Saturday 07 December 2019 12:48 PM IST : By സ്വന്തം ലേഖകൻ

കുട്ടിയ്ക്ക് അഞ്ച് വയസ്സായാൽ ഹാഫ് ടിക്കറ്റെടുക്കണം; സംശയം ഉന്നയിച്ചാൽ രേഖ ഹാജരാക്കണം! കുറിപ്പ്

ksrtc-children778

കുട്ടികൾക്കുള്ള ടിക്കറ്റ് സംബന്ധിച്ച് ഫെയ്സ്ബുക് കുറിപ്പുമായി കെഎസ്ആർടിസി. കുട്ടിയ്ക്ക് അഞ്ച് വയസ് തികയുന്ന അന്ന് മുതൽ ഹാഫ് ടിക്കറ്റ് എടുക്കണമെന്നും 12 വയസ്സായാൽ ഫുൾ ടിക്കറ്റ് വേണമെന്നും കുറിപ്പിൽ പറയുന്നു. ടിക്കറ്റെടുക്കുമ്പോൾ കണ്ടക്ടർ സംശയം ഉന്നയിച്ചാൽ കുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നുമാണ് നിയമം. 

കുറിപ്പിന്റെ പൂർണരൂപം വായിക്കാം;

പ്രിയ യാത്രക്കാരെ,

കുട്ടികൾക്ക് ബസ്സിൽ ഹാഫ് ടിക്കറ്റ് എടുക്കുന്ന പ്രായം പലപ്പോഴും ബസ്സിനുള്ളിൽ തർക്കമുണ്ടാക്കുന്ന ഒരു വിഷയമാണല്ലോ. കെഎസ്ആർടിസി-യിൽ കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി 5 വയസ്സ് തികയുന്ന ദിനം മുതൽ 12 വയസ്സ് തികയുന്ന ദിനം വരെയാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ ഹാഫ് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല... അത് തികച്ചും സൗജന്യമാണ്...

എന്നാൽ 12 വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് ഫുൾ ടിക്കറ്റ് ആണ് എടുക്കേണ്ടത്. ഏതെങ്കിലും കാരണവശാൽ കുട്ടികളുടെ വയസ്സ് സംബന്ധമായി എന്തെങ്കിലും സംശയം കണ്ടക്ടർ ഉന്നയിക്കുകയാണെങ്കിൽ സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖകൾ കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്താവുന്നതാണ്. ടിക്കറ്റ് എടുക്കാതെയുള്ള കെഎസ്ആർടിസി ബസുകളിലെ യാത്ര ശിക്ഷാർഹമായ കുറ്റമാണ്. സുഖകരമായ യാത്ര ആസ്വദിക്കുന്നതിനായി എല്ലാ പ്രിയ യാത്രക്കാരും ടിക്കറ്റ് കൃത്യസമയത്ത് കരസ്ഥമാക്കി എന്നുറപ്പ് വരുത്തേണ്ടതാണ്. കെഎസ്ആർടിസി എന്നും ജനങ്ങൾക്കൊപ്പം.

Tags:
  • Spotlight
  • Social Media Viral