Friday 19 July 2019 03:09 PM IST

‘എല്ലാവരുടെ ജീവിതത്തിലുമുണ്ട് ഒരു മഷിപ്പേനയും രണ്ടു തുള്ളി മഷിയും’; പൊന്‍തിളക്കമുള്ള പെന്‍ ഓര്‍മകള്‍!

V R Jyothish

Chief Sub Editor

pen-article776 ഫോട്ടോ: അരുൺസോൾ

വികൃതികളായ ചില കുട്ടികളെപ്പോലെയാണ് മഷിപ്പേനയും! കാരണമില്ലാതെ കരഞ്ഞും മറ്റു ചിലപ്പോൾ ചിരി ച്ചും ഒച്ചയുണ്ടാക്കിയും ശാഠ്യം പിടിച്ചും വഴിമുടക്കുന്ന കുസൃതികളെപ്പോലെ ഈ മഷിപ്പേനയും ചിലപ്പോൾ വഴിമുടക്കും. വെള്ളവസ്ത്രത്തിലേക്കു മഷി തുപ്പിയും എഴുത്തിനിടയ്ക്ക് െെകകളിലേക്കു കുത്തിയൊലിച്ചും ചിലപ്പോൾ ബ്രേക്ക്ഡൗണായും മഷിപ്പേനകൾ പണിതരും.

എത്ര വികൃതിയാണെങ്കിലും കുഞ്ഞുങ്ങൾ മുഖത്തുനോക്കി ഒന്നു ചിരിക്കുമ്പോൾ, ഇടംകണ്ണിട്ട് ഒന്നു നോക്കുമ്പോൾ, സ്നേഹത്തോടെ ഒന്നു വിളിക്കുമ്പോൾ അറിയാതെ തന്നെ നമ്മുടെ ഹൃദയം അലിഞ്ഞുപോകില്ലേ. ആ അലിവു തന്നെയാണ് മഷിപ്പേനകളോടുമുള്ളത്.

പേനയുടെ പൂർവരൂപങ്ങൾ പക്ഷിത്തൂവലുകളായിരുന്നു. അഗ്രം കൂർപ്പിച്ച തൂവലുകൾ മഷിയിൽ മുക്കിയായിരുന്നു അന്നത്തെ എഴുത്ത്. അമേരിക്കയുടെ ഭരണഘടന 1787–ൽ എഴുതിയതു പോലും ഇത്തരത്തിലായിരുന്നത്രേ. പിന്നീട് പരീക്ഷണശാലയിൽ മഷിപ്പേന പല പരിഷ്കാരങ്ങൾക്കും വിധേയമായി. അങ്ങനെ ഒട്ടേറെ ഘട്ടങ്ങൾ കടന്നാണു മഷിപ്പേന ഇപ്പോൾ കാണുന്നതു പോലെ സുന്ദരിയായത്.

നാടും നാട്ടുവഴിയും  കഞ്ഞിപ്പശയും  നിളാനദിയും  പോലെ  മലയാളത്തിന്‍റെ കഥാകാരന്‍ എം.ടി.വാസുദേവന്‍നായര്‍ക്കു പ്രിയപ്പെട്ടതാണ് മഷിപ്പേനകള്‍. എന്നാൽ അക്ഷരങ്ങൾ ദൈവങ്ങളാണെന്നു കരുതുന്ന ഈ വിശ്വസാഹിത്യകാരന് പക്ഷപാതം പേനയോടല്ല, ചിന്തകളോടാണ്.

‘‘എഴുതിയാണു ശീലം. ഇപ്പോഴും എഴുതുകയാണ്. എഴുത്തിനു പുതിയ സാങ്കേതികവിദ്യകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അക്ഷരങ്ങൾ െെദവങ്ങളാണ്. അവയെ ശിരസ്സു നമിച്ചു കൊണ്ടല്ലാതെ അടുക്കിവയ്ക്കാൻ പറ്റില്ല. ചിന്തകളുടെ ഒഴുക്കാണ് എഴുത്ത്. ചിന്തകൾ പകർത്തുകയാണ് പ്രധാനം. അല്ലാതെ എഴുതുന്ന പേനയ്ക്കല്ല.’’ എം.ടി പറയുന്നു.

ഒരു തുള്ളി മഷി

മഷിപ്പേന ഉപയോഗിക്കുന്നതിനു പ്രത്യേക താളമുണ്ട്. പോക്കറ്റില്‍ നിന്നു േപനയെടുത്ത്, സാവകാശം അടപ്പ് തുറന്ന്, അടപ്പ് േപനയുെട പിന്നില്‍ ഫിറ്റ് െചയ്ത്, പേനയൊന്നു കുട ഞ്ഞ്.... ഇനി എഴുതി തുടങ്ങുകയാണ്..

സ്റ്റീല്‍ േപന കടുക്കമഷിയില്‍ മുക്കി പരീക്ഷ എഴുതിയിരുന്ന കാലത്തെക്കുറിച്ച് ഓർക്കുന്നുണ്ട് വിശ്വവിഖ്യാത എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ള. കടുക്ക കൊണ്ട് മഷി ഉണ്ടാക്കുന്നതു തന്നെ വലിയ ജോലിയായിരുന്നു. കടുക്കാത്തോട് തല്ലിപ്പൊട്ടിച്ചു വെള്ളത്തിലിട്ട് അതിൽ തുരുമ്പിന്റെ അംശമുള്ള ഇരുമ്പ് കഷ്ണം ഇട്ടു തിളപ്പിച്ച് വെള്ളം വറ്റിച്ചാണ് കടുക്കാമഷി ഉണ്ടാക്കിയിരുന്നത്. സർക്കാർ ഓഫിസുകളിൽ ഈ മഷിയിൽ അൽപം പശ കൂടി ചേർക്കുമായിരുന്നു.

പരീക്ഷ എഴുതിയതു പേന െകാണ്ടാണെങ്കിലും സാഹിത്യസൃഷ്ടി കൂടുതലും നടത്തിയിരുന്നത് െപന്‍സിൽ െകാണ്ടാണ്. ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ മോഷണം നടന്നു. കള്ളൻ കവർന്ന ഏറ്റവും വിലപിടിപ്പുള്ള വസ്തു തകഴിയുടെ മഷിപ്പേനയായിരുന്നു. സംഭവം  അദ്ദേഹത്തിനു മനഃപ്രയാ സം ഉണ്ടാക്കിയെങ്കിലും പഴയതുപോലെ പെൻസിൽ കൊണ്ടെഴുതി  പ്രശ്നം പരിഹരിച്ചു.

വില കൂടിയ മഷിപ്പേനകളുടെ ആരാധകനായിരുന്നു വയലാർ രാമവര്‍മ. മലയാളികൾ എക്കാലത്തും പാടി നടക്കുന്ന മനോഹരമായ വരികൾ പിറന്നു വീണത് മഷിപ്പേനയിൽ നിന്നാണ്. വയലറ്റ് നിറമുള്ള മഷിയായിരുന്നു അദ്ദേഹം ആദ്യം ഉപയോഗിച്ചിരുന്നത്. പലവട്ടം വെട്ടും, തിരുത്തും, മാറ്റിയെഴുതും. ഒടുവില്‍ മനോഹരഗാനമായി അതു കടലാസില്‍ നിറയും. ‘‘അച്ഛന്റെ പോക്കറ്റിലിരിക്കുന്ന മഷിപ്പേനകൾ കൗതുകമായിരുന്നു. പക്ഷേ, അതൊന്നും എടുത്തുനോക്കാൻ പോലും ശ്രമിച്ചിട്ടില്ല.’’ വയലാർ ശരത്ചന്ദ്രവർമ പറയുന്നു. വയലറ്റ് മഷിയിൽ തുടങ്ങിയ വയലാർ ഇടയ്ക്ക് പച്ച മഷിയിലേക്കു കടന്നു. പിന്നീട് നീലമഷിയായി. അവസാന കാലത്ത് കറുത്ത മഷിയായിരുന്നു അദ്ദേഹത്തിനു പ്രിയം.

‘‘അച്ഛന്റെ ഒരു പാടു പേനകൾ നഷ്ടമായി. അവസാനകാലത്ത് ഉപയോഗിച്ചിരുന്ന ഹീറോ പേന മാത്രമാണ് ഞങ്ങളുടെ െെകവശമുള്ളത്. ഒരു ദിവസം ഞാൻ ആ പേനയെടുത്ത് എന്റെ പോക്കറ്റിൽ കുത്തിവച്ചു. പിന്നീട് എനിക്കു മനസ്സിലായി. തിരുവാഭരണം ആരെങ്കിലും ചാർത്തിയാൽ അയ്യപ്പനാകില്ല. വയലാറിന്റെ പേന കൊണ്ട് വയലാർ എഴുതിയാലേ നല്ല പാട്ടുകൾ ഉണ്ടാകൂ.’’ ശരത് പറയുന്നു.

എഴുത്തിന് എപ്പോഴും നല്ലത്  മഷിപ്പേനകളാണെന്നു വിശ്വസിക്കുന്ന ആളാണ് സി. വി. ബാലകൃഷ്ണൻ. ‘മഷിപ്പേന പഴയ അംബാസഡർ കാർ പോലെയാണ്. പുതിയ തലമുറയിലെ കാറുകളെപ്പോലെ അവയ്ക്കു വേഗമില്ല. പക്ഷേ, കാഴ്ചകള്‍ കൂടുതല്‍ കാണാം, കാഴ്ചകൾ നമ്മളോട് ഒപ്പം വരും. മഷിപ്പേന െകാണ്ട് എഴുതുമ്പോഴും അങ്ങനെ തന്നെ. ഇടയ്ക്കിടയ്ക്ക് വണ്ടി  നിൽക്കും. അപ്പോൾ വെളിയിലിറങ്ങി വിശ്രമിക്കാം. വേണമെങ്കിൽ ചായ കുടിക്കാം. ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുമായിരിക്കും. എങ്കിലും  സമാധാനത്തോെട, സുഖമായി എത്തി എന്നാശ്വസിക്കാം.’

പേനകളെ സ്നേഹിച്ച്...

മഷിപ്പേനകളെ പ്രണയിക്കുന്ന ഒരുപാടു പേരുണ്ട് കേരളത്തിലും. എടപ്പാളിനടുത്ത് നീലിയാട് അമേറ്റിക്കര വെള്ളമംഗലത്ത് രവി നമ്പ്യാർ അതിലൊരാൾ മാത്രം. ബാങ്ക് മാനേജരായ രവി മഷിപ്പേന കൊണ്ടു മാത്രമേ ജീവിതത്തിൽ ഇന്നേവരെ എഴുതിയിട്ടുള്ളൂ എന്നതു മാത്രമല്ല കൗതുകം. ലോകത്ത് അറിയപ്പെടുന്ന എല്ലാ കമ്പനികളുടെയും  മഷിപ്പേനകൾ രവിയുടെ ശേഖരത്തിൽ ഉണ്ട്.

‘‘എന്‍റെ േപനഭ്രാന്തും സ്േനഹവും അറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സുഹൃത്തുക്കൾ അയച്ചു തരുന്നതാണ് ഇതൊക്കെ.’’ രവി പറയുന്നു. പേന മാത്രമല്ല മഷിയും പേനയുടെ മറ്റ് അനുബന്ധഭാഗങ്ങളും എല്ലാം രവിയുടെ ശേഖരത്തിലുണ്ട്. ഒപ്പം പ്രശസ്തര്‍ മഷിപ്പേന െകാണ്ട് എഴുതിയ കത്തുകളും.

ഇന്ന് െെചനയുടെ സാധനം എന്നു പറഞ്ഞു പലതിനെയും തള്ളിപ്പറയുമ്പോൾ െെചനയുടെ  ഒരു പേനയ്ക്കു വേണ്ടി ലോകം കാത്തിരുന്നിട്ടുണ്ട്. അതാണ് പ്രശസ്തമായ ‘ഹീറോ േപന’. സ്വര്‍ണവര്‍ണ ക്യാപും  കടും നിറത്തിലുള്ള േബാഡിയുമുള്ള ഹീറോ പേനകള്‍ വൻമതിൽ പോലെതന്നെ ലോകത്തിനു പ്രിയപ്പെട്ടതായി. ഗ്രാമഗ്രാമാന്തരങ്ങളില്‍ േപാലും സംസാരവിഷയമായി. ക്ലാസിലൊരു കുട്ടിക്ക് ഹീറോ പേനയുണ്ടെങ്കില്‍ അതൊന്നു െതാട്ടു േനാക്കാനും താലോലിക്കാനും മറ്റു കു ട്ടികള്‍ ക്യൂ നിന്നു.  മഷിക്കുപ്പിയില്‍ നിന്നു ഫില്ലര്‍ െകാണ്ടാണു സാധാരണ പേനകളില്‍ മഷി നിറച്ചിരുന്നതെങ്കില്‍ ഹീറോ പേനകള്‍ അതിലും പുതുമ െകാണ്ടു വന്നു. മഷിക്കുപ്പിയിലേക്ക് നിബ് താഴ്ത്തി വച്ച്, പിന്‍ഭാഗത്തെ ബില്‍റ്റ് ഇന്‍ ഫില്ലറില്‍ ഒന്ന് െഞക്കി വിട്ടാല്‍ മതി, മഷി നിറയും. അന്നത്തെ എട്ടാം ക്ലാസുകാരന് ഇതൊക്കെ േറാക്കറ്റ് സാങ്കേതിക വിദ്യയിലും വലിയ വിസ്മയമായിരുന്നു.

ഒാേരാ ഹീറോപ്പേനയും ഒാേരാ കഥയാണ്. ചിരിയും കരച്ചിലും പ്രത്യാശയും പ്രതീക്ഷയും ചതിയും വഞ്ചനയും നിസ്സഹായതയുമൊക്കെ പ്രധാന കഥാപാത്രങ്ങളായി വരുന്ന കഥകൾ. പഴയ നോക്കിയ ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കുന്നവൻ പുതിയ സ്മാർട്ഫോൺ മോഹിക്കുന്നതു പോലെയായിരുന്നു ഒരു രൂപയുടെയും  രണ്ടു രൂപയുടെയും സാധാരണ പേന ഉപയോഗിച്ചിരുന്നവന് ഹീറോപ്പേന.

െപൻസിലിൽ നിന്നു പേനയിലേക്ക് മാറുമ്പോഴാണ് മുതിര്‍ന്നു എന്ന തോന്നല്‍ ഉണ്ടായത്. അച്ഛനും അപ്പൂപ്പനും മാത്രം ഉപയോഗിക്കുന്ന മഷിപ്പേന ഇതാ കയ്യിലേക്കു വരികയാണ്. മുതിർന്നതിന്റെ ആദ്യലക്ഷണം. പേന െകാണ്ട് എഴുതിത്തുടങ്ങുമ്പോള്‍ മഷിപ്പേന തന്നെ വേണമെന്ന് പല പള്ളിക്കൂടങ്ങളിലും കര്‍ശന നിർദേശവും ഉണ്ടായിരുന്നു. എങ്കിലേ െെകയക്ഷരം നന്നാകൂ എന്നു ഗുരുനാഥന്മാരുെട ഉപദേശം.

മഷിയിൽ മുങ്ങിയ തൂവാലകൾ

മഷിപ്പേനയുെട കൂടപ്പിറപ്പാണ് ലീക്ക്. ലീക്കായ മഷി കയ്യിൽ പുരളാത്ത ഒരാളും ഉണ്ടാകില്ല അക്ഷരം പഠിച്ചവരില്‍.  മഷി തൂത്ത് മഷിനിറമായിപ്പോയ ഒരു തൂവാലയുടെ നനവുണ്ടാകും എല്ലാവരുടെയും ഓർമയിൽ. മഷിപ്പേന പോക്കറ്റിലിട്ട് ഒന്ന് ഓ ടിയാൽ മതി മഷി ലീക്കാകാൻ. ചിലപ്പോള്‍ അടപ്പ് തുറക്കുമ്പോഴേ മഷി മുഴുവനും തുളുമ്പി വീഴും െെകകളിലേക്ക്. പിന്നെ, അതു തുടച്ച് വൃത്തിയാക്കാനുള്ള തത്രപ്പാടുകള്‍. പരീക്ഷാഹാളിൽ ഉത്തരമെഴുതാൻ പേന തുറക്കുമ്പോൾ ലീക്കാണെന്ന് അറിയുന്നതാണ് എത്ര വലിയ പഠിപ്പിസ്റ്റിന്റെയും ആ ത്മധൈര്യം േചാര്‍ത്തിക്കളയുന്നത്.

ഇങ്ങനെയാണെങ്കിലും ലീക്കില്ലാത്ത മഷിപ്പേന കിട്ടാത്തതുകൊണ്ട് ചിത്രം വര നിർത്തിയെന്നു പറഞ്ഞ ഒരാളുണ്ട്; തുപ്പേട്ടൻ. സിഗരറ്റ് കൂടിൽ ചിത്രങ്ങൾ വരച്ചു കൂട്ടിയ വള്ളുവനാടിന്റെ സ്വന്തം തുപ്പേട്ടൻ.

ഇനിയുമുണ്ട്, െപാന്‍തിളക്കമുള്ള െപന്‍ ഒാര്‍മകള്‍. േനാട്ട് എഴുതി വരുമ്പോള്‍ അപ്രതീക്ഷിതമായി മഷി തീരും. പിന്നെ െതാട്ടടുത്തിരിക്കുന്ന കൂട്ടുകാരനില്‍ നിന്ന് നാലോ അഞ്ചോ തുള്ളി മഷി കടം വാങ്ങും. പിറ്റേന്ന് അതു തിരിച്ചു െകാടുക്കണം. ഇല്ലെങ്കില്‍ അതു മതി ഒരു ‘ലോകമഹായുദ്ധം’ െപാട്ടിപ്പുറപ്പെടാന്‍.

അഞ്ചു പൈസയ്ക്കും പത്തു പൈസയ്ക്കും മഷി നിറച്ചുകൊടുക്കുന്ന കടകൾ അന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഒടിയുന്ന നിബ്ബ്, അതു മാറ്റാനുള്ള പരക്കം പാച്ചിൽ, എഴുത്തിന്റെ ഒഴുക്ക് ഇല്ലാതാകുമ്പോൾ ബ്ലേഡിന്റെ അറ്റം കൊണ്ട് നിബ്ബിനു നടുവിലൂടെ വരച്ചുള്ള റിപ്പയറിങ് പണികള്‍, നിബ്ബിന്‍റെ അറ്റം ഗ്ലാസില്‍ ഉരച്ചുള്ള സ്മൂത്താക്കല്‍. വടിവാളും െപട്രോളുമായി നടക്കുന്ന ‘ന്യൂെജന്‍’ ചിരിക്കും, എങ്കിലും പറയാം. വഴക്കുണ്ടാക്കാന്‍ വരുന്നവന്‍റെ േപനയുെട നിബ്ബ് ഡസ്കില്‍ കുത്തി ഒടിക്കുന്നതായിരുന്നു അന്നത്തെ ‘മഹേഷ’ന്മാരുെട ഏറ്റവും വലിയ പ്രതികാരം.!

മനുഷ്യന് നാക്കുള്ളതുപോലെ മഷിപ്പേനയ്ക്കും നാക്കുണ്ട്. നിബ്ബിന്‍റെ അടിയില്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ..’ എന്ന മട്ടില്‍ പതുങ്ങിയിരിക്കുന്ന കുഞ്ഞന്‍ സാധനം. നിബ്ബിലേക്കുള്ള മഷിയുെട ഒഴുക്ക് നിയന്ത്രിക്കുകയാണ് നാക്കിന്‍റെ േജാലി. നാക്ക് ശരിയല്ലെങ്കിൽ പേന കുഴപ്പങ്ങളിൽ ചെന്നു ചാടും; മനുഷ്യരെപ്പോലെ തന്നെ.

pen33edrt

മഷിയുണങ്ങാതെ

‘ക്ഷീണിക്കാത്ത മനീഷിയും മഷിയുണങ്ങാത്ത പൊൻപേനയും’ എന്നൊരു പ്രയോഗമുണ്ട് മലയാളത്തിൽ. തളരാത്ത പ്രതിഭയുള്ള പല പ്രതിഭകളെയും വിശേഷിപ്പിക്കുന്നത് ഈ വാചകം കൊണ്ടാണ്. മഷിപ്പേനയിൽ ഒരിക്കലും മഷി ഉണങ്ങാൻ പാടില്ലെന്ന് പേന വിൽപനക്കാരനായ ഷാനവാസും പറയുന്നു. ബസ് സ്റ്റാൻഡുകളിലും  റെയിൽവേ സ്‌റ്റേഷനിലും നടന്നു േപന വില്‍ക്കുകയാണ് ഈ കൊട്ടാരക്കരക്കാരന്‍റെ ജോലി.‘മഷി നിറച്ചാൽ പേനകൾ ഉപയോഗിക്കണം. അല്ലെങ്കിൽ മ ഷി കളഞ്ഞ് കഴുകി വയ്ക്കണം. അല്ലെങ്കിൽ പേന കേടാകും. ഉറപ്പ്.’ മഷിപ്പേന പ്രേമികളോട് ഷാനവാസിന്റെ അഭ്യർഥന.

മഷിപ്പേനകളുടെ കുട്ടിക്കാല ഒാർമയിൽ മഷിക്കും ചില ‘വര്‍ണവിവേചനങ്ങള്‍’ ഉണ്ട്. കറുപ്പും നീലയും കുട്ടികള്‍ക്ക്. ചുവപ്പ് ടീച്ചര്‍ക്ക്. പരീക്ഷാപ്പേപ്പറിൽ പ്രതീക്ഷയുടെ തീനാളം പോലെ കിടക്കും ചുവന്ന മഷി. പച്ച, മുതിര്‍ന്ന അധ്യാപകര്‍ക്കും െഹഡ്മാസ്റ്റര്‍ക്കും മറ്റും ഒപ്പിടാനും ചില അത്യാവശ്യ കാര്യങ്ങള്‍ എഴുതാനും. പച്ചമഷിപ്പേന കൂടുതല്‍ സമയവും അധ്യാപകരുടെ പോക്കറ്റിൽ തന്നെയിരുന്നു. അപൂർവമായി മാത്രം കാണുന്ന ചില കിളികളെപ്പോലെ വല്ലപ്പോഴും ആ പേന പുറത്തേക്കിറങ്ങി.

പരീക്ഷ തീരുന്ന ദിവസം മഷിപ്പേനകൾ  എ.കെ. 47 തോക്കുകളെപ്പോലെ വെടിയുണ്ട ചീറ്റും. മറ്റുള്ളവർ അറിഞ്ഞും അറിയാതെയും ഉടുപ്പുകളിൽ ഗുണനചിഹ്നം വീഴും. അല്ലാതുള്ള ദിവസങ്ങളിൽ ക്ലാസ്സിലെ ഏറ്റവും ഇഷ്ടമുള്ള പെൺകുട്ടിയുടെ പാവാടയിൽ ഒരു തുള്ളി മഷി പടർത്തണം. അതൊരു അടയാളപ്പെടുത്തലാണ്. പ്രണയത്തിന്റെ സ്മാരകം പോലെ കുറച്ചുദിവസം ആ മഷിപ്പാട് അവിടെ ഉണ്ടാകും. പിന്നീടത് ആ പ്രണയം പോലെതന്നെ മാഞ്ഞുപോകും.

ജീവിതം മുഴുവനും മഷിപ്പേനയ്ക്കുവേണ്ടി ജീവിച്ച ഒരാൾ തിരുവനന്തപുരത്തുണ്ടായിരുന്നു; മണക്കാട് ശാസ്താക്ഷേത്രത്തിനു സമീപം താമസിച്ചിരുന്ന പഴനി. കഴിഞ്ഞ മാസമാണ് അദ്ദേഹം പേന അടച്ചുവച്ച് ജീവിതത്തിൽ നിന്നു വിടവാങ്ങിയത്. ഭാര്യയും മൂന്നു പെൺമക്കളും പിന്നെ, പഴനി സ്നേഹിച്ചിരുന്ന ഷീഫേഴ്സിന്റെയും ബ്ലാക് ബേർഡിന്റെയും മോബ്ലോയുടെയും അവിശിഷ്ടങ്ങളും ബാക്കിയുണ്ട് ഇപ്പോഴവിടെ. പിന്നെ, കേരളത്തിലെ അപൂർവം പെന്‍ഡോക്ടർമാരിൽ ഒരാള്‍ എന്ന ഖ്യാതിയും. പേന ശരിയാേയാ എന്നു നോക്കാനല്ലാതെ പഴനി ഒന്നും എഴുതിയിരുന്നില്ല. ശ്രീചിത്തിര തിരുനാൾ മഹാരാജാവ് ഉപയോഗിച്ചിരുന്ന വിലകൂടിയ സെവൻ പോയിന്റ് എവർഷാർപ്പൻ പേനയും പഴനിയുെട ‘ചികിത്സ’ തേടിയിട്ടുണ്ട്.

മുൻമുഖ്യമന്ത്രി ഇ.എം.എസിന് ഏറ്റവും ഇഷ്ടക്കുറവുള്ള കാര്യം അദ്ദേഹത്തിന്റെ മഷിപ്പേന മറ്റാരെങ്കിലും എടുക്കുന്നതായിരുന്നു. എന്നാലും ആ പേനകൾ എടുത്ത് എഴുതാനുള്ള അവകാശം പഴനിക്കുണ്ടായിരുന്നു. പോയ തലമുറയിലെ രാഷ്ര്ട്രീയക്കാരും സാഹിത്യകാരന്മാരും സിനിമാക്കാരും ഒക്കെ പഴനിയെ തേടി വന്നു, അവരുെട പ്രിയപ്പെട്ട േപനകളുമായി.

സിനിമയുടെ മഷി

ഏറ്റവും ആധുനികവും ഏറ്റവും വിലപിടിപ്പുള്ളതുമായ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന മേഖലയാണ് സിനിമ. എന്നാൽ സിനിമയുടെ എഴുത്തുജോലികൾ ഇ പ്പോഴും പേനയും പേപ്പറും കൊണ്ടുതന്നെ. പുതിയ എഴുത്തുകാരിലും  പഴയ എഴുത്തുകാരിലും  വളരെ ചുരുക്കം േപരെ എ ഴുത്തിന് ഇലക്ട്രോണിക് മാധ്യമങ്ങളെ ആശ്രയിക്കുന്നുള്ളു. ‘ഞങ്ങളൊക്കെ എഴുതി വന്നവരാണ്. അതുകൊണ്ട് ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. സർഗാത്മകമായ എഴുത്ത് ഒരു ശീലത്തിന്റെ തുടർച്ചയാണ്. അത് ഇടയ്ക്കുവച്ച് മാറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല. പിന്നെ എഴുതാൻ മഷിപ്പേനയാണ് ഉപയോഗിക്കുന്നത്. ചിലപ്പോൾ ബോള്‍പേനയും.’ സത്യൻ അന്തിക്കാട് പറയുന്നു.

‘‘എഴുത്താണ് ശീലം. അതുകൊണ്ട് തുടർന്നും എഴുതുന്നു. എഴുത്തിന് പ്രത്യേകനിബന്ധനകളോ ശാഠ്യങ്ങളോ ഒന്നുമില്ല. പ്രത്യേകിച്ചും പേനയുടെ കാര്യത്തിൽ. കിട്ടുന്ന പേന വച്ച് എഴുതും. മഷിപ്പേനയാണെങ്കിലും അല്ലെങ്കിലും.’ പുതുമുഖ തിരക്കഥാകൃത്തുക്കളില്‍ പ്രമുഖനായ ശ്യാം പുഷ്കർ പറയുന്നു.

മഷിപ്പേനയെക്കുറിച്ച് ഇങ്ങനെ എഴുതിപ്പോയാൽ ഇനിയും ഒരുപാട് കാര്യങ്ങൾ എഴുതാനുണ്ട്. പക്ഷേ, സമയമില്ല, സ്ഥലവും. അതുകൊണ്ട് മഷിപ്പേനയെക്കുറിച്ച് കംപ്യൂട്ടറിൽ എഴുതുന്ന ഈ നൊസ്റ്റാൾജിയ ഇവിടെ അവസാനിപ്പിക്കുന്നു...

മഷിപ്പേന പിറന്നതെങ്ങനെ 

മഷിയിൽ തൂവൽ മുക്കി എഴുതിയ പൂർവരൂപത്തിൽ നിന്നു പല പരീക്ഷണങ്ങൾ കടന്നാണു മ ഷിപ്പേന വന്നത്. 1827ൽ പെട്രേഷ്യ എന്ന അമേരിക്കക്കാരൻ മഷിപ്പേനകളുടെ പൂർവരൂപം കണ്ടുപിടിച്ചു. ഇന്നു നമ്മൾ കാണുന്ന പേനയുടെ പൂർവരൂപം ഉണ്ടായത് 1884 ലാണ്. ഒരു ഇൻഷുറൻസ് കമ്പനി ഏജന്റായിരുന്ന ലൂയി വാട്ടർമാനെ ആണ് ഫൗണ്ടൻ പേനയുടെ ഉപജ്ഞാതാവായി ലോകം അംഗീകരിച്ചത്.

മഷി നിറച്ച കുഴലിൽ നിന്നു മഷി നിബ്ബുകളിലെത്തുന്ന പ്രവർത്തനമായിരുന്നു വാട്ടർമാൻ നിർമിച്ച പേനയുടെ സവിശേഷത. പിന്നീട് വാട്ടർമാൻ പേനകൾക്കുവേണ്ടി ഒരു കമ്പനി രൂപീകരിക്കുകയും ആ കമ്പനി അന്താരാഷ്ട്ര പ്രശസ്തമാകുകയും ചെയ്തു. ഇന്നും ലോകത്തിലെ ഏറ്റവും വില കൂടിയ മഷിപ്പേനകൾ വാട്ടൻമാൻ കമ്പനി നിർമിച്ചുകൊണ്ടിരിക്കുന്നു. മോബ്ല, ഷീഫർ, െെപലറ്റ്, ലാ മി, പാർക്കർ തുടങ്ങിയവ, മഷിപ്പേന നിർമിക്കുന്ന അന്താരാഷ്ട്ര ബ്രാൻഡുകളാണ്.

ചൈനയിലേക്ക് ഇന്ത്യയുടെ മഷി 

ക്രിസ്തുവിനും മുൻപ്, തേനിൽ വിളക്കുകരി ചാലിച്ച് ഈജിപ്തിൽ മഷിയുണ്ടാക്കിയിരുന്നതായി ചരിത്രം പറയുന്നു. മൃഗക്കൊഴുപ്പും പുകക്കരിയും ഉപയോഗിച്ചു െെചനക്കാർ മഷിയുണ്ടാക്കി. എന്നാൽ കമ്യൂണിസത്തിനു മുൻപ് െെചനയിൽ പ്രിയം ഇന്ത്യൻ മഷിക്കായിരുന്നു. ഇവിടെ നിന്നുള്ള അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ചു നിർമിച്ചിരുന്ന മഷിയായിരുന്നു ഇന്ത്യൻ മഷി.

മഷി നിറയ്ക്കാത്ത പേനകള്‍

വിലകൂടിയ വാച്ചു കെട്ടുന്നതുപോലെ വില കൂടിയ  ഒരു പേന പോക്കറ്റിൽ  സൂക്ഷിക്കാൻ പലരും  ആഗ്രഹിക്കുന്നു. പേന വിപണിയിൽ നാൽപതു ശതമാനം മഷിപ്പേനകളുടേതാണ്. മുന്നൂറു രൂപ മുതൽ തുടങ്ങുന്നു നല്ല  ഫൗണ്ടൻ പേനകളുടെ വില. െല മോഡേണിസ്റ്റ് കമ്പനിയുടെ റേഡിയവും സ്വർണവും െകാണ്ടു നിര്‍മിച്ച പേനയുടെ വില കേട്ടാൽ ഞെട്ടും, ഒരു കോടി രൂപ. വില കൂടിയ േപനകള്‍ സ്റ്റാറ്റസ് സിംബലായി പോക്കറ്റില്‍ കുത്തി നടക്കും എന്നല്ലാതെ എഴുതാൻ ആരും ഉപയോഗിക്കുന്നില്ല എന്നതു മറ്റൊരു രഹസ്യം. 

വർഷങ്ങൾക്കു മുൻപാണ്. തിരുവനന്തപുരത്തെ വ്യവസായപ്രമുഖൻ കരാർ ഒപ്പിടുന്നതിനു സെക്രട്ടറിയേറ്റിലെത്തി. കെ.കരുണാകരനായിരുന്നു അന്നു മുഖ്യമന്ത്രി. കരാറിൽ ഒപ്പിടേണ്ട സമയം. പ്രമുഖൻ ചുറ്റും നിന്നവരോട് പേന ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പോക്കറ്റിൽ ഒരു ലക്ഷം രൂപ വിലവരുന്ന രണ്ടു പേന ഉണ്ടായിരുന്നു. എന്നിട്ടും എന്തിനാണ് മറ്റൊരു പേനയെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ പ്രമുഖൻ ചമ്മിയ മുഖത്തോടെ പറഞ്ഞു, ‘സാർ ഞാൻ ഈ പേനകളിൽ ഇന്നേ വരെ മഷി നിറച്ചിട്ടില്ല.’

Tags:
  • Spotlight