Tuesday 15 September 2020 11:27 AM IST : By സ്വന്തം ലേഖകൻ

‘എന്തു ചെയ്ത് എന്റെ മോളെ കേടുപറ്റാതെ വളർത്തിയെടുക്കും’; കെട്ടകാലത്ത് അമ്മമാർ അനുഭവിക്കുന്ന വേദന; കുറിപ്പ്

lis

ഒരു മനുഷ്യായുസിൽ പെണ്ണ് അനുഭവിക്കുന്ന ചൂഷണങ്ങളും വേദനകളും എത്രത്തോളമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? കുടുംബത്തിൽ, സമൂഹത്തിൽ, വ്യക്തി ജീവിതത്തിൽ തുടങ്ങി സമസ്ത മേഖലകളിലും അവൾ അനുഭവിക്കുന്ന വേദനകളും കഷ്ടപ്പാടുകളും അവൾക്കു മാത്രം സ്വന്തം. സ്ത്രീകൾക്ക് നേരെയുള്ള ചൂണഷങ്ങളുടേയും ബാല പീഡനങ്ങളുടേയും പശ്ചാത്തലത്തിൽ ഗൗവകരമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ലിസ് ലോന. ചതിയുടേയും ചൂഷണത്തിന്റേയും കാലത്ത് പറന്നു നടക്കാനുള്ള സ്വാതന്ത്രം അവൾക്ക് കൊടുത്തും ധൈര്യത്തിനായി തിരിഞ്ഞു നോക്കുമ്പോൾ ചിറക് വിരിച്ചു കൊടുത്തുമാണ് പെണ്ണിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടതെന്ന് ലിസ് കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ.. തുടങ്ങിയിട്ട് കാലമേറെയായി.സോഷ്യൽ മീഡിയ മുഴുവൻ പെൺകുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട മുറവിളിയുണ്ട് .'ഗുഡ് ടച്ച് ' ബാഡ് ടച്ച് ' നിറഞ്ഞു നിൽക്കുന്ന വിഡിയോകളുണ്ട് .ഇതെല്ലാം നോക്കി ഇരിക്കുമ്പോൾ മനസ്സും ശരീരവും കടന്നൽകുത്തേറ്റ പുകച്ചിലാണ് ..

മനസ്സ് വല്ലാതെ അസ്വസ്ഥമാണ്..

പേടിയോ ദേക്ഷ്യമോ സങ്കടമോ ഇതൊന്നുമല്ല , എനിക്കൊന്നും ചെയ്യാൻ സാധിക്കില്ലല്ലോ എന്ന നിസ്സഹായാവസ്ഥ .ഓർക്കുമ്പോൾ ശരീരം മൊത്തം തണുപ്പിന്റെ മരവിപ്പ് അരിച്ചിറങ്ങി മരണം പുൽകുമ്പോളുള്ള ശൂന്യത...

എപ്പോൾ ഈ വിഷയം എഴുതാൻ തുടങ്ങുന്നുവോ അപ്പോഴേക്കും കൈവിറച്ച് ഇനിയെന്ത് എഴുതാനെന്നു മനസ്സ് മടുപ്പിക്കുന്ന ചോദ്യമുയരും. തലച്ചോറ് ഉരുകിപോകുന്ന ചൂടോടെ തുടങ്ങുന്ന പൊട്ടിപിളരുന്ന വേദനയും നെഞ്ഞുരുകുന്ന സങ്കടവും കൂടി ഈ വിഷയമിനി എഴുതാനെനിക്ക് വയ്യെന്നോർത്ത് നിർത്തും.

അത്രമേൽ മനസ്സ് മടുത്തിരിക്കുന്നു....

ഓരോദിവസവും വായിക്കുന്നതോ കേൾക്കുന്നതോ

ആയ വാർത്തകളിൽ ചുരുങ്ങിയത് രണ്ടെണ്ണമോ മൂന്നെണ്ണമോ എങ്കിലും പ്രായപൂർത്തിയാവാത്ത പെൺകുഞ്ഞുങ്ങൾക്കെതിരെയുള്ള അക്രമത്തിന്റെതാണ്.

തുടക്കത്തിൽ രണ്ട് അഞ്ച് ഏഴ് ഒൻപത് അങ്ങനെ ഒന്നുമുതൽ വയസ്സും പറഞ്ഞ് തുടങ്ങുന്ന വാർത്തകൾ പിന്നെ സൂര്യനെല്ലി വിതുര വാളയാർ അങ്ങനെ സ്ഥലപ്പേരുമായി ഹാഷ്ടാഗുമിട്ട് കറങ്ങും..

നാലു ദിവസം അല്ലെങ്കിൽ ഒരാഴ്ച്ച അതുകഴിയുമ്പോഴേക്കും വേറൊരു വിഷയവുമായി എല്ലാവരും അതിന് പിന്നാലെ പോകും..

കാലം കഴിയുമ്പോൾ ആ കുട്ടികളുടെ വിഷയം പശുവും ചത്തു മോരിലെ പുളിയും പോയി എന്ന അവസ്ഥയിലേക്ക് മാറി പുതിയ പീഡനക്കേസ് ഉയർന്നുവരും..

ഹാഷ് ടാഗിട്ടു പ്രേതിഷേധമറിയിച്ചും വീഡിയോ ഷെയർ ചെയ്തും കടമ നിർവഹിച്ചു കഴിഞ്ഞ ചിലർ നേരെ ഇറങ്ങുകയാണ് ...

ബസിനുള്ളിലെ തിരക്കിലേക്ക്, നീട്ടിയ വൃത്തികെട്ട കൈകളും,പെണ്ണെന്നോ കുഞ്ഞെന്നോ തിരിച്ചറിയാൻ കഴിയാത്ത വികലമായ മനസ്സുമായി .

കാത്തിരിക്കുന്നുണ്ടവർ. ബന്ധുവീട്ടിലോ അയൽവീട്ടിലോ സിനിമാ കൊട്ടകയിലെ ഇരുട്ടിലോ ,എന്തിന് !!! നെഞ്ച് തകർത്തുകൊണ്ട് സ്വന്തം വീട്ടിൽ വരെ .

പെൺകുഞ്ഞുങ്ങളെ പെറ്റു ഇടനെഞ്ചിലിട്ടു വളർത്തുന്ന എന്നെപോലുള്ള അമ്മമാരിൽ ചിലരെങ്കിലും നെഞ്ച് പൊടിഞ്ഞു ചിന്തിച്ചു കൂട്ടുന്നുണ്ടാവണം .

"എന്തു ചെയ്ത് എന്റെ മക്കളെ കേടു പറ്റാതെ വളർത്തിയെടുക്കണം " എന്ന് .

ഒരു വഴിയുമില്ല എന്നു തിരിച്ചറിയുന്ന ആ നിസ്സഹായാവസ്ഥ ആണ് ഭീകരം ..

വീഡിയോ കാണിച്ചു കൊടുത്തു പ്രതികരിക്കാൻ പഠിപ്പിച്ച് സൂക്ഷ്മദൃഷ്ടികളോടെ അടക്കി പിടിച്ച് വളർത്തിയാലും ചിലപ്പോളെങ്കിലും വിധി തോല്പിക്കുന്ന ആ നിമിഷം വന്നു പെട്ടേക്കുമോ എന്നു പേടിച്ചുപേടിച്ചുള്ള ജീവിതം അതിന് ഒരു മാറ്റവും ഇനിയുള്ള കാലം ഉണ്ടാകാൻ പോകുന്നില്ല .കാമകണ്ണുകളോടെ കുഞ്ഞുങ്ങളെ തൊടാനോ നോക്കാനോ ഉള്ളുകിടുങ്ങുന്ന ഒരു നിയമം വരുംവരെയും ഇതിങ്ങനെ തുടരുമെന്നുറപ്പാണ്.

പെണ്ണ് ,പെണ്ണായി മാറുന്നതിന് ഋതുമതി ആവുമ്പോൾ മുതൽ തുടങ്ങുന്ന മാറ്റങ്ങളുണ്ടല്ലോ ... അടിവയറ്റിൽ സൗമ്യതയില്ലാതെ ആരോ ചവിട്ടി തിരുമ്മും പോലെ അല്ലെങ്കിൽ പേറ്റുനോവിനൊപ്പം നിൽക്കുന്ന കടവയറ്റിലെ വേദന അതുമല്ലെങ്കിൽ സഹിക്കാൻ പറ്റാത്ത നടുവേദന ഈ സുഖങ്ങളെല്ലാം ഒരിക്കലല്ല മാസാമാസം അനുഭവിച്ചാണവൾ പെണ്ണാകുന്നത് .പാഡ് മാറ്റാൻ വൈകുമ്പോൾ അനുഭവിക്കുന്ന അസ്വസ്ഥതയും ആവലാതിയും ഉണ്ടല്ലോ..പറഞ്ഞറിയിക്കാൻ കഴിയില്ല.

ഗർഭിണി ആണെന്നറിഞ്ഞതിനു ശേഷം തുടങ്ങുന്ന ആധി പണ്ടൊക്കെ കുഞ്ഞ് ആണാണെങ്കിലും പെണ്ണാണെങ്കിലും കേടുകൂടാതെ തരണേ എന്നായിരുന്നു.കാലത്തിന്റെ മാറ്റത്തിൽ ഇന്നത് പെണ്ണാണെങ്കിൽ ഒരു കേടും പറ്റാതെ വളർത്താൻ പറ്റണേ എന്നായി മാറി .

അമ്മയാവുന്നതിനു മുൻപേ കടന്നു പോകുന്ന ഭയാനകമായ വേദന !!!!ഇതിലും ഭേദം മരണമല്ലേ എന്നു വരെ തോന്നിപ്പിക്കും .ഗർഭകാലം തുടങ്ങുമ്പോളെ കൂട്ട് ശർദിയും ക്ഷീണവുമാണ് പിന്നെ അത് അവനവനു താങ്ങാൻ പറ്റാത്ത ശരീരഭാരം കൂടി നടുവേദനയും കൈ കാൽ കടച്ചിലും വയറെരിച്ചിലും ആയി മാറി ഒടുക്കം വരെയുണ്ടാവും..

അപ്പോൾ മുതൽ നഷ്ടപെടുന്ന ഉറക്കം പിന്നീട് ജീവിതത്തിലൊരിക്കലും പെൺകുഞ്ഞിന്റെ അമ്മക്ക് കിട്ടുന്നില്ല എന്നതാണ് സത്യം .അപൂർവമായെങ്ങാനും ഒന്നുറങ്ങി പോയാൽ ഇടവപ്പാതിയിൽ പറയാതെ വരുന്ന ഇടിയും മിന്നലും കണക്കു കാലിലെ മസിലങ്ങു കേറി ഒറ്റ വരവാണ് ,ഈരേഴു പതിനാലു ലോകവും അപ്പൊ കാണാം. ആദ്യം നഷ്ടപെടുന്ന ഉറക്കം ഗർഭാവസ്ഥയുടെ അസ്വസ്ഥകൾ കൊണ്ടാണെങ്കിൽ പിന്നീടത് മനസ്സിന്റെ ആവലാതികൾ കൊണ്ടാണ് .

പ്രസവവേദനയുടെ മുന്നോടിയായി ചെറുതായി തുടക്കമിടുന്ന നടുവേദന ഇടക്ക് വച്ചു അടിവയറ്റിലൂടെ ഒരു മിന്നൽ പിണർ തരും ശരീരം പിളർത്തികൊണ്ട് , അതാണു പ്രസവവേദന എന്ന ആഘോഷത്തിന്റെ തുടക്കം .

കുഞ്ഞു പുറത്തേക്കു വരാനായോ എന്നു നോക്കാനായി ഡോക്ടർമാരും നഴ്സുമാരും ഇടക്കിടെ ഒരു പരിശോധനയുണ്ട് കയ്യിട്ട് ...അതിനൊരിക്കലും രതിസുഖമല്ല എന്നോർമിപ്പിക്കട്ടെ .വിരലിട്ട് നോക്കി എത്രെ വ്യാസത്തിൽ ഗർഭാശയമുഖം വികസിച്ചെന്നും ഇനി വികസിച്ചത് കുറവാണെങ്കിൽ പെട്ടെന്ന് ആവാനും വേണ്ടി വിരല് കൊണ്ട് ഒരു ഓതിരം കടകം തിരിയുണ്ട് അറിഞ്ഞിരിക്കേണ്ട ഒന്നാണ് .

കുഞ്ഞ് പുറത്തുവരാൻ നേരം, വരുന്ന വഴി കീറി മുറിക്കൽ എന്നൊരു ചടങ്ങുണ്ട് .പ്രസവം കഴിഞ്ഞാൽ അത് തുന്നുമ്പോളുള്ള സുഖവും പിറ്റേ ദിവസം മുതൽ മൊട്ടുസൂചികളുടെ മേൽ ഇരിക്കുന്ന പോലെ സ്റ്റിച്ചിന്റെ കുത്തലിന്റെ സുഖവും പറഞ്ഞറിയിക്കാൻ കഴിയില്ല .

മുറിവുണങ്ങുന്ന വരെ തുടകളിൽ സൈക്കിൾ ബാലൻസുകാരെ തോൽപ്പിച്ച് ബാലൻസ് ചെയ്ത് ഇരിക്കണം .നിങ്ങൾ വികാരത്തോടെ മാത്രേം നോക്കുന്ന മാറ് , കുഞ്ഞു കുടിക്കാതെ വരുമ്പോൾ പാല് നിറഞ്ഞു പാറക്കല്ലെടുത്തു നെഞ്ചിൽ വച്ചപോലെ ഭാരം തോന്നും .

മുലക്കണ്ണുകൾ പൊട്ടി ചോരയൊലിക്കുമ്പോളും കരയുന്ന കുഞ്ഞിന് പാല് കൊടുത്ത്‌ , കണ്ണീരൊഴുകുമ്പോളും കുഞ്ഞിന്റെ മുഖത്തു നോക്കി ചിരിക്കുന്ന പെണ്ണിനേയും കാണാം .ഇങ്ങനെയെല്ലാം എത്രെ സിംപിളായിട്ടാണെന്നോ ഒരു പെണ്ണ് അമ്മയാവുന്നത്. ഇതെല്ലാമാണ് പെണ്ണ് ....

പെണ്ണിനെ പെണ്ണെന്നു മാത്രേം കാണാതെ അമ്മയായും മകളായും ഭാര്യയായും ഒരു വ്യക്തിയായും കാണുന്ന ആണുങ്ങളെ നേരുള്ള ആണായി മാറ്റി നിർത്തി ,

ബാക്കിയുള്ള ഉപദ്രവിക്കാൻ വരുന്ന മൃഗങ്ങൾക്ക് "മാന്യന്മാരായ കാട്ടാളന്മാർക്ക്" ഇതെല്ലാം ഒരിക്കലെങ്കിലും അനുഭവിപ്പിക്കണം അവരറിയട്ടെ മനസ്സും ശരീരവും കൊണ്ട് പെണ്ണ് ജീവിക്കുന്ന വേദനയുടെ നൈരന്തര്യങ്ങൾ അങ്ങനെയെങ്കിലും പെണ്ണിനെ അവർ ഒരു ഭോഗവസ്തു മാത്രമായി കാണാതിരിക്കട്ടെ .,.

വാളയാർ കേസിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ള വരികൾ വായിച്ചതില്പിന്നെ കണ്ണടച്ചാൽ ക്ലാസ്സിൽ ഇരിക്കാൻ കഴിയാതെ വേദന കടിച്ചുപിടിച്ച് പഴുപ്പും ചോരയുമിറ്റുന്ന വ്രണത്തോടെ നിസ്സഹായായി നിൽക്കുന്ന ഒരു പൂമ്പാറ്റക്കുഞ്ഞിന്റെ മുഖമായിരുന്നു കുറെ നാളുകൾ കൺമുൻപിൽ..ഒന്ന് വയറ് ഉറച്ച് മലം പോകാൻ ബുദ്ധിമുട്ടായാൽ കണ്ണിൽ വെള്ളം നിറയുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ അപ്പോളീ കുഞ്ഞുമക്കൾ എത്രെമാത്രം വേദനയിൽ കൂടി കടന്നു പോയിട്ടുണ്ടാകുമെന്ന് ഊഹിക്കാം..

ചിത്രം വരച്ചും കുസൃതി കാട്ടിയും ചിരിച്ചും കളിച്ചും ഓടിനടക്കേണ്ടുന്ന പ്രായമായിരുന്നു..ഒന്നുറങ്ങി പോയാൽ ആ കുഞ്ഞുങ്ങളുടെ മുഖം മാറി എന്റെ കുഞ്ഞുങ്ങളുടെ മുഖച്ഛായ തോന്നുമ്പോഴേക്കും ഞെട്ടിവിയർത്തു ഞാൻ എഴുന്നേൽക്കും.

മക്കൾ കളിക്കുമ്പോഴും ആരോടെങ്കിലും സംസാരിക്കുമ്പോഴും പരുന്തിൻ കാലിൽപോകാതെ കുഞ്ഞുങ്ങളെ കാത്തുസൂക്ഷിക്കുന്ന കോഴിയമ്മയെ പോലെ സംശയദൃഷ്‌ടിയോടെ എല്ലാവരെയും ശ്രദ്ധിച്ചു നിക്കുന്ന അമ്മമാരോടൊപ്പം ഞാനും നിൽക്കുകയാണ്.

കാരണം ഗുഡ് ടച്ച് ബാഡ് ടച്ച് പറഞ്ഞുകൊടുത്തതുകൊണ്ട് മാത്രം അവർക്കവരെ ഉപദ്രവിക്കുന്നത് മനസിലാകണമെന്നില്ലല്ലോ തടയാനും കഴിയണമെന്നില്ല. എങ്ങനൊയൊക്കെ പറഞ്ഞുകൊടുത്താലും അവരെയും കാത്ത് കഴുകൻകണ്ണുകളോടെ ഒരു ലോകമുണ്ടെന്ന് ഇനി എങ്ങനെ മനസിലാക്കിക്കുമെന്നും അറിയില്ല.

തൂക്കി കൊന്നത് കൊണ്ടോ ,വികാരദണ്ഡ് അറുത്തു മാറ്റിയോ കാര്യമില്ലെന്ന് അറിയാം..തലച്ചോറ് തുറന്നു ഈ വികാരമേ വരാത്ത വിധം മരവിപ്പിച്ചു കളയാൻ ആണ് ആഗ്രഹം എങ്കിലും കുഞ്ഞുങ്ങളെ തൊട്ടാൽ കൈപൊള്ളുന്ന നിയമമുണ്ടെന്നും ലിംഗം അറുത്ത് കളയുന്ന നാടാണെന്നും പ്രായഭേദമന്യേ കാമവെറിയന്മാരെ ഓർമ്മിപ്പിക്കാൻ അമ്മമാർക്ക് ആശ്വസിക്കാനൊരു നിയമം കൊണ്ടുവരാനെങ്കിലും ഇനിയുള്ള അധികാരികൾക്കു സാധിക്കട്ടെ.

തട്ടിത്തെറിപ്പിച്ച ബാല്യത്തിന്റെ ബാക്കിപത്രങ്ങളായി നടുങ്ങുന്ന ഓർമ്മകളും കയ്യിലൊരു കുഞ്ഞുമായി ഇനിയൊരു പെൺകുട്ടി മാറാതിരിക്കാൻ ഒരുമുഴം കയറിൽ തൂങ്ങിയാടുന്ന പൂമ്പാറ്റകളുണ്ടാവാതിരിക്കാൻ നരാധമന്മാർ ക്രൂരമായി ഉപയോഗിച്ച് കടലാസിന്റെ വില പോലും ഇല്ലാതെ ജീവനോടെ കത്തിച്ചുകളയുന്ന പെണ്ണുടലുകൾ റോഡരുകിൽ കിടക്കാതിരിക്കാൻ നിയമം ശക്തമാക്കിയേ കഴിയൂ..

ഇനിയുള്ള തലമുറ ഇതിൽക്കൂടുതൽ അധഃപതിക്കാതിരിക്കാൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശരിയായ ലൈംഗികവിദ്യാഭ്യാസം കൊടുത്ത് വ്യക്തമായി കാര്യങ്ങൾ മനസിലാക്കിച്ച് നമുക്ക് നമ്മുടെ കുട്ടികളെ വളർത്താം..

കുട്ടികൾ അവരുടെ സുരക്ഷ നോക്കട്ടെ അതിനായി അവർക്ക് നമുക്ക് സാഹചര്യവും സൗകര്യവും പിൻതുണയും ഒരുക്കികൊടുക്കാം...പെൺകുട്ടികളെ അണിയിച്ചൊരുക്കിയ രാജകുമാരിയായി പേടിച്ചു പതുങ്ങുന്ന ആട്ടിൻകുട്ടികളായല്ല ചീറി ആക്രമിക്കുന്ന പെൺപുലികളായി നമുക്ക് വളർത്താം ...

സുരക്ഷിതമെന്ന് തെറ്റിദ്ധരിപ്പിച്ചു വിരലുകൾ മുറുകെപ്പിടിക്കുന്ന ഏതൊരാളെയും

ശ്വാസം മുട്ടിത്തുടങ്ങിയാൽ തള്ളിമാറ്റാനുള്ള സാമർഥ്യം പെണ്മക്കളെ പഠിപ്പിക്കുന്നത് നിനക്ക് എപ്പോഴും ഞാനുണ്ടെന്ന് പറഞ്ഞു കൈകോർത്തു പിടിച്ചുകൊണ്ടോ.. കൈ കൂട്ടിപ്പിടിച്ചു നടക്കാൻ ഒരാളെ ഏർപ്പാടാക്കികൊടുത്തോ അല്ല.

അവൾക്ക് പറയാനുള്ളത് കേൾക്കാനൊരു കാതുകൊടുത്തും ....

പറന്നു നടക്കാനുള്ള സ്വാതന്ത്രം അവൾക്ക് കൊടുത്തും.. ധൈര്യത്തിനായി തിരിഞ്ഞു നോക്കുമ്പോൾ ചിറക് വിരിച്ചു അവൾക്ക് തൊട്ട് പിന്നിലായി നമ്മളുണ്ടെന്നു കാണിച്ചുകൊടുത്തുമാകണം...

ലോകം അവൾക്കെതിരെ ശബ്ദമുയർത്തിയാലും അതിന് മുകളിൽ ഉയരട്ടെ അവളുടെ നിശ്ചയദാർഢ്യത്തിന്റെ സ്വരം..

ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് നേടിയെടുക്കാനായി ഇരുചിറകും വീശി പറക്കട്ടെയവൾ

ലിസ് ലോന ✍️