Tuesday 07 May 2019 04:01 PM IST : By സ്വന്തം ലേഖകൻ

അന്ന് ഇംഗ്ലീഷിന് തോറ്റ് തൊപ്പിയിട്ടു, ഇന്ന് ഇംഗ്ലീഷ് അധ്യാപകൻ

vipin

നാടൊട്ടുക്കും എസ്എസ്എൽസി എ പ്ലസ് ആഘോഷങ്ങളാണ്. ഇനി പ്രതീക്ഷിച്ച പത്ത് എ പ്ലസിൽ നിന്നും ഒരെണ്ണം കുറ‍ഞ്ഞു പോയാലോ, ആകെപ്പാടെ നിരാശയാണ്. അതിന്റെ പേരിൽ മക്കളെ ശകാരത്തിൽ പൊതിയുന്ന അച്ഛനമ്മമാർ പോലും നമുക്കിടയിലുണ്ട്. ഇനി പരാജയപ്പെട്ടുവെന്നിരിക്കട്ടെ, നിരാശമൂത്ത് പഠനം പാതിവഴിക്കാക്കി പാട്ടിനു പോകുന്ന വിദ്യാർത്ഥികളും കുറവല്ല.

മാർക്ക് കുറഞ്ഞതിന്റെ പേരിൽ അതുമല്ലെങ്കിൽ പരാജയപ്പെട്ടതിന്റെ പേരിൽ ശകാരിക്കുന്ന മാതാപിതാക്കളും നിരാശരായി കാലം കഴിക്കുന്ന വിദ്യാർത്ഥികളും അറിയാൻ അസ്സലൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ഒരു ഇംഗ്ലീഷ് അധ്യാപകൻ. പത്താം ക്ലാസില്‍ ഇംഗ്ലീഷ് പരീക്ഷയില്‍ പരാജയപ്പെട്ടിട്ടും പിന്നീട് കൂടുതല്‍ വാശിയോടെ പഠിച്ച് ഇംഗ്ലീഷ് അധ്യാപകനായ വിപിന്‍ ദാസിന്‍റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 

'നാളെയിലെ സന്തോഷങ്ങൾക്കായി ചില കഷ്ടപ്പാടുകൾ കൂടി സഹിക്കുവാൻ തയ്യാറാവുകയാണെങ്കിൽ ജീവിത വിജയം സുനിശ്ചിതമാണ്'- വിപിന്‍ ദാസ് കുറിക്കുന്നു.

വിപിന്‍ ദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...

ഞാൻ തോറ്റിരുന്നു...

തോറ്റവർ ഉണ്ടെങ്കിൽ വിഷമിക്കരുത്

എന്റെ ഇംഗ്ലീഷിന്റെ മാർക് കണ്ട് ചിരിവരുന്നുണ്ടോ???

ഇന്ന് ഞാൻ ഒരു ഇംഗ്ലീഷ് അധ്യാപകനാണ്..

നിങ്ങൾ അറിയാൻ.....

ഒരു വ്യക്തിക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം അയാളുടെ ലക്ഷ്യത്തിന് അനുസരിച്ചാണ് ലഭിക്കുക. അതായത് വെളുപ്പിന് എഴുന്നേറ്റ് പഠിക്കുന്ന വിദ്യാർഥി, തന്റെ ഇന്നത്തെ സന്തോഷം ത്യജിച്ച് നാളയിലെ വലിയ സന്തോഷങ്ങൾക്കായി പരിശ്രമിക്കുമ്പോലെ, നാളെയിലെ സന്തോഷങ്ങൾക്കായി ചില കഷ്ടപ്പാടുകൾ കൂടി സഹിക്കുവാൻ തയ്യാറാവുകയാണെങ്കിൽ ജീവിത വിജയം സുനിശ്ചിതമാണ്....

NB- തോറ്റപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചർ ആകണം എന്ന് തന്നെയായിരുന്നു....