Wednesday 25 January 2023 10:43 AM IST : By സ്വന്തം ലേഖകൻ

കഴുത്തുമുറിഞ്ഞ് ചോരവാർന്ന് ശബ്ദം നിലച്ചു; പ്രതിയുടെ ചോദ്യങ്ങൾക്ക് ചോരപ്പാടുള്ള പേപ്പറിൽ ഉത്തരങ്ങൾ എഴുതി നൽകി യുവതി!

jolly-james-attack.jpg.image.845.440

കൊച്ചി നഗരത്തിൽ രവിപുരത്തെ ട്രാവൽസ് ഓഫിസിൽ ജീവനക്കാരിക്കു നേരെയുണ്ടായത് മൃഗീയ അതിക്രമമെന്ന് റിപ്പോർട്ട്. കഴുത്തുമുറിഞ്ഞ് ചോരവാർന്ന യുവതിയെ അക്രമി ബന്ധിയാക്കി. മരണവെപ്രാളത്തിൽ പുറത്തേക്കോടിയെ യുവതിയെ പ്രതി കസേരയിൽ പിടിച്ചിരുത്തി. അതിനിടെ യുവതിയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തികളിൽ ഒന്ന് രണ്ടായി ഒടിഞ്ഞു. കഴുത്തുമുറിഞ്ഞ് ശബ്ദം നിലച്ച യുവതി, പിന്നീടുള്ള പ്രതിയുടെ ചോദ്യങ്ങൾക്ക് മറുപടി എഴുതിയാണ് നൽകിയത്. ചോരപ്പാടുള്ള പേപ്പറുകളിൽ ഇത്തരത്തിൽ ഉത്തരങ്ങൾ എഴുതി നൽകിയത് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തിരുന്നു.

പ്രതിയായ ജോളി ജെയിംസ് എല്ലാം ആസൂത്രണം ചെയ്താണ് എത്തിയതെന്നാണ് എസിപി പി. രാജ്കുമാർ പിന്നീട് വ്യക്തമാക്കിയത്. ട്രാവൽസ് ഉടമ മുഹമ്മദ് അലിക്കായി പ്രതി അര മണിക്കൂറിലേറെ ഓഫിസിൽ കാത്തിരുന്നു. ഓഫിസ് ജീവനക്കാരിയെക്കൊണ്ട് ഉടമയെ ഫോണിൽ വിളിപ്പിച്ചുവെന്നും എസിപി മനോരമ ന്യൂസിനോടു പറഞ്ഞു. അതേസമയം, പ്രതിയായ ജോളി ജെയിംസിന്റെ മൊഴികൾ തള്ളുന്ന നിലപാടാണ് ട്രാവൽസ് ഉടമ മുഹമ്മദ് അലി സ്വീകരിച്ചത്. ജോളിയിൽനിന്ന് വീസയ്ക്കായി വാങ്ങിയത് 35,400 രൂപ മാത്രമാണെന്ന് ഉടമ പറയുന്നു. വർക് പെർമിറ്റ് റദ്ദാക്കിയതോടെ 2020ൽ അക്കൗണ്ട് മുഖേന പണം തിരികെ നൽകി. 

ട്രാവൽസ് ഓഫിസിൽ കയറി ജീവനക്കാരിയെ കുത്തിപ്പരുക്കേൽപിച്ച കേസിൽ പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി ജോളി ജയിംസിനെ (46) ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ ആയിരുന്നു നഗരത്തെ നടുക്കിയ സംഭവം. രവിപുരം ജംക്‌ഷനിൽ പ്രവർത്തിക്കുന്ന റെയ്സ് ട്രാവൽ ബ്യൂറോ എന്ന സ്ഥാപനത്തിലായിരുന്നു സംഭവം. സ്ഥാപനത്തിലെ ജീവനക്കാരിയായ കട്ടപ്പന വണ്ടൻമേട് സ്വദേശിനി സൂര്യ മോഹൻ (26) ആണ് ആക്രമണത്തിന് ഇരയായത്. ജോളി ഓഫിസിൽ കയറി കത്തി കൊണ്ടു സൂര്യയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയെ തുടർന്നു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കഴുത്തിൽ ഗുരുതര മുറിവേറ്റ ഇവർക്കു ശസ്ത്രക്രിയ നടത്തി.

ജോളി 5 വർഷം മുൻപ് ലിത്വാനിയയിൽ ജോലിക്കു വേണ്ടിയുള്ള വീസയ്ക്കായി ട്രാവൽസിൽ ഒന്നര ലക്ഷം രൂപ കൊടുത്തിരുന്നതായി പറയുന്നു. ഈ പണം പല പ്രാവശ്യം ചോദിച്ചിട്ടും പൂർണമായി തിരികെ ലഭിച്ചില്ലെന്നും തുടർന്നാണ് ആക്രമണം. സംഭവസമയം സ്ഥാപനമുടമ ആലുവ സ്വദേശി മുഹമ്മദ് അലി ഓഫിസിലുണ്ടായിരുന്നില്ല. കോവിഡ് ലോക്ഡൗണിന് മുൻപാണ് ജോളി ട്രാവൽസിൽ പണം നൽകിയത്. കോവിഡ് വ്യാപനം പ്രതീക്ഷ തകർത്തെന്നും ലോക്ഡൗണിനു ശേഷവും വിവിധ കാരണങ്ങൾ മൂലം വീസ ശരിയായില്ലെന്നുമാണു ജോളിയുടെ മൊഴി. പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചത്.

കുത്തേറ്റ സൂര്യ തൊട്ടുമുന്നിലെ റസ്റ്ററന്റിലേക്കാണ് ഓടിയെത്തിയത്. എന്താണു സംഭവമെന്നു റസ്റ്ററന്റ് ജീവനക്കാർക്ക് ആദ്യം വ്യക്തമായില്ല. ഈ സമയം ഇതുവഴി പോയ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സംഭവം ശ്രദ്ധിച്ചിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിലേക്കു മാറ്റി. സംഭവശേഷം അവിടെത്തന്നെ നിന്ന ജോളിയെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്നു പൊലീസിനു കൈമാറി. സൂര്യ ഏതാനും മാസം മുൻപാണു സ്ഥാപനത്തിൽ ജോലിക്കെത്തിയത്. സംസാരിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഇവരുടെ മൊഴിയെടുക്കാനായിട്ടില്ല. ട്രാവൽസ് ഉടമ മുഹമ്മദ് അലിയുടെ മൊഴിയെടുത്തു. എറണാകുളം സൗത്ത് പൊലീസ് ഇൻസ്പെക്ടർ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ജോളിക്കു പണം നൽകാനില്ലെന്നും വീസ വന്നിട്ടും ജോളി പോകാതിരുന്നതാണെന്നും മുഹമ്മദ് അലി പറയുന്നു.

Tags:
  • Spotlight