Monday 22 March 2021 02:39 PM IST

‘ഒരിക്കൽ കൂടി എനിക്ക് കടല് കാണിച്ചു തരുമോ...’! അസ്തമയം കണ്ട് ആ പതിനാലുകാരി മടങ്ങി, മരണത്തിലേക്ക്...: ഹൃദയം നുറുങ്ങുന്ന വേദന പങ്കുവച്ച് ഡോ.അൻവർ ഹുസൈൻ

V.G. Nakul

Sub- Editor

anwar-1

താൻ ജീവന്റെയും ജീവിതത്തിന്റെയും അവസാനകാലത്തിലൂടെയാണ് കടന്നു പോകുന്നതെന്ന തോന്നൽ അവളിലുണ്ടായിരുന്നു. അതിനു മുമ്പ് ഒരിക്കൽ കൂടി കടൽ കാണണം, സൂര്യൻ കടലില്‍ താഴുന്നതും കടൽത്തീരത്തെ വൈകുന്നേരവും ആസ്വദിക്കണം... തനിക്കതൊക്കെ സാധിച്ചു തരുമെന്നുറപ്പുള്ള ഒരാളോടവൾ പറഞ്ഞു –

‘‘എനിക്ക് ഒരിക്കൽ കൂടി കടൽത്തീരത്ത് പോണം...സൂര്യാസ്തമയം കാണണം...എന്നെ കൊണ്ടു പോകുമോ....?’’.

ആ ഒരാൾ അവളുടെ പ്രിയപ്പെട്ട അൻവർജിയാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ ഡയറക്ടർ ഡോ.അൻവർ ഹുസൈൻ.

അദ്ദേഹമവളെ കടൽത്തീരത്തേക്കു കൊണ്ടുപോയി. കടൽക്കാഴ്ചകളിൽ ലയിച്ച്, ശാന്തയായി, ഒന്നും മിണ്ടാതെ മണിക്കൂറുകളോളം അവളിരുന്നു. കൂട്ടിന് ഒരു ഐസ് ഒരത്തിയുടെ സ്വാദും...

പിന്നീടു സംഭവിച്ചത് വിധിയുടെ തിരക്കഥയിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന രംഗമായിരുന്നു. പിറ്റേന്നു വൈകുന്നേരത്തിനു മുൻപേ ഭൂമിയിലെ കുഞ്ഞു ജീവിതത്തോടു യാത്ര പറഞ്ഞ്, ആകാശത്തിലെ നക്ഷത്രക്കൂട്ടങ്ങൾക്കിടയിലേക്ക് ആ പതിനാല് വയസ്സുകാരി പോയി....മടക്കമില്ലാത്ത യാത്ര...

‘‘അവൾ പോയിട്ടിപ്പോൾ ഒരു മാസം. എന്റെയടുക്കൽ ചികിത്സയ്ക്കെത്തിയിട്ട് ആറേഴു മാസമേ ആയിരുന്നുള്ളൂ. ആർ.സി.സിയിലെയൊക്കെ ചികിത്സ കഴിഞ്ഞാണ് ഇവിടെയെത്തിയത്. രോഗബാധിതയായിട്ട് രണ്ടു മൂന്നു വർഷമായി. പ്രതീക്ഷ വളരെ കുറവായിരുന്നു. മരിക്കുന്നതിനു ഒന്നൊന്നര മാസം മുമ്പാണ് തളർച്ച വന്ന്, വീൽച്ചെയറിലായത്. കാലിലെ എല്ലിലായിരുന്നു കാൻസർ. അതു പിന്നീട് നട്ടെല്ലിനെ ബാധിച്ചു. തനിക്കിനി അധിക കാലമില്ല എന്ന തോന്നൽ ഒടുവിലായപ്പോഴേക്കും അവള്‍ക്കും തോന്നിത്തുടങ്ങിയിരുന്നു. ഒരു ദിവസം പരിശോധനയ്ക്കിടെ അവൾ എന്നോടു ചോദിച്ചു – ‘എനിക്കു വീണ്ടും നടക്കാൻ കഴിയുമോ ?’ നിനക്കെന്തു തോന്നുന്നുവെന്ന് ഞാൻ തിരികെ ചോദിച്ചപ്പോൾ, അവളുടെ മറുപടി നിശബ്ദതയായിരുന്നു. ശേഷം അവൾ കരഞ്ഞു. കണ്ടു നിന്ന ഞങ്ങളുടെയും കണ്ണുകൾ നനഞ്ഞൊഴുകി’’. – ആ കുരുന്നിനെക്കുറിച്ച് പറയുമ്പോൾ ഡോക്ടറുടെ ശബ്ദത്തിൽ നൊമ്പരത്തിന്റെ ചെറു നനവുണ്ടായിരുന്നു.

അവൾ പോയി

anwar-2

ഞാനുമായി വളരെ അടുപ്പമായിരുന്നു. കാലുകൾ തളർന്നതോടെ അവൾ വളരെ സങ്കടത്തിലായി. മരിക്കുന്നതിന്റെ മുൻപൊരു ദിവസം എന്നെ വിഡിയോ കോൾ ചെയ്ത്, ബീച്ചില്‍ പോണമെന്ന ആഗ്രഹം പറഞ്ഞു.

അങ്ങനെ ഞങ്ങളവളെ ബട്ട് റോഡ് ബീച്ചിൽ കൊണ്ടു പോയി. ഒന്നൊന്നര മണിക്കൂർ അവിടെയുണ്ടായിരുന്നു. വലിയ സന്തോഷത്തിലായിരുന്നു. അധികം സംസാരിച്ചില്ല. എന്തോ ആലോചിച്ച്, ശാന്തയായി കടലും നോക്കിയിരുന്നു. ചെറിയ ക്ഷീണമുണ്ടായിരുന്നു. ഒന്നു രണ്ടു തിരകള്‍ അവളുടെ കാലുകളെ തൊട്ടു.

തിരിച്ചു വന്നപ്പോൾ ഐസ്ക്രീം വേണോ എന്നു ചോദിച്ചു. ഐസ് ഒരത്തി മതിയെന്നു പറഞ്ഞു. വീട്ടില്‍ കൊണ്ടു വിട്ട് ഞാൻ കാറിൽ തിരിച്ചു പോരുമ്പോൾ കണ്ണിൽ നിന്നു മറയും വരെ കൈവീശിക്കാണിച്ചു. പിറ്റേന്ന് വൈകുന്നേരത്തോടെയറിഞ്ഞു – അവൾ പോയെന്ന്....

ഒരിക്കലും അവഗണിക്കരുത്

എന്റെ ഔദ്യോഗിക ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ പുതുമയല്ല. പക്ഷേ, അവൾ പോയപ്പോൾ ഹൃദയം നൊന്തു.

അവസാന ഘട്ടങ്ങളിൽ ഒരു മനുഷ്യന്റെ ആഗ്രഹങ്ങളെ നമ്മൾ പരമാവധി സാധിച്ചു കൊടുക്കണം. എനിക്കു വേണമെങ്കിൽ അവൾ പറഞ്ഞത് നിസ്സാരമായി തള്ളിക്കളയാമായിരുന്നു. തിരക്കിനിടയിൽ ഒഴിവാക്കാം. പക്ഷേ, അവളുമായുള്ള ആത്മബന്ധം അതിനൊക്കെ എത്രയോ മുകളിലായിരുന്നു. മാത്രമല്ല, ഇത്തരം കുഞ്ഞു കുഞ്ഞാഗ്രഹങ്ങളെ പ്രാധാന്യത്തെ സമീപിക്കണമെന്ന് എനിക്കു തോന്നാറുണ്ട്. അത് സാധിക്കാതെ ജീവൻ വിട്ടു പോകുന്ന മനുഷ്യരുടെ വേദന നമുക്കു മനസ്സിലാകില്ലല്ലോ....അവ നിസാരവും ചെറുതുമായിരിക്കാം. എന്നാൽ ഒരിക്കലും അവഗണിക്കരുത്. അവയെ വിലമതിക്കാൻ ശ്രമിക്കുക. അവ നിറവേറ്റുന്നതിന് നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുക. ഇതിന് അവരുടെ അവസാന നാളുകളെ സന്തോഷിപ്പിക്കാനും നിങ്ങളുടെ ജീവിതം മുഴുവൻ അർത്ഥവത്താക്കാനും കഴിയും.