Wednesday 01 November 2023 11:02 AM IST

അക്ഷരം പഠിപ്പിക്കുന്നവർ ആട്ടിയിറക്കി, കണ്ണീരുപ്പു നുകർന്ന് ആദ്യാക്ഷരങ്ങൾ ചിട്ടപ്പെടുത്തി: കേരളപ്പിറവിയിൽ തുഞ്ചനെ ഓർക്കുമ്പോൾ

Baiju Govind

Sub Editor Manorama Traveller

4 - Ezhuthachan

ഭാഷയ്ക്കു മലയാളത്തിന്റെ അക്ഷരച്ചന്തം വരഞ്ഞു കിട്ടുന്നതിനു മുൻപുള്ള വെട്ടത്തുനാട്. കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ പ്രായം നോക്കിയളന്നാൽ നാനൂറാണ്ടു പഴക്കം. തൃക്കണ്ടിയൂർ ക്ഷേത്രത്തിനു സമീപം നായരമ്മയ്ക്ക് ഇളയ പുത്രൻ ജനിച്ചു. ഒടുവിലുണ്ടായ മകനെ അവർ ‘തുഞ്ചൻ’ എന്നു വിളിച്ചു. വേദവദാന്തവിദ്യകളിൽ നിപുണനായ തുഞ്ചൻ വർത്തമാനം പറയുന്ന തത്തയെ കഥാപാത്രമാക്കി രാമായണവും മഹാഭാരതവും മലയാളത്തിൽ ചൊല്ലി. സംസ്കൃതകാവ്യം സാധാരണക്കാരെക്കൊണ്ട് ഏറ്റുപറയിച്ച തുഞ്ചനെ നാട്ടുകാർ ‘എഴുത്താശാൻ’ എന്നു ബഹുമാനിച്ചു. കാലം ചരിത്രമെഴുതി കടന്നുപോയപ്പോൾ തുഞ്ചനെഴുതിയ ഭാഷ മലയാളവും തുഞ്ചനായി പിറന്ന എഴുത്തച്ഛൻ ഭാഷയുടെ പിതാവുമായി. ഗുരുവിനെ മനസ്സിൽ ധ്യാനിച്ച് എഴുതൂ – ഹരിശ്രീ...

അരിയിൽ ആദ്യാക്ഷരം കുറിച്ച കുട്ടിയുടെ കാതിൽ മന്ത്രമോതുന്ന പോലെ മുരളീധരൻ പറഞ്ഞു. എഴുത്തച്ഛന്റെ കളരിയിൽ വിളക്കു തെളിക്കുന്ന പൂജാരിയാണു മുരളി. ഇതേ കളരിയുടെ ഉമ്മറത്തെ കാഞ്ഞിരത്തിന്റെ തണലിലാണ് നാനൂറു വർഷം മുൻപ് എഴുത്തച്ഛൻ ഹരിനാമകീർത്തനം എഴുതിയത്.

മധുരിക്കുന്ന കാഞ്ഞിരം

തിരൂർ പട്ടണത്തിനു സമീപം പൂങ്ങോട്ടുകുളത്തു നിന്ന് ഒരു കിലോമീറ്റർ അകലെയാണു തുഞ്ചൻ മഠം. തൃക്കണ്ടിയൂരിനടുത്തു തട്ടാരമ്പത്ത് ഇല്ലത്താണ് എഴുത്തച്ഛൻ ജനിച്ചതെന്നു കരുതപ്പെടുന്നു. ഓതിക്കന്മാർ ചൊല്ലിയ ശ്ലോകത്തിലെ തെറ്റു തിരുത്തിയതിന്റെ പേരിൽ ബാല്യകാലത്ത് എഴുത്തച്ഛനു ബ്രാഹ്മണശാപം കിട്ടിയെന്നു കഥ. പൂജയും വഴിപാടും നടത്തി ‘ദീനം’ മാറിയപ്പോൾ തുഞ്ചൻ ഭക്തനായി. സരസ്വതി, ഗണപതി, ശ്രീരാമൻ എന്നിവരെ ആരാധിച്ചു. അദ്ദേഹം പൂജിച്ചതെന്നു കരുതപ്പെടുന്ന വിഗ്രഹങ്ങൾ തുഞ്ചൻപറമ്പിന്റെ കിഴക്കുഭാഗത്ത് കാഞ്ഞിരമരത്തിനു സമീപം ശ്രീകോവിലിലാണു പ്രതിഷ്ഠിച്ചിട്ടുള്ളത്.

അബ്രാഹ്മണർക്ക് അക്ഷരങ്ങൾ നിഷേധിക്കപ്പെട്ട കാലത്ത് അവർക്കു വേണ്ടി അറിവിന്റെ തിരി തെളിയിച്ചു തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. മരത്തണലിലെ മണലിൽ ഹരിശ്രീ കുറിച്ചവർ പിൽക്കാലത്തു പ്രമുഖരായെന്നു നാട്ടുപുരാണം. അതിനാൽത്തന്നെ, കാലാന്തരത്തിലും ശമിക്കാത്ത കാഞ്ഞിരത്തിന്റെ ജൈവികമായ കയ്പ്പിനു തുഞ്ചൻ പറമ്പിൽ മധുരത്തിന്റെ സുകൃതമെന്ന് അനുഭവസാക്ഷ്യം. ഇന്ന് തുഞ്ചൻപറമ്പിൽ എത്തുന്നവർ അക്ഷരോപാസകന്റെ കളരി സന്ദർശിച്ച് കാഞ്ഞിരത്തെ വണങ്ങി അനുഗ്രഹം തേടുന്നു.

ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച കാഞ്ഞിരമരത്തിന്റെ വടക്കാണു കുളം. വാൽമീകിയുടെ രാമായണത്തിനും വ്യാസനെഴുതിയ മഹാഭാരതത്തിനും മനുഷ്യബന്ധങ്ങളുടെ കണ്ണികൾ കോർക്കുന്നതിനു മുൻപ് ആചാര്യൻ ഈ കുളത്തിലാണു മുങ്ങിനിവർന്നത്. പടവുകളും അരികും കെട്ടിത്തിരിച്ച് സംരക്ഷിച്ച കുളത്തിന്റെ അരികിൽ നിന്ന് ഇപ്പോൾ ആളുകൾ ഗുരുവിനെ വന്ദിക്കുന്നു.

കുളത്തിന്റെ മുന്നിൽ നിന്നാൽ സരസ്വതീ മണ്ഡപം കാണാം. കരിങ്കൽത്തൂണുകളും തിളങ്ങുന്ന നിലവും ഭംഗിയിൽ ഡിസൈൻ ചെയ്ത മേൽക്കൂരയും തുഞ്ചൻപറമ്പിലെ പ്രധാന നിർമിതിയാണ്. കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛന്റെ ‘നാവായിരുന്ന’ തത്തയുടെ ശിൽപം സ്ഥാപിച്ചിട്ടുള്ളത് സരസ്വതീ മണ്ഡപത്തിന്റെ മുറ്റത്താണ്. ആദ്യാക്ഷരം

ezhuthachan-1

എഴുത്തച്ഛന്റെ ജന്മഭൂമിയിൽ ആദ്യാക്ഷരം കുറിക്കാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും ആളുകൾ എത്തുന്നു. സ്മാരകമന്ദിരത്തിനു മുറ്റത്ത് മണ്ഡപത്തിലാണ് വിദ്യാരംഭം നടത്താറുള്ളത്. ‘‘എല്ലാ ദിവസവും വിദ്യാരംഭം നടത്താറുണ്ട്. അരിയിൽ എഴുതിക്കും. അതിനു ശേഷം കാഞ്ഞിരത്തിനു ചുറ്റും പ്രദക്ഷിണം നടത്തും’’ തുഞ്ചൻ പറമ്പിൽ ആദ്യാക്ഷരം ഓതിക്കൊടുക്കുന്ന മുരളീധരൻ പറഞ്ഞു.

ലിറ്റററി മ്യൂസിയം, തുഞ്ചൻ മെമ്മോറിയൽ ലൈബ്രറി, ഗ്രന്ഥപ്പുര എന്നിവയാണ് തുഞ്ചൻ സ്മാരകത്തിൽ സന്ദർശകർക്ക് അറിവു പകരുന്നത്. എഴുത്തച്ഛന്റെയും സാഹിത്യ മേഖലയിലെ മറ്റു പ്രമുഖരുടേയും ലേഖനങ്ങൾ, പെയിന്റിങ്, ഫോട്ടോ എന്നിവയാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. ആചാര്യൻ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന എഴുത്താണിയും ഓലയുമാണ് ഇവിടെ പ്രധാന കാഴ്ച.

കോഴിക്കോട് വിദ്വാൻ മാനവിക്രമ ഏട്ടൻ തമ്പുരാന്റെ അധ്യക്ഷതയിലാണ് ഭാഷാപിതാവിന്റെ സ്മാരകത്തിനായി ആദ്യത്തെ ആലോചനാ യോഗം നടത്തിയത്. പൈതൃകത്തിന്റെ നാൾവഴികൾ പിന്നിട്ട ഭൂമി പിന്നീട് തുഞ്ചൻ സ്മാരക ട്രസ്റ്റായി ഡീഡ് റജിസ്റ്റർ ചെയ്തു. എം.ടി. വാസുദേവൻ നായരാണ് ഇപ്പോഴത്തെ ചെയർമാൻ, സെക്രട്ടറി പി. നന്ദകുമാർ.

3 - Ezhuthachan

ശോകനാശിനി

എഴുത്താണിയും ഗ്രന്ഥങ്ങളും വെട്ടത്തുനാട്ടിലുപേക്ഷിച്ച് എഴുത്തച്ഛൻ പാലക്കാട്ടേക്കു പോയി. അവസാന നാളുകൾ ചിറ്റൂരിൽ ശോകനാശിനിപ്പുഴയുടെ തീരത്തു തെക്കേ ഗ്രാമത്തിലായിരുന്നു താമസം. അവിടെ വച്ചു സമാധിയായെന്നു കരുതപ്പെടുന്നു. ‘‘കരുണാകരൻ, സൂര്യനാരായണൻ, ഗോപാലകൻ എന്നിങ്ങനെ മൂന്നു ശിഷ്യരോടൊപ്പമാണത്രേ ആചാര്യൻ ജീവിത സായാഹ്നം കഴിച്ചുകൂട്ടിയത്. ശോകനാശിനിയിൽ സ്നാനം കഴിഞ്ഞ് പുഴയുടെ നടുവിലെ പാറപ്പുറത്ത് ധ്യാനമിരുന്നതായി പറയപ്പെടുന്നു. ‘‘സമാധിയും വീടും കേടുകൂടാതെ സംരക്ഷിച്ചിട്ടുണ്ട്.’’ തുഞ്ചൻ സമാധി സ്മാരകത്തിന്റെ മേൽനോട്ടം വഹിക്കുന്ന ചൂരപ്പള്ളം എൻഎസ്എസ് കരയോഗത്തിന്റെ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പറഞ്ഞു.

2 - Ezhuthachan

ആടിമാസം പതിനെട്ടിനു പിതൃസ്മരണ ദിവസം ആചാര്യനെ വണങ്ങാൻ ആളുകൾ സമാധി സ്മാരകത്തിലെത്തുന്നു. ധനു മാസത്തിലെ ഉത്രം നക്ഷത്രമാണു കൂടുതൽ സന്ദർശകരെത്തുന്ന മറ്റൊരു ദിനം. ഈ ദിവസമാണത്രേ ഭാഷാപിതാവ് അനശ്വരതയിലേക്കു യാത്രയായത്. അറിവിന്റെ വെളിച്ചം തിരയുന്നവർ തിരൂരിലെ തുഞ്ചൻപറമ്പിൽ നിന്നു ചിറ്റൂരിൽ ശോകനാശിനിയുടെ തീരത്തേയ്ക്കു നടത്തുന്നതു തീർഥാടനമാണ്; അക്ഷര നക്ഷത്രങ്ങൾ കോർത്ത ജപമാലയുമായി ഭാഷാപിതാവിലേക്കുള്ള മടക്കയാത്ര...