ADVERTISEMENT

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മകൻ യാത്രയുടെ ഗ്രാജുവേഷൻ ചടങ്ങിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് തമിഴ് നടൻ ധനുഷ്. ചെന്നൈയിലെ അമേരിക്കൻ ഇന്റർനാഷ്നൽ സ്കൂൾ വിദ്യാർഥിയായിരുന്നു യാത്ര. മുൻഭാര്യ ഐശ്വര്യ രജനികാന്തിനൊപ്പം മകനെ അഭിനന്ദിക്കുന്നതിന്റെ ചിത്രങ്ങളാണ് താരം ധനുഷ് പങ്കുവച്ചത്. ഇരുവരും ഒരുമിച്ച് മകനെ കെട്ടിപിടിച്ച് നിൽ‌ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം ‘പ്രൗഡ് പാരന്‍റ്സ്’ എന്നാണ് ധനുഷ് കുറിച്ചത്. യാത്ര എന്ന ഹാഷ്ടാഗും ഒപ്പം ചേർത്തിട്ടുണ്ട്. വേർപിരിഞ്ഞതിന് ശേഷം ധനുഷിനെയും ഐശ്വര്യയെയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകർ. വിവാഹബന്ധം ഒന്നിനും ഒരു അവസാനമല്ലെന്നും ഇതുപോലെ സൗഹൃദപരമായി തുടരാമെന്നുമാണ് ആരാധകർ പറയുന്നത്. ‘എന്റെ കൊച്ചു മകൻ ആദ്യത്തെ നാഴികകല്ല് താണ്ടി, അഭിനന്ദനങ്ങൾ യാത്ര കണ്ണാ’ എന്ന കുറിപ്പോടെ സൂപ്പർസ്റ്റാർ രജനികാന്തും ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

ധനുഷും ഐശ്വര്യ രജനികാന്തും 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത് 2022ൽ ആണ്. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്. പിന്നീട് കുടുംബകോടതി വഴി 2024ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി. യാത്രയും ലിംഗയുമാണ് മക്കൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT