Friday 31 July 2020 02:53 PM IST : By സ്വന്തം ലേഖകൻ

ടാക്സി വരാന്‍ വൈകിയതിനും കലഹം, പ്രശ്നങ്ങള്‍ സംസാരിച്ചു തീർക്കണമെന്നും ഒന്നിച്ച് ജീവിക്കണമെന്നും നെവിൻ പറഞ്ഞു! കൂടുതൽ വെളിപ്പെടുത്തലുകൾ

merin-joy-new

അമേരിക്കയിൽ മലയാളി നഴ്സ് മെറിൻ ജോയിയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കേരളവും അമേരിക്കൻ മലയാളി സമൂഹവും.

ദമ്പതിമാർക്കിടയിലുണ്ടാകുന്ന സാധാരണ പ്രശ്നങ്ങളായിരുന്നു ഇവർക്കിടയിലുമുണ്ടായിരുന്നതെന്നാണ് സുഹൃത്തുക്കളെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോർട്ടുകൾ. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സംഭവം സുഹൃത്തുക്കളിലും ബന്ധുക്കളിലും അവിശ്വസനീയത സൃഷ്ടിച്ചിരിക്കുകയാണ്.

ല്ലാ പ്രശ്നങ്ങളും സംസാരിച്ചു തീർക്കണമെന്നും ഇനി ഒരുമിച്ച് ജീവിക്കണമെന്നുമായിരുന്നത്രേ മെറിനെ കാണാൻ പോകുന്നതിന് മുമ്പ് ഭര്‍ത്താവ് ഫിലിപ് മാത്യു(നെവിൻ) സുഹൃത്തിനെ അറിയിച്ചത്. എന്നാൽ അതിനു ശേഷം എങ്ങനെയാണ് നെവിന്റെ മനസ്സ് മാറിയതെന്നും എന്താണ് നെവിനെ പ്രകോപിതനാക്കിയതെന്നും അവർക്കുമറിയില്ല.

മെറിൻ വാശിക്കാരിയും ഫിലിപ്പ് ദേഷ്യക്കാരനുമായിരുന്നത്രേ. ഇത് ചെറിയ പ്രശ്നങ്ങൾ പോലും വലുതാകാൻ കാരണമായി. അടുത്തിടെ നാട്ടിലെത്തിയപ്പോൾ, ഫിലിപ്പ് ഏർപ്പാടാക്കിയ ടാക്സി വരാൻ താമസിച്ചതിന്റെ പേരിൽ വിമാനത്താവളത്തിൽ വച്ച് ഇരുവരും വഴക്കിട്ടു.

2016 ജൂലായ് 30-നായിരുന്നു ഫിലിപ്– മെറിന്‍ വിവാഹം. പ്ലസ്ടു പഠനം നാട്ടിൽ പൂർത്തിയാക്കി, അമേരിക്കയിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോയ ഫിലിപ്പ് അവിടെ പഠനം പൂർത്തിയാക്കി ജോലിയും നേടി. മാട്രിമോണി വെബ്സൈറ്റ് വഴിയായിരുന്നു മെറിനുമായുള്ള വിവാഹം. വിവാഹ ശേഷം മെറിനെ ഫിലിപ്പ് അമേരിക്കയിലേക്കു കൊണ്ടു പോയി.

മെറിന്റെയും ഫിലിപ്പിന്റെയും ജീവിതത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ഇരുവീട്ടുകാരും ഇടപെട്ടിരുന്നെങ്കിലും വിജയിച്ചില്ല. അവസാനം നാട്ടിൽ വന്ന സമയത്താണ് മെറിനും കുടുംബവും ഫിലിപ്പിനെതിരേ ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ കുടുങ്ങുമെന്ന് ഭയന്നാണ് ഫിലിപ്പ് നേരത്തെ തന്നെ അമേരിക്കയിലേക്ക് മടങ്ങിയത്. ജനുവരിയിൽ മെറിനും അമേരിക്കയിൽ എത്തി. ഇതിനുശേഷം മെറിനും ഫിലിപ്പും പലപ്പോഴും ഫോണിൽ സംസാരിച്ചിരുന്നെന്നും പറയപ്പെടുന്നു. ഫിലിപ്പ്-മെറിൻ ദമ്പതികളുടെ ഏകമകൾ നോറ നാട്ടിൽ മെറിന്റെ വീട്ടിലാണ്. മകളെ കാണാൻ പറ്റാത്തതിൽ ഫിലിപ്പ് മാനസികമായി ഏറെ തളർന്നിരുന്നത്രേ.

ഫിലിപ്പ് നിരന്തരമായി മെറിനെ ഉപദ്രവിച്ചിരുന്നതായാണ് മെറിന്റെ ബന്ധുക്കള്‍ പറയുന്നു. മെറിൻ ജോലികഴിഞ്ഞ് വരുമ്പോൾ വീട് അടച്ചുപൂട്ടിയിരിക്കുന്നതും പതിവായിരുന്നു. അമേരിക്കയിലാവുമ്പോൾ ഒരിക്കൽ പോലീസിനെ വിളിച്ചാണ് മെറിൻ വീടിനകത്തേക്ക് പ്രവേശിച്ചത്. ഉറങ്ങിപ്പോയെന്നായിരുന്നു അന്ന് ഫിലിപ്പ് പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ തവണ ഇരുവരും നാട്ടിലെത്തിയപ്പോളും പ്രശ്നങ്ങളുണ്ടായി. തുടർന്ന് മെറിൻ പോലീസിൽ പരാതി നൽകി. വിവാഹമോചനത്തിനുള്ള നീക്കങ്ങളും ആരംഭിച്ചിരുന്നു.

മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മകളാണ് മെറിൻ ജോയി. 28 വയസ്സായിരുന്നു. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിൻ.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. കാറിലെത്തിയ ഫിലിപ് മാത്യു മെറിനെ 17 തവണ കുത്തി മുറിേവല്‍പിച്ചശേഷം നിലത്തു വീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റിയെന്നും പൊലീസ് പറയുന്നു.

മെറിനെ പൊലീസ് ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെവിൻ മാത്യു അതിനോടകം സംഭവ സ്ഥലത്തു നിന്ന് പോയിരുന്നു. ഇയാളെ പിന്നീട് സ്വയം കുത്തിമുറിവേല്‍പിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

മിഷിഗണിലെ വിക്സനില്‍ ജോലിയുള്ള നെവിന്‍ കോറല്‍ സ്പ്രിങ്സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു.