Friday 18 September 2020 02:31 PM IST : By സ്വന്തം ലേഖകൻ

ഒരുപാതിയിൽ കണ്ണീരൊളിപ്പിച്ച പുഞ്ചിരി, മറുപാതിയിൽ വെളിച്ചം കെടുത്തിയ വേദന; ഗൗരി മോളുടെ കണ്ണീർക്കഥ

gouri-eye

വേദനയൊളിപ്പിച്ച പുഞ്ചിരി അവളുടെ മുഖത്തിന്റെ ഒരു പാതിയിൽ കാണാം... മറുപാതിയിലേക്ക് ഒരുവട്ടമേ നോക്കാനാകൂ. കണ്ണു നിറയും... നെഞ്ചുപിടയും.

കരുനാഗപ്പള്ളി സ്വദേശി ഉണ്ണിയുടേയും ദീപയുടേയും മകൾ ഗൗരി അനുഭവിക്കുന്ന വേദനയുടെ ആഴമളന്നാൽ... ആ കുഞ്ഞു പുഞ്ചിരിയെ മായ്ച്ചു കളഞ്ഞ കൊടിയ പരീക്ഷണത്തിന്റെ കഥയറിഞ്ഞാൽ ഹൃദയം നുറുങ്ങി പോകും. അത്രയ്ക്കുണ്ട് ആ വേദന...

പുറത്തേക്ക് പതിക്കുകയാണെന്ന് തോന്നിപ്പിക്കും വിധം ഗൗരിമോളുടെ കണ്ണ് വീർത്തിരിക്കുകയാണ്. തടിച്ചുരുണ്ട് അസാമാന്യ വലുപ്പവുമായി പേടി തോന്നിപ്പിക്കും വിധം ആ കുഞ്ഞ് മുഖത്തിലെ കണ്ണ്. പ്രിയമകൾ അനുഭവിക്കുന്ന വേദനയുടെ വേരുകൾ തേടി ചെന്നപ്പോള്‍ ഏതൊരു മാതാപിതാക്കളുടേയും മനസു തകർക്കുന്ന മറുപടിയാണ് ഡോക്ടർമാര്‍ നൽകിയത്. കാൻസർ....! കണ്ണിനെ ബാധിക്കുന്ന optic chiasmatic glioma എന്ന കാൻസർ!

ജനിച്ച് അഞ്ചാം മാസത്തിലാണ് ഗൗരിയുടെ കണ്ണിലെ വലുപ്പം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. അടുത്തുള്ള ആശുപത്രിയിലേക്ക് ചെല്ലുമ്പോൾ... അതിന് പ്രതിവിധി കിട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ ആ അച്ഛനും അമ്മയും ഭയന്നിരുന്നില്ല. പക്ഷേ നാൾക്കു നാൾ കണ്ണ് വലുതായി കൊണ്ടേയിരുന്നു. മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലാണ് ഗൗരിയെ ഒടുവിൽ പരിശോധന ഫലങ്ങൾ കൊണ്ടു ചെന്നെത്തിച്ചത്. സംശയം തോന്നിയ ഡോക്ടർ... തിരുവനന്തപുരത്തെ തന്നെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്ക് പറഞ്ഞുവിട്ടു. അവിടുന്ന് കിട്ടിയ പരിശോധന ഫലം ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ ഒന്നാകെ തകർത്തു കളഞ്ഞു.

ഗൗരിയുടെ തലച്ചോറിനേയും കണ്ണിനേയും ബന്ധിപ്പിക്കുന്ന ഞരമ്പുകളുടെ പ്രവർത്തനം അവതാളത്തിലാണ്. അതിനിടയില്‍ ട്യൂമർ രൂപപ്പെട്ടിരിക്കുന്നു. ഭീമാകാരമെന്ന് തോന്നിപ്പിക്കുന്ന ഗൗരിയുടെ ആ കണ്ണുകളിൽ വെളിച്ചമില്ലെന്ന് സാരം. ഇടതു കണ്ണിനും ഭാഗികമായ കാഴ്ച മാത്രമേയുള്ളൂ. ഈയവസ്ഥ തുടർന്നാല്‍ വൈകാതെ ഇടതു കണ്ണിന്റെ കാഴ്ചയും എന്നന്നേക്കുമായി ഇല്ലാതാകുമെന്നാണ് ഡോക്ടറുടെ മുന്നറിയിപ്പ്. ഈയൊരു അവസ്ഥയുടെ പേരിൽ ഗൗരി അനുഭവിക്കുന്ന വേദന ചില്ലറയൊന്നുമല്ലെന്ന് പിതാവ് ഉണ്ണി പറയുന്നു.

‘എന്റെ കുഞ്ഞിന്റെ ആ കണ്ണിൽ ഈ നിമിഷം വരെയും വെളിച്ചമെത്തിയിട്ടില്ല. എപ്പോഴും ഇൻഫെക്ഷനാണ്. അതിന്റെ പേരിൽ ഛർദ്ദിലും ശരീര വേദനയും വരെ വരും. നേരാം വണ്ണം ഒന്ന് ഉറങ്ങാൻ പോലും അവൾക്കാകുന്നില്ല. എന്തിനേറെ പറയണം... ആ കണ്ണ് അതുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ അവളെയൊന്നാകെ തളർത്തുകയാണ്. വേദന മൂർച്ഛിക്കുമ്പോൾ അവൾ ജീവനറ്റ പോലെയാകും കിടക്കുക. അത്രയ്ക്കുണ്ട് എന്റെ കുട്ടി അനുഭവിക്കുന്ന വേദന.’– ഉണ്ണി പറയുന്നു.

ഗൗരിയുടെ ജീവിതത്തിലെ വെളിച്ചം കെടുത്തിയ ആ കണ്ണ് ഉടൻ എടുത്തു മാറ്റണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പകരം ആ സ്ഥാനത്ത് വെളിച്ചം നൽകാൻ ശേഷിയില്ലാത്ത ഒരു കൃത്രിമ കണ്ണ് ഘടിപ്പിക്കുക. ഇടതു കണ്ണിന് കീമോ നൽകി തലച്ചോറിലെ ഞരമ്പുകളിലുള്ള ട്യൂമറുകൾ നീക്കം ചെയ്യുക. ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത് സാധ്യമൂ. അതാണ് മുന്നിലുള്ള ഏക പിടിവള്ളി.

പ്രതീക്ഷയറ്റുപോയ ഈ നിമിഷത്തിൽ നിർദ്ധനനായ ഉണ്ണി കൈനീട്ടുന്നത് സുമനസുകൾക്കു മുമ്പാകെയാണ്. തന്റെ മകളുടെ കണ്ണുകളിൽ വെളിച്ചം എത്തിക്കാൻ സുമനസുകൾ കനിയും എന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.