Wednesday 15 November 2023 02:49 PM IST

‘രണ്ടു സിസേറിയനിലും സങ്കീർണതകൾ ഉണ്ടായത് എന്നെ പേടിപ്പിച്ചു’: പവർ ലിഫ്റ്റിങ്ങിലെ പുലി... ലിബാസ് മാതൃക

Rakhy Raz

Sub Editor

libas-sports-lady

ദേശീയ പവർലിഫ്റ്റിങ് മത്സര വേദിയിലേക്കു ലിബാസ് എന്ന പെൺകുട്ടിയും വാപ്പയും എത്തിച്ചേർന്നതു രഹസ്യമായാണ്. പങ്കെടുക്കാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്താൻ കഴിയാത്തതു കൊണ്ടു മാത്രം.

ഭാരോദ്വഹന മത്സരം തുടങ്ങി. മകൾ വേദിയിലേറി. പവർ ലിഫ്റ്റിങ്ങിന്റെ പല റൗണ്ടുകൾ അവൾ അ നായാസം കീഴടക്കി. ദേശീയ പവർ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പും നേടി.

വിജയികളെ തേടുന്ന പത്രക്കാരുടെ കണ്ണുവെട്ടിച്ച് അവർ വന്നതുപോലെ പുറത്തു കടന്നു. മറ്റു പല കായിക ഇനങ്ങളിലെയും സ്വർണ വിജയികൾ പത്രത്തിൽ വാർത്തയായി തിളങ്ങി നിന്നപ്പോൾ പവർ വെയ്റ്റ് ലിഫ്റ്റിങ് ചാംപ്യനെ ആരും അറിഞ്ഞില്ല.

ലിബാസിന്റെ ജീവിതസ്വപ്നങ്ങളുടെ തിളങ്ങുന്ന ഏടായിരുന്നു അത്. അവിടെ വച്ചു തന്നെ അവൾ ആ പുസ്തകം അടച്ചു വച്ചു വിവാഹത്തിലേക്കു പ്രവേശിച്ചു.

ആ മത്സരത്തിനു ശേഷം പതിനൊന്നു വർഷങ്ങൾകഴിഞ്ഞു. ലിബാസിന്റെ ജീവിതം ഇപ്പോൾ എങ്ങനെയായിരിക്കും എന്ന് ഊഹിക്കാൻ പ്രയാസമുണ്ടാകില്ല. പക്ഷേ, ഊഹങ്ങൾക്കപ്പുറത്താണ് ഇന്ന് ലിബാസ്.

പല കായിക താരങ്ങളും വിരമിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്ന പ്രായത്തിൽ, തന്റെ മുപ്പത്തിയഞ്ചാം വയസ്സിൽ ഏഷ്യൻ പവർ ലിഫ്റ്റിങ്ങിൽ ഗോൾഡ് മെഡൽ നേടി ഗംഭീര തിരിച്ചുവരവു നടത്തി ലിബാസ്. ഏഷ്യൻ ചാംപ്യൻഷിപ്പിൽ മത്സരിച്ച ഏക അമ്മ ലിബാസായിരുന്നു.

‘‘ഒരിക്കലും തിരിച്ചു വരാനാകുമെന്നു കരുതിയതല്ല. അ തും രണ്ടു കുട്ടികളുടെ അമ്മയായ ശേഷം. ഭർത്താവ് സാദിഖ് അലിയുടെ പ്രോത്സാഹനത്തിലാണു ഭാരോദ്വഹനത്തിലേക്കു വീണ്ടും വന്നത്. 2019 ൽ ആണ് ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടുന്നത്.’’

libas-power-lifter ലിബാസ്, സാദിഖ് അലി, ഹന്ന ഫാത്തിൻ, റിത മിനാൽ

ആ വിളിയിൽ നിന്നൊരു തുടക്കം

‘‘തൊടുപുഴ വണ്ണപ്പുറം എന്ന ഗ്രാമത്തിലാണു വീട്. വാപ്പച്ചി പി.എച്ച്. ബാവയും ഉമ്മച്ചി ലൈലയും കുട്ടിക്കാലം മുതലേ ആർട്സിലും സ്പോർട്സിലും ചേരാൻ പ്രേരിപ്പിച്ചിരുന്നു. സഹോദരൻ ലാൽബിനും എനിക്കും ഇടയിൽ ആൺപെൺ വേർതിരിവ് ഉണ്ടായിരുന്നില്ല. വാപ്പച്ചിക്കു ജോലി ഫയർ ഫോഴ്സിൽ. ഉമ്മച്ചിക്ക് ടെയ്‌ലറിങ് ഹോൾസെയിൽ ബിസിനസായിരുന്നു. സ്കൂൾ കാലത്തു സ്പോർട്സ് ചാംപ്യൻഷിപ് മിക്കവാറും എനിക്കു തന്നെയായിരുന്നു.

18 വയസ്സായപ്പോൾ തന്നെ വാപ്പച്ചി എന്നെ ബുള്ളറ്റ് ഒാടിക്കാനും കാർ ഡ്രൈവ് ചെയ്യാനും പഠിപ്പിച്ചു. തൊടുപുഴ ന്യൂമാൻ കോളജിൽ ഇംഗ്ലിഷ് ലിറ്ററേച്ചർ ബിരുദത്തിനു പഠിക്കുന്ന കാലം. പരീക്ഷ നടക്കുകയാണ്. സ്പോർട്സ് അധ്യാപകനായിരുന്ന ബെന്നി സാറിനാണ് അന്ന് എ ക്സാം ഡ്യൂട്ടി. പരീക്ഷ എഴുതുന്നതിനിടെ സർ എന്നെ ശ്രദ്ധിക്കുന്നതു മനസ്സിലായി. കുറച്ചു കഴിഞ്ഞപ്പോൾ സർ വന്ന് ‘പരീക്ഷ കഴിയുമ്പോൾ വന്നു കാണണം’ എന്നു പറഞ്ഞു. അതോടെ ഭയമായി. ഒരു വിധം പരീക്ഷ എഴുതി തീർത്ത് സാറിനെ കാണാൻ ചെന്നു.

‘ലിബാസിനു മത്സരിക്കാൻ പറ്റിയ ഐറ്റം നമ്മുടെ കോളജിലുണ്ട്’ എന്ന് സർ പറഞ്ഞു. എന്നെ കൂട്ടിക്കൊണ്ടുപോയി വെയിറ്റ് ലിഫ്റ്റിങ് ഉപകരണങ്ങൾ കാണിച്ചു തന്നു. അതൊക്കെ ആദ്യമായി കാണുകയായിരുന്നു. എന്തു ചെയ്യണം എന്നറിയാതെ നിന്ന എന്നോടു സർ പറഞ്ഞു. ‘ലിബാസിന് ഉറപ്പായും ചെയ്യാൻ സാധിക്കും.’

വീട്ടിൽ കാര്യം പറഞ്ഞപ്പോൾ ‘വേഗം പോയി ചേരൂ’ എന്നാണ് വാപ്പച്ചി പറഞ്ഞത്. പിറ്റേന്നു കോളജിലെത്തി വെയ്റ്റ് എടുത്തു നോക്കി. ഇരുപതു കിലോ ഭാരം വലിയ ബുദ്ധിമുട്ടില്ലാതെ പൊക്കി. നല്ല രസം തോന്നി. അന്നു മുത ൽ പരിശീലനം തുടങ്ങി. യൂണിവേഴ്സിറ്റി തല മത്സരങ്ങളിലും ജില്ലാ–സംസ്ഥാനതല മത്സരങ്ങളിലും വിജയിച്ചതോടെ വെയ്റ്റ് ലിഫ്റ്റിങ് ഹരമായി.

ബെന്നി സാറിനു വിദേശത്തു പോകേണ്ടി വന്നപ്പോൾ പകരം എത്തിയ രതീഷ് എന്ന അധ്യാപകനാണു പവർ ലിഫ്റ്റിങ് പരിശീലിപ്പിച്ചത്. അങ്ങനെ വെയ്റ്റ് ലിഫ്റ്റിങ്ങിൽ നിന്നു പവർ ലിഫ്റ്റിങ്ങിലേക്കു മാറി. ഒറ്റ തവണ പരമാവധി ഭാരം പൊക്കുന്നതാണു പവർ ലിഫ്റ്റിങ്. സ്ട്രെങ്ത് ഗെയിം ആണത്. ടെക്നിക്കുകൾ ഉപയോഗിച്ചുള്ള ഭാരം ഉയർത്തൽ ആണ് വെയ്റ്റ് ലിഫ്റ്റിങ്. വ്യത്യസ്ത ശൈലിയാണ് ഇവ രണ്ടിനും. പവർ ലിഫ്റ്റിങ്ങിലാണ് നാഷനൽ ചാംപ്യനാകുന്നത്.

ഡിഗ്രി അവസാന വർഷം അടുപ്പമുള്ള പലരും വാപ്പച്ചിയെ ഉപദേശിച്ചു, ‘ഇനി കുട്ടിയെ സ്പോർട്സിനു വിടരുത്.’ സ്പോർട്സുകാരിക്കു കല്യാണം വരില്ല എന്നൊരു വിശ്വാസവും നാട്ടിൽ ഉണ്ടായിരുന്നു. സമ്മർദത്തിനു വാപ്പച്ചിക്കും വഴങ്ങേണ്ടി വന്നു. നിർത്തുന്നതിനു മുൻപു നാഷനൽ മീറ്റ് പൂർത്തിയാക്കണം എന്ന ആഗ്രഹം കൊണ്ടാണ് ആരുമറിയാതെ മത്സരത്തിനു പോയത്.

സ്പോർട്സ് തുടർന്നിരുന്നെങ്കിൽ ഇന്ന് ഒളിംപ്ക്സ് വരെ എത്താൻ സാധിച്ചേനെ. അതൊന്നും നടന്നില്ല. പകരം വിവാഹം നടന്നു. അതോടെ തനി വീട്ടുകാരിയായി മാറി.

ഭർത്താവായ സാദിഖ് അലി ബിസിനസുകാരനും സിനിമാ നിർമാതാവുമാണ്. കൊച്ചി കലൂരിലാണു ഞങ്ങൾ താമസമാക്കിയത്. സാദിഖ് എന്നെ പരിചയപ്പെടുത്തുക ‘ലിബാസ്, പവർ ലിഫ്റ്ററാണ്, നാഷനൽ ചാംപ്യനാണ്’ എന്നാണ്. കളിയാക്കുകയാണോ എന്ന് ആദ്യം തോന്നിയിരുന്നു.

വിവാഹശേഷം എംഎയും ബിഎഡും പൂർത്തിയാക്കി. കുറച്ചു നാൾ അധ്യാപികയായി ജോലി ചെയ്തു. സാദിഖ് മിക്കപ്പോഴും യാത്രയിലാകും. വീട്ടിലെത്തുമ്പോൾ കൂടുതൽ സമയം ഒന്നിച്ചു ചെലവഴിക്കാൻ ജോലി രാജി വച്ചു സാദിഖിന്റെ ബിസിനസിൽ കൂടെ ചേർന്നു.

രണ്ടു പെൺമക്കളിൽ മൂത്തയാൾ ഹന്ന ഫാത്തിൻ, ഇ പ്പോൾ ഒൻപതാം ക്ലാസ് വിദ്യാർഥി. റെസ്‌ലിങ്ങിൽ സ്റ്റേറ്റ് ചാംപ്യനാണ്. വെസ്റ്റേൺ മ്യൂസിക്കും ഇഷ്ടമാണ്. രണ്ടാമത്തെയാൾ റിത മിനാൽ, മൂന്നാം ക്ലാസിൽ പഠിക്കുന്നു. അഭിനയമാണ് അവൾക്കിഷ്ടം. ഉപ്പും മുളകും, ഹോംലി ഫാമിലി തുടങ്ങിയ സീരിസുകൾ ചെയ്യുന്നു. പരസ്യങ്ങളിലും അഭിനയിക്കാറുണ്ട്.

രണ്ടാമത്തെ മകളുണ്ടായ ശേഷം ഞാൻ നന്നായി വണ്ണം വച്ചു. ഒരു ദിവസം സാദിഖ് പ്രത്യേകിച്ച് ഒന്നും പറയാതെ ജിമ്മിലേക്കു കൊണ്ടു പോയി. ‘ഇന്നു മുതൽ നിന്റെ പ്രാക്റ്റീസ് തുടങ്ങുകയാണ്’ എന്നു പറഞ്ഞു. ഞാൻ അദ്ഭു തപ്പെട്ടു. ‘വെയ്റ്റ് ലിഫ്റ്റിങ് ഇനിയെനിക്ക് പറ്റില്ല’ എന്നു മറുപടി നൽകി. രണ്ടു സിസേറിയനിലും സങ്കീർണതകളുണ്ടായത് എന്നെ പേടിപ്പിച്ചു.

എങ്കിലും വെയ്റ്റ് ഇരിക്കുന്ന സ്ഥലം കണ്ടതും മനസ്സി ൽ എന്തെന്നില്ലാത്ത ഊർജം ഇരച്ചുകയറി. പതുക്കെയെടുത്തു നോക്കി. സാധിക്കുന്നുണ്ട്. കൂടുതൽ വെയ്റ്റ് ഇട്ട് വീണ്ടും ശ്രമിച്ചു. അന്ന് നൂറ് കിലോ വരെ ഉയർത്തി. ഞാൻ എന്നോട് തന്നെ പറഞ്ഞു. ‘നടക്കുമെടോ’...

പരിശീലനം തുടങ്ങി അധികം താമസിയാതെ ജില്ലാ – സംസ്ഥാന ഭാരോദ്വഹന മത്സരങ്ങളിൽ സ്വർണമെഡൽ നേടി. ഏഷ്യൻ ചാംപ്യൻഷിപ്പിൽ അമ്മയായ ശേഷം മത്സ രിക്കുന്നതു ഞാൻ മാത്രം. ബാക്കിയെല്ലാവരും ചെറുപ്പക്കാർ. വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ, അവരെയെല്ലാം പിന്നിലാക്കി ഗോൾഡ് മെഡൽ നേടാനായി.

പുതിയ വിജയങ്ങൾക്കായുള്ള തുടക്കം

ഏഷ്യൻ ചാംപ്യൻഷിപ് വിജയത്തിനു ശേഷം പവർലിഫ്റ്റിങ്ങിൽ നിന്നു വെയ്റ്റ് ലിഫ്റ്റിങ്ങിലേക്കു ചുവടുമാറ്റി. രണ്ടു വർഷമായി അതിലാണ് പരിശീലനം. കോച്ച് പി.പി ഗോപാലകൃഷ്ണനാണ് പരിശീലകൻ.

ചാംപ്യൻഷിപ്പിനു വേണ്ടിയുള്ള ചെലവെല്ലാം സാദിഖാണു നോക്കുന്നത്. സാദിഖിനും മക്കൾക്കും ഞാൻ ചാംപ്യനാകുന്നത് അത്രയ്ക്ക് ഇഷ്ടമാണ്. ഇതുവരെ നല്ല സ്പോൺസറെ ലഭിച്ചിട്ടില്ല എന്ന വിഷമമുണ്ട്.

ന്യൂസീലൻഡിൽ നടക്കുന്ന കോമൺവെൽത് ഗെയിംസിലും യുഎസിലെ വേൾഡ് ചാംപ്യൻഷിപ്പിലും രാജ്യാന്തര മത്സരങ്ങളിലും വെയ്റ്റ് ലിഫ്റ്റിങ്ങിനു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനുള്ള പരിശീലനമാണ് ഇപ്പോൾ.

എങ്കിലും ശരിക്കും വിജയിച്ചു എന്നു തോന്നുന്നത് ‘ഇനി മത്സരിക്കരുത്’ എന്ന് പറഞ്ഞവർ ഒപ്പം നിന്നു സെൽഫി എടുക്കാൻ വരുമ്പോഴാണ്.’’