Thursday 11 January 2018 04:29 PM IST

കാലമെത്ര കഴിഞ്ഞാലും ഒട്ടും നിറം മങ്ങാതെ മനസ്സിലത് ചേർന്നു കിടക്കും; ഓർമകളിൽ തുടിക്കുന്ന യാത്രകളെക്കുറിച്ച് മഞ്ജു വാരിയർ

Vijeesh Gopinath

Senior Sub Editor

manju03 മഞ്ജു വാരിയർ മഞ്ജു വാരിയർ.ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

ചില യാത്രകൾ ഓർമയിലൊരു വെൺതൂവലായി പതിഞ്ഞു കിടക്കുന്നുണ്ടാവും. കാലമെത്ര കഴിഞ്ഞാലും അനുഭവങ്ങളുടെ വെയിലും മഞ്ഞും മഴയും മാറി മാറി കൊണ്ടാലും ഒട്ടും നിറം മങ്ങാതെ മനസ്സിലത് ചേർന്നു കിടക്കും. മഞ്ജുവിന്റെ മനസ്സിലുമുണ്ട് നിലാത്തണുപ്പുളള ഒരു പിടി ഓർമത്തൂവലുകൾ. ചിലങ്കയുടെ ഒരു കുഞ്ഞു ചിരിയിലൂടെ, കാറ്റിന്റെ നേർത്ത കൈവിരൽ സ്പർശത്തിലൂടെയൊക്കെ മനസ്സു കൊണ്ട് ഇ‌ടയ്ക്കൊക്കെ അങ്ങോട്ടൊരു യാത്ര പോവാറുണ്ട് മഞ്ജു വാരിയർ. എത്ര തിരക്കിനിടയിലും മനസ്സിൽ പുളള് എന്ന നാടിന്റെ ഗന്ധവും നാട്ടിടവഴിയും തെളിഞ്ഞു വരുന്നത്.

റോഡിനിരുവശവും അതിരിട്ടു നിൽ‌ക്കും ചെമ്പരത്തിച്ചെടികൾ ഉളള, കണ്ണെത്താ ദൂരത്തോളം തലയാട്ടി നിൽക്കുന്ന നെൽപ്പാടമുളള പുളള്. അവിടത്തെ സ്നേഹത്തണുപ്പുളള തറവാട് വീട്. തുളസിഗന്ധമുളള അകത്തളങ്ങൾ....

ഓർമകൾക്കപ്പോൾ പ്രായം അഞ്ചു വയസ്സ്. അതാവാം ഒരു എൽപി സ്കൂൾക്കുട്ടിയുടെ പഴയ കുസൃതിച്ചിരിയിലേക്ക് മഞ്ജു മടങ്ങിപ്പോയത്.

നാഗർകോവിലെ യാത്രകൾ

‘‘ആ സമയത്ത് അച്ഛന് നാഗർകോവിലിലായിരുന്നു ജോലി. അന്ന് ഞങ്ങൾക്കൊരു ബൈക്കുണ്ടായിരുന്നു. അതിലായിരുന്നു യാത്രകൾ. അവധി ദിവസങ്ങളിൽ കന്യാകുമാരി കാണാൻ പോവും. അന്നത്തെ ഏറ്റവും വലിയ ആഘോഷം !!

കുളിച്ച് ഞാൻ മിടുക്കിയായി നിൽക്കും. പൊട്ട് തൊട്ട്, മുടി രണ്ടു സൈഡിലേക്കും റിബൺ കൊണ്ടു കെട്ടിയിട്ട്....ബൈക്കിന്റെ പെട്രോൾ ടാങ്കിനു മുകളിൽ – അതാണ് എന്റെ സീറ്റ് പിന്നിൽ ചേട്ടനും അമ്മയും. യാത്ര തുടങ്ങുമ്പോഴേക്കും പൊടിമണമുളള വരണ്ട കാറ്റ് വീശാൻ തുടങ്ങിയിട്ടുണ്ടാവും.


പോവുന്ന വഴി ആദ്യം കയറുന്നത് ശുചീന്ദ്രം ക്ഷേത്രത്തിലാണ്. ക്ഷേത്രത്തിന്റെ കഥ കേൾക്കാനോ കൊത്തു പണികൾ കാണാനോ ഒന്നും നിൽക്കില്ല, ചെറിയ കുട്ടിയല്ലേ. പക്ഷേ, ക്ഷേത്രം ആകാശം തൊട്ടു നിൽക്കുന്ന കാഴ്ച കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.

ആകാശത്തു നിന്നു നോക്കിയാൽ ഇതൊക്കെ എങ്ങനെയുണ്ടാവും? അന്നത്തെ ഏറ്റവും വലിയ സംശയമായിരുന്നു അത്. അവിടുന്നു നേരെ കടൽ ഇളകി മറിയുന്ന കന്യാകുമാരിയിലേക്ക്.... വിവേകാനന്ദ പാറയിലേക്ക്... കായലിന് ചിലങ്ക കെട്ടാനെത്തുന്ന കടൽത്തിരകളിലേക്ക്... സന്ധ്യയാകുമ്പോഴേക്കും ക്ഷീണിച്ചിരിക്കും.

പക്ഷേ, കന്യാകുമാരി യാത്രയുടെ എത്രയോ ഇരട്ടി ആവേശമാണ് നാട്ടിൽ പോവാനായിട്ട്. അച്ഛന്റെ വീട് തൃശൂർ ജില്ലയിലെ പുളള് എന്ന ഗ്രാമത്തിലായിരുന്നു. ഗ്രാമം അതിന്റെ മുഴുവൻ ഭംഗിയോടും കൂടി നിൽക്കുന്ന നാട്. പോരെങ്കിൽ അവധിക്കാലവും. ഒരാഴ്ച മുമ്പേ പായ്ക്കിങ് തുടങ്ങും. എനിക്കും എന്തെങ്കിലുമൊക്കെ പായ്ക്ക് ചെയ്യേണ്ടേ. മുറ്റത്തു നിൽക്കുന്ന വേപ്പു മരത്തിന്റെ കായകൾ എടുത്ത് പേപ്പറിൽ പൊതിഞ്ഞ് ബാഗിൽ വയ്ക്കും !!!

യാത്ര പോവുന്ന ദിവസം അതിരാവിലെ എഴുന്നേൽക്കണം. അന്നു മാത്രമേ ചൂടുവെളളത്തിൽ കുളിക്കാൻ ‘അവസരമുളളൂ’. രാവിലെ കഴിക്കാനുളള ഇഡ്ഡലിയും വെളിച്ചെണ്ണ ചാലിച്ച ചമ്മന്തിപ്പൊടിയുമെല്ലാം ഇല വാട്ടി പൊതിഞ്ഞു വച്ചിട്ടുണ്ടാവും. ആറു മണിക്ക് ട്രെയിനിൽ കയറിക്കഴിഞ്ഞാൽ ഉടൻ ‘വിശപ്പ്’ തുടങ്ങും. ഇപ്പോഴുമുണ്ട് മനസ്സിൽ, വാട്ടിയ ഇലയുടെ ഗന്ധവും ആ രുചിയും.


ട്രെയിനിലായാലും ബസ്സിലായാലും ജനലിനരികിലെ സീറ്റ്, പുഴ, പാടം, മലനിരകൾ... ഒരഞ്ചുവയസ്സുകാരിയെ കൊതിപ്പിക്കാൻ ഈ കാഴ്ചകൾ ധാരാളം. വീതിയുളള റോഡ് പുളളിലേക്കെത്തുമ്പോൾ ചെറുതായി വരും. അരികിൽ‌ നിൽക്കുന്ന ചെമ്പരത്തിത്തണ്ട് ബസ്സിന്റെ ജനലിലൂടെ മുഖത്തേയ്ക്കടിക്കാൻ തുടങ്ങിയാൽ ഉറപ്പിക്കാം എന്റെ നാടെത്തി. പാടം കടന്ന്, ആൽമരം തണൽ വിരിച്ചു നിൽക്കുന്ന കാർത്യായനീദേവീക്ഷേത്രം കഴിഞ്ഞ് അച്ഛന്റെ തറവാട്.

manju04

ചിലങ്കകെട്ടിയ ഓർമ്മകൾ

പിന്നീട് മഞ്ജുവിന്റെ യാത്രകൾക്ക് കൂട്ടായി ചിലങ്കയുടെ നാദവുമുണ്ടായിരുന്നു. കലോത്സവവേദികളിലും ക്ഷേത്ര ഉത്സവങ്ങളിലും നൃത്തഭംഗിയുടെ വിളിപ്പേരായി മഞ്ജു മാറി. ഓരോ വേദിയും ഓരോ അനുഭവങ്ങൾ തന്നെയായിരുന്നു...

‘‘ഓർക്കുമ്പോൾ ഇപ്പോഴും കൊതി തോന്നും. ഒരു കൊച്ചു കുട്ടി തിരമാലപോലെ ഉയരുന്ന കൈയടികൾക്കു മുന്നിലേക്ക്, പത്രക്കാരുടെ ക്യാമറകൾക്കു മുന്നിലേക്ക് ഒരു പാടു സന്തോഷത്തോടെ വന്നു നിൽ‌ക്കുന്നത്. അഭിനന്ദനങ്ങളും വാത്സല്യവും ചൊരിയാൻ എത്രയോ പേർ. ഈ സന്തോഷം ഒരുപാടാളുകളുടെ അധ്വാനമാണ്. കലോത്സവവേദികളിലേക്കുളള യാത്രകൾ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നതും അതുകൊണ്ടു തന്നെ. മലപ്പുറം ജില്ലയിലെ തിരൂരിലായിരുന്നു ഒരു കലോത്സവം.

അപ്പോഴേക്കും അച്ഛന് കണ്ണൂരേക്ക് സ്ഥലം മാറ്റം കിട്ടിയിരുന്നു. ഞാനും അച്ഛനും അമ്മയും പക്കമേളക്കാരും നൃത്താധ്യാപകനും എല്ലാവരും കൂടി തിരൂരിലേക്കുളള‌ യാത്രയാരംഭിച്ചു. ഉളള ഹോട്ടലുകളെല്ലാം ആദ്യമേ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. താമസിക്കാൻ സ്ഥലം കിട്ടുന്നില്ല. ഒടുവിൽ ആരോ ഒരു വീട് സംഘടിപ്പിച്ചിരുന്നു.

യാത്രയിലെ രസങ്ങളെല്ലാം ആ വീടു കണ്ടപ്പോൾ തീർന്നു. പ്രേതസിനിമയിലൊക്കെ കണ്ടിട്ടുണ്ട് അതുപോലൊരു വീട്. വാതില്‍ തുറക്കുമ്പോൾ പശ്ചാത്തലത്തിൽ കറ കറ ശബ്ദം നിറച്ച് മാറാല. ഇരുട്ടാൻ തുടങ്ങിയിരുന്നു. ഒരു മുറി വ‍ൃത്തിയാക്കി ഞാനും അമ്മയും അവിടെ കിടന്നു. ബാക്കിയുളളവർ‌ മുറ്റത്ത് ഓല നിരത്തി അതിന്റെ മുകളിൽ പായ വിരിച്ച് കിടന്നുറങ്ങി. ഇന്നിപ്പോൾ എന്റെ യാത്രകൾക്ക് ഊർജമായത് അവരുടെ കഷ്ടപ്പാടുകളും പ്രാർത്ഥനകളും കൂടിയാണ്.

നൃത്തം തന്നെയാണ് എന്റെ ആദ്യ വിദേശയാത്രയ്ക്ക് ‘വീസയെടുത്തത്’. പത്താം ക്ലാസിൽ പഠിക്കുമ്പോൾ. ജർമനിയിലേക്കായിരുന്നു. മധു സാർ, ജയഭാരതി ചേച്ചി, ലീലാവതി ടീച്ചർ, ജോർജ് ഓണക്കൂർ സാർ തുടങ്ങി സിനിമയിലും സാഹിത്യത്തിലും ഉളള ഒരുപാടു പേരുണ്ടായിരുന്നു. കോളജിലും സ്കൂളിലും കലാപ്രതിഭകളായ ഞാനുൾപ്പെടെ നാലോ അഞ്ചോ വിദ്യാർഥികളും. വീസയുടെ ചില പ്രശ്നങ്ങൾ കൊണ്ട് അച്ഛനും അമ്മയ്ക്കും ഒപ്പം വരാൻ പറ്റിയില്ല.

ഒറ്റയ്ക്കു പോവുന്നു എന്ന ഭയവും എന്നാൽ ആദ്യമായിട്ടാണ് വിമാനത്തിൽ കയറാൻ പോവുന്നു എന്ന സന്തോഷവും മനസ്സിലുണ്ട്. വിദേശത്ത് പോവുന്നതല്ലേ, എവിടുന്നോ വിലകുറഞ്ഞ ഒരു കൂളിങ് ഗ്ലാസും സംഘടിപ്പിച്ചിരുന്നു. ടേക്ക് ഓഫ് ചെയ്യാൻ തുടങ്ങുമ്പോഴേ പട പടാന്ന് നെഞ്ച് ഇടിക്കാൻ തുടങ്ങി. കണ്ണും പൂട്ടി ഇരുന്നു....


എവിടെ പോയാലും ഒരു ഭാഗ്യമുണ്ട്, ഏതു ഭക്ഷണമായാലും കഴിക്കാൻ ഒരു കുഴപ്പവുമില്ല. ഭക്ഷ‌ണത്തിന്റെ പേരിൽ ഒരു പരാതിയും ഇല്ല. അതുകൊണ്ടു തന്നെ ‘മറക്കാനാവാത്ത വിഭവം’ അങ്ങനെയൊന്നും എന്റെ യാത്രകളിലില്ല.

‘വലിയ’ പർച്ചേസിങ് ഒക്കെ നടത്തിയാണ് അന്നു തിരിച്ചു പോന്നത്. പത്താം ക്ലാസുകാരിക്കറിയുമോ എന്തൊക്കെ വാങ്ങണമെന്ന്.... ഒരു ചേച്ചിയുടെ കൈയിൽ നിന്ന് കോട്ട് കിട്ടിയിരുന്നു. കുറച്ചു കാലം അതിട്ടാണ് വീട്ടിൽ നടന്നത്. ചൂടെടുക്കുമെങ്കിലും ജർമനിയിൽ പോയ ഗമ കുറയ്ക്കരുതല്ലോ!!!

manju01

ക്യാമറയ്ക്ക് മുന്നിലേക്ക് ഓടിയെത്തുമ്പോൾ

അരങ്ങിൽ നിന്ന് മഞ്ജു നേരെ പോയത് ക്യാമറയ്ക്ക് മുന്നിലേക്ക്. ആക്ഷനും കട്ടിനുമിടയിൽ ഏതൊക്കെയോ നാടുകളിലൂടെയുളള താരയാത്രകൾ. ശുചീന്ദ്രം ക്ഷേത്രം ആകാശത്തു നിന്ന് എങ്ങനെയായിരിക്കുമെന്ന് സ്വപ്നം കണ്ട ആ പഴയ അഞ്ചാം ക്ലാസുകാരിക്കുഞ്ഞിന് അതൊക്കെ എത്ര വേഗമാണ് യാഥാർഥ്യമായത്. പക്ഷേ, ഏതു നാട്ടിൽ പോയാലും മഞ്ജുവിന് ഒറ്റപ്പാലം ഓർമക്കുളിരാണ്.

‘‘ഏതു തിരക്കിലിരുന്നാലും ഒറ്റപ്പാലത്തെ പാടവും പച്ചപ്പും മനസ്സിൽ തെളിഞ്ഞാൽ അതൊരു അനുഭൂതിയാണ്. വാക്കുകൾക്ക് അപ്പുറമുളള സന്തോഷം. സല്ലാപം, ഈ പുഴയും കടന്ന്, തൂവൽക്കൊട്ടാരം, ആറാം തമ്പുരാൻ.... അങ്ങനെ എത്രയെത്ര സിനിമകളിൽ അഭിനയിക്കാൻ ഒറ്റപ്പാലത്ത് പോയിട്ടുണ്ട്. മാറ്റങ്ങൾ മറ്റു നാടുകളിൽ വളരെ വേഗത്തിലാണെങ്കിൽ ആ നാട്ടിലത് പതുക്കെയാണ്.

‘ഈ പുഴയും കടന്ന്’ ഷൊർണൂരും പരിസരത്തും ഷൂട്ട് ചെയ്യുമ്പോൾ ഭൂതക്കണ്ണാടിയുടെ ലൊക്കേഷനും അവിടെയായിരുന്നു. ഒരു ദിവസം ഞാനും അമ്മയും ദിലീപേട്ടനും കൂടി കാറിൽ ലൊക്കേഷനിലേക്കു വരുമ്പോൾ എതിർ വശത്തു നിന്ന് മമ്മൂക്കയുടെ കാർ വന്നു. ദിലീപേട്ടൻ ഇറങ്ങിപ്പോയി അദ്ദേഹത്തോടു സംസാരിച്ചു. ബഹുമാനം കലർന്ന കുഞ്ഞു പേടിയുളളതു കൊണ്ട് ‍ഞാനിറങ്ങിയില്ല. കാറിന്റെ ഗ്ലാസ് താഴ്ത്തി മമ്മൂക്ക തമാശരൂപത്തിൽ എന്നോടു ചോദിച്ചു : ‘‘ഒരു ഓട്ടോഗ്രാഫ് തരുമോ ?’’

സിനിമാ യാത്രകളിലെല്ലാം ഇതുപോലെയുളള ഓർമ മുഖങ്ങളുണ്ട് ഡബ്ബിങ്ങിനു ശേഷം ചെന്നൈയിൽ നിന്നുളള മടക്ക യാത്ര. ഒപ്പം കൊച്ചിൻ ഹനീഫിക്കയുമുണ്ട്. ട്രെയിനിന്റെ എൻജിൻ കേടായി പതിനേഴു മണിക്കൂർ തമിഴ്നാട്ടിലെ ഗ്രാമത്തിൽ പെട്ടു. നാടിന്റെ േപര് ഇന്നും മറന്നിട്ടില്ല, ബൊമ്മിഡി.

രാത്രിയിൽ എപ്പോഴോ വന്നു കിടക്കുന്നതാണ്. നേരം വെളുത്തപ്പോൾ നാട്ടുകാർ ട്രെയിനിനു ചുറ്റും കൂടി. പിന്നെ തകൃതിയായി കച്ചവടം. ഞങ്ങൾ ചീട്ടുകളിച്ച് സമയം കളയാൻ തുടങ്ങി. ഇടയ്ക്ക് ഓരോരുത്തരായി വന്നു ചോദിക്കും : ‘‘മധ്യാഹ്നം സാപ്പാട് വേണംന്നാ മുന്നാടിയേ സൊല്ലണം.’’ ഇതു കേൾക്കുമ്പോ ഇക്കയുടെ ശ്രദ്ധപോവും. ‘വേണ്ട വേണ്ട’ എന്നു പറഞ്ഞ് ഓടിച്ചു വിടും. രണ്ടു മിനിറ്റു കഴിഞ്ഞ് വേറൊരാൾ വരും. ഇതു തന്നെ ചോദിക്കും. ഇക്ക പിന്നെയും ചൂടാവും. അപ്പോൾ അത്ര മസിലു പിടിച്ചെങ്കിലും ഉച്ചയായിട്ടും വണ്ടി പോയില്ല. അതോടെ ഭക്ഷണത്തിനായി ഓടാൻ തുടങ്ങി. വർഷങ്ങൾ കഴിഞ്ഞിട്ടും ബൊമ്മിഡി പേരു പറഞ്ഞ് ഞങ്ങൾ ചിരിക്കാറുണ്ടായിരുന്നു.

പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തിയത് കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിനു വേണ്ടിയുളള ഉദ്ഘാടനത്തിനു വേണ്ടി ഞാനും ഐശ്വര്യാറായും ഹെലികോപ്ടറിൽ യാത്ര ചെയ്തു. ആദ്യമായാണ് ഹെലികോപ്ടർ‌ യാത്ര നടത്തുന്നത്. ശബ്ദവും പൊടി പറത്തിക്കൊണ്ടുളള ലാൻഡിങ്ങുകളും... ആരവങ്ങൾക്കിടയിലേക്ക് കൈവീശിക്കൊണ്ട് ഇറങ്ങി വരുമ്പോൾ തെലുങ്കു പടത്തിന്റെ ഇൻട്രൊഡക്ഷൻ സീൻ പോലെ തോന്നി.

ഏതു യാത്രയ്ക്കു പോകുമ്പോഴും കല്യാൺ സ്വാമിയും കുടുംബവും കുടുംബക്ഷേത്രമായ പൂങ്കുന്നത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തിനു പ്രദക്ഷിണം വച്ചിട്ടേ യാത്രയാവൂ. ഹെലിക്കോപ്ടറും ക്ഷേത്രത്തിന് വലംവച്ചിട്ടാണ് യാത്ര തുടങ്ങിയത്.‌

ജീവിതത്തിൽ ഒട്ടും പ്ലാൻ ചെയ്യാതെയുളള യാത്രകളും ഉണ്ടായിട്ടുണ്ട്. ആംസ്റ്റർഡാമിലേക്ക് ഗീതുമോഹൻദാസിനോടൊപ്പം പോയതും മുംബൈയിലെ ഗീതുവിന്റെ ഫ്ളാറ്റിലേക്ക് ഞാനും സംയുക്തയും കൂടി പോയതും ഒക്കെ ഓർക്കാൻ രസമാണ്. അവിടെയൊന്നും നമ്മൾ താരമേയല്ല. മുംബൈയിൽ പോയി ചാട്ട് കഴിച്ചതും ഓട്ടോ പിടിച്ച് ഓരോ സ്ഥലത്തേക്കു പോവുന്നതുമെല്ലാം ഇന്നോർക്കുമ്പോൾ കുസൃതി തോന്നുന്നു.

manju02

തുടരുന്നൂ, യാത്രകൾ

ചില യാത്രകൾ കാഴ്ചകൾകൊണ്ട് മനസ്സിലൊരു കൈയൊപ്പിടും. ജീവിതത്തിലേക്ക് നിലാവ് പരത്തുന്ന യാത്രകൾ... മടങ്ങി പോരുമ്പോഴും അദ്ഭുതം ബാക്കി നിൽക്കും, ആ അനുഭവമായിരുന്നു ജിസ്പ മഞ്ജുവിന് സമ്മാനിച്ചത്....

റാണി പത്മിനി എന്ന സിനിമ എന്നെ ആകർഷിക്കാൻ ഏറെ കാര്യങ്ങളുണ്ട്. ഞാനാദ്യമായാണ് റോഡ്മൂവിയിൽ അഭിനയിക്കുന്നത്. പിന്നെ ആഷിഖും റിമയും എനിക്ക് ഏറെ പ്രിയപ്പെട്ടവരും. ആദ്യ ദിവസം മുതൽ ത്രില്ലിലായിരുന്നു. ഒറ്റപ്പാലത്തു നിന്ന് ഛണ്ഡീഗഡ്, പിന്നെ ഡൽഹി അവിടെ നിന്നു മനാലി....

മനാലിയിൽ നിന്ന് ലൊക്കേഷനിലേക്കുളള യാത്രകൾ ഒരേ പോലെ പേടിപ്പിക്കുന്നതുമായിരുന്നു. വീതിയില്ലാത്ത ഇടുങ്ങിയ റോ‍‍ഡുകൾ. ഒരു വശത്ത് പാറക്കെട്ട്. താഴെ കൊക്ക. ഇതിനിടയിലൂടെ അതിസുന്ദരമായി അവിടുത്തെ ഡ്രൈവർമാർ വണ്ടിയോടിക്കും. അങ്ങോട്ടു പോയ വഴിതിരിച്ചു വരുമ്പോൾ കാണില്ല. ഇടിഞ്ഞു പോയേക്കാം.

ഇവിടെ ചെറിയ ബ്ലോക്കുണ്ടായാൽ ഹോൺമുഴക്കി ബഹളം കൂട്ടുന്നവർ അവരെ കണ്ടു പഠിക്കണം. ചിലപ്പോൾ മണിക്കൂറുകളോളം വഴിയില്‍ കിടക്കേണ്ടിവരും എല്ലാവരും ഇറങ്ങിച്ചെന്ന് സഹായിക്കും. ഒരു പക്ഷേ, സൗകര്യങ്ങൾ കൂടും തോറും മനുഷ്യന്റെ ക്ഷമയും മറ്റുളളവനെ മനസ്സിലാക്കാനുളള മനസ്സുമൊക്കെ കുറഞ്ഞു വരുന്നുണ്ടാവാം.

മനാലി ശരിക്കും ഒരു പ്രണയഭൂമിയാണ്. ഏതു കാഴ്ചയിലും ഒരേ മനസ്സോടെ പറക്കാൻ കൊതിക്കുന്നവർ. അവിടുത്തെ ഷൂട്ടിങ് ദിവസങ്ങൾ ആഘോഷം തന്നെയായിരുന്നു. ‘ചലഞ്ചിങ്’ ഒറ്റവാക്കിൽ അങ്ങനെ പറയാം. പാക്കപ് എന്നു കേട്ടാലുടൻ ഞാനും റിമയും കറങ്ങാനിറങ്ങും. റസ്റ്ററന്റുകളും ഷോപ്പിങ് സ്ഥലങ്ങളുമായിരുന്നു ‍‍ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.

അത്രയും നിഷ്കളങ്കരായ നാട്ടുകാർ മറ്റെവിടെയുമില്ലെന്നു തോന്നും. ഒരിടത്തു കുറേ സ്ത്രീകൾ വസ്ത്രങ്ങളുമായി നിൽക്കുന്നു. അതു വിൽക്കാനുളളതല്ല, ആ നാട്ടിലെ ട്രഡീഷനൽ വേഷമാണ്. അതിട്ട് ഫോട്ടോയെടുക്കാം. നൂറു രൂപ. അവർക്കത് വലിയ തുകയാണ്.


മനാലിയിൽ നിന്ന് ലേയിലേക്കുളള വഴിയിലാണ് ജിസ്പേ. ആ കാഴ്ചകൾ സുന്ദരമെന്നല്ല, മാസ്മരികമെന്നാണ് പറയേണ്ടത്. മഞ്ഞു പൊതിഞ്ഞ മലനിരകൾ ചുറ്റും. മഞ്ഞ് പല രൂപത്തിലും ഭാവത്തിലും പരന്നു കിടക്കുന്നു. ഐസ് മുറിച്ചാണ് റോഡുണ്ടാക്കിയിരിക്കുന്നത്. ഓരോ വളവു തിരിയുമ്പോഴും ‘ദൈവമേ ഇനിയെന്താണ് കാണാൻ പോവുന്നത്’ എന്നായിരുന്നു മനസ്സിൽ. ചില സ്ഥലങ്ങളിൽ ഓക്സിജൻ ലെവൽ കുറവായതു കൊണ്ട് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയിരുന്നു.

ഒരു രാത്രി ഹോട്ടൽ മുറിയിൽ ഉറങ്ങുമ്പോൾ പെട്ടെന്ന് കണ്ണിലേക്ക് വെളിച്ചമടിച്ചതു പോലെ തോന്നി. കർട്ടൻ മാറ്റി നോക്കിയപ്പോൾ നിലാവെളിച്ചത്തിൽ കുളിച്ചു നിലൽക്കുന്ന മഞ്ഞുമലനിര. അന്നു പൗർണമിയായിരുന്നു. താഴ് വാരത്തിലൂടെ ഒഴുകുന്ന പുഴയിൽ നിലാവിന്റെ വെളളിത്തിളക്കം. അതാണ് മുറിയിലേക്ക് വിരുന്നു വന്നത്. മാന്ത്രിക കാഴ്ചയായിരുന്നു അത്.

സൗകര്യങ്ങളുണ്ടെങ്കിൽ മാത്രം യാത്ര പോവുന്ന സഞ്ചാരികളാണ് പലരും. പക്ഷേ, ആ നാട്ടുകാർ, അവിടെ നമ്മുടെ നാടിനു വേണ്ടി കാവൽ നിൽക്കുന്ന പട്ടാളക്കാർ.... അവരൊന്നും ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല. മഞ്ഞു വീണാൽ ആറു മാസം പുറമേക്കുളള എല്ലാ ബന്ധങ്ങളും അടഞ്ഞു പോവും. മൊബൈൽ റേഞ്ചുപോലും ചുരുക്കം വീട്, റോഡ് എന്തും എപ്പോൾ വേണമെങ്കിലും മഞ്ഞിനുളളിലായി പോവാം.

ഈ കാഴ്ചകൾ കണ്ട് നമ്മുടെ നാട്ടിലുളള ചില കാര്യങ്ങളാലോചിച്ചാൽ ചിരി വരും. ജീവിതത്തിനു വേണ്ടി നമ്മൾ നടത്തുന്ന യുദ്ധങ്ങളൊക്കെയും വെറുതേയെന്നു തിരിച്ചറിയും. ഈ ജീവിതത്തിനു തന്നെ നന്ദി പറഞ്ഞു പോവും.

manju05