Friday 19 May 2023 02:38 PM IST

‘സൂപ്പർ അമ്മയും ഭാര്യയും അമ്മൂമ്മയും ഒക്കെ ആകാൻ പോയാൽ ജീവിതം അവിടെ അവസാനിക്കും’; ഡോ. മേരി മെറ്റിൽഡ ടീച്ചര്‍ പറയുന്നു

Delna Sathyaretna

Sub Editor

vaniha1

നല്ല ഭാര്യ, നല്ല അമ്മ എന്നീ ‘നല്ല’ ലേബലുകളുടെ ട്രാപ്പിൽ വീഴാതെ ജീവിതത്തിൽ ഉയരങ്ങൾ കണ്ടെത്തിയ മേരി മെറ്റിൽഡ ടീച്ചർ...

ഞാൻ ആർക്കു വേണ്ടിയും ത്യാഗം ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല. സന്തോഷമായി ജീവിക്കണം, ആ സന്തോഷം എനിക്കു ചുറ്റുള്ളവരിലേക്കു പ്രസരിപ്പിക്കുകയും വേണം.’’ മറ്റുള്ളവർ എന്തു പറയുമെന്ന ആശങ്ക തൊട്ടുതീണ്ടിയിട്ടില്ലാത്ത ജീവിതമാണു ഡോ. മേരി മെറ്റിൽഡയുടേത്. അതുതന്നെയാണ് ആറര ദശാബ്ദം പിന്നിട്ട ടീച്ചറുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയവും.

മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പലായിരുന്ന മേരി മെറ്റിൽഡ ഇന്ന് വ്‌ളോഗറും ജീവിത നൈപുണ്യ പരിശീലകയുമാണ്. കുറ്റം പറഞ്ഞും പിറുപിറുത്തും തള്ളിനീക്കേണ്ട ഉന്തുവണ്ടിയല്ല ജീവിതമെന്നു പുഞ്ചിരിയോടെ ടീച്ചർ പറയുന്നു.

വഴിത്തിരിവായ കത്ത്

‘‘മഹാരാജാസ് കോളജിൽ  ജോലി ചെയ്യുമ്പോൾ അന്നു പ്രിൻസിപ്പലായിരുന്ന എം.കെ. പ്രസാദ് സർ വീട്ടിലേക്ക് ഒരു എഴുത്തയച്ചു.

ആകാംക്ഷ കൊണ്ട് എടുത്തു ചാടിയ ഹൃദയം ഒരുവിധത്തിനു നിയന്ത്രിച്ചാണ് ലെറ്റർ പൊട്ടിച്ചത്. ‘എൻഎസ്എസ് പ്രോഗ്രാം ഓഫിസറുടെ ഒഴിവുണ്ട്. മെറ്റിൽഡ അതേറ്റെടുക്കണം’ എന്നായിരുന്നു ആ കത്ത്.

ആലോചിച്ചപ്പോൾ എന്റെ ജോലിയിലെ സുഖം പരുങ്ങലിലാകുമെന്നു തോന്നി. ശനിയും ഞായറുമെല്ലാം ജോലി ചെയ്യേണ്ടി വരും. ആ അവസരം വേണ്ടെന്നു വയ്ക്കാമെന്നുറപ്പിച്ചു പ്രസാദ് സാറിനെ പിറ്റേദിവസം കാണാൻ പോയി.

എഴുതിക്കൊണ്ടിരുന്ന പേപ്പറിൽ നിന്നു കണ്ണെടുക്കാതെ സർ ചോദിച്ചത് ‘മെറ്റിൽഡ ‘നോ’ പറയാനല്ലല്ലോ, ‘യെസ്’ പറയാനല്ലേ വന്നത്’ എന്നായിരുന്നു. ഞാനാ ജോലി ഏറ്റെടുത്തു.

എൻഎസ്എസ് പ്രോഗ്രാം ഓഫിസർ പോസ്റ്റ് നല്ല ഗുരുശിഷ്യ ബന്ധങ്ങൾ സമ്മാനിച്ചു. ഇന്നും ഞങ്ങൾ സംഗീതപരിപാടികൾ നടത്താറുണ്ട്. യാത്രകൾ പോകാറുണ്ട്.  ക്ലാസ്മുറിയും പഠിപ്പിക്കലും മാത്രമായി ഒതുങ്ങിയിരുന്നെങ്കിൽ ഈ നല്ല ബന്ധങ്ങൾ എനിക്കു നഷ്ടമായേനെ.

ഒറ്റയ്ക്കൊരു യാത്ര

മഹാരാജാസിൽ എത്തും മുൻപ് വലപ്പാട് ശ്രീരാമ പോളിടെക്നിക്കിലും തിരുവനന്തപുരം എൻജിനീയറിങ് കോളജിലും ജോലി ചെയ്തിരുന്നു. പോളിടെക്നിക്കിൽ പഠിപ്പിക്കുമ്പോഴാണു കാനഡ – ഇന്ത്യ പ്രോജക്ടിൽ പങ്കെടുത്തത്. കനേഡിയൻ ഗവൺമെന്റുമായി സഹകരിച്ചുള്ള ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് പ്രോഗ്രാമായിരുന്നു.  

മീറ്റിങ്ങിനു ചെന്നൈയിൽ പോകാൻ നിർദേശം കിട്ടിയപ്പോൾത്തന്നെ പല സ്ത്രീ സഹപ്രവർത്തകരുടെയും മുഖം കാർമേഘം മൂടുന്നതാണു കണ്ടത്. കുട്ടികളെയൊക്കെ വിട്ട്  ‘ഒറ്റയ്ക്കു’ ചെന്നൈയിൽ പോകുന്നതെങ്ങനെയെന്ന ഗദ്ഗദങ്ങൾ ഓഫിസ് മുറിയിലും വരാന്തയിലും നിറഞ്ഞു. പലരും യാത്ര വേണ്ടെന്നു വച്ചു.

അവർ പോയാൽ വീട്ടിലെ ചട്ടിയും കലങ്ങളും ചിലപ്പോൾ തമ്മിൽ മുട്ടിപ്പൊട്ടുമായിരിക്കും. അല്ലെങ്കിൽ അടുപ്പിലെ തീ കുടയും ചൂടി കാശിക്കു പോകുമായിരിക്കും. നാട്ടുകാർ നുണക്കഥമെനയുമായിരിക്കും. ഞാനെന്തായാലും വീട്ടിൽ പോയി പറഞ്ഞു. ‘ചെന്നൈയ്ക്കു പോകുകയാണ്. കുറച്ചു ദിവസം വീട്ടിലുണ്ടാകില്ല’.

ഞാനില്ലാത്ത ദിവസങ്ങളിലും അടുക്കളയിൽ എല്ലാം നന്നായി നടന്നു. ചെന്നൈയിലെ മൂന്നു ദിവസത്തെ മീറ്റിങ് കഴിഞ്ഞു സ്ത്രീകൾക്കു വേണ്ടി രൂപീകരിച്ച പ്രത്യേക വിങ്ങിന്റെ സ്റ്റേറ്റ് ചെയർപേഴ്സൺ ആകാനും കഴിഞ്ഞു.

കാനഡയിൽ പോയി ഒരു മാസത്തെ പരിശീലനം നേടി. അവിടുത്തെ സ്ത്രീകളുടെ ജീവിതരീതികൾ അടുത്തറിഞ്ഞു. അതു ചിന്തകളിൽ പോലും മാറ്റങ്ങൾ കൊണ്ടു വന്നു. അവസരങ്ങൾ കിട്ടുമ്പോൾ അത് ഏറ്റെടുക്കാനുള്ള ഉത്സാഹമാണു ജീവിതവിജയത്തിനും സന്തോഷത്തിനും വഴിയൊരുക്കുന്നത്. ആളുകളോട് ഇടപഴകാനും പ്രശ്നങ്ങൾ പരിഹരിക്കാനും വലിയ ഇഷ്ടമാണ്. ഗണിതത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി അധ്യാപികയാകാൻ തീരുമാനിച്ചത് അതുകൊണ്ടായിരുന്നു. സന്തോഷത്തിന്റെ ഹോര്‍മോൺ കൂട്ടുന്ന കണക്കിനോടുള്ള കൂട്ട് ഒരിക്കലും കുറഞ്ഞില്ല. ‌

ജോലി കിട്ടുമ്പോൾ ആദ്യ പോസ്റ്റിങ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗവൺമെന്റ് കോളജിലായിരുന്നു. അന്നത്തെക്കാലത്ത് എറണാകുളത്തെ വീട്ടിൽ നിന്ന് അതു വലിയ ദൂരമാണ്; പോരാത്തതിനു മകൻ തീരെ കുഞ്ഞും.  മോനെ എന്റെ വീട്ടിലാക്കും. എന്നിട്ടു കൊടുങ്ങല്ലൂരേക്കു പോകും. എന്റെ വീട്ടിലും ഭർത്താവിന്റെ വീട്ടിലും വീട്ടുജോലികൾ എല്ലാവരും ചെയ്യും. സ്ത്രീയാണു വീട്ടുജോലികൾ ചെയ്യേണ്ടത് എന്നൊരു നിയമം എന്റെ വീടുകളിൽ ബാധകമായിരുന്നില്ല. അതുകൊണ്ടു തന്നെ ജീവിതം അനായാസവും സന്തോഷകരവുമായി.

മാതാപിതാക്കൾ പറയുന്നത് അനുസരിച്ചാൽ നഷ്ടം വരില്ലെന്നു ബോധ്യമുള്ള കാര്യങ്ങൾ അനുസരിച്ചിട്ടുണ്ട്. അതു മാറ്റി നിർത്തിയാൽ തീരെ അനുസരണയില്ലാത്ത ആളായിരുന്നു ഞാൻ.

സ്കൂളിൽ പഠിക്കുന്ന കാലത്ത് വേദിയിൽ കയറുന്ന എന്നോടു കാറ്റിൽ വിറയ്ക്കുന്ന ആലില തോറ്റുപോകും. ഒരിക്കൽ പറയാനുള്ള വാക്കുകൾ ഓർമ കിട്ടാതെ വിറച്ചും നാണംകെട്ടും വേദിയിൽ നിന്നിറങ്ങി. വേദിയിൽ കയറി പ്രസംഗിക്കണമെന്നും ശ്രദ്ധാ കേന്ദ്രമാകണമെന്നും  അന്നു വാശിയോടെ മനസ്സിൽ കുറിച്ചിട്ടു. എറണാകുളത്തെ പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലെ വേദികളിൽ വാശിയോടെ വീണ്ടും വീണ്ടും കയറി. പ്രസംഗിച്ചു പേടി തീരെയില്ലാതായി. അതേ സ്കൂളിൽ  അധ്യാപികയായിരുന്നു അമ്മ ട്രീസ റീത്ത. അപ്പച്ചൻ പി.വി. വറീത് കോളജ്  പ്രഫസറായിരുന്നു. അമ്മയുടെ അച്ഛൻ കെ. എ. പോൾ എഴുത്തുകാരനും വാഗ്‍മിയും.

vanitha-(2)

പ്രസംഗവേദിയിലെ ചെക്കൻ കാണൽ

വലുതായപ്പോൾ പ്രസംഗങ്ങൾ പൊതുവേദികളിലായി. ഒരിക്കൽ സ്ത്രീധനത്തെക്കുറിച്ചു തകർത്തു പ്രസംഗിക്കുകയാണ്. സ്ത്രീധന നിരോധന നിയമങ്ങൾ മുളപൊട്ടുന്ന കാലം. വേദിയിൽ ആൾക്കൂട്ടത്തിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പ്രസംഗം കഴിഞ്ഞു വേദിക്കു പുറകിലെത്തി അയാൾ അറിയിച്ചു. ‘വലിയ പ്രസംഗം നടത്തിയിട്ടു കാര്യമൊന്നുമില്ല. താൻ സ്ത്രീധനം കൊടുത്തായിരിക്കും കെട്ടുന്നത്.’ ആ പറഞ്ഞ മനുഷ്യൻ പിന്നെ, ജീവിതപങ്കാളിയായി. ബിരുദം കഴിഞ്ഞയുടനെ ആയിരുന്നു കൊച്ചിൻ ഷിപ്‌‌യാർഡ് ഉദ്യോഗസ്ഥനായ മാത്യുവുമായുള്ള വിവാഹം.  കരിയർ എനിക്കു പ്രധാനമാണെന്നു പറഞ്ഞിരുന്നു. ഞാൻ ജോലി ചെയ്യണമെന്നും സന്തോഷമായിരിക്കണമെന്നും അദ്ദേഹത്തിനും നിർബന്ധമുണ്ടായിരുന്നു. അങ്ങനെ ജീവിതത്തിൽ ഗണിതത്തേക്കാൾ മികച്ച തീരുമാനമായി മാത്യു മാറി.

ബിരുദാനന്തര ബിരുദം രണ്ടാം വർഷമായപ്പോഴേക്കും മകൻ ജനിച്ചു. പിഎസ്‌സി പരീക്ഷ എഴുതലും പഠനവും ഇതിനിടയിലും തുടർന്നു. മകൻ ബെർട്ടിൻ മാത്യു ഇപ്പോൾ ദുബായ്‍യിൽ ഓഡിയോ എൻജിനീയറാണ്. മകൾ ആഷ യുജിസി ഫെലോഷിപ് നേടി അമൃത യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർഥിയും. ഷിപ്‍യാർഡിൽ നിന്നു മാനേജരായാണു മാത്യു വിരമിച്ചത്.

സൂപ്പർ അമ്മയും ഭാര്യയും അമ്മൂമ്മയും ഒക്കെ ആകാൻ പോയാൽ ജീവിതം അവിടെ അവസാനിക്കും എന്നാണ് എന്റെ പക്ഷം. അതുകൊണ്ടു ജോലിയിൽ നിന്നു പിരിഞ്ഞു 10 വർഷം കഴിഞ്ഞിട്ടും ഞാനിന്നും ജോലിയെടുക്കുകയാണ്. മോട്ടിവേഷനൽ സ്പീക്കറായും വ്‌ളോഗറായും. അതിനൊപ്പം കുടുംബമുണ്ട്. എന്റെ സന്തോഷങ്ങളും.

ലക്ഷ്യം എന്താകണം?

നല്ല കുട്ടി ഇമേജിനു വേണ്ടി ഒരു പെൺകുട്ടി ശ്രമിക്കുമ്പോൾ അത് അവളുടെ വ്യക്തിത്വ വികസനത്തിന് തടസ്സമാകുകയാണ്. നമ്മുടെ കാര്യങ്ങൾ മറ്റൊരാൾ തീരുമാനിക്കുകയും ബ്ലൈൻഡ് ആയി അത് അനുസരിക്കുകയും ചെയ്യാതിരിക്കുക. ഇതിനർഥം ഒരു അച്ചടക്കവും ഇല്ലാതെ ജീവിക്കുക എന്നതല്ല. കൃത്യമായ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകുക.

ലക്ഷ്യബോധം ഇല്ലാതായാൽ സ്റ്റിയറിങ് കൺട്രോൾ ഇല്ലാതെ കാറോടിക്കും പോലെയാണ്. എന്നാൽ ലക്ഷ്യം എന്നതു വിവാഹം കഴിക്കുക എന്നതാകരുത്. വിവാഹം ജീവിതത്തിലെ ഒരു ഇവന്റ് മാത്രമാണ്. കരിയർ പോലും ആകരുത് ലക്ഷ്യം. മറിച്ച് സ്വന്തം ജീവിതത്തിന്റെ പർപസ് കണ്ടെത്തലാകണം. എങ്കിലേ നമുക്കും മറ്റുള്ളവർക്കും ഈ ജീവിതംകൊണ്ട് സന്തോഷം പകരാനാകൂ.

Tags:
  • Spotlight
  • Inspirational Story