Tuesday 14 November 2023 12:29 PM IST : By സ്വന്തം ലേഖകൻ

‘മരിച്ചു മണ്ണോടലിഞ്ഞു, പക്ഷേ ആ ചാറ്റും വാട്സാപ്പിലെ വോയ്സും ഇന്നും സൂക്ഷിച്ചു വച്ചിരിക്കുന്നു’: ലി‍ഡിയ... നിനക്ക് മരണമില്ല: കണ്ണീർ കുറിപ്പ്

lidiya

മരണത്തെ പുൽകി മറഞ്ഞു പോകുമ്പോഴും മരിക്കാത്ത ഓർമയായി ചിലർ മനസിലുണ്ടാകും. കാൻസറിന്റെ വേരുകൾ ഉള്ളിൽ ആഴ്ന്നിറങ്ങുമ്പോഴും പുഞ്ചിരി കൈവിടാതെ നിന്ന പെണ്ണൊരുത്തി. മരിച്ചു മണ്ണോടു ചേർന്നിട്ടും ഹൃദയത്തിൽ ജീവിക്കുന്ന ലിഡിയ എന്ന തന്റെ പ്രിയപ്പെട്ടവളെ കുറിച്ച് എഴുതുകയാണ് ലിജി. സ്തനാർബുദം ശരീരത്തിൽ വേരൂന്നിയപ്പോഴും തോറ്റുപോയില്ല ലി‍ഡിയ. വിധിയെ പഴിക്കാതെ ദൈവത്തെ പഴിക്കാതെ ലിഡിയ കരളുറപ്പോടെ പൊരുതി നിന്നു. ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് ലിഡിയ എന്നന്നേക്കുമായി യാത്രയായെന്ന് ലിജി കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ലിഡിയ - നിനക്ക് മരണമില്ല

......... ....... ........ ......... ......

ലിഡിയ - ഓർമയായിട്ട് ഇന്ന് 2 വർഷം .

ബോബിയച്ചൻ അടുത്തിടെ പറയുന്നത് കേട്ടു - ജീവിച്ചിരിക്കുന്നവരെക്കാൾ സജീവരായിട്ടുള്ളത് മരിച്ചവരാണ് എന്ന്.

The dead are more alive than the living .

ശരിയാണ് ,നമ്മുടെ പ്രിയപ്പെട്ടവർ മരിച്ചു കഴിയുമ്പോൾ അവരെ സ്വർഗത്തിലെത്തിക്കാനുള്ള തത്രപ്പാടിൽ കൂടെയുള്ളവരെയും ജീവിച്ചിരിക്കുന്നവരെയും നമ്മൾ മറന്നു പോകുന്നു വോ?

. നമ്മുടെ സ്വപ്നങ്ങളും ചിന്തകളും പ്രവൃത്തികളും എല്ലാം ആത്മാവിന്റെ സന്തോഷത്തിനു വേണ്ടി മാറ്റിവയ്ക്കുമ്പോൾ സംഭവിക്കുന്ന മനപൂർവുമല്ലാത്ത ചില മാറ്റങ്ങൾ.....

ലിഡിയ,

ക്ലിയർ ചാറ്റ് ചെയ്യാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന വാട്സാപിലെ നിന്റെ ശബ്ദങ്ങളും അക്ഷരങ്ങളും ഇന്ന് എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്നോ...

അതിലൂടെ വിരലോടിക്കുമ്പോൾ നീ അടുത്ത് നിന്ന് സംസാരിക്കുന്നതുപോലെ ....

നിനക്ക് മരണമില്ല -

ഞങ്ങളുടെ വർത്തമാനങ്ങളിൽ,

ഞങ്ങളുടെ ചർച്ചകളിൽ,

ഞങ്ങളുടെ ചിരികളിൽ പോലും നീയുണ്ട് - ജീവനോടെ .

വേദനകൾ മറക്കാൻ നീ പറഞ്ഞ തമാശകൾ ...

ദേഷ്യം വരുമ്പോൾ നിന്നിൽ നിന്ന് വരുന്ന ചില ക്ലാസിക്കൽ വാക്കുകൾ ....

ഞങ്ങൾ പറഞ്ഞ് പറഞ്ഞ് ചിരിക്കാറുണ്ട് -

ശ്വാസം എടുക്കാനാവാതെ നീ പാടിയ പാട്ടുകളുടെ ഈണവും താളവും.... ഞങ്ങളുടെ നിശബ്ദതയിൽ ഹൃദയമിടിപ്പുകളുടെ താളത്തിനൊപ്പം ഒഴുകിയെത്താറുണ്ട്.

ചികിത്സയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും തന്നെക്കാൾ ബുദ്ധിമുട്ടു ന്നവരിലേക്ക് നീണ്ട നിൻറെ കൈകൾ ....

ചികിത്സാ പിഴവുകൾക്കിടയിലും ആരെയും കുറ്റപ്പെടുത്താതെ എല്ലാം ഈശ്വര നിശ്ചയമായി കണ്ട നിന്റെ തുറന്ന മനസ്സ് ....

അതികഠിനമായ വേദനയിലും ദൈവത്തെ ചീത്ത വിളിക്കാതെ എല്ലാം അവിടുത്തെ കരങ്ങളിൽ അർപ്പിച്ച് എല്ലാത്തിനോടും താദാത്മ്യപ്പെട്ട നിൻറെ പുണ്യ ജീവിതം .... അരികിലുണ്ട് നീ - ഒരു പനിനീർ പൂവിന്റെ നിർമലതയോടെ

മരണം അടുത്തെത്തി എന്ന തിരിച്ചറിവിൽ , ഐസിയുവിന്റെ ശീതീകരിച്ച മുറികളിൽ നിന്നും , ആശുപത്രിയുടെ മടുപ്പിക്കുന്ന നെടുവീർപ്പുകളിൽ നിന്നും അകലം പാലിച്ച് പ്രിയപ്പെട്ടവരുടെ അരികിൽ കിടന്ന് സുബോധത്തോടെ യാത്രാമൊഴി ചൊല്ലാൻ നീ എടുത്ത തീരുമാനം ഞങ്ങൾക്ക് മുന്നിൽ തുറന്നിട്ട പ്രതീക്ഷയുടെ വാതിലുകളാണ്....

ചിലർ അങ്ങനെയാണ് ... ഈ ഭൂമിയിൽ വളരെ കുറച്ച് നാളെ ജീവിച്ചിരുന്നുള്ളൂ എങ്കിലും അവർ പാർത്ത ഇടങ്ങളിൽ അവർ പാർത്ത മനസ്സുകളിൽ അവരുടേതായ അടയാളങ്ങൾ അവശേഷിപ്പിച്ചിട്ടുണ്ടാവും ....

നീ ഞങ്ങളുടെ നെഞ്ചിൽ കോറിയിട്ട അടയാളങ്ങൾക്ക് ഒരിക്കലും മങ്ങലേൽക്കില്ല.

ഞങ്ങളുടെ പ്രിയപ്പെട്ട ലിഡിയകുട്ടി - നീ എവിടെ പോകാൻ ....നീ ഇവിടൊക്കെ തന്നെയുണ്ട് -ഞങ്ങളുടെ ഹൃദയങ്ങളിൽ ,ജീവനോടെ .