Friday 28 June 2024 12:07 PM IST

‘സുഹൃത്ത് സംഭവ സ്ഥലത്തു മരിച്ചു, എന്റെ വയറിലൂടെയാണ് ലോറി കയറിയിറങ്ങിയത്’: തളരാതെ ഡോ. സിജുവിന്റെ അതിജീവനം

Asha Thomas

Senior Sub Editor, Manorama Arogyam

drciju43w5w3

‘‘വിജയമെന്നത് നിങ്ങൾ എന്തുനേടി എന്നതല്ല...മറിച്ച് അതിലേക്ക് എത്താനായി നിങ്ങൾ നേരിട്ട എതിർപ്പുകളും തികഞ്ഞ പ്രതിബന്ധങ്ങൾക്കിടയിലും പോരാട്ടം തുടരാൻ കാണിച്ച ധൈര്യവുമാണ്. ’’

പ്രതിസന്ധികളിൽ മനസ്സ് ഇരുണ്ടുപോകുന്നവർക്കുള്ള കുറിപ്പടിയാണ് തൃശൂർ സ്വദേശി ഡോ. സിജു രവീന്ദ്രനാഥിന്റെ ജീവിതം. ഏതു പ്രതിബന്ധങ്ങൾക്കിടയിലും തളരാതെ, തോറ്റുപിന്മാറാതെ മുന്നോട്ടുപോകാനുള്ള പ്രത്യാശയുടെ പ്രകാശം.

ഇരുപതാമത്തെ വയസ്സിൽ എംബിബിഎസ്സിന് പഠിച്ചുകൊണ്ടിരിക്കെയാണ് ഡോ. സിജുവിന്റെ ജീവിതം മാറിമറിയുന്നത്. 1998 ഏപ്രിൽ. അന്നു രണ്ടാം വർഷ വൈദ്യവിദ്യാർഥിയായ സിജുവും സുഹൃത്തും കൂടി രാവിലെ പതിവുപോലെ മെഡി. കോളജിലേക്ക് പോയതാണ്. വിയ്യൂര് വച്ച് എതിർവശത്തു കൂടി പാഞ്ഞുവന്ന ഒരു ലോറി അവർ സഞ്ചരിച്ചിരുന്ന യമഹ ആർഎക്സ് 100 ബൈക്കിനെ ഇടിച്ചിട്ടു. പിന്നിലിരുന്ന സുഹൃത്ത് തെറിച്ചുപോയി. സിജു ലോറിയുടെ ചക്രങ്ങൾക്കിടയിൽ കുടുങ്ങി. ഇടിക്കുശേഷമുള്ള കാര്യങ്ങൾ അത്ര ഒാർമയില്ല സിജുവിന്.

‘‘എനിക്കു കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞ് വീട്ടിലെ നമ്പർ പറഞ്ഞുകൊടുത്ത് എഴുന്നേൽക്കാൻ ശ്രമിച്ചു. കാൽ കുത്താനായില്ല, കുഴഞ്ഞു താഴേക്കുവീണു. ഇതാണ് ആകെയുള്ള ഒാർമ. പിന്നീടു കണ്ണുതുറക്കുമ്പോൾ ആശുപത്രിക്കിടക്കയിലാണ്. തെറിച്ചുവീണ സുഹൃത്ത് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചെന്നു പിന്നെയറിഞ്ഞു. എന്റെ വയറിലൂടെയാണു ലോറി കയറിയിറങ്ങിയത്. അപകടം കണ്ട് ഒാടിക്കൂടിയവരോടു നമ്പർ പറഞ്ഞുകൊടുത്തതുകൊണ്ട് അച്ഛനും അമ്മയും ഉടനെ വിവരമറിഞ്ഞു. ആളുകളെല്ലാം ചേർന്നു തൃശൂരിലെ അശ്വനി ഹോസ്പിറ്റലിലേക്കാണു കൊണ്ടുപോയത്.

അന്ന് അവിടെ മൈക്രോവാസ്കുലർ സർജൻ ഇല്ല. ഭാഗ്യത്തിന്, തൃശൂർ ഹാർട്ട് ഹോസ്പിറ്റലിൽ ഡോ. എൻ ജയചന്ദ്രൻ എന്ന മൈക്രോവാസ്കുലർ സർജൻ ഉണ്ടെന്നറിഞ്ഞു. ഉടനെ തന്നെ അവിടെയെത്തിച്ചു, വയറിലൂടെ ലോറി കയറിയിറങ്ങിയതുകൊണ്ട് ഇടുപ്പു തകർന്നുപോയിരുന്നു. ഇടുപ്പ് അസ്ഥിയുടെ (Pelvic girdle) ഒരു ഭാഗം നീക്കം ചെയ്തു (Hemipelvectomy). ഒപ്പം വലതുകാൽ മുറിച്ചുമാറ്റി.

പ്രതിസന്ധികളുടെ നടുവിൽ

ബോധം തെളിഞ്ഞപ്പോൾ ഒരു കാൽ ഇല്ല. ചോദ്യങ്ങൾക്കു മറുപടി തരാതെ നഴ്സുമാർ ഒഴിഞ്ഞുമാറി നടന്നു. ഡോ. ജയചന്ദ്രൻ തന്നെ കുറെശ്ശേ കാര്യങ്ങളൊക്കെ വെളി പ്പെടുത്തി. ‘ഒരു കാൽ പോയി. സാരമില്ല, കൃത്രിമക്കാല് വയ്ക്കേണ്ടി വരും’ എന്നു ഡോക്ടർ പറയുന്നതു കേട്ടപ്പോഴും ഞാൻ പൊട്ടിക്കരഞ്ഞില്ല. ഒറ്റ കാര്യമേ പറഞ്ഞുള്ളുБ‘എന്തൊക്കെ സംഭവിച്ചാലും എനിക്കു തിരിച്ചു കോളജിൽ പോയേ തീരൂ’’. ‘‘പോകാം, പക്ഷേ, കുറച്ചു സമയമെടുക്കും...’’ എന്നു ഡോ. ജയചന്ദ്രൻ ആശ്വസിപ്പിച്ചു. ‘‘പറ്റില്ല...എത്രയും നേരത്തെ കോളജിൽ പോകണം’’ ഞാൻ വാശി
പിടിച്ചു.

ചികിത്സകളുടെ കാലമായിരുന്നു പിന്നെ. ഒരു മുറി ഐസിയുവാക്കി... എന്നും സുഹൃത്തുക്കൾ വരും. ഒരു സ്ക്രീനിന് അപ്പുറം നിന്നു ദീർഘനേരം വിശേഷങ്ങളൊക്കെ പറയും. ഇതിനിടയിൽ മുറിവുകളിൽ അണുബാധയും മറ്റു ചില പ്രശ്നങ്ങളുമൊക്കെ വന്നു, നീണ്ടകാലത്തെ ഐസിയു വാസം മൂലം ഐസിയു സൈക്കോസിസ് പോലുള്ള പ്രതിസന്ധികളുണ്ടായി...അതെല്ലാം മറികടന്നു. മെല്ലെ ശരീരപ്രവർത്തനങ്ങളൊക്കെ മെച്ചപ്പെട്ടു തുടങ്ങി.

ക്രച്ചസിലൂന്നി മുൻപോട്ട്

റീഹാബിലിറ്റേഷൻ പരിശീലനം മറ്റൊരു പരീക്ഷണമായിരുന്നു. ക്രച്ചസിലൂന്നി 100 മീറ്റർ നടക്കുമ്പോൾ തന്നെ ഒരു മാര ത്തൺ ഒാടുന്നതിന്റെ പ്രതീതി. തളർന്നു കുഴഞ്ഞപ്പോഴും വീൽചെയർ ഉപയോഗിക്കാൻ ഞാൻ തയാറായില്ല. ഇപ്പോഴും എയർപോർട്ടിൽ പോകുമ്പോഴല്ലാതെ വീൽചെയർ ഉപയോഗിക്കാറില്ല. ക്രച്ചസിലൂന്നി, കഷ്ടപ്പെട്ടു തന്നെ ആ ഘട്ടവും പൂർത്തിയാക്കി.

രണ്ടു മാസത്തെ റീഹാബിലിറ്റേഷനു ശേഷം വീട്ടിലെത്തി...വീട്ടിലും ഫിസിയോതെറപ്പി തുടർന്നു. പേശികൾക്കൊക്കെ കരുത്തായപ്പോൾ കൃത്രിമക്കാൽ വയ്ക്കുന്നതിനെ
കുറിച്ചു ചിന്തിച്ചു. ഇടുപ്പ് സപ്പോർട്ട് ഇല്ലാത്തതിനാൽ സാധാരണ കൃത്രിമക്കാലുകൾ പറ്റില്ല. ഡോ. ജയചന്ദ്രൻ തന്നെ കുറേ കൃത്രിമക്കാൽ നിർമാണ കേന്ദ്രങ്ങളിലേക്ക് കത്തെഴുതി. ഒരിടത്തു നിന്നു മാത്രമാണ് ആശാവഹമായ മറുപടി കിട്ടിയത്. ആർട്ടിഫിഷൽ ലിംബ് സെന്റർ പുണെ. പട്ടാളക്കാർക്ക് പ്രത്യേകമായുള്ള കേന്ദ്രമാണ്. പക്ഷേ, സാധാരണക്കാർക്കു വേണ്ടിയും കുറച്ചെണ്ണം ചെയ്യും. എന്തോ ഭാഗ്യം കൊണ്ട് അവർ സമ്മതിച്ചതാണ്.

അങ്ങനെ പുണെയ്ക്കു പോയി. ഒാരോരോ മോഡൽ ആയി വച്ചുനോക്കിയാണു പറ്റിയതു കണ്ടുപിടിക്കുക. മൂന്നു മാസത്തോളം പുണെയിൽ താമസിച്ചു. ഒടുവിൽ കൃത്യമായി ചേരുന്ന ഒരു കാലിന്റെ മോഡൽ അവർ രൂപപ്പെടുത്തി. ഇടുപ്പിന്റെ ഒരു ഭാഗം ഇല്ലാത്തതുകൊണ്ടു വാരിയെല്ലിന്റെ താഴെ മുതലാണ് കൃത്രിമക്കാൽ ഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട്, നടക്കാൻ ഊന്നുവടിയുടെ കൂടെ സഹായം വേണം. മാത്രമല്ല ഭാരമേറിയ വില്ലോവുഡ് (Willow Wood) കൊണ്ടാണ് കാൽ നിർമിച്ചിരിക്കുന്നത്. പക്ഷേ, കൃത്രിമക്കാലിന്റെ ഭാരമോ ഉപയോഗിച്ചു തുടങ്ങിയപ്പോഴത്തെ വേദനയോ ഒന്നും എനിക്കു പ്രശ്നമായിരുന്നില്ല. അല്ലെങ്കിൽ, അതിനേക്കാളേറെ പ്രധാനമായിരുന്നു എനിക്കു വൈദ്യപഠനം എന്നും പറയാം.

പഠനം തുടരുന്നു

1999 ജനുവരിയിൽ പുണെയിൽ നിന്നെത്തി, പിറ്റേന്നു തന്നെ ക്ലാസ്സിലേക്കു പോയി. കോളജിൽ എന്താവശ്യമുണ്ടെങ്കിലും കൂട്ടുകാർ കൂടെ നിന്നു. ഒൻപതു മാസത്തെ ഇടവേളയ്ക്കു ശേഷമാണു പഠനം തുടരുന്നത്. അവധികളൊന്നും എടുക്കാതെ തുടർച്ചയായി ക്ലാസ്സുകൾക്കു പോയി, എംബിബിഎസ് ഏറ്റവും ഉയർന്ന മാർക്കോടെ പൂർത്തിയാക്കി.

അവസാനവർഷ പരീക്ഷയുടെ സമയത്താണ് എന്നെക്കുറിച്ചു റീഡേഴ്സ് ഡൈജസ്റ്റിൽ ഒരു ലേഖനം വരുന്നത്. അതു വായിച്ച് ഒരാൾ കൃത്രിമക്കാൽ സ്പോൺസർ
ചെയ്തു. അതു ഭാരം കുറഞ്ഞതായിരുന്നു. അതോടെ നടപ്പു കുറച്ചുകൂടി എളുപ്പമായി. ഹൗസ് സർജൻസി സമയത്ത് അവിടെയുള്ള ശിശുരോഗ ചികിത്സകനായ ഡോ. കെ. കെ. പുരുഷോത്തമന്റെ ചികിത്സാപാടവം കണ്ട് ശിശുരോഗചികിത്സയിൽ ഉപരിപഠനം ചെയ്യണം എന്നാഗ്രഹം തോന്നി. ഒാൾ ഇന്ത്യ എൻട്രൻസ് എഴുതി ശിശുരോഗചികിത്സയിൽ പിജിക്കു ചേർന്നുÐ അതും തൃശൂർ മെഡി. കോളജിൽ പുരുഷോത്തമൻ സാറിന്റെ കീഴിൽ തന്നെ. പ്രിയപ്പെട്ട വിഷയം, ഏറെ പ്രിയപ്പെട്ട കോളജ്, സ്വന്തം നാട്... ജീവിതത്തിലെ സുവർണനാളുകളായിരുന്നു അത്.

‘ഇയാൻ’ പിറക്കുന്നു

പിജി കഴിഞ്ഞ് ഏതാനും നാൾ പഠിപ്പിക്കലും ചികിത്സയുമായി പോയി. കംഫർട്ട് സോണിൽ നിന്നിട്ടു കാര്യമില്ല. ഔട്ട് ഒാഫ് ദ ബോക്സ് ആയി എന്തെങ്കിലും ചെയ്താലേ നമ്മുടെ കഴിവു പുറത്തേക്കുവരൂ എന്ന് ഉള്ളിലുണ്ട്. മാത്രമല്ല, തനിയെ ജീവിക്കാൻ പ്രാപ്തനാണ് എന്നു വീട്ടുകാരെ ബോധ്യപ്പെടുത്തണം. അങ്ങനെയാണു ദുബായിൽ ജോലിക്കു പോവുന്നത്. മൂന്നുവർഷം അവിടെ ഒറ്റയ്ക്ക് കഴിഞ്ഞു. ആ സമയത്ത് ഡെവലപ്മെന്റൽ പീഡിയാട്രിക്സിൽ യൂറോപ്യൻ യൂണിയന്റെ ഒരു സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തു.

കൊറോണയും അച്ഛന്റെയും അമ്മയുടെയും അനാരോഗ്യവും ഒക്കെ കാരണം മൂന്നു വർഷം കഴിഞ്ഞു നാട്ടിലെത്തി. ഇത്രയും കാലത്തെ ചികിത്സാനുഭവങ്ങളിൽ മനസ്സിൽ തട്ടിയ ഒരു കാര്യമുണ്ട്. തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ടു പ്രശ്നമുള്ള കുട്ടികളുടെ കാര്യത്തിൽ ഡോക്ടർമാർ രോഗനിർണയം നടത്തും. മാർഗനിർദേശം കൊടുക്കും. പക്ഷേ, പിന്നീട് എന്താണ് സംഭവിക്കുന്നത് എന്നറിയുന്നില്ല. സത്യത്തിൽ രോഗനിർണയം മാത്രം പോരാ. പിന്നീടുള്ള കാര്യങ്ങളിലാണ് പിന്തുണ വേണ്ടത്. ഈ കാര്യം മനസ്സിലിട്ടു നടന്നപ്പോഴാണ് അപ്രതീക്ഷിതമായി അഭിലാഷ് ജോസഫ് എന്നയാളെ പരിചയപ്പെടുന്നത്. ഒരേപോലെ ചിന്തിക്കുന്ന രണ്ടു മനുഷ്യരുടെ കൂടിക്കാഴ്ചയായിരുന്നു അത്.

അഭിലാഷിന്റെ ഒരു മകന് സെറിബ്രൽ പാൾസിയാണ്. തൃശൂരിൽ ശാരീരികÐമാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഇയാൻ എന്നൊരു കേന്ദ്രം അദ്ദേഹം തുടങ്ങിയിരുന്നു. പക്ഷേ, അതിനു നിയതമായ ഘടനയൊന്നു മായിട്ടില്ല. അപ്പോഴാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. അങ്ങനെ യാണ് തൃശൂർÐ കുന്നംകുളം റൂട്ടിൽ മുതുവറയിൽ ഇന്നു
കാണുന്ന രീതിയിൽ ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റിഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് രൂപീകരിക്കുന്നത്. വൈകല്യങ്ങളെ നേരിടുന്ന കുട്ടികളുടെ രോഗനിർണയം മുതലുള്ള
യാത്രയിൽ അവരോടു കൂടെയുണ്ട് ഇയാൻ. സ്പീച്ച്, ബിഹേവിയറൽ, ഒക്യുപേഷനൽ തെറപ്പികൾ, ഫിസിയോ തെറപ്പി, ന്യൂറോ ഫിസിയോളജി ലാബ്, സ്പെഷൽ സ്കൂൾ, സെൻസറി പാർക്ക് എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ ഇവിടെയുണ്ട്. ഭാവിയിൽ ഈ കുട്ടികൾക്കു തൊഴിൽ പരിശീലനം നൽകാനും അവരെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാനുമാണു ശ്രമം.

ഒടുങ്ങാത്ത ആവേശത്തോടെ

പലരും ചോദിച്ചിട്ടുണ്ട്, ‘ 20- വയസ്സിൽ കാൽ നഷ്ടപ്പെട്ടപ്പോൾ തകർന്നു പോയില്ലേ’ എന്ന്. സത്യത്തിൽ, ‘എന്റെ വിധി ഇങ്ങനെയായല്ലോ’ എന്നു വൈകാരികമായി ചിന്തിച്ചിട്ടേയില്ല. മനസ്സു മുഴുവൻ അക്കാദമിക് കാര്യങ്ങളായിരുന്നു. എല്ലാത്തിനും ഒരു കാരണമുണ്ടെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ധൈര്യവും കരുത്തുമൊക്കെ താനേ വന്നു ചേരും.

എന്റെ ഏറ്റവും വലിയ ശക്തി മാതാപിതാക്കളും സഹോദരങ്ങളുമാണ്. അച്ഛൻ ജി ആർ പിള്ള മരിച്ചു പോയി. അമ്മ ജി. ശാന്തകുമാരി. സഹോദരങ്ങൾ ജിജു, ജോജു. എവിടെ പോയാലും കരുത്തായി, കൂടെത്തന്നെ സുഹൃത്തുക്കളുണ്ടാകും. അതു വലിയൊരനുഗ്രഹമാണ്.’’

ഉള്ളിൽ ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ, ആ തീരുമാനം ശക്തമാണെങ്കിൽ ഏതു പ്രതിസന്ധിയിലും മുന്നോട്ടു പോകാനുള്ള ആവേശമുണ്ടാകുമെന്നാണ് ഡോ. സിജു തന്റെ ജീവിതം കൊണ്ടു തെളിയിക്കുന്നത്.

Tags:
  • Manorama Arogyam