവന് എല്ലിനു കുറച്ചു ബലക്കുറവ് ഉണ്ടെങ്കിലും നാക്കിന് യാതൊരു കുഴപ്പവുമില്ലെന്ന്. അതാണു വാസ്തവം. ഇവിടെവരെയൊക്കെ എത്തിയത് എല്ലിനില്ലാത്ത ബലം നാവിനുള്ളതു കൊണ്ടു മാത്രമാണ്.’’ അച്ഛനെ സാക്ഷി നിർത്തി ദേവേഷിന്റെ കമന്റ്.

_ASP9561
ഫോട്ടോ: ബേസിൽ പൗലോ

‘‘ആരോടും എന്തും പറയാനുള്ള ൈധര്യം ദേവേഷിനുണ്ട്. അതു തന്നെയാണ് അവന്റെ വലിയ ഗുണം.’’ മകനെക്കുറിച്ചു പറയുമ്പോൾ അച്ഛൻ സജിത് കുമാറിന് നൂറു നാവ്. ‘‘പിന്നെ, ഞങ്ങളായിട്ട് ഒരു കാര്യവും അവനോട് പറഞ്ഞിട്ടില്ല. എല്ലാം അവൻ ഇങ്ങോട്ട് പറയുന്നതാണ്. ഞങ്ങൾ അത് ചെയ്തുകൊടുക്കുന്നു. അവന്റെ ജീവിതം അവന്‍ തന്നെ ഡിസൈൻ ചെയ്യുന്നു.

പലരും ചോദിച്ചിട്ടുണ്ട്. സുഖമില്ലാത്ത ഈ കുട്ടിയെ നിങ്ങ ൾ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന്. ആദ്യ മൊക്കെ ഇതു േകള്‍ക്കുമ്പോള്‍ വലിയ വിഷമമായിരുന്നു. പക്ഷേ, ദേവേഷ് ഒരിക്കലും പറഞ്ഞില്ല ഇതൊക്കെ എനിക്കു കഷ്ടപ്പാടാണ് എന്ന്.’’

ജീവിതത്തിൽ ഉയർന്നു പോകുമ്പോഴും തന്റെ സ്ഥാനം കൃത്യമായി നിർവചിക്കുന്നുണ്ട് ദേവേഷ്. താൻ കടന്നു വന്ന വഴികളിൽ അധ്യാപകർക്ക് മാതാപിതാക്കളെപ്പോലെ തന്നെ സ്ഥാനമുണ്ടെന്നു പറയുന്നു േദവേഷ്. ഒന്നാം ക്ലാസു മുതൽ ഇന്നോളം തന്നെ പഠിപ്പിച്ച അധ്യാപകരിൽ ഭൂരിഭാഗം പേരെയും ഇപ്പോഴും വിളിക്കാറുണ്ട്. അവരുടെ കുടുംബങ്ങളിലെ ച ടങ്ങുകളിൽ കഴിയും പോലെ പങ്കെടുക്കാറുമുണ്ട്.

സ്കൂൾ പഠനകാലത്ത് എല്ലാ മലയാള മാസം ഒന്നാം തീയ തിയും ദേവേഷ് അവധിയായിരിക്കും. അതിന്റെ കാരണമാണ് വിചിത്രം. സ്കൂളിനടുത്ത് ഒരു അമ്പലവും അവിടെ മലയാള മാസം ഒന്നാം തീയതി വെടിവഴിപാടും ഉണ്ട്. ആ വെടിയൊച്ച കേട്ട് ഒന്നു െഞട്ടിയാൽ മതി ദേവേഷിന്റെ എല്ല് നുറുങ്ങിപ്പോകും. അങ്ങനെ ഒന്നുരണ്ട് സംഭവങ്ങൾ ഉണ്ടായതോെട അധ്യാപകര്‍ തന്നെ പറഞ്ഞു, ‘ഇനി മോന്‍ മലയാളമാസം ഒന്നാം തീയതി സ്കൂളിലേക്കു വരേണ്ട’ എന്ന്. അങ്ങനെ ചരിത്രത്തിൽ ആദ്യമായും അവസാനമായും മലയാള മാസം ഒന്നാം തീയ തി സ്വയം അവധി നേടിയ ആളാണ് താനെന്ന് ദേവേഷ്.

പേടിയുള്ളത് ഒന്നു മാത്രം

ഒരു കാര്യത്തില്‍ മാത്രമാണ് ഇപ്പോഴും േപടി, ഇടിയും മിന്ന ലും. മിന്നലടിക്കുമ്പോഴോ ഇടിവെട്ടുമ്പോഴോ ശരീരം അറിയാതെ െഞട്ടിയാൽ ചിലപ്പോൾ എല്ലില്‍ പൊട്ടലുണ്ടാകാം. അതാണു പേടിയുടെ കാരണം. ഇടി വെട്ടി മഴ പെയ്യുന്ന ദിവസങ്ങളിൽ ദേവേഷ് ബാങ്കിൽ നിന്ന് അവധിയെടുക്കും.

തീരെ െചറിയ കാര്യങ്ങളില്‍ വരെ േദവേഷിനു കൃത്യമായ ശ്രദ്ധയാണ്. സംസാരം നീണ്ടുപോയപ്പോൾ ദേവേഷ് തന്നെ പറഞ്ഞു. ‘‘നമുക്ക് ഇനി ഫോട്ടോ എടുക്കാം. അല്ലെങ്കിൽ വെളിച്ചം മങ്ങും. പ്രകാശം കുറഞ്ഞാൽ പിന്നെ, ഫ്ലാഷ് ഇട്ട് എടുക്കേണ്ടി വരും. അതിനെക്കാൾ നല്ലതാണ് ഇപ്പോള്‍ പുറമേയുള്ള ഒറിജിനൽ ൈലറ്റ്.’’ അതുകേട്ട് ഞെട്ടി നിൽക്കുമ്പോൾ ദാ, വരുന്നു അടുത്തത്. ‘‘ഞാൻ രണ്ടു തരം ഷർട്ടും കരുതിയിട്ടുണ്ട്. ഒന്ന് കളർഫുള്‍ ഷർട്ട്. അതിടുമ്പോൾ ഒരു ഫ്രീക്കൻ ലുക്ക് കിട്ടും. പിന്നെ, ൈലറ്റ് നിറങ്ങളിലുള്ള, ബാങ്കില്‍ ഇടുന്ന ത രം എക്സിക്യൂട്ടീവ് ഷർട്ടും...’’

ദേവേഷിന്റെ യന്ത്രക്കസേരയുടെ പ്രയാണം തുടരുകയാണ്. ‘‘ബാങ്കിൽ പ്രമോഷൻ ടെസ്റ്റ് എഴുതണം. പിന്നെ, സിവി ൽ സർവീസിൽ ഒരു ൈക നോക്കണം. ഇത് സ്വപ്നം കാണുന്നവരുടെ ലോകമാണെന്ന് ആരോ പറഞ്ഞിട്ടില്ലേ?’’ ദേവേഷ് ചിരിയോടെ ചോദിക്കുന്നു.

മനക്കരുത്തിന്‍റെ രഹസ്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഒരു നിമിഷത്തെ ആലോചന പോലുമില്ലാതെ ദേവേഷ് പറഞ്ഞു; ‘‘ഒരു യന്ത്രക്കസേരയിൽ ഇരുന്ന് ഈ ലോകത്തെ വിസ്മയിപ്പിച്ച ഒരാളില്ലേ, സ്റ്റീഫൻ ഹോക്കിങ്. അദ്ദേഹവുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുെട കരീക്കോട് ബ്രാഞ്ചിലെ ഒരു ക്ലാർക്കെങ്കിലുമായില്ലെങ്കിൽ ഈ ലോകം എന്നെ പുച്ഛിക്കില്ലേ...’’ ദേവേഷിന്‍റെ മുഖത്ത് വീണ്ടും പ്രകാശം പരത്തുന്ന ചിരി....