Tuesday 26 October 2021 05:33 PM IST

5500 കി.മീ, 40 ദിവസം! കശ്മീരിൽ നിന്നും കന്യാകുമാരി വരെ സ്കൂട്ടറിൽ: ചിറകുവിരിച്ച് ജോഷ്നയും മേരിയും

Binsha Muhammed

joshna-travel

സ്വപ്നം കണ്ടതെല്ലാം സ്വന്തമാക്കാനുള്ള വരം വാങ്ങിയ രണ്ട് പെണ്ണുങ്ങൾ. അവരുടെ സ്വപ്നങ്ങൾക്ക് പരിധികളില്ലായിരുന്നു. കാടും മേടും മലയും പുഴയും താണ്ടാൻ മുന്നിട്ടിറങ്ങിയപ്പോൾ ജീവിതത്തിന്റെ പ്രാരാബ്ദ കെട്ടുകൾ അവർക്ക് മുന്നിൽ റെഡ് സിഗ്നൽ കാട്ടിയില്ല. ഓരോ വഴിത്താരയിലും തെളിയുന്ന പ്രതിബന്ധങ്ങളെയും ഊരാക്കുടുക്കുകളേയും അഴിക്കുന്ന അതേ ലാഘവത്തോടെ ജീവിതത്തിലെ എല്ലാ വീർപ്പുമുട്ടലുകൾക്കും തിരക്കുകൾക്കും അവധി നൽകി ഈ രണ്ട് പെണ്ണുങ്ങള്‍ ഇറങ്ങിത്തിരിച്ചു. മഞ്ഞിന്റെ കൊട്ടാരമായ കാശ്മീരിലെ ഖർദുങ്‍ലയിൽ നിന്നും അസ്തമയ സൂര്യന്റെ ചെഞ്ചായം വാരിപ്പൂശിയ കടൽ മുനമ്പായ കന്യാകുമാരി വരെ നീളുന്ന സ്വപ്നയാത്ര.

ഇഷ്ടമുള്ളിടത്തേക്ക് പോകാനുള്ള ചിറകുകൾ നിശ്ചയദാർഢ്യത്തിന്റെ രൂപത്തിൽ സ്വന്തമാക്കിയ ഒരാൾ ജോഷ്ന ഷാരോൺ ജോൺസൺ.  ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലാംഗ്വേജ് എക്സ്പർട്ട്, മൂന്നാർ കുഞ്ചിത്തണ്ണി സ്വദേശി. മറ്റൊരാൾ തൃശൂർ സ്വദേശിയായ അഭിഭാഷക മേരി ആന്റണി. യാത്രയുടെ ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ് പറുദീസയിലേക്ക് നടന്നു കയറിയ കഥ പറയുന്നു. ടീ ബ്രേക്കിനിടയിൽ അക്കഥ പറയാനെത്തുന്നത് ജോഷ്ന...

സ്വപ്നം ചിറകുവിരിക്കുന്നു

പെൺ സ്വാതന്ത്ര്യങ്ങൾ ഹാഷ്ടാഗ് ഇട്ട് ആഘോഷിക്കുന്ന കാലമാണിത്. പക്ഷേ മൂടിവയ്ക്കപ്പെട്ട സ്വപ്നങ്ങൾ എത്രയോ പേർ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. ഒറ്റയ്ക്ക് ഇറങ്ങി നടക്കുമ്പോൾ ഇരുളും നിശബ്ദതയും തുളച്ച് കുറേ സദാചാര കണ്ണുകളും മറുവശത്തുണ്ട്. അത്തരം എല്ലാ ചിന്തകൾക്കും മുൻവിധികൾക്കും എതിരെയുള്ള ഞങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ് ഈ യാത്ര. ആണുങ്ങൾക്ക് മാത്രം തുറക്കുന്ന യാത്രാ അതിരുകൾ പെണ്ണിനു മുന്നിലും തുറക്കപ്പെടണം. കാടും മലയും കുന്നും നാടും നഗരവും അവൾക്കു മുന്നിലും തുറക്കപ്പെടണം.– ജോഷ്ന പറഞ്ഞു തുടങ്ങുകയാണ്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 27നാണ് കശ്മീരിലെ ഖർത്തുങ്‍ലയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചത്. ലക്ഷ്യസ്ഥാനമായി നിർണയിച്ചത് ഇന്ത്യയുടെ അറ്റമായ കന്യാകുമാരി. 45 ദിവസം കൊണ്ടോ ഞങ്ങളുടെ യാത്ര പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ അതിലും കൂടാം. ഏകദേശം അയ്യായിരത്തോളം കിലോമീറ്ററുകള്‍ ഈ കാലയളവിൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹിമവാൻ തലയുയർത്തി നിൽക്കുന്ന കാശ്മീരും മലനിരകളും അവിടുത്തെ കുളിരും തണുപ്പും ഏറ്റു കൊണ്ടായിരുന്നു യാത്രയുടെ തുടക്കം. ജമ്മു കശ്മീരും ലഡാക്കും മുഴുവനായി കവർ ചെയ്ത ശേഷം ഗോതമ്പു പാടങ്ങള്‍ വിളഞ്ഞു നിൽക്കുന്ന പഞ്ചാബിലേക്ക് കടന്നു. പ്രണയ കുടീരം നിലനിൽക്കുന്ന ആഗ്രയും യുപിയും യാത്രമധ്യേയുള്ള ഞങ്ങളുടെ ലക്ഷ്യമായിരുന്നു. പക്ഷേ കർഷക പ്രതിഷേധവും റോഡിലെ തടസങ്ങളും മുൻനിർത്തി ആ റൂട്ട് മാറ്റിപ്പിടിച്ചു. ട്രാവലിംഗ് ഉൾപ്പെടെ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് രാജസ്ഥാനിലായിരുന്നു. ജയ്പൂരും ജയ്സാൽമറും കവർ ചെയ്ത ശേഷം, ഗുജറാത്ത് ദാമൻ ദ്യൂ മഹാരാഷ്ട്ര മുംബൈ അങ്ങനെ തുടർന്നു യാത്ര. ഇപ്പോൾ ഞങ്ങൾ ഗോവയിലാണുള്ളത്. 

joshna-travel-3 അമൃത്സറിലെ സുവർണ ക്ഷേത്രത്തിനു മുന്നില്‍ ജോഷ്ന

ഉത്തരേന്ത്യയിലെ കാഴ്ചകൾ മുഴുവനായി എക്സ്പ്ലോര്‍ ചെയ്ത ശേഷമായിരിക്കും ദക്ഷിണേന്ത്യയിലേക്ക് കടക്കുക. തെലങ്കാന, കർണാടക, മംഗലാപുരം എന്നീ പ്രധാന ഡെസ്റ്റിനേഷനുകൾ ട്രാവൽ ഡയറിയിലുണ്ട്. മംഗലാപുരത്തു നിന്നും സീ സൈഡ് റോഡ് കണക്കാക്കി തെങ്കാശി റേഡ് പിടിച്ച് നേരെ കന്യാകുമാരിയിലേക്കെത്തും. യാത്രയുടെ അറ്റം അവിടെയാണെങ്കിലും കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരം വർക്കല ആലപ്പുഴ കുട്ടനാട് റുൂട്ട് കണക്കാക്കി തൃശൂർ വരെയെത്തും. ഇതാണ് പ്ലാനും.

joshna-travel-5 ജോഷ്നയും മേരിയും വാഗാ അതിർത്തിയിൽ

കാട് താണ്ടി... കടല് താണ്ടി... മലയെല്ലാം താണ്ടി...

കാലാവസ്ഥ അനുകൂലമാകുമോ?, ഓരോ നാടിന്റെയും രീതി എങ്ങനെ, ഭക്ഷണം, സുരക്ഷിതമായ സ്റ്റേ ലഭിക്കുമോ?... അങ്ങനെ ആലോചിച്ചു നോക്കിയാൽ തലപുകയ്ക്കാൻ ഒത്തിരി സംഗതികൾ മുന്നിലുണ്ടായിരുന്നു. നാട് മൂന്നാറാണെങ്കിലും ലഡാക്കിയാണ് ഞാൻ ഫാമിലിയായി താമസിക്കുന്നത്. എന്നെ സംബന്ധിച്ചാണെങ്കിൽ ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ യാത്രയ്ക്ക് വിലങ്ങു തടിയെന്നോണം ഉണ്ടുതാനും. ഫേഷ്യൽ പാൾസിക്ക് കുറേനാൾ ചികിത്സ എടുത്തിട്ടുള്ള വ്യക്തിയാണ് ഞാൻ. പോരാത്തതിന് ഈ യാത്ര ആരംഭിക്കുന്നതിനു മുമ്പ് എനിക്കൊരും അപകടവും സംഭവിച്ചിട്ടുണ്ട്. യാത്ര ഗോവയിലെത്തി നിൽക്കുന്ന ഈ നിമിഷത്തിലും ആ മുറിവ് ഉണങ്ങാതെ എനിക്കൊപ്പമുണ്ട്. ഒരുഘട്ടത്തിൽ അത് വ്രണമാകുകയും ചെയ്തു. ഇത്രയൊക്കെ ആയപ്പോഴേ ഭർത്താവ് സുധീഷിനും കുടുംബാംഗങ്ങൾക്കുമൊക്കെ പേടിയായി പക്ഷേ അവർ എല്ലാ പിന്തുണയും നൽകി എനിക്കൊപ്പം നിന്നു എന്നതാണ് സത്യം.

എന്റെ സ്വപ്‌നത്തിന് ബജറ്റ് ഇട്ടപ്പോള്‍ ചെലവ് ഒരു ലക്ഷം താണ്ടിപ്പോയി. എന്റെ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയിട്ടാണെങ്കിലും വേണ്ടില്ല... എന്നെക്കൊണ്ട് താങ്ങും വിധം ബജറ്റ് കുറച്ച് യാത്ര ചെയ്യുമെന്നു ഞാനുറപ്പിച്ചു. അവിടെയും അപ്രതീക്ഷിതമായി എനിക്കൊരു വെളിച്ചം ലഭിക്കു എന്നിടത്താണ് ഈ കഥയുടെ ക്ലൈമാക്‌സ്. വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍ എന്റെ സുഹൃത്താണ്. അദ്ദേഹത്തോടെ വളരെ കാഷ്വലായി ഈ പ്രശ്‌നം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ അദ്ദേഹം എനിക്കു മുന്നില്‍ ആശ്വാസ വാക്കുകളുമായെത്തി. 'ഒരു നേരത്തെ ഭക്ഷണം കോംപ്രമൈസ് ചെയ്ത് നീ കഷ്ടപ്പെടേണ്ട... ഈ യാത്രയ്ക്ക് വേണ്ടുന്ന ചെലവ് മുഴുവന്‍ ഞാന്‍ വഹിച്ചോളാം എന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍. ആ കരുതല്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നതല്ല.

പിന്നെ ഈ യാത്രയിലെ എന്റെ ധൈര്യവും പിന്തുണയുമൊക്കെ മേരിയാണ്. രണ്ട് വ്യത്യസ്ത സ്വഭാവവും രണ്ട് ജീവിത സാഹചര്യങ്ങളും ഉള്ളവരാണ് ഞങ്ങൾ. പുള്ളിക്കാരി കുറച്ചു കൂടി ബോൾഡാണ്. ഈ യാത്രയിൽ നിന്നും ഞാൻ പിന്നോട്ടില്ല എന്ന് ഉറപ്പായപ്പോൾ ഭർത്താവ് സുധീഷ് മേരിയുടെ കയ്യിൽ ഒരു കത്തി ഏൽപ്പിച്ചു. വേണമെന്നു വച്ചാൽ ഒരാളെ കൊല്ലാൻ തന്നെ കഴിയുന്ന തരത്തിലുള്ള കത്തി. ആരെങ്കിലും ആക്രമിക്കാനെത്തിയാൽ അതെങ്ങനെ ഉപയോഗിക്കണം എന്നു വരെ മേരിക്കു പഠിപ്പിച്ചു കൊടുത്തു. എന്നെക്കൊണ്ട് പറ്റില്ല എന്നുറപ്പുള്ളതു കൊണ്ടാണ് പുള്ളിക്കാരിക്ക് തന്നെ അത് പഠിപ്പിച്ചു കൊടുത്തത്. ദൈവാനുഗ്രഹം, എന്തായാലും ആ സാധനം എന്തായാലും പുറത്തെടുക്കേണ്ടി വന്നിട്ടില്ല.

സാധാരണ ഇത്രയും നാൾ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ പലരും അടിച്ചു പിരിയുകയാണ് പതിവ്. പക്ഷേ ഞങ്ങള്‍ തമ്മിൽ അങ്ങനെയില്ല. കാരണം, ഞങ്ങൾ വളരെ അറ്റാച്ച്ഡ് അല്ല. ഓരോരുത്തർക്കും അവരവരുടേതായ സ്പേസ് ഉണ്ട്. അത് ഞങ്ങൾ മാനിക്കുന്നു. ഓരോരുത്തരും അവരവരുടെ കാര്യം നോക്കി യാത്ര ചെയ്യുന്നു അത്ര തന്നെ.

ആക്റ്റീവ 5ജിയാണ് ഈ സ്വപ്ന യാത്രയിൽ ഞങ്ങളുടെ ‘രഥം’. കൃത്യമമയം പാലിച്ച് ഓരോ ഇടത്തും എത്തേണ്ടതു കൊണ്ട് തന്നെ അപകടകരമാകാത്ത വിധം അത്യാവശ്യം സ്പീഡിൽ വണ്ടി ഓടിക്കുന്നത് മേരിയായിരിക്കും. കുന്നു കുഴിയുമൊക്കെയുള്ള വളരെ പതുക്കെ പോകേണ്ട മലമ്പ്രദേശങ്ങളിൽ റൈഡിങ് എന്റെ ഡ്യൂട്ടിയാണ്. മറ്റൊരു സംഗതി കൂടിയുണ്ട്. ഓരോ ഡെസ്റ്റിനേഷനിലും വച്ച് ഞങ്ങൾ രണ്ടായി തിരിയും. പലപ്പോഴും ഒരുമിച്ചായിരിക്കില്ല എന്ന് സാരം. ടാക്സി പിടിച്ച് രണ്ട് ദിശയിലേക്ക് പോകും. ഉറപ്പായും അനുഭവിച്ചറിയേണ്ട ഭക്ഷണമോ പ്രദേശമോ ഉള്ള ലക്ഷ്യ സ്ഥാനങ്ങളിൽ ഞങ്ങൾ ഒരുമിക്കും അതാണ് രീതി. കൃത്യതയാണ് മറ്റൊരു പ്രധാന സംഗതി. കൃത്യം രാവിലെ ആറു മണിക്ക് ഇറങ്ങിയിരിക്കണം. 6.30 ആകുമ്പോഴേക്കും വണ്ടിയിലെ പായ്ക്കിങ്ങും മറ്റുമൊക്കെ പൂർത്തിയാകും. അങ്ങനെയാണ് യാത്ര...

ഒരിക്കലും മറക്കാനാത്ത അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. നവി മുബൈ എത്തിയപ്പോൾ സൈലൻസറിൽ നിന്നും വല്ലാത്തൊരു അപശബ്ദം വരുന്നു. നോക്കുമ്പോഴുണ്ട്, സൈലൻസർ ചളുങ്ങി ഇരിക്കുന്നു. എന്ത് സംഭവിച്ചതാണെന്നു പോലും അറിയില്ല. അന്നത്തെ ഒരു ദിവസം പകുതിയോളം  റിപ്പറിംഗിൽ പോയിക്കിട്ടി. അന്നേ ദിവസം തന്നെ പൂനെയിലേക്കുള്ള പ്രധാന റോഡിൽ വച്ച്  ഞങ്ങളുടെ വണ്ടിയുടെ ഫ്രണ്ടും ബാക്കും ടയറുകളിലായി 13 പഞ്ചറാണ് സംഭവിച്ചത്. അത് ‘പണി കിട്ടിയതാണെന്ന്’ ഞങ്ങൾക്കും ഉറപ്പായിരുന്നു.

joshna-mid

ഓർത്തെടുത്താൽ പിന്നെയുമുണ്ട് ഒത്തിരി കഥകൾ. ചോറും മീനും കൂടി ഉണ്ണാൻ കൊതിച്ചിരുന്ന എനിക്ക് കലക്കൻ ഊണൊരുക്കിയ അജ്മേറിലെ മലയാളി ഹോട്ടലും, മേരിയെ ഫ്ലാറ്റാക്കിയ ലുധിയാനയിലെ ഗോൾഗപ്പയുമൊന്നും ഒരിക്കലും മറക്കില്ല. എത്രവട്ടം ആവർത്തിച്ചാലും തീരാത്ത കഥകളുണ്ട്, ഈ യാത്രയ്ക്ക്. അതെല്ലാം ഒരു ബുക്കായി പബ്ലിഷ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അത് ഉടൻ സംഭവിക്കും. തത്കാലം ഞങ്ങൾ യാത്ര തുടരട്ടെ– ജോഷ്ന പറഞ്ഞു നിർത്തി.

joshna-travel-1