Saturday 30 September 2023 02:32 PM IST

‘ഈ പ്രായത്തിലൊക്കെ ഇങ്ങനെ ഡാൻസ് പറ്റുമോ’: പതിനായിരക്കണക്കിനു ഹൃദയങ്ങളെ നേർവഴിക്കു നടത്തിയ ഡാൻസിങ് ഡോക്ടർ

Vijeesh Gopinath

Senior Sub Editor

dr-cheriyan ന‍ൃത്ത വ്യായാമത്തിനിടയിൽ

താളം തെറ്റുമ്പോൾ ‘ഹൃദയത്തിന്റെ ചെവിക്കു’ പിടിച്ചു നേരെയാക്കാറുണ്ട് ഡോക്ട ർ പി.കെ. ചെറിയാൻ. അമേരിക്കയിലെ ആശുപത്രികളിൽ 46 വർഷം പതിനായിരക്കണക്കിനു ‘ഹൃദയങ്ങളെ’ നേർവഴിക്കു നടത്തിയിട്ടുമുണ്ട്.

പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്നു ബോധ്യപ്പെടണമെങ്കില്‍ േഡാക്ടറെ ഒന്നു പരിചയപ്പെട്ടാല്‍ മതി. എഴുപത്തിമൂന്നാം വയസിൽ ഡോ. ചെറിയാന്‍, ആലിസൻ എന്ന നൃത്താധ്യാപികയുടെ ശിക്ഷണത്തില്‍ താളത്തിനൊത്തു ചുവടുവയ്ക്കാന്‍ പഠിച്ചു. ആലിസൻ ശിഷ്യനെ ഒറ്റവാക്കിലാണു വിശേഷിപ്പിക്കുന്നത്, ‘ലിറ്റിൽ സൂപ്പർസ്റ്റാർ.’ കഴിഞ്ഞ ജനുവരിയിൽ നോർട്ടൺ ആശുപത്രിയിൽ നിന്നു വിരമിച്ചപ്പോൾ നേരേ പോയതു താളം പ ഠിക്കാനാണ്. അങ്ങനെ എഴുപത്തിയെട്ടാം വയസിൽ ശാസ്ത്രീയ സംഗീത വിദ്യാർഥിയായി.

കോട്ടയം കുമ്മനത്തെ പൊന്നാറ്റ് തറവാട്ടിൽ വച്ചു ഡോ ക്ടര്‍ ചെറിയാന്‍ ആദ്യം കാണിച്ചതു മൊബൈലിലെ ന‍ൃത്തരംഗങ്ങളാണ്. സംഭവം ഹിപ്ഹോപ് ഡാൻസാണ്. പാശ്ചാത്യ സംഗീതത്തിനനുസരിച്ച് ചുവടുകൾ വയ്ക്കുന്നു. വെസ്റ്റേൺമ്യൂസിക് മടുത്തപ്പോൾ ഒരു ഹിന്ദിപ്പാട്ട് ഹിപ്ഹോപിന്റെ മൂഡിലേക്ക് ‘മടക്കി’ എടുത്തു, ‘ഛയ്യ ഛയ്യ ഛയ്യാ ഛയ്യാ ചല്‍ ഛയ്യ ഛയ്യ ഛയ്യ...’

ഈ പ്രായത്തിലൊക്കെ ഇങ്ങനെ ഡാൻസ് പറ്റുമോ എ ന്നു ചോദിക്കുമ്പോൾ പൊട്ടിച്ചിരിയോടെ ഡോക്ടർ പറയുന്നു. ‘‘നൃത്തം പഠിക്കാൻ പ്രായപരിധി ഉണ്ടോ? ഞാൻ നൃത്തത്തെ വ്യായാമം ആയാണു കണ്ടത്. മുൻപു വർക്ക് ഒൗട്ട് ചെയ്യാറുണ്ടായിരുന്നു. ട്രെഡ്മില്ലിൽ ഒാടും. ചെറിയ വെയ്റ്റ് എടുക്കും. അതൊക്കെ പതുക്കെ മടുത്തു. നല്ലൊരു ട്രെയിനർ ഇല്ലെങ്കിൽ ഇതെല്ലാം നിന്നു പോവും. അഞ്ചു ദിവസം ജിമ്മിൽ പോവണം എന്നുറപ്പിച്ചെങ്കിലും പലപ്പോഴും അതു പറ്റാതെയായി. അങ്ങനെയാണ് ആലിസണിനെ പരിചയപ്പെടുന്നത്.

നൃത്തത്തിനു ശരീരം വഴങ്ങുമോ എന്നുറപ്പില്ലായിരുന്നു. ശ്രമിച്ചു നോക്കാമെന്നു വച്ചു. ഇലക്ട്രിക് സ്ലൈഡ് പാട്ടുകള്‍ക്കാണ് ആദ്യം ചുവടു വച്ചത്. കാൽവേദന ഉൾപ്പടെ ഉണ്ടായി. പിന്നീടതു മാറി. വ്യായാമം മാത്രമായാണു ഡാന്‍സിനെ കാണുന്നത്. അതുകൊണ്ട് ന‍‍ൃത്തത്തിന്റെ സൗന്ദര്യമൊന്നും അന്നും ഇന്നും നോക്കാറില്ല.’’ ഡോക്ടർ താളം പിടിക്കുന്നു.

രോഗികളാണു ഡോക്ടർ ചെറിയാന്റെ നൃത്തസമയം ക്രമീകരിക്കുന്നത്. പന്ത്രണ്ടു മണിക്കൂർ ഒരു ദിവസം ജോലി ചെയ്താൽ ഒരു മണിക്കൂർ വർക്ക് ഒൗട്ട്. അതിൽ കൂടുതലായാൽ മുപ്പതു മിനിറ്റ്. ഡോക്ടറുടെ നൃത്തം അമേരിക്കയിലെ മീഡിയ ആഘോഷമാക്കിയപ്പോൾ പുതിയൊരു പേരും കിട്ടി, ‘ഡാൻസിങ് ഡോക്ടർ.’

അമേരിക്കയിലെ ഹൃദ്രോഗികൾ നന്ദി പറയേണ്ടത് കുമ്മനം പ്രൈമറി സ്കൂളിലെ കാർത്യായനിയമ്മ ടീച്ചറിനോടാണ്. നാലാം ക്ലാസില്‍ ചെറിയാൻ പഠിക്കുന്ന കാലം. കൊല്ലപ്പരീക്ഷ അടുത്തുവരികയാണ്.

‘‘ഞാൻ നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നില്ല. ആ ദിവസങ്ങളില്‍ കോട്ടയത്ത് ഒരു പ്രദർശനം നടക്കുന്നുണ്ട്. അതു കാണാന്‍ ചേച്ചിമാരുടെ കൂടെ പോവാൻ ഉച്ചയ്ക്ക് സ്കൂളിൽ നിന്നിറങ്ങി.’’ ഡോക്ടർ ഒാർക്കുന്നു.

‘‘ക്ലാസിൽ നിന്നു പുറത്തേക്കു വന്നപ്പോൾ കാർത്യായനിയമ്മ സാർ ചോദിച്ചു, പരീക്ഷ എഴുതുന്നില്ലേ? പ്രദർശനത്തിനു പോവുന്നെന്നു പറഞ്ഞപ്പോൾ സാർ പറഞ്ഞു, ‘ഈ പരീക്ഷ എഴുതിയില്ലെങ്കിൽ നീ തോറ്റുപോവും. ഒരു വർഷം പഠിച്ചതെല്ലാം വെറുതെയാവും. ജയിച്ചാലേ അടുത്ത ക്ലാസിലേക്ക് പോകാനാവൂ. ഞാൻ തിരിച്ചു ക്ലാസിൽ കയറി. ഒരു പക്ഷേ ആ പരീക്ഷ എഴുതാതെ തോറ്റിരുന്നെങ്കിൽ ഇന്നെവിടെ എത്തുമായിരുന്നു എന്നറിയില്ല.

‍ഞങ്ങൾ പത്തു മക്കളായിരുന്നു. ഞാൻ ആറാമത്തെ കുട്ടി. അപ്പച്ചൻ പി.കെ കുര്യൻ വക്കീലായിരുന്നു. അമ്മച്ചി സാറാമ്മ കുര്യൻ. മിക്ക ദിവസവും അപ്പച്ചൻ വീട്ടിലെത്തുമ്പോൾ വൈകും. ഞങ്ങൾ പത്തു മക്കളും വരാന്തയിൽ നിരന്നു കിടക്കുന്നുണ്ടാവും. കയ്യിലെ വലിയ ടോർച്ചു തെളിച്ച് പത്തു പേരുമില്ലേ എന്ന് അപ്പച്ചൻ എണ്ണി നോക്കും.

dr-cheriyan-2

48–ാംവയസിൽ അപ്പച്ചന് അറ്റാക്ക് വന്നു. പിന്നെ, ചികിത്സയ്ക്കായി മദ്രാസിലേക്കു പോയി. അന്നാണ് ഒരു ഡോക്ടറാവണമെന്നും കാർഡിയോളജി കൂടുതൽ പഠിക്കണമെന്നും മോഹം വരുന്നത്. മണിപ്പാലിൽ എംബിബിഎസ് കഴി‍ഞ്ഞ് കുറച്ചു നാൾ തിരുവല്ലയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജോലി ചെയ്തു. അവിടെ വച്ചാണ് സാറാമ്മയെ പരിചയപ്പെടുന്നതും വിവാഹിതരാവുന്നതും.

1972 ൽ അമേരിക്കയിൽ എത്തി. ഞാൻ കാർഡിയോളജിയിലും സാറാമ്മ റുമറ്റോളജിയിലും ഫെലോഷിപ് എടുത്തു. അമേരിക്കയിൽ എത്തുമ്പോൾ മൂത്തമകൾ പ്രിയയ്ക്കു മൂന്നു മാസം. പ്രിയ ഇപ്പോൾ സാൻഫ്രാൻസിസ്കോയിൽ. മകൻ പ്രസാദ് കാർഡിയോളജിസ്റ്റാണ്.

അപകടം ആരോഗ്യ ഫോര്‍വേഡുകള്‍

പലരും ഇപ്പോൾ ഡോക്ടറെ കാണാന്‍ വരുന്നതു ‘സെക്കന്റ് ഒപിനിയൻ’ എടുക്കാനാണെന്നു േഡാക്ടര്‍ ചെറിയാന്‍ പറയുന്നു. രോഗലക്ഷണങ്ങൾ വച്ച് ഇന്റർനെറ്റിൽ പരതി ഏതു രോഗമാണെന്നു ‘കണ്ടെത്തിയിട്ടുണ്ടാവും.’ മരുന്നും തീരുമാനിക്കും. സ്വയം കണ്ടെത്തിയതു ശരിയാണോ എന്നറിയാൻ മാത്രം ഡോക്ടറെ കാണാനെത്തും. രോഗം അതല്ലെന്നു പറഞ്ഞാലും വിശ്വസിക്കണമെന്നില്ല.

ഇന്റർനെറ്റിലുള്ള എല്ലാ വിവരങ്ങളും സത്യമാണെന്ന് കരുതരുത്. പ്രത്യേകിച്ച് ആരോഗ്യകാര്യങ്ങളിൽ. അതുപോ ലെ തന്നെ അപകടമാണ് സോഷ്യൽ മീഡിയയിലെ ആരോഗ്യ ഫോർവേഡ് െമസേജുകൾ. പലതിനും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല. സത്യമാണെന്നു നൂറുശതമാനം ഉറപ്പില്ലാത്ത ഒരു ആരോഗ്യ–ചികിത്സാ വിവരങ്ങളും ഫോർവേഡ് ചെയ്യരുത്. രോഗികളോടു ചെയ്യുന്ന വലിയ നന്മയാകും അത്.

കോവിഡിനെ കുറിച്ചുള്ള ഒരുപാടു വ്യാജ മെസേജസ് ഞാൻ കണ്ടിട്ടുണ്ട്. പല രാജ്യങ്ങളിലും കോവിഡിനെ രാഷ്ട്രീയവൽക്കരിച്ചിട്ടുണ്ട്. അതെന്തു തന്നെയായാലും കോ വിഡ് എന്നതു സത്യമാണ്. പ്രതിരോധിക്കാൻ വാക്സീൻ മാത്രമാണ് വഴി. ഇതുവരെ ഒരു മെഡിക്കല്‍ ജേണലിലും വാക്സീൻ മൂലം കുഴഞ്ഞു വീണു മരണം സംഭവിക്കുമെന്നു പഠനറിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. അതുപോലെ തന്നെ കോവിഡ് രോഗികളിലുണ്ടാവുന്ന നെ‍ഞ്ചുവേദന പെരിക്കാർഡിറ്റിസ് എന്ന അവസ്ഥയാണ്. അതു താ ൽക്കാലികം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട ഫോർവേഡ് മെസേജസ് പലതും തെറ്റിധാരണ ഉണ്ടാക്കുന്നതാണ്.

dr-cheriyan-3

ശ്രദ്ധിക്കണം ഈ അഞ്ചു കാര്യങ്ങൾ

ഹൃദയാരോഗ്യത്തിന് അഞ്ചു കാര്യങ്ങള്‍ മറക്കരുതെന്നാണു ഡോ.പി.െക ചെറിയാൻ പറയുന്നത്.

1. കൊളസ്ട്രോൾ, രക്താതിമർദം, പ്രമേഹം ഇതു മൂന്നും നിയന്ത്രണത്തിലാക്കണം. എനിക്കു പ്രമേഹമുണ്ടായതോടെ നാൽപതു വർഷം മുൻപേ മധുരം ഉപേക്ഷിച്ചു. പഴവർഗങ്ങള്‍ കഴിക്കും. ശരീരത്തിനാവശ്യമായ ഷുഗർ അതിൽ നിന്നു ലഭിക്കും.

2. വ്യായാമം തീര്‍ച്ചയായും േവണം. ഏതു പ്രായത്തിലും വ്യായാമം ചെയ്തു തുടങ്ങാം. സാവധാനം തുടങ്ങണമെന്നേയുള്ളൂ. പരിശീലകന്റെ സഹായം നല്ലതാണ്. എയ്റോബിക് വ്യായാമങ്ങളാണു ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമം.

‌3. പുകവലി േവണ്ടേ വേണ്ട. ഉണ്ടെങ്കില്‍ ഉടന്‍ നിർത്തുക. എല്ലാത്തിലും പ്രധാനം അതാണ്. ഞാൻ ജീവിതത്തില്‍ ഇന്നേവരെ പുകവലിച്ചിട്ടില്ല.

4. ഡയറ്റ് ശീലിക്കുക. ഞാന്‍ അരിയാഹാരം കഴിക്കുന്നതു വളരെ കുറവാണ്. പച്ചക്കറികൾ കൂടുതല്‍ കഴിക്കും. ബേക്ക് ചെയ്ത മീൻ കഴിക്കും. ബീഫ്, പോർക്ക് വിഭവങ്ങളും പരമാവധി വേണ്ടെന്നു വയ്ക്കുന്നു.

5. മനസ്സ് എപ്പോഴും ചെറുപ്പമാക്കി വയ്ക്കുക. കുടുംബത്തിനോടും സുഹൃത്തുക്കളോടും ഒപ്പം കുറച്ചു സംസാരിച്ചിരിക്കാനുള്ള സമയം കണ്ടെത്തുക.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ