Monday 14 March 2022 10:50 AM IST : By സ്വന്തം ലേഖകൻ

വീട്ടുകാർ പിന്മാറിയെങ്കിലും ലാലിനെ കൈവിടാൻ നാഗലക്ഷ്മി തയാറായില്ല; വൃക്ക മാറ്റിവച്ചു ജീവിതത്തിലേക്കു തിരിച്ചെത്തിയ ലാലിന് ‘ഹൃദയം കൈമാറി’ നാഗലക്ഷ്മി

alappuzha-nagalakshmi-lal.jpg.image.845.440

വൃക്ക മാറ്റിവച്ചു ജീവിതത്തിലേക്കു തിരിച്ചെത്തിയ ലാലിന് ‘ഹൃദയം കൈമാറി’ നാഗലക്ഷ്മി ജീവിതപങ്കാളിയായി. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽനിന്ന് മാവേലിക്കരയിലെ ലാലിന്റെ വീട്ടിലേക്കുള്ള ദൂരം നാഗലക്ഷ്മിയുടെ ബന്ധുക്കൾക്കു പ്രശ്നമായിരുന്നു. എന്നാൽ, ഭാഷയും ദൂരവും വകവയ്ക്കാതെ ലാലിനൊപ്പം ജീവിക്കാൻ നഴ്സായ നാഗലക്ഷ്മി വീടുവിട്ടിറങ്ങി. ഒറ്റയ്ക്കു പാലക്കാടെത്തിയ നാഗലക്ഷ്മിയെ ലാൽ കൂട്ടിക്കൊണ്ടുവന്നു. ഇന്നലെ വണ്ടാനം രക്തേശ്വരി ക്ഷേത്രത്തിൽ വിവാഹിതരായി.

ആലപ്പുഴ ജില്ലാ കോടതിയിൽ ഗുമസ്തനായിരുന്ന കരുമാടി വലിയവീട്ടിൽ ടി.കെ.ലാലിന്റെ (34) വൃക്ക തകരാറിലായതു തിരിച്ചറിഞ്ഞത് 2016ൽ ആണ്. കുറച്ചുകാലം ഡയാലിസിസിലൂടെ പിടിച്ചുനിന്നെങ്കിലും വൃക്ക മാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചു. അഭിഭാഷകരും സുഹൃത്തുക്കളും ബന്ധുക്കളും കൈകോർത്ത് ലാലിന്റെ ശസ്ത്രക്രിയയ്ക്കു തുക കണ്ടെത്തി. ആരോഗ്യം വീണ്ടെടുത്ത ലാൽ മാവേലിക്കര കോടതിയിൽ അഡ്വ. ആർ. പത്മകുമാറിന്റെ ഓഫിസിൽ ക്ലാർക്കായി.

വിവാഹത്തിനായി ശ്രമം തുടങ്ങിയെങ്കിലും വൃക്ക മാറ്റിവച്ചയാളെ വിവാഹം ചെയ്യാൻ പലരും തയാറായില്ല. അതിനിടെയാണ് സുഹൃത്ത് മുഖേന ഡിണ്ടിഗലിലെ നാഗലക്ഷ്മിയുടെ ആലോചന വന്നത്. പരസ്പരം ഇഷ്ടമായി. വൃക്ക മാറ്റിവച്ച കാര്യം വീട്ടുകാരെ അറിയിക്കേണ്ടെന്നു നാഗലക്ഷ്മി തന്നെ ലാലിനോടു പറ‍ഞ്ഞു. വിവാഹനിശ്ചയം നടത്തിയെങ്കിലും പിന്നീട്, നാഗലക്ഷ്മിയുടെ വീട്ടുകാർ പിന്മാറി. വീടുകൾ തമ്മിലെ അകലവും ഭാഷയുമായിരുന്നു അവർക്കു തടസ്സം. പക്ഷേ, ലാലിനെ കൈവിടാൻ നാഗലക്ഷ്മി തയാറായില്ല. വീട്ടുകാരെ ബോധ്യപ്പെടുത്താൻ കഴിയാത്തതിനാലാണു നാഗലക്ഷ്മി വീടുവിട്ടിറങ്ങിയതെന്നു ലാൽ പറയുന്നു.

Tags:
  • Spotlight
  • Love Story
  • Relationship