ഹലോ ഗയ്സ്... നിങ്ങൾ വായിക്കുന്നത് വനിതയുടെ ശിശുദിന പതിപ്പിലെ പ്രത്യേക ഫീച്ചറാണ്. ശിശുദിനമെന്നു പറയുമ്പോൾ കുട്ടികളുടെ ദിവസമാണല്ലോ. സോ... കുട്ടിദിന സ്പെഷൽ ഫീച്ചറിലും കുറച്ചു കുട്ടികളെയാണു പരിചയപ്പെടുത്തുന്നത്.
സ്പെഷൽ പതിപ്പിൽ സ്പെഷലായി എത്തുന്ന ഈ കുട്ടികളുടെ പ്രത്യേകത എന്താണെന്നാകും ഗയ്സ് നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. ഇവരെല്ലാം യുട്യൂബിലെ സ്റ്റാർസാണ്. യുട്യൂബിന്റെ പുഷ്കലകാലത്തു വിഡിയോകൾ പോസ്റ്റ് ചെയ്തു തുടങ്ങി, ഇപ്പോൾ സോഷ്യൽ മീഡിയയിൽ മെഗാഹിറ്റായി മുന്നേറുന്ന കുട്ടിത്താരങ്ങളിലൊരാൾ. 750 ഓളം വിഡിയോകൾ കൊണ്ടു പതിനെട്ടര ലക്ഷം സബ്സ്ക്രൈബേഴ്സിനെ നേടിയ മിൻഷയെയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. മിൻഷയുടെ വിശേഷങ്ങൾ കേട്ടിട്ടു വന്നാലോ...
മിൻഷക്കുട്ടി– സബ്സ്ക്രൈബേഴ്സ് – 18.5 ലക്ഷം
കളിപ്പാട്ടങ്ങൾ അൺബോക്സിങ് ചെയ്യുന്ന വിഡിയോ പോസ്റ്റു ചെയ്യാനായി വെറുതേ തുടങ്ങിയ യുട്യൂബ് ചാനലാണു മലപ്പുറം മഞ്ചേരിയിലെ ഏഴാംക്ലാസ്സുകാരിയായ മിൻഷയുടെ തലവര മാറ്റിയത്. ടോയ്സ് അൺബോക്സിങ് വിഡിയോകൾക്കിടെ ചില കുക്കിങ് വിഡിയോകളും പരീക്ഷണങ്ങളുമൊക്കെ ഷൂട്ട് ചെയ്തു പോസ്റ്റ് ചെയ്തു. സ്ലൈം ഉണ്ടാക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തതോടെ ചാനൽ ഹിറ്റായി. പിന്നെ, തുരുതുരാ വിഡി യോകളുമായി മിൻഷ യുട്യൂബിൽ താരമായി.
പാചകം ടു പ്രാങ്ക്
മഞ്ചേരിയിൽ ബിസിനസ് ചെയ്യുന്ന ഉപ്പ ഷാനവാസിനും ഉമ്മ ഷബ്നയ്ക്കും മകളുടെ വിഡിയോ പരീക്ഷണങ്ങളോടു വലിയ താൽപര്യമാണ്. ഏറ്റവും സപ്പോർട്ട് ഇക്കാക്കമാരായ ഷാനിക്കും ഇഷാനുമാണെന്നു മിൻഷ പറയുന്നു.
‘‘ഒപ്പം വിഡിയോയിൽ വരാൻ മൂത്ത ഇക്കാക്കയ്ക്കു വലിയ ഇഷ്ടമാണ്. ഒരിക്കൽ കസിൻസിനെ പ്രാങ്ക് ചെയ്യാ ൻ ഞങ്ങൾ പ്ലാൻ ചെയ്തു. ആരും കാണാതെ ടെറസിൽ പോയി ഫുഡ് കളറു കൊണ്ടു രക്തം ഉണ്ടാക്കിയെടുത്തു.
എല്ലാവരുമായി സൈക്കിൾ റേസ് ചെയ്യുന്നതിനിടെ പ്ലാ ൻ ചെയ്തതു പോലെ ഞാൻ വീണു. തയാറാക്കി വച്ചിരുന്ന രക്തമെടുത്തു ഡ്രസ്സിലൊക്കെ തേച്ചു. ശരിക്കും വീണതാണെന്നു കരുതി കസിൻ കരയാൻ തുടങ്ങി. അപ്പോഴാണു സർപ്രൈസ് പൊളിച്ചത്. ഈ റിയാക്‌ഷൻ വിഡിയോ പോസ്റ്റ് ചെയ്തപ്പോൾ വൈറലായി.
എല്ലാ വിഡിയോയും സക്സസ് ആകണമെന്നൊന്നുമില്ല. പരീക്ഷണങ്ങളും ചിലപ്പോൾ പാളിപ്പോകും. ആഴ്ചയിൽ രണ്ടോ മൂന്നോ വിഡിയോ അപ്‌ലോഡ് ചെയ്യും. ഇതിനിടയിൽ പഠിത്തത്തിൽ വിട്ടുവീഴ്ചയൊന്നുമില്ല. വൈകിട്ട് ഏഴു മുതൽ പത്തു വരെ പഠിത്തം മാത്രമേയുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റായതിനാൽ സ്കൂളിൽ എല്ലാവരും സപ്പോർട്ടാണ്. മഞ്ചേരി നസറേത്ത് സ്കൂളിലാണു പഠിക്കുന്നത്. എന്റെ പ്രിയപ്പെട്ട വിഷയം കണക്കാണ്.
എല്ലാ വർഷവും സഹോദയ ഫെസ്റ്റിൽ പങ്കെടുക്കും. ഒപ്പന, മാപ്പിളപ്പാട്ട്, അറബിക് പാട്ട്, ദേശഭക്തിഗാനം ഒക്കെയാണു മെയിൻ. ഇപ്രാവശ്യം സ്കൂൾ ഫുട്ബോൾ ടീമിലുമുണ്ട്. റോളർ സ്കേറ്റിങ് ചാംപ്യനുമാണ്. അഞ്ചു മണിക്കൂർ റോളർ സ്കേറ്റിങ് ചെയ്തതിന് എക്സ്ട്രീം റെക്കോർഡ്, നാഷണൽ റെക്കോർഡ്, ഏഷ്യാ പസഫിക് റെക്കോർഡ് എന്നിവ കിട്ടിയിട്ടുണ്ട്.
സെലിബ്രിറ്റി സ്റ്റാർ
വിഡിയോയുടെ കണ്ടന്റ് എല്ലാവരോടും ആലോചിച്ചാണു ചെയ്യുന്നത്, ഉപ്പ സ്ക്രിപ്റ്റ് എഴുതും. ഓരോ റോളിനു വേണ്ടിയും മേക്കപ് ചെയ്തുതരുന്നത് ഉമ്മയാണ്. രണ്ടാമത്തെ ഇക്കാക്കയാണ് എഡിറ്റിങ്. അഞ്ചാറു മണിക്കൂറെടുത്താണു ഫണ്ണി സീരീസൊക്കെ ഷൂട്ട് ചെയ്യുന്നത്. സ്കൂൾ ഇല്ലാത്ത ദിവസമാണ് ഇതിനായി മാറ്റിവയ്ക്കുക.
എല്ലാ തരം വിഡിയോകളും ചെയ്യുമെങ്കിലും ബർഗർ ഈറ്റിങ് ചാലഞ്ച്, പീത്‌സ ചാലഞ്ച്, ചോക്‌ലെറ്റ് ചാലഞ്ച് എന്നിവയൊക്കെ ചെയ്യാനാണു കൂടുതലിഷ്ടം, അതൊക്കെ നമുക്കു തന്നെ കഴിക്കാമല്ലോ.
യുട്യൂബ് ചാനൽ തുടങ്ങിയിട്ടു മൂന്നു വർഷമായി. ഏറ്റവും വൈറലായ വിഡിയോയ്ക്ക് 143 മില്യൺ വ്യൂസ് കഴിഞ്ഞു. ഇതുവരെ പോസ്റ്റ് ചെയ്ത 750ഓളം വിഡിയോകളിൽ 208 എണ്ണം ഒരു മില്യൺ ക്രോസ് ചെയ്തിട്ടുണ്ട്. ഐ ഫോണിലാണു മിക്കവാറും വിഡിയോ ഷൂട്ട് ചെയ്യുന്നത്. ഫണ്ണി സീരിസിനായി വിഡിയോ ക്യാമറയും, ട്രാവൽ വിഡിയോകൾക്കായി ഗോ പ്രോയുമുണ്ട്.
യുട്യൂബ് വരുമാനം ഷോപ്പിങ്ങിനാണു ചെലവഴിക്കുന്നത്. പിന്നെ, ക്യാമറയും മറ്റും വാങ്ങാനും. ഉദ്ഘാടനങ്ങൾക്കു ഗസ്റ്റായി പോകാറുമുണ്ട്. മഴവിൽ മനോരമയുടെ പ ണം തരും പടത്തിലും ബംപർ ചിരിയിലും ഗസ്റ്റായി പങ്കെടുത്തു.’ മിൻഷ സെലിബ്രിറ്റി ചിരി ചിരിച്ചു.