Friday 19 June 2020 12:28 PM IST

‘കോവിഡാണെന്ന് അറിയാമായിരുന്നെങ്കിൽ ഞങ്ങളുടെ മുത്തിന് ഉമ്മ കൊടുക്കുമോ? ഏറെ വേദനിപ്പിച്ചു, ആ ആരോപണം!’

Tency Jacob

Sub Editor

robin11 ഫോട്ടോ: നിഖിൽ രാജ്, ഗിബി സാം

‘‘കൂടുതലൊന്നും പറയാനില്ല. ഇനിയൊരു സൈബർ ആക്രമണം കൂടി താങ്ങാൻ വയ്യ.’’ റിജോ ആദ്യമൊന്നും സംസാരിക്കാൻ തയാറായതേയില്ല.

‘‘മോൻ ശരിക്കു തകർന്നു പോയി. കൊറോണ കേരളത്തിലേക്കു കൊണ്ടുവന്നത് ഞങ്ങളാണെന്ന മട്ടിലുള്ള ആൾക്കാരുടെ ഇടപെടൽ ഭീകരാനുഭവമായിരുന്നു.’’ ഇറ്റലിയിൽനിന്ന് നാട്ടിൽ അവധിക്ക് വന്ന സമയത്ത് കോവിഡ്19 ബാധിച്ച പത്തനംതിട്ട റാന്നി ഐത്തലയിലെ പട്ടയിൽ വീട്ടിൽ മോൺസിയും ഭാര്യ രമണിയും മകൻ റിജോയും ആ ദിവസങ്ങൾ ഓർക്കാനേ ഇഷ്ടപ്പെടുന്നില്ല. മോൺസിയുടെ മാതാപിതാക്കൾക്കും മകൾക്കും മരുമകനും ചേട്ടനും ഭാര്യയ്ക്കും ഇവരുമായുള്ള സമ്പർക്കം മൂലം കോവിഡ് ബാധിച്ചിരുന്നു.

ഇറ്റലിയിൽ നിന്നെത്തിയ ദൂരം

‘‘ഞങ്ങൾ 20 കൊല്ലമായി ഇറ്റലിയിലെ വെനീസിലാണ്. അവിടെ ഒരു കമ്പനിയിലാണ് എനിക്കു േജാലി. രണ്ടു മക്കള്‍, റിജോയും റീനയും.’’ മോൺസി വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.

‘‘മകൾ ഇറ്റലിയിൽ നഴ്സ് ആയിരുന്നു. ആറുമാസം മുൻപ് കുട്ടിയുമായി അവൾ നാട്ടിലേക്കു പോന്നു. അവളുടെ ഭർത്താവ് റോബിൻ ദുബായിൽ നഴ്സായിരുന്നു. റോബിന്റെ മാതാപിതാക്കൾക്ക്  പ്രായാധിക്യമായതുകൊണ്ട് അവർക്കൊപ്പം നിൽക്കാനാണ് രണ്ടു പേരും വിദേശത്തെ ജോലി ഉപേക്ഷിച്ച് ഇവിടേയ്ക്ക് വന്നത്.

റിജോ ബിഎസ്‌സി റേഡിയോളജി പഠിച്ചത് നാട്ടിലായിരുന്നു. അന്ന് എന്റെ അപ്പച്ചനും അമ്മച്ചിക്കുമൊപ്പമാണ് അവന്റെ താമസം. അവൻ അവരുമായി വലിയ അടുപ്പമാണ്. അപ്പച്ചന് ലിവർ സിറോസിസ് ബാധിച്ച് ആശുപത്രിയിലായപ്പോൾ കഴിഞ്ഞ വർഷം ഞങ്ങൾ നാട്ടിൽ വന്നിരുന്നു. പക്ഷേ, റിജോയ്ക്ക് വരാൻ കഴിഞ്ഞില്ല.’’

ഞാൻ നാലു വർഷം കൂടിയാണു നാട്ടിൽ വരുന്നത്. ‘ഒന്നു വന്നു പോ മക്കളേ, അടുത്ത വർഷം വരെ ഞാൻ ഉണ്ടാകുമോ എന്നറിയില്ലല്ലോ...’ എന്നൊക്കെ അപ്പച്ചൻ വിളിച്ചു പറഞ്ഞപ്പോള്‍ ലീവും സംഘടിപ്പിച്ച് എല്ലാവരുമായി നാട്ടിലേക്ക് പോന്നു.

വയസ്സായ ആളല്ലേ, വാക്കുകൾ ധിക്കരിക്കാൻ തോന്നിയില്ല. എനിക്ക് അപ്പച്ചനെ നേരിൽ കാണണമെന്ന് വലിയ ആഗ്രഹവുമുണ്ടായിരുന്നു.’’ റിജോ നാട്ടിലേക്കു വന്ന സാഹചര്യം പറഞ്ഞു.

ഞങ്ങൾ യാത്ര പുറപ്പെടുമ്പോഴോ തുടർന്നുള്ള ആഴ്ചയോ ഇറ്റലിയിൽ ഞങ്ങൾ താമസിച്ചിരുന്ന ഭാഗത്ത് ആർക്കും ഈ അസുഖം ബാധിച്ചിരുന്നില്ല. നാട്ടിലേക്കു പുറപ്പെടുന്നതിന്റെ തലേന്ന് ബന്ധുക്കൾക്കൊപ്പം ഡിന്നർ കഴിച്ചിരുന്നു. അവരാണ് ഞങ്ങളെ എയർപോർട്ടിൽ എത്തിച്ചത്. ‍ഞങ്ങൾ നാട്ടിൽ അഡ്മിറ്റ് ആയപ്പോഴേ അവരോട് ടെസ്റ്റ് ചെയ്യാൻ വിളിച്ചു പറഞ്ഞു. എല്ലാവരുടേയും ഫലം നെഗറ്റീവായിരുന്നു. ഞങ്ങൾ നാട്ടിലെത്തി 10 ദിവസത്തിനു ശേഷമാണ് ഇറ്റലി  മുഴുവനും ലോക്ഡൗൺ ആകുന്നത്.

ആ യാത്രയ്ക്കിടയിൽ

ഞങ്ങൾ ഇറ്റലിയിൽ നിന്നു ദോഹയിലേക്കു വന്ന വിമാനത്തിൽ ധാരാളം ചൈനക്കാരും സൗത്ത് കൊറിയക്കാരും ഉണ്ടായിരുന്നു. ആ യാത്രയിലാകണം ഞങ്ങൾക്ക് രോഗം ബാധിച്ചത്. പിന്നീട് ദോഹയിൽ നിന്നു കൊച്ചിയിലേക്കു വന്ന വിമാനത്തിൽ ഭൂരിപക്ഷവും മലയാളികളായിരുന്നു. അവർക്കാർക്കും ഞങ്ങളിൽ നിന്ന് കോവിഡ് പകർന്നതായി ഇതുവരെ അറിവില്ല.

എയർപോർട്ടിലെ സ്ക്രീനിങ് ടെസ്റ്റ്  അവഗണിച്ചു, നാട്ടിൽ വന്നതിനു ശേഷം ക്വാറന്റീനിൽ ഇരുന്നില്ല, ഹോസ്പിറ്റലിൽ വിവരം മറച്ചു വച്ചു ഇതെല്ലാമായിരുന്നു ഞങ്ങൾക്കെതിരെയുള്ള പരാതി. ഇനിയും ആ വിഷയത്തെ കുറിച്ചു സംസാരിക്കാൻ ഞങ്ങൾ തയാറല്ല. ചർച്ചകളൊരുപാടു ചെയ്തും ഉത്തരം പറഞ്ഞും കഴിഞ്ഞു പോയ വിഷയമാണ്.’’ മോൺസിയുടെ സ്വരത്തിൽ പടർന്നു കയറുന്നുണ്ട് നിരാശയുടെ നിഴൽ.

ഇത് കൂടി കേൾക്കൂ...

‘‘പപ്പ രണ്ടുപ്രാവശ്യം ഹാർട്ട് അറ്റാക്ക് വന്നയാളാണ്. ബിപിയും കൊളസ്ട്രോളും ഷുഗറുമുണ്ട്. അതുകൊണ്ടുതന്നെ ചെറിയൊരു അസുഖം വന്നാൽ പോലും ഞങ്ങൾ കൃത്യമായി ഹോസ്പിറ്റലിൽ പോകും. അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് എടുത്തുചാടാൻ ആരേലും ശ്രമിക്കുമോ?’’ റിജോ അമ്പരപ്പ് മറച്ചുവയ്ക്കുന്നില്ല.

 ‘‘രോഗം വന്നിട്ടു ചികിത്സിക്കാമെന്നല്ലല്ലോ, രോഗം വരാതിരിക്കാനല്ലേ നമ്മളെല്ലാം നോക്കുന്നത്. കോവിഡ് ബാധിച്ചെന്നു മനസ്സിലായെങ്കിൽ പപ്പയ്ക്ക് ഞങ്ങൾ സുരക്ഷ എടുക്കില്ലേ.

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ഞങ്ങളെ കൊണ്ടുപോകാൻ വന്നത് പെങ്ങളും അളിയനുമാണ്. അവരുടെ മകൾ ഞങ്ങളെ കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചു. മമ്മിയെ അവൾക്ക് വലിയ കാര്യമാണ്. അസുഖമുണ്ടെന്ന് അറിയാമായിരുന്നെങ്കിൽ ഞങ്ങളുടെയെല്ലാം പ്രാണനായ ആ കുഞ്ഞിനു ഞങ്ങൾ ഉമ്മ കൊടുക്കുമോ? അതുപോലെ തൊണ്ണൂറുകളിലെത്തി നിൽക്കുന്ന അപ്പച്ചനേയും അമ്മച്ചിയേയും കെട്ടിപ്പിടിക്കുമോ? ഞങ്ങള്‍ അറിഞ്ഞിട്ടും രോഗം മൂടിവച്ചെന്നായിരുന്നു ആളുകൾ പറഞ്ഞത്. വളരെ വേദനിപ്പിച്ചു, ആ ആരോപണം.

നാട്ടിൽ വന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ മമ്മിക്ക് രക്തസമ്മർദം കൂടി തലകറക്കം വന്നു. ആശുപത്രിയിൽ ചെന്നപ്പോൾ ചെറിയ പനിയുണ്ട്. ഡോക്ടർ മരുന്നു കുറിച്ചു തന്നു വിട്ടു. അല്ലാതെ ഒരു ലക്ഷണവും ഞങ്ങൾക്കാർക്കും ഉണ്ടായിട്ടില്ല.  ചെറിയ സംശയം പോലും തോന്നാത്തതുകൊണ്ടാണ് ഞങ്ങൾ യാത്രകൾ നടത്തിയത്. അത്യാവശ്യത്തിനു മാത്രമാണ് പുറത്തിറങ്ങിയത്.

പള്ളിയിൽ പോയെന്നും സിനിമയ്ക്കു പോയെന്നുമൊക്കെ പ്രചരണമുണ്ടായിരുന്നു. അതെല്ലാം തെറ്റാണ്. 2500 പേർ പങ്കെടുത്ത കല്യാണത്തിൽ പങ്കെടുത്തെന്നു പറഞ്ഞ് ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ടായിരുന്നു. റേറ്റിങ് കൂട്ടാനാകണം ചില ചാനലുകാരും അതെടുത്ത് ഉപയോഗിച്ചു ആളുകളെ ഭീതിയിലാഴ്ത്തി. ഏഴുകൊല്ലം മുൻപ് പെങ്ങളുടെ കല്യാണത്തിനെടുത്ത ഫോട്ടോയായിരുന്നു അത്. പെങ്ങളുടെ കുഞ്ഞിനിപ്പോൾ നാലു വയസ്സായി.

വീടിന്റെ തൊട്ടടുത്തു താമസിക്കുന്ന പപ്പയുടെ ചേട്ടനു പനി വന്ന് ഹോസ്പിറ്റലിലേക്കു പോയപ്പോഴാണ് കോവിഡാണോയെന്നു സംശയിക്കുന്നതും ഞങ്ങളെയെല്ലാം ഐസലേഷനിലാക്കുന്നതും. പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ ഞങ്ങൾ മൂന്നുപേരും ഒരു മുറിയിലായിരുന്നു. അപ്പച്ചനേയും അമ്മച്ചിയേയും കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. പെങ്ങളും അളിയനും അവിടെയുണ്ടായിരുന്നു. അവരെ പിരിഞ്ഞു നിൽക്കാൻ പ്രായമാകാത്തതുകൊണ്ട് മോളെയും അവരുടെ കൂടെ ഹോസ്പിറ്റലിലാക്കി.

ആ പ്രായത്തിലുള്ള കുട്ടികളെ ഐസൊലേഷനിൽ ആക്കാൻ ബുദ്ധിമുട്ടല്ലേ. കളർ പെൻസിലും പുസ്തകവുമൊക്കെ ഡോക്ടർമാർ അവൾക്കു വാങ്ങിക്കൊടുത്തു. മോൾ അതിൽ വരച്ചും കളിച്ചും മിടുക്കിയായി ഇരുന്നു. കണ്ടതു മുതൽ ഞങ്ങളുടെ വിരൽത്തുമ്പിൽ നിന്നു വിട്ടുപോകാത്ത കുഞ്ഞാണ്. അവൾക്ക് അസുഖം വരാതിരുന്നത് വലിയ ആശ്വാസമായിരുന്നു. അതിനു ദൈവത്തിനു നന്ദി.’ റിജോയുടെ വാക്കുകളിൽ നിറയുന്ന ആശ്വാസം.

ഒപ്പം നിന്നവർ

‘‘കോവിഡ് വന്നു മരിക്കുമോ എന്നു ഭയപ്പെടാനൊന്നും അധികം അവസരം കിട്ടിയില്ല. അല്ലാതെ തന്നെ  ജീവൻ കളയണോ എന്ന ചിന്തയിലേക്ക് എത്തിക്കാൻ മാത്രം മൂർച്ചയുള്ളതായിരുന്നു സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരുന്ന വാർത്തകൾ. യാഥാർഥ്യം  ആരും വിശ്വസിക്കാത്ത  അവസ്ഥ.’’ ഭയാനകമായ ആ ദിനങ്ങളെ കുറിച്ച പറയുമ്പോൾ റിജോയുടെ സ്വരത്തിൽ ഇപ്പോഴും നിറയുന്നുണ്ട്, സങ്കടം.

‘‘ആദ്യത്തെ മൂന്നു ദിവസം ഫോൺ തൊടാൻ തന്നെ പേടിയായിരുന്നു. സ്വന്തം നാട്ടിൽ രാജ്യദ്രോഹിയെപ്പോലെ ആളുകൾ കാണുക എന്നുള്ളത് ഭയപ്പെടുത്തുന്ന അവസ്ഥയാണ്. ആ സമയത്തെല്ലാം മാധ്യമങ്ങളിൽ മറ്റു രാജ്യങ്ങളിലെ മരണക്കണക്ക് മാത്രമേ കാണിക്കുന്നുണ്ടായിരുന്നുള്ളൂ. ഇറ്റലിയിൽ മരണനിരക്ക് കൂടിയിരുന്നു. അതുകൊണ്ട് ചെറുതായൊരു മരണഭീതി ഞങ്ങൾക്കും ഉണ്ടായിരുന്നു.

NIK_8481

ആശ്വാസം പകർന്നവർ

ഡോക്ടർമാരുടേയും നഴ്സുമാരുടെയും  പെരുമാറ്റം  ഞങ്ങൾക്ക് തന്ന ആശ്വാസ‌ത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ലോകം മുഴുവൻ ഭീതിയോടെ കാണുന്ന ഈ രോഗത്തെ അതിജീവിക്കാൻ കഴിയും എന്ന വിശ്വാസം അവർ ഞങ്ങളുടെ ഉള്ളിൽ നിറച്ചു.ആരോപണങ്ങളിൽ തളരേണ്ട എന്നാശ്വസിപ്പിച്ചു. ഞങ്ങളെക്കാൾ വെല്ലുവിളി മെഡിക്കൽ ടീമിനായിരുന്നു. അവർക്ക് കോവിഡ് രോഗിയെ പരിചരിച്ച്  മുൻപ‌രിചയമില്ലല്ലോ. പത്തനംതിട്ടയിലെ ആദ്യ രോഗികളായിരുന്നല്ലോ ഞങ്ങൾ. അവർ നന്നായി കഷ്ടപ്പെട്ടു. ഇപ്പോഴും അത് തുടരുന്നു. അതിന്റെ ഫലമാണ് നമ്മുടെ നാട്ടിൽ പുലരുന്ന വിശ്വാസവും  ആശ്വാസവും.

കോവിഡ് 19 പേടിക്കേണ്ട രോഗമല്ല. ആരോഗ്യ വിദഗ്ധർ പറയുന്നതു പോലെ ഭീതി വേണ്ട, ജാഗ്രത മാത്രം മതി. നമ്മുടെ ഗവൺമെന്റ് വളരെ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്. 93 വയസ്സുള്ള അപ്പച്ചനും 89 വയസ്സുള്ള അമ്മച്ചിക്കും  ഞങ്ങളുടെ പപ്പയ്ക്കും നിഷ്പ്രയാസം  രോഗത്തെ തുരത്തിയോടിക്കാമെങ്കിൽ തീർച്ചയായും എല്ലാവർക്കും സാധിക്കും.’’ റിജോയുെട  ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍.

മൂന്നു ഡോക്ടർമാരായിരുന്നു മെഡിക്കൽ ടീമിലുണ്ടായിരുന്നത്. അവരെ ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. പ്രത്യേകിച്ച് ഡോ. നസ്‌ലീമിനെ. ഞങ്ങൾ പൊസിറ്റിവാണെന്നും ഒടുവി ൽ അസുഖം മാറി നെഗറ്റിവായെന്നും അ റിയിച്ചത് ഡോ. നസ്‌ലീം ആണ്. സർക്കാരും നല്ല പിന്തുണയായിരുന്നു നൽകിയത്. ആരോഗ്യമന്ത്രി ശൈലജ ടീച്ചറും പത്തനംതിട്ട കലക്ടർ പി.ബി. നൂഹും മിക്ക ദിവസങ്ങളിലും വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. ’’

ആ സങ്കടം ബാക്കി

‘‘ഞങ്ങൾ കാരണം എല്ലാവർക്കും  ബുദ്ധിമുട്ടായല്ലോ എന്നൊരു സങ്കടം കുടഞ്ഞു കളയാൻ പറ്റുന്നുണ്ടായിരുന്നില്ല. പക്ഷേ, ഞങ്ങളെ നന്നായി അറിയാവുന്നവരെല്ലാം പ്രതിസന്ധിയിലും ഒപ്പം നിന്നു. എന്നും  വിളിച്ചിരുന്ന ഒരു സുഹൃത്തുണ്ട്. അവരുടേത് ഒരു ബിസിനസ് കുടുംബമാണ്. ലോക്ഡൗണായി അതൊക്കെ അടച്ചിടേണ്ടി വന്നപ്പോൾ നഷ്ടമൊക്കെ ഉണ്ടായിട്ടുണ്ടാകും.

ഞങ്ങൾ വന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവർക്ക് ചിന്തിക്കാം.‘നിങ്ങൾ അല്ലെങ്കിൽ വേറൊരാൾ വഴി എന്തായാലും ഇത് വന്നേനേ.’ എന്നായിരുന്നു അവർ പറഞ്ഞത്. ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു. പിന്നെ, ഞങ്ങളുടെ വാർഡ് മെമ്പർ ബോബിച്ചേട്ടൻ തന്ന സഹായങ്ങളും മറക്കാൻ പറ്റില്ല.

എന്തിനാണ് ഒറ്റപ്പെടുത്തുന്നത്?

ഇപ്പോൾ, എന്തെങ്കിലും ആവശ്യത്തിനു പുറത്തേക്കിറങ്ങുമ്പോൾ ഞങ്ങളെ കാണുമ്പോഴേക്കും പലരും ഓടി മാറുന്നു. പേരു പറഞ്ഞ് തിരിച്ചറിയുന്നിടത്ത് പേടിയോടെ നോക്കുന്നു. ഇതെല്ലാം കാണുമ്പോൾ സങ്കടമാണ്.

‘ഞങ്ങളെന്തിനാണ് നിന്നെ പേടിക്കുന്നത്. നിങ്ങൾ രോഗമില്ലാത്തവരാണെന്നു സർട്ടിഫൈ ചെയ്തവരാണ്. മറ്റുള്ളവരെയല്ലേ പേടിക്കേണ്ടത്. അവർക്ക് അസുഖമുണ്ടോ ഇല്ലയോ എന്നറിയില്ലല്ലോ.’ എന്നെല്ലാം കൂട്ടുകാർ ആശ്വസിപ്പിക്കും. അതൊക്കെ കേൾക്കുമ്പോൾ ആത്മവിശ്വാസം തോന്നും.

ശരിയാണ് ഞങ്ങളെയെന്തിനാണ് പേടിക്കുന്നത്. മറ്റുള്ളവർക്കൊരു ബുദ്ധിമുട്ട് വരാതിരിക്കാൻ ഒരു മീറ്ററല്ല, മൂന്നു മീറ്റർ സാമൂഹിക അകലം പാലിച്ചാണ് ഞങ്ങൾ പൊതുവിടങ്ങളിൽ നിൽക്കുന്നത്. കൃത്യമായി മാസ്കും ഹാൻഡ് വാഷും ഉപയോഗിക്കുന്നുണ്ട്.

ഇനിയും, ഞങ്ങളെ മാറ്റി നിറുത്തേണ്ട കാര്യമെന്താണ്. രോഗത്തേക്കാൾ കൂ‌ടുതൽ ഈ ഒറ്റപ്പെടുത്തലാണ് തളർത്തുന്നത്. സർക്കാർ പറയുന്ന ആ വാചകം ഉള്ളിൽ തട്ടി ഞാൻ നിങ്ങളോട് എല്ലാവരോടും പറയുകയാണ്.  ഭീതി വേണ്ട, ജാഗ്രത മാത്രം മതി.’’

Italy-Aravind-Venugopal-1

മരുന്നിനേക്കാൾ ഗുണം ചെയ്തത്

മോൺസിയുടെ മകൾ റീനയ്ക്കും ഭർത്താവ് റോബിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ചില്ലെങ്കിലും നാലു വയസ്സുള്ള മകൾ റിയന്നയും അവർക്കൊപ്പം കോട്ടയം മെഡിക്കൽ കോളജിലായിരുന്നു.

‘‘നമ്മൾ മരിച്ചു പോയാൽ കുഞ്ഞ് എന്തു ചെയ്യും എന്നു ഭാര്യ റീന ചോദിക്കുമ്പോൾ ഉത്തരമുണ്ടായിരുന്നില്ല. അതിനിടയിലാണ് മറ്റുളളവരുടെ കുറ്റപ്പെടുത്തലുകൾ. അവളും കുഞ്ഞും കാണാതെ ഇടയ്ക്ക് ബാത്‌റൂമിൽ പോയിരുന്നു കരഞ്ഞു തീർക്കും.’’ റോബിൻ ആ ദിവസങ്ങൾ  ഓർത്തെടുക്കുന്നു. ‘‘പിന്നീട് ഹോസ്പിറ്റലിലുള്ളവരും വേണ്ടപ്പെട്ടവരും രാഷ്ട്രീയ നേതാക്കളും സഭയിലെ തിരുമേനിമാരുമൊക്കെ വിളിച്ചു സംസാരിച്ചപ്പോൾ  പേടി മെല്ലെ ഇല്ലാതായി. അതായിരുന്നു മരുന്നിനേക്കാൾ ഗു ണം ചെയ്തത്.

രാത്രിയാകുമ്പോൾ മൂന്നു ബെഡ്ഡും ഒരുമിച്ചിട്ട് മോളെ നടുവിൽ കിടത്തും. അവള് ഞങ്ങളുടെ ദേഹത്ത് കയറിക്കിടക്കാനും ഉമ്മ വയ്ക്കാനുമൊക്കെ നോക്കും.‘എന്താ എന്നെ ഇപ്പോൾ തോളത്തെടുക്കാത്തത്’ എന്നെല്ലാം സങ്കടം പറയും. പിന്നെ പിന്നെ അവൾക്കും മനസ്സിലായി, എന്തോ കുഴപ്പമുണ്ടെന്ന്. ’’

പ്രകാശം പരന്ന ദിനങ്ങൾ

മാർച്ച് എട്ടാം തീയതിയാണ് കോവിഡിന്റെ റിസൽറ്റ് പൊസിറ്റിവ് ആണെന്നു വരുന്നത്. രണ്ടു തവണ ടെസ്റ്റ് ചെയ്ത് നെഗറ്റീവായതിനു ശേഷം മുപ്പതാം തീയതി ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജായി.

വീട്ടിൽ വന്നു 14 ദിവസം ക്വാറന്റീനിലിരുന്നു ടെസ്റ്റ് ചെയ്തപ്പോഴും നെഗറ്റീവായി. വീണ്ടും ഇതെല്ലാം ആ വർത്തിച്ചു. അതിനുശേഷം  കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാണ് വീടിനു പുറത്തേക്കിറങ്ങുന്നത്.

‘ഞങ്ങൾ നോക്കുന്നേലും നല്ല കെയറായിരുന്നു’എന്നാണ് കോട്ടയം മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തകരെക്കുറിച്ചുള്ള അപ്പച്ചന്റെ കമന്റ്. ഒരു മാസത്തിനടുത്ത് എല്ലാവരും അവരവരുടെ മുറിയിൽ ക്വാറന്റീനിൽ ആയിരുന്നല്ലോ. അതുകഴിഞ്ഞ് ഒരുമിച്ചു കൂടി പ്രാർഥിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തപ്പോൾ അപ്പച്ചന് നല്ല സന്തോഷമായി. 55 വർഷമായി പപ്പയുടെ കുടുംബം ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്.

മൂന്നാഴ്ചത്തെ ലീവിലേക്കാണ് വന്നത്. ഇനിയിപ്പോൾ എന്നു തിരിച്ചു പോകാൻ പറ്റും എന്നറിയില്ല. പെങ്ങളുടെ മോളെ കണ്ടിട്ടു കുറേ ദിവസമായി. ഇവിടെ വരണം എന്നു പറഞ്ഞു ഭയങ്കര ബഹളമാണ്. ‘ഞാനവിടെ വന്നു കൊറോണയെ സാനിറ്റൈസർ ഒഴിച്ചു ശരിയാക്കാം’ എന്നൊക്കെയാണ് അവൾ പറയുന്നത്.

Tags:
  • Spotlight