Wednesday 09 June 2021 05:15 PM IST : By സ്വന്തം ലേഖകൻ

ഷോക്കടിക്കുന്ന വയറുകള്‍, സ്വിച്ചിട്ടാല്‍ ലോക്കാകുന്ന ഓടാമ്പല്‍: മരിച്ചെന്നു കരുതിയ മകള്‍ 10 കൊല്ലം റഹ്‌മാന്റെ 'ലോക്കറില്‍': ഞെട്ടല്‍

rahman

10 കൊല്ലം! അതെന്തായാലും ഒരു ചെറിയ കാലയളവല്ല. അത്രയും വര്‍ഷം ഒരു പെണ്‍കുട്ടിയെ ഒരു പൂച്ചക്കുഞ്ഞു പോലുമറിയാതെ വീട്ടില്‍ ഒളിപ്പിച്ചു ഒരു വിദ്വാന്‍. അവിശ്വസിനീയമെന്നോ അദ്ഭുതമെന്നോ വിശേഷിപ്പിക്കാവുന്ന ഈ സംഭവകഥ കേട്ട് തരിച്ചുനില്‍ക്കുകയാണ് കേരളം. 

പാലക്കാട് അയിലൂര്‍ കാരക്കാട്ടു പറമ്പ് മുഹമ്മദ് ഖനിയുടെ മകമന്‍ റഹ്‌മാനാണ് കഥാനായകന്‍. റഹ്‌മാന്‍ അജ്ഞാതയാക്കിയ നായികയുടെ പേര് സജിത. സമീപവാസിയായ വേലായുധന്റെ മകള്‍. ഇത്രയും കാലം റഹ്‌മാന്‍ സജിതയെ എങ്ങനെ ഒളിപ്പിച്ചിരുത്തി? എങ്ങനെ സംരക്ഷിച്ചു? ഈ അജ്ഞാത വാസം ഒരുക്കിയതിനു പിന്നിലുള്ള ചേതോവികാരം? എല്ലാത്തിന്റെയും ഉത്തരങ്ങള്‍ സിനിമാക്കഥ പോലെ കേട്ടിരിക്കാം...

2010 ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. 24കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. മേമയുടെ വീട്ടിലേക്ക് പഞ്ചാമൃതവുമായി പോയതാണ് സജിത. നാട്ടുകാരും അങ്ങനെ തന്നെ വിശ്വസിച്ചു. സജിതയ്ക്കായുള്ള കാത്തിരിപ്പിന് മണിക്കൂറുകള്‍ കടന്നു പോയി. മണിക്കൂറുകള്‍ ദിവസമായി. ദിവസങ്ങള്‍ ആഴ്ചകളും. പരാതിക്കാരായ വീട്ടുകാര്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ ആവലാതിയുമായി ചെന്നു. പൊലീസ് തലങ്ങും വിലങ്ങും അന്വേഷിച്ചു. സജിതയുടെ പൊടിപോലും കിട്ടിയില്ല. 

സജിതയുടെ തിരോധാനത്തില്‍ ദുരൂഹത ലവലേശം പോലുമില്ലായിരുന്നു എന്നതാണ് സത്യം. സംശയത്തിന്റെ നിഴല്‍ പോലുമില്ല. പൊലീസിന് പല മിസിങ് കേസുകളില്‍ ഒന്നായി ഇതും മാറി. വര്‍ഷങ്ങള്‍ നീണ്ടു പോയി. സജിത അന്നാട്ടുകാരുടെ ഓര്‍മയില്‍ നിന്നു പോലും മറഞ്ഞു. 

അങ്ങനെ 10 വര്‍ഷങ്ങള്‍ കടന്നു പോയി. സിനിമയെ വെല്ലുന്ന ട്വിസ്റ്റിലേക്ക് ഇക്കഥയെ എത്തിച്ച ട്വിസ്റ്റ് ഇനിയാണ് സംഭവിക്കുന്നത്.

ഇലക്ട്രീഷ്യന്‍ കൂടിയായ റഹ്‌മാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ വീടു വിട്ടിറങ്ങിയിരുന്നു. വിത്തിനശേരിയില്‍ വാടക വീടെടുത്ത് സജിതയ്‌ക്കൊപ്പം രഹസ്യമായി താമസവും തുടങ്ങി. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ദിവസങ്ങള്‍ പിന്നിട്ടിട്ടും കാണാത്തതിനാല്‍ റഹ്‌മാനെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയാണ് സിനിമാക്കഥകളെ വെല്ലുന്ന ആന്റി ക്ലൈമാക്‌സിലെത്തിച്ചത്. 

3 മാസം മുന്‍പ് കാണാതായ റഹിമാന്‍ എന്ന യുവാവിനെ സഹോദരന്‍ ബഷീര്‍ ഇന്നലെ നെന്‍മാറയില്‍ വെച്ച് അവിചാരിതമായി കണ്ടു. ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന റഹ്‌മാന്‍ ബഷീറിനെ കണ്ടതും വേഗത കൂട്ടി. ബഷീറും പിന്നാലെവച്ചു പിടിച്ചു. കോവിഡ് പരിശോധനയുടെ ഭാഗമായി നിരത്തില്‍ നിലയുറപ്പിച്ചിരുന്ന പൊലീസുകാരെ ബഷീര്‍ പൊടുന്നനെ വിവരം അറിയിച്ചു. പാഞ്ഞു വരുന്ന ബൈക്കുകാരന്റെ പേരില്‍ കേസുണ്ടെന്നും പിടിക്കണമെന്നും അറിയിച്ചു. പൊലീസ് റഹ്‌മാനെ പിടികൂടി കാര്യങ്ങള്‍ തിരക്കുമ്പോഴും ഒഴിഞ്ഞു മാറുകയായിരുന്നു റഹ്‌മാന്‍, നിങ്ങളെന്നെ ജീവിക്കാന്‍ അനുവദിക്കില്ലേ എന്നു ചോദിച്ച് കയര്‍ത്തു. 

വീട്ടില്‍ നിന്നിറങ്ങി പോകാനുള്ള കാരണം തിരക്കിയപ്പോള്‍ തനിക്കൊരു പെണ്ണുണ്ടെന്നും അവളെയുമായി വിത്തനശേരിയില്‍ വാടയ്ക്കു താമസിക്കുകയാണെന്ന് മറുപടിയും പറഞ്ഞു. പിന്നീടാണ് ആര്‍ക്കും വിശ്വസിക്കാനാവാത്ത ആ 10 വര്‍ഷങ്ങളെക്കുറിച്ച് റഹിമാന്‍ പറഞ്ഞത്.

അന്നു കാണാതായ സജിതയെ താലി കെട്ടി റഹിമാന്‍ അന്നു രാത്രി സ്വന്തം വീട്ടിലെ സ്വന്തം മുറിയില്‍ താമസിപ്പിച്ചു. ഒളിജീവിതത്തിനായി പിന്നെ റഹിമാന്‍ നടത്തിയതെല്ലാം സിനിമയിലെ സൈക്കോകളെ വെല്ലുന്ന കഥയിലേക്ക്. 

അമ്മയും സഹോദരങ്ങളും ആരുമറിയാതെയായിരുന്നു റഹ്‌മാന്‍ സജിതയെ വീട്ടില്‍ താമസിപ്പിച്ചത്.റഹ്‌മാന്‍് പുറത്തിറങ്ങുമ്പോഴെല്ലാം മുറി പ്രത്യേകതരം ലോക്കുപയോഗിച്ച് പൂട്ടും. ആരും തന്നെ മുറിക്കകത്തേക്ക് പ്രവേശിച്ചിരുന്നില്ല. ഇലക്ട്രിക് കാര്യങ്ങളില്‍ അഗ്രഗണ്യനായ റഹ്‌മാന്‍ തന്റെ സകലകുരുട്ടു ബുദ്ധിയും ഇവിടെ പ്രയോഗിച്ചു. മുറിക്കകത്തും പുറത്തും ചില സിസ്റ്റങ്ങള്‍ ഘടിപ്പിച്ചു. ഒരു സ്വിച്ചിട്ടാല്‍ ലോക്കാവും വിധം വാതിലിന്റെ ഓടാമ്പല്‍ ഘടിപ്പിച്ചു. രണ്ടു വയറുകള്‍ മുറിയ്ക്ക് പുറത്തേക്കിട്ടു. റഹ്‌മാന്റെ മുറിക്ക് പുറത്തേക്കിട്ട വയറുകള്‍ തൊട്ടാല്‍ ഷോക്കടിക്കും എന്നു ഭീഷണിപ്പെടുത്തി. ഒന്നു രണ്ടു കുടുംബാംഗങ്ങള്‍ക്ക് ഷോക്കടിച്ച സംഭവവുമുണ്ടായി. 

മാനസിക വിഭ്രാന്തിയുള്ളപോലെ വീട്ടുകാരോട് പെരുമാറി. അവന് മാനസിക പ്രശ്‌നമുണ്ടെന്ന വീട്ടുകാരുടെ വിധിയെഴുത്ത് റഹ്‌മാന് കൂടുതല്‍ ഗുണകരമായി. റഹ്‌മാന്‍ കാട്ടിക്കൂട്ടുന്നതൊന്നും ശ്രദ്ധിക്കേണ്ട എന്ന മട്ടിലായി വീട്ടുകാര്‍. ഇത് റഹ്‌മാന്റെ പദ്ധതികളെ കൂടുതല്‍ എളുപ്പമാക്കി. 

ജനലിന്റെ പലക നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. രാത്രി ആരുമറിയാതെ ഇതുവഴി പുറത്തുകടന്നാണ് യുവതി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. വീടിനു പുറത്തിറങ്ങുമ്പോള്‍ മുറിയുടെ വാതില്‍ പൂട്ടിയിടും .മുറിയുടെ വാതില്‍ അകത്തുനിന്നു തുറക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി.

10 വര്‍ഷത്തോളം ഈ വീട്ടില്‍ തന്നെയായിരുന്നു സജിതയും കഴിഞ്ഞിരുന്നത്. തൊട്ടടുത്ത് തന്നെ മകള്‍ ഒളിച്ച് കഴിയുന്നുണ്ടെന്നത് സജിതയുടെ മാതാപിതാക്കള്‍ പോലും അറിഞ്ഞിരുന്നില്ല. 

ജനല്‍ അഴി കട്ട് ചെയ്ത് ഇളക്കി മാറ്റി മരത്തിന്റെ തടി ഘടിപ്പിച്ചു. വാതിലിനു പുറകിലായി ഒരു ടീപോയ് ചേര്‍ത്തുപിടിപ്പിച്ചു. കുടുംബത്തൊടൊപ്പമിരുന്ന് ഇന്നു വരെ ഭക്ഷണം കഴിയ്ക്കാന്‍ റഹിമാന്‍ തയ്യാറായിരുന്നില്ല. ആവശ്യമായത് പ്ലേറ്റില്‍ വിളമ്പി മുറിയില്‍ കൊണ്ടുചെന്ന് സജിതയ്‌ക്കൊപ്പമിരുന്ന് കഴിക്കും. ഒരു ഗ്ലാസ് ചായയല്ല, ഒരു ജഗ്ഗ് ചായ കുടിക്കുന്നവനാണ് താനെന്ന് പറഞ്ഞ് ജഗ്ഗില്‍ ചായഎടുത്തു കൊണ്ടു പോകും. കൃത്യമായി പറഞ്ഞാല്‍ ഒരേ സമയം മാതാപിതാക്കള്‍ക്കും ഭാര്യക്കുമൊപ്പം ഇരട്ടജീവിതം. 

എന്തിനാണ് ഈ സാഹസമെന്ന നാട്ടുകാരുടെയും പൊലീസിന്റെയും നാട്ടുകാരുടെയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇനി പുറത്തു വരേണ്ടത്. മകള്‍ മരിച്ചെന്നു കരുതിയ ആ മാതാപിതാക്കളുടെ മാനസികാവസ്ഥയാണ് കേട്ടതിനേക്കാള്‍ ഭീകരം. 

മകള്‍ മരിച്ചെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച ആ മാതാപിതാക്കള്‍ക്കും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. നഷ്ടപ്പെട്ട മകളെ തിരിച്ചുകിട്ടിയതിന്റെ സന്തോഷവും എന്നാല്‍ ഇത്രയും കാലം വെറും നുറു മീറ്റര്‍ അപ്പുറത്ത് കണ്‍മുന്നില്‍ നിന്നകന്നു ജീവിച്ചതിന്റെ പരിഭവവും ഉണ്ട് അവര്‍ക്ക്. അപ്പോഴും പ്രയാസങ്ങളും ദുരിതങ്ങളും ആവോളമുള്ള ആ കുഞ്ഞുവിട്ടീല്‍ ഈ തിരക്കഥ എങ്ങനെ പ്രാവര്‍ത്തികമായി എന്ന ചോദ്യം ഇപ്പോഴും ഉയരുകയാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 10 വര്‍ഷങ്ങളാണ് ഒറ്റമുറിക്കുള്ളില്‍ സജിതയും ഒളിജീവിതത്തിന്റെ ഭീതിയോടെ റഹിമാനും ജീവിച്ചു തീര്‍ത്തത്..'വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരെയും കണ്ടപ്പോള്‍ നാട്ടുകാര്‍ ചോദിച്ച ചോദ്യവും അതാണ്. ഇക്കാലത്ത് എന്തിനായിരുന്നു ഈ സാഹസം. അന്നു തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നെങ്കില്‍ നടപടിയാവുന്ന കേസല്ലേ ഉണ്ടായിരുന്നുള്ളൂ. അതെ അത്രയേ ഉണ്ടായിരുന്നുള്ളൂ റഹിമാനേ എന്ന് അറിയുന്നവരെല്ലാം ചോദിക്കുന്നു. 

എന്തായാലും പ്രായപൂര്‍ത്തിയായ ഇവര്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുന്നതായാണ് മൊഴി നല്‍കിയതെന്ന് നെന്മാറ സി.ഐ. എ. ദീപകുമാര്‍ പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയശേഷം വിട്ടയച്ചു.