Thursday 07 January 2021 11:58 AM IST

‘റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടി’: അച്ഛനെ കണ്ടെത്താൻ കളത്തില്‍ ഇറങ്ങിയവൾ, ഇന്ന് ബാസ്ക്കറ്റ്ബോൾ താരം

V N Rakhi

Sub Editor

geetha-basket-ball

അമ്മ എന്നത് സങ്കൽപം മാത്രമാണ് ഗീതയ്ക്ക്. അച്ഛനോ കയ്യെത്താ ദൂരെയുള്ളൊരു വിശ്വാസവും. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തെക്കുറിച്ച് കൂട്ടുകാരികൾ പറയുമ്പോൾ ഒരു റെയിൽവേ പ്ലാറ്റ്ഫോമിന്റെ ബ്ലാക് ആൻഡ് വൈറ്റ് ചിത്രം ഗീതയുടെ മനസ്സിൽ തെളിയും. പ്ലാറ്റ്ഫോമിലെ തിരക്കിനിടയിൽ ആരും ശ്രദ്ധിക്കാതെ വിശന്നു കരഞ്ഞിരുന്ന മൂന്നു വയസ്സുകാരിയുടെ കരച്ചിൽ ചെവിയിൽ മുഴങ്ങും. യാത്രയ്ക്കൊരുങ്ങി നിന്ന ജീവിതമെന്ന തീവണ്ടിയിലേക്ക് ചില ‘അമ്മമാർ’ അവളെ കൈപിടിച്ചു കയറ്റിയതോർമ വരും.

യാത്രയ്ക്കിടയിൽ പലയിടത്തും ചുവപ്പ് സിഗ്നലുകൾ തെളിഞ്ഞു. അവൾ അതു കണ്ടില്ലെന്നു നടിച്ചു. കാരണം അവൾക്ക് ജീവിക്കണമായിരുന്നു. അച്ഛൻ എന്നത് വെറും വിശ്വാസമല്ല, സത്യമാണ് എന്ന് കണ്ടെത്തണമായിരുന്നു. അതിനായി അവൾ കളിക്കളത്തിലിറങ്ങി. ബാസ്ക്കറ്റ് ബോളിൽ കേരളത്തെ നയിച്ച് ദേശീയതലം വരെയെത്തി.

ജീവിതത്തിലേക്ക് പിച്ച നടത്തിയ റെയിൽവേ ജീവിതമാർഗവും, ബാസ്ക്കറ്റ് ബോൾ കോർട്ട് ജീവിതപങ്കാളിയെയും നൽകി. അവളുടെ മനോധൈര്യത്തിനു മുമ്പിൽ വിധിക്ക് ഗ്രീൻ സിഗ്‌നൽ കാണിക്കാതെ വയ്യായിരുന്നു. ഒറ്റയ്ക്ക് പോരാടി അനാഥപ്പെൺകുട്ടിയിൽ നിന്ന് ബാസ്ക്കറ്റ് ബോൾ പ്ലെയർ എന്ന മേൽവിലാസം നേടിയ ആർ. ഗീതയുടെ ജീവിതം.

പൊരുതി നേടണമെന്ന ദൃഢനിശ്ചയം

‘‘ഓർമ വച്ച കാലം തൊട്ടേ മനസ്സു നിറയെ റെയിൽവേ സ്റ്റേഷനും തീവണ്ടിയുടെ ചൂളവും താളവുമാണ്. തമിഴ്നാട്ടിലെ വീട്ടിൽ അച്ഛനും മുത്തച്ഛനുമാണ് എന്നെ വളർത്തിയത്. അമ്മയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടേ ഇല്ല. ഒരിക്കൽ അച്ഛനുമായി വഴക്കുണ്ടാക്കി മുത്തച്ഛൻ എന്നെയുമെടുത്ത് തീവണ്ടി കയറി.

അന്നു മുതൽ മുത്തച്ഛനാണെനിക്ക് ‘അച്ഛൻ’. തൃശൂർ റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പു കേന്ദ്രത്തിൽ ഇരുത്തി ‘അച്ഛൻ’ ജോലിക്കു പോയതാണെന്നും പിന്നെ തിരിച്ചു വന്നില്ലെന്നും പറഞ്ഞറിവേ ഉള്ളൂ. കരഞ്ഞുകൊണ്ടിരുന്ന എന്നെ രണ്ടു കന്യാസ്ത്രീകൾ വന്ന് എടുത്തു കൊണ്ടു പോയതും മഞ്ഞുമൂടിയ ഒരു സ്വപ്നം പോലെ.

ഓർമവച്ച കാലം മുതൽ ചാലക്കുടിയിലെ ആശാദീപം മഠത്തിലാണ്. അഞ്ചു വയസ്സു മുതൽ തൃശൂർ മുളയം എസ്ഒഎസ് വില്ലേജായിരുന്നു എന്റെ ലോകം. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അവസാനമായി ‘അച്ഛൻ’ എന്നെ കാണാൻ വന്നു. പിന്നെ ഒരു വിവരവുമുണ്ടായിട്ടില്ല.

വില്ലേജിലെ മേരി ജോസഫ് എന്ന അമ്മ അനാഥത്വത്തിന്റെ വിഷമതകളൊന്നും അറിയിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. മമ്മിയും ഞാനും ശരിക്കും അമ്മയും മകളുമായി. എനിക്കിന്ന് ദോശ വേണ്ട, ചപ്പാത്തി വേണം എന്നൊക്കെ പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ടായിരുന്നു.

പറവട്ടാനി സെന്റ് ആന്റണീസ് സ്കൂളിൽ ഏഴാം ക്ലാസ് വരെ, പിന്നെ, വില്ലടം ഗവ. സ്കൂളിൽ. അച്ഛനമ്മാർ ഉള്ള കുട്ടികളും വില്ലേജിൽ ഉണ്ടായിരുന്നു. അവരെക്കാണാൻ ഉടുപ്പും മിഠായികളുമായി അച്ഛനമ്മമാർ വരുമ്പോൾ ആരും വരാനില്ലല്ലോ എന്ന് വിഷമം തോന്നും. ആരും കാണാതെ കുളിമുറിയിൽ ചെന്നിരുന്ന് കരയും.

എസ്ഒഎസ് കുടുംബത്തിൽ നിഷാറാണി എന്നൊരു ചേച്ചിയുണ്ടായിരുന്നു. ബാസ്ക്കറ്റ് ബോൾ പ്ലെയറായിരുന്ന അവർ മുംബൈയിൽ റെയിൽവേ ടിടിഇ ആയിരുന്നു. പഞ്ചാബിലായിരുന്നു മത്സരം എന്നൊക്കെ അവർ വന്നു പറയുമ്പോൾ ഇതുപോലെ ബാസ്ക്കറ്റ് ബോൾ പ്ലെയർ ആയാൽ എനിക്കും പുറത്തു പോകാം, വലിയ ലോകം കുറച്ചെങ്കിലും കാണാമല്ലോ എന്നു തോന്നി. എവിടെയെങ്കിലും വച്ച് അച്ഛനെ കാണാൻ പറ്റിയാലോ? അങ്ങനെയാണ് പന്ത് തട്ടിക്കളിച്ചു തുടങ്ങിയത്.

സങ്കടങ്ങൾ മറക്കാനായി

മുഖം പോലും ഓർമയില്ലാത്ത അമ്മയെക്കുറിച്ചും റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്കാക്കിപ്പോയ അച്ഛനെക്കുറിച്ചുമുള്ള ചിന്തകൾ അന്നൊക്കെ ശല്യപ്പെടുത്തിക്കൊണ്ടു കടന്നു വരും. ആരും കൂട്ടിനില്ലാതെ വന്നാലും സ്വന്തം കാര്യങ്ങൾക്കായി ആരുടെ മുന്നിലും കൈ നീട്ടാൻ ഇടവരരുതെന്ന് തീരുമാനിച്ചു. അതിനൊരു ജോലി വേണം. അതൊരു സ്വപ്നമായി ഉള്ളിൽ സൂക്ഷിച്ചു. സങ്കടങ്ങൾ മറക്കാൻ നല്ല മരുന്നായിരുന്നു സ്പോർട്സ്.

ഹൈസ്കൂൾ കാലത്താണ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(SAI)യിൽ സെലക്‌ഷൻ കിട്ടിയത്.അവിടെയും എന്റെ വിഷമം ഇടയ്ക്കിടെ തലപൊക്കും. ഇല്ലാത്ത കാര്യത്തെക്കുറിച്ചോർത്ത് വിഷമിക്കരുത്, പൊരുതി നേടാനൊരു ജീവിതം മുന്നിലുണ്ട്, ബാസ്ക്കറ്റ് ബോളിലൂടെ വേണം ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ എന്നൊക്കെ ഞാൻ തന്നെ എന്നെ പറഞ്ഞു മനസ്സിലാക്കി. വി. എ. ജോർജ് എന്ന പരിശീലകനാണ് എന്നെ നല്ലൊരു പ്ലെയർ ആക്കിയത്.

തമിഴ്നാട്ടിലെവിടെയോ അച്ഛൻ ഉണ്ടാകുമെന്ന് മനസ്സ് പറയാറുണ്ടായിരുന്നു. ബാസ്ക്കറ്റ് ബോൾ കളിക്കാൻ ത മിഴ്നാട്ടിൽ ചെല്ലുമ്പോൾ കണ്ടുപിടിക്കാമെന്നൊരു പ്രതീക്ഷ തോന്നി. ആ ചിന്ത മനസ്സിൽ കടന്നതോടെ കളിക്ക് ഊർജം കൂ ടി. പലയിടത്തും കളിക്കാൻ പോകുമ്പോൾ കണ്ണുകൾ അച്ഛനെത്തേടി.

ഇത്രയും വലിയ ലോകത്ത് ആരെന്നോ എന്തെന്നോ അറിയാത്ത ഒരാളെ ഒരു ഫോട്ടോ പോലും കയ്യിലില്ലാതെ കണ്ടുപിടിക്കാൻ അത്ര എളുപ്പമല്ലെന്ന് മനസ്സിലായി. പ്ലസ്ടു കഴിഞ്ഞ അവധിക്ക് മമ്മിയുടെ കൂടെ നിന്നപ്പോൾ പാചകമെല്ലാം പഠിപ്പിച്ചു. ഞാൻ സ്പോർട്സിലേക്കു വരുന്നതിന് നല്ല പ്രോത്സാഹനവും തന്നു.

ഹോസ്റ്റലിലോ അനാഥാലയത്തിലോ ആയിരുന്നെങ്കിൽ ആലോചിക്കാൻ പോലും കഴിയാത്തൊരു ജീവിതം എസ്ഒഎസിലൂടെ തന്നതിൽ ഈശ്വരനോട് നന്ദിയുണ്ട്.

റെയിൽവേ സ്റ്റേഷനിൽ നിന്നു തുടങ്ങിയതുകൊണ്ടാകണം റെയിൽവേയിൽ ജോലി വലിയ ആഗ്രഹമായിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോഴേ ഹുബ്ലിയിൽ ജോലി ശരിയായതുമാണ്. പഠനം പകുതിയാക്കി പോകുന്ന കാര്യമാലോചിച്ചപ്പോൾ വേണ്ടെന്നു വച്ചു. ബിഎ ഹിസ്റ്ററിക്ക് കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളജിൽ ചേർന്നു. കോളജിൽ വരുന്നതിനു മുൻപ് ഒരിക്കൽ ദേശീയതലത്തിൽ എനിക്കൊരു അവസരം കിട്ടാതെ വന്നു. അതിന്റെ വിഷമത്തിൽ കുറേ നാൾ കോർട്ടിലിറങ്ങിയതേ ഇല്ല. കോളജിലെ കോച്ച് സി.ജി. ജോസ് സാറാണെന്നെ വഴക്കു പറഞ്ഞ് വീണ്ടും കളിക്കളത്തിലെത്തിച്ചത്. മൂന്നു വർഷം കോളജ് ടീമിലും യൂണിവേഴ്സിറ്റി ടീമിലും അംഗമായി. പഞ്ചാബിലും ഛത്തിസ്ഗഡിലും മുംബൈയിലുമൊക്കെ നടന്ന ദേശീയ മത്സരങ്ങളിൽ പത്തു പന്ത്രണ്ടു തവണ കേരളത്തെ പ്രതിനിധീകരിച്ചു.

2010ലെ യൂത്ത് ചാംപ്യൻഷിപ്പിൽ മികച്ച കളിക്കാരി, 2011 ദേശീയ ജൂനിയർ ചാംപ്യൻഷിപ്പിൽ കിരീടം നേടിയ ടീമിലെ അം ഗം, എൻബിഎ ചാംപ്യൻഷിപ്പിലെ മികച്ച പ്രതിരോധ താരം, 2012ൽ ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ കേര ള ടീമിന്റെ ക്യാപ്റ്റൻ. അന്ന് ടീം വെങ്കല മെഡലുമായാണ് മടങ്ങിയത്. ഇതിനിടയിൽ ജോലിക്കുള്ള അപേക്ഷകൾ അയച്ചുകൊണ്ടേയിരുന്നു. 2015ൽ ഗുവാഹത്തി റെയിൽവേയുടെ കമേഴ്സ്യൽ വകുപ്പിൽ ജോലി കിട്ടി. അവിടെയും പരിശീലനം മുടക്കിയിരുന്നില്ല. രേഷ്മ, അനെറ്റ്, അഞ്ജു തുടങ്ങി കുറച്ച് മലയാളി സുഹൃത്തുക്കളായിരുന്നു അവിടെ കൂട്ട്.

കളിക്കളം തന്നു ജീവിതവും

മത്സരങ്ങൾക്കിടയിലാണ് തമിഴ്നാട് ബാസ്കറ്റ് ബോൾ ടീമിലെ ജയകുമാറിനെ പരിചയപ്പെടുന്നത്. ഇടയ്ക്കിടെ വിളിക്കുമായിരുന്നു. ബാസ്കറ്റ്ബോൾ തന്നെയാകും മിക്കവാറും സംസാരവിഷയം. വിഷമങ്ങളും പറയും. എനിക്കാരുമില്ല എന്നൊക്കെ ഞാൻ ഇടയ്ക്ക് സങ്കടം പറയും. നീയെന്തിനാ അങ്ങനെ ചിന്തിക്കുന്നത് എന്നെല്ലാം പറഞ്ഞ് ആശ്വസിപ്പിക്കും.

2017 മേയ് മാസത്തിൽ കണ്ടപ്പോൾ ഇഷ്ടമാണ്, വിവാഹം കഴിക്കാൻ താൽപര്യമുണ്ട് എന്നു പറഞ്ഞു. എന്റെ കാര്യങ്ങളെല്ലാം അറിയാമല്ലോ എന്നു ഞാൻ ചോദിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ഇഷ്ടത്തിന് മാറ്റമുണ്ടായില്ല. നിനക്ക് ഇഷ്ടമാണെങ്കിൽ കല്യാണം നടത്താം എന്നു മാത്രമായിരുന്നു മറുപടി. തമാശയാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ, അദ്ദേഹത്തിന്റെ അമ്മ കൂടി എന്നെ വിളിച്ചു സംസാരിച്ചപ്പോഴാണ് സംഗതി ഗൗരവത്തിലാണ് എന്ന് ഉറപ്പായത്. എസ്ഒഎസിലെ വീട്ടിലെത്തി അവർ മമ്മിയോടും വില്ലേജിലെ മറ്റാളുകളോടും കല്യാണക്കാര്യം സംസാരിച്ചു.

2018ജനുവരി 22നായിരുന്നു തമിഴ്നാട്ടിലെ തിരുവണ്ണാമലൈ സ്വദേശി അണ്ണാമലൈയുടെയും സുന്ദരിയുടെയും മകനായ ജയകുമാറുമായുള്ള വിവാഹം. തമിഴ്നാട്ടിൽ അച്ഛനെ തിരയാൻ വേണ്ടി ബാസ്ക്കറ്റ്ബോൾ കളിക്കാനിറങ്ങിയ ഞാൻ തമിഴ്നാടിന്റെ മരുമകളായത് ചിലപ്പോൾ നല്ലതിനാകാം. ‌ഒറ്റയാൾ പോരാട്ടം ഇവിടെ വരെയെത്തി. പെൺകുട്ടിയാണല്ലോ എന്നു കരുതി ഞാൻ പേടിച്ചിരുന്നിരുന്നെങ്കിൽ എനിക്കിന്നു കാണുന്ന ജീവിതം കിട്ടില്ലായിരുന്നു.

സ്വന്തമായൊരു വീട് കുട്ടിക്കാലം മുതലേയുള്ള സ്വപ്നമാണ്. ഒട്ടും പ്രതീക്ഷിക്കാതെയല്ലേ കല്യാണം വന്നത്?വീടിനായി കരുതി വച്ചിരുന്ന കാശെല്ലാം ചെലവായി. ഇപ്പോള്‍ ഏറ്റവും വലിയ സന്തോഷമാണ് എന്റെ കുടുംബം. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസർ ജോലി നേടി ഗുവാഹത്തിയിലേക്ക് ചേക്കേറി ചേട്ടനും. ഞങ്ങൾക്കൊരു മോളുണ്ട്– വർഷിക.

ഇന്ത്യയ്ക്കു വേണ്ടി കളിക്കണം; അതാണ് കരിയറിൽ എന്റെ ലക്ഷ്യം. ഒരു കുഞ്ഞു കാറും വാങ്ങണം.

വി.എൻ. രാഖി

ഫോട്ടോ: സുനിൽ ആലുവ