Wednesday 03 November 2021 04:21 PM IST

28 വയസിൽ ജീവിതത്തിൽ ഒറ്റയ്ക്കായി, 45ൽ സന്തോഷങ്ങളുടെ യൗവനം: മൂന്ന് മക്കളുടെ അമ്മ പറയുന്നു ആ വൈറൽ കഥ

Binsha Muhammed

manjusha-anu

ജന്മദിന കലണ്ടറിൽ പ്രായം മുപ്പതു മാർക്കു ചെയ്തു തുടങ്ങും മുന്നേ അവരെത്തിയിട്ടുണ്ടാകും. കറുത്തിരുണ്ട തലമുടിയിഴകൾക്കു നടുവിൽ ആദ്യം ഒറ്റയാനായി വരവറിയിച്ച് പിന്നീട് യഥേഷ്ടം പടർന്നു കയറുന്ന നരയാണ് ആദ്യത്തെ വില്ലൻ. പ്രസവശേഷമുള്ള സ്ത്രീകളുടെ കാര്യമാണ് എടുത്തു പറയേണ്ടത്. ചുളിവ് കയ്യൊപ്പു പതിച്ച ശരീരവും കൺതടങ്ങളെ വരെ മൂടുന്ന കറുപ്പും നഷ്ടപ്പെട്ട ആകാരവടിവുമൊക്കെയായി പല പെണ്ണുങ്ങളും തങ്ങളിലേക്ക് തന്നെ ഒതുങ്ങിയിട്ടുണ്ടാകും. പ്രായം നൽകുന്ന മാറ്റം അതൊരു പ്രപഞ്ച സത്യമാണ്. ചിലർ പ്രസവാനന്തരവും മുപ്പതുകൾക്കു ശേഷവും തങ്ങളുടെ ശരീരത്തെ പിടികൂടുന്ന മാറ്റത്തെ അതിജീവിക്കും. പക്ഷേ കുഞ്ഞുകുട്ടി പരാധീനവുമായി കഴിച്ചു കൂട്ടുന്ന പല സ്ത്രീകളുടേയും അവസ്ഥ അതല്ല.

പക്ഷേ ഇവിടെയൊരാൾ എല്ലാ മുൻവിധികളേയും മാറ്റിമറിച്ച് കാലത്തിനു കുറുകേ സഞ്ചരിക്കുകയാണ്. മഞ്ജുഷ അനുവെന്ന സ്ത്രീയുടെ രൂപമാറ്റത്തെ അദ്ഭുതമെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഇരുപത്തിയെട്ടാം വയസിനും 45നും ഇടയ്ക്ക് അവർ പങ്കുവച്ച രണ്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചത്. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ ഇരുപതുകളുടെ അവസാനം താണ്ടി മധ്യവയസെന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്ന 45ൽ യൗവനയുക്തയായി മാറിയ ആ മാജിക് എന്തെന്നായിരുന്നു പലർക്കും അറിയേണ്ടത്. കാലത്തെ വെല്ലുന്ന ആ ട്രാൻസ്ഫർമേഷന്റെ കഥ മഞ്ജുഷ പറയുന്നു. വേദനകളും നഷ്ടങ്ങളും ‘അകാല വാർധക്യത്തിലേക്ക്’ നയിച്ച പെണ്ണ് 45ൽ യൗവനത്തിന്റെ തിളക്കം സ്വന്തമാക്കിയ ജീവിത കഥ വനിത ഓൺലൈൻ വായനക്കാരോട്...

manjusha-2

ജീവിതം നൽകിയ മാറ്റം

എല്ലാം ക്ഷമിച്ചും സഹിച്ചും ഒറ്റയ്ക്കാവുന്ന പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ...? ജീവിതം അവരെ പലതും പഠിപ്പിക്കും. ഏതു പ്രതിസന്ധികളും അവർ അതിജീവിക്കും. പക്ഷേ നിരാലംബയായ ഒരു പെണ്ണിന്റെ ചിറകിനു കീഴെ അവളുടെ കുഞ്ഞുങ്ങളുണ്ടെങ്കിൽ അവളുടെ ജീവിതം പിന്നെ അവർക്കായി മാത്രം മാറ്റിവയ്ക്കും. കഷ്ടപ്പാടുകളും ദുരിതങ്ങളും വേദനകളും അവളെ മറ്റൊരു രൂപത്തിലാക്കും. 28ലും 40 തോന്നിക്കുന്ന എന്റെ ആദ്യ ചിത്രവും അങ്ങനെയാണ്. വേദനകൾ എനിക്കു നൽകിയ അകാല വാർധക്യം– മഞ്ജുഷ പറഞ്ഞു തുടങ്ങുകയാണ്.

ആ മാറ്റം വലിയ അദ്ഭുതമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ആ മാറ്റത്തിലേക്കുള്ള എന്റെ യാത്ര എന്നെ സംബന്ധിച്ചടത്തോളം വളരെ വലുതാണ്. പത്തനംതിട്ട പൂങ്കാവാണ് എന്റെ സ്വദേശം. സാധാരണ കുടുംബം.

1993ൽ എന്റെ 17–ാം വയസിൽ പക്വതയില്ലാത്ത പ്രായത്തിൽ വിവാഹിതയാകേണ്ടി വന്നു. മുന്നോട്ടുള്ള ജീവിതം സന്തോഷകരമാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്ന്. ഉത്തരവാദിത്ത ബോധമില്ലാത്ത നല്ലപാതി ജീവിതത്തിൽ കണ്ണീർ പടർത്തി. മൂന്ന് കുഞ്ഞുങ്ങളെയാണ് ദൈവം എനിക്ക് സമ്മാനിച്ചത്. ഒടുവിൽ ജീവിതം രണ്ടു വഴിക്കു പിരിയുമ്പോഴും അവർ മാത്രമായിരുന്നു എനിക്ക് കൂട്ടിനുണ്ടായിരുന്നത്. അങ്ങനെ ജീവിതത്തിന്റെ നല്ല പ്രായത്തിൽ, 28–ാം വയസിൽ‌ ഞാൻ ഒറ്റയ്ക്കായി.

manjusha-1

പക്ഷേ തോറ്റു കൊടുത്തില്ല. എനിക്കു ജീവിക്കണം, എന്റെ മക്കളെ വളർത്തണമെന്ന വാശി ഉള്ളിലുണ്ടായി. കയ്യിലുള്ളത് സ്വരുക്കൂട്ടി ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ചു. കോഴ്സ് സർട്ടിഫിക്കറ്റും അതിനേക്കാളും വലിയ ജീവിത പാഠങ്ങളുമായി മസ്കത്തിലേക്ക് വണ്ടികയറി. 9 വർഷമാണ് അവിടെ ജോലി ചെയ്തത്. ആ ജീവിതം പലതും പഠിപ്പിച്ചു. പുതിയ പ്രതീക്ഷകൾ ജീവിതത്തിനുണ്ടായി. മക്കളെ നല്ല രീതിയിൽ വളർത്താനായി. മകളെ നല്ല അന്തസായി വിവാഹം കഴിപ്പിച്ചയച്ചു.

വർഷങ്ങളുടെ പ്രവാസത്തിനു ശേഷം ഞാനിപ്പോൾ നാട്ടിൽ സെറ്റിലാണ്. ഒരു അഡ്വർട്ടൈസ്മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു. പിന്നെ ഷോർട്ട് ഫിലിമുകളുടെ ഭാഗമാകുന്നുമുണ്ട്.

എന്റെ ഫൊട്ടോ കണ്ട് ഈ പ്രായത്തിലും ഇങ്ങനെ ഇരിക്കുന്നതെങ്ങനെ?, ഇതെന്തൊരു മാറ്റം എന്നൊക്കെ ചോദിക്കുന്നവരുണ്ട്. ജീവിതത്തിൽ ഒരിക്കൽ തോറ്റു പോയവളാണ് ഞാൻ. പക്ഷേ രണ്ടാമതൊരിക്കല്‍ കൂടി എനിക്കതിന് മനസില്ലായിരുന്നു. ജീവിതത്തില്‍ സന്തോഷമായിരിക്കുക പ്രതീക്ഷ കൈവിടാതിരിക്കുക. സൗന്ദര്യവും തിളക്കവും താനേ വരും.– മഞ്ജുഷ പറഞ്ഞു നിർത്തി.