Saturday 02 November 2024 02:51 PM IST : By സ്വന്തം ലേഖകൻ

കാൻസർ അതിജീവിതയെന്ന് മാട്രിമോണിയൽ പരസ്യം, കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന കുത്തുവാക്കിനും മറുപടി: നീതുവെന്ന പോരാളി

neethu

കാൻസര്‍ നിങ്ങൾക്ക് സ്വപ്നങ്ങൾക്ക് തടയിടുമോ? അതെ, എന്നാണ് ഉത്തരമെങ്കിൽ നീതുവിന്റെ ജീവിതകഥ നിങ്ങളെ മാറ്റി ചിന്തിപ്പിക്കും. നല്ല പ്രായത്തിൽ ജീവിതത്തിൽ പിടിമുറുക്കിയ കാൻസറിന്റെ വേരുകളെ പറിച്ചെറിഞ്ഞ് സ്വപ്നങ്ങളെ കൂട്ടുപിടിച്ച നീതുവിന്റെ അതിജീവനകഥ ലിജിയാണ് സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുന്നത്. അർബുദത്തെ അതിജീവിച്ച് ഭാര്യ, അമ്മ, ഡോക്ടർ എന്നീ റോളുകളിലേക്ക് അതിവേഗം നടന്നുകയറിയ നീതുവിന്റെ കഥ ഫെയ്സ്ബുക്കിലാണ് ലിജി പങ്കുവച്ചത്.

കുറിപ്പിന്റെ പൂർണരൂപം:

"ജീവിതത്തിൽ പരാജയപ്പെടാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാവാം. എന്നാൽ വിജയിക്കാൻ ഒരൊറ്റ കാരണം മതി - വിജയിക്കണമെന്നുള്ള ആഗ്രഹം "പൗലോ കൊയിലോ.

അതെ, പരാജയപ്പെടുത്താൻ എത്തിയ കാരണങ്ങളെയെല്ലാം വിജയിച്ചേ മതിയാവൂ എന്ന തൻ്റെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് മിസ്സ് നീതുരാജ് ഇന്ന് ഡോക്ടർ നീതു രാജായി മാറിയിരിക്കുന്നു.

ബ്രെയിനിൽ dopamine ഉത്പാദിപ്പിക്കുന്ന ന്യൂറോണുകൾ നശിക്കുന്നതു മൂലം ഉണ്ടാകുന്ന Neurodegenerative disease ആയ പാർക്കിൻസൺസ് രോഗത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ഭാരതീയര്‍ യൂണിവേഴ്സിറ്റിയുടെ Human genetics and Molecular biology department ഈ മാസം ഒക്ടോബർ 14 ന് നീതുവിന് ഡോക്ടറേറ്റ് നൽകി.

2020 ൽ autism spectrum disorder എന്ന വിഷയത്തിൽ ഭാരതീയർ യൂണിവേഴ്സിറ്റിയിൽ ജെ ആർ എഫ്. ആയി ജോയിൻ ചെയ്ത നീതു അതേ ഗൈഡിനു കീഴിൽ Phd ക്കും ജോയിൻ ചെയ്തു. അതിനിടയിൽ 2022 ൽ ICMR ൻ്റെ JRF ആയി എൻറോൾ ചെയ്തു.പാർക്കിൻസൺ തന്നെയായിരുന്നു ഇവിടെയും പഠനവിഷയം.

JRF, Phd (ഓട്ടിസം,പാർക്കിൻസൺ) എന്നിവയോടനുബന്ധിച്ചുള്ള നീതുവിൻ്റെ റിസേർച്ച്, റിവ്യു പേപ്പറുകൾ high impact factor ഉള്ള international journal കളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

പഠനത്തിൻ്റെ തിരക്കുകൾ ഒഴിഞ്ഞ നീതു ഇപ്പോൾ രണ്ടര വയസുള്ള ഏകമകൻ പ്രഹാനൊപ്പം അവധിയാഘോഷത്തിലാണ്.

നീതുവിനെ ഓർമ്മയില്ലേ ? ഒരിക്കൽ ഞാൻ എഴുതിയിരുന്നു, അവളുടെ കാൻസർ അതിജീവനകഥ.

ഒരുപാട് സന്തോഷമുണ്ട് - നേട്ടങ്ങളുടെ അമരങ്ങളിൽ നീ അതിവേഗം ഓടിയെത്തിയതിൽ.

തടസങ്ങളെയെല്ലാം നീ എത്ര വേഗന്നാണ് മറികടന്നത്..നിന്റെ ഉറച്ച ലക്ഷ്യബോധത്തെ പിന്നോട്ട് വലിക്കാൻ ഒരു അർബുദത്തിനും സാധിച്ചില്ല.....

യുവത്വത്തിന്റെ തുടക്കത്തിൽ അർബുദം കൂട്ടിനെത്തിയിട്ടും തളരാതെ മുന്നേറിയ നീതുവിന് പറയാൻ ഒന്നേയുള്ളു - ആദ്യം അവനവനെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുക, അതില്ലാതാവുന്നിടത്താണ് പ്രതിസന്ധികളിൽ വീണു പോകുന്നതും, അവിടെ നിന്ന് എഴുന്നേൽക്കാൻ ഒരു കൈ സഹായത്തിനായി കാത്ത് കിടക്കുന്നതും. ഉറച്ച ബോധ്യങ്ങളും ലക്ഷ്യങ്ങളുമുണ്ടെങ്കിൽ ഏത് പ്രതിസന്ധികളേയും മറികടക്കാനാവും.

പഠന യാത്രയിൽ ചികിത്സയോ വിവാഹമോ അമ്മയാകാനുള്ള ആഗ്രഹമോ നീതു ഉപേക്ഷിച്ചില്ല .എല്ലാം കൂടെ കൂട്ടി .....മോനെ ഗർഭിണിയായിരിക്കുമ്പോഴാണ് ICMR ന്റെ JRF ആയി ജോയിൻ ചെയ്തത്. പ്രസവത്തിനുശേഷവും റെസ്റ്റ് ഉണ്ടായിരുന്നില്ല.

കാൻസർ വന്നാൽ വിവാഹം പാടില്ലെന്നും വിവാഹം കഴിച്ചാൽ തന്നെ കുട്ടികൾ ഉണ്ടാവില്ലെന്നുമുള്ള പൊതുധാരണകൾക്ക് നീതുവിൻ്റെ ജീവിതം തിരുത്തലുകൾ നൽകുന്നു. എല്ലാവരും എതിർത്തിട്ടും

'I am a cancer survivor 'എന്ന് matrimonial ad ൽ haedline കൊടുത്ത കരുത്തയായ പെണ്ണാണ് നീതു.

നീതു ,

അർബുദത്തെ അതിജീവിച്ച് ഭാര്യയുടെ, അമ്മയുടെ ,ഡോക്ടറുടെ റോളിലേക്ക് നീ നടന്ന ദൂരം എല്ലാവർക്കും മാതൃകയും പ്രചോദനവുമാണ്, പ്രത്യേകിച്ച് നീയുൾപ്പെടുന്ന തണൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് (women cancer fighters & supporters).ജീവിത പ്രതിസന്ധികളെ എങ്ങനെയാണ് അതിജീവിക്കേണ്ടത് എന്ന് അറിയാൻ നിൻെറ പിന്നാലെ ഒരുമാത്ര തിരിഞ്ഞു നടന്നാൽ മതി.

നീതുവിന്റെ അതിജീവന കഥ ഒന്നു കൂടി വായിക്കാം

പഠനം നീതുവിന് എന്നും ഒരു ആവേശമായിരുന്നു. എത്ര പഠിച്ചാലും അവൾക്ക് മതിയാവില്ല.ആർത്തിയോടെ പഠിച്ച് പരീക്ഷകളിലെല്ലാം അവൾ ഒന്നാമതായി ജയിച്ചു കയറി. അറിവിന്റെ കൊടുമുടി ഇങ്ങനെ ഓടിക്കയറുമ്പോൾ ഈശ്വരന് ഒരു തമാശ തോന്നി.. ഇവളെ ഒന്നു പരീക്ഷിക്കാൻ. ഒരു പ്രാക്ടിക്കൽ പരീക്ഷ ഇട്ടു കൊടുത്തിട്ട് അവളെ വെല്ലുവിളിച്ചു. തിയറി പരീക്ഷകളിലെല്ലാം കാണിക്കുന്ന സാമർത്ഥ്യം ഈ പ്രാക്ടിക്കൽ പരീക്ഷയിൽ ഞാനൊന്നുകാണട്ടെ....

കുളിക്കുന്നതിനിടയിൽ കഴുത്തിനും തോളിനു മിടയ്ക്ക് ചെറിയ ഒരു തടിപ്പ് അവളുടെ ശ്രദ്ധയിൽപ്പെട്ടു.അന്ന് നീതുവിന് പ്രായം 21. മൈസൂർ യൂണിവേഴ്സിറ്റിയിൽ Msc ജെനിറ്റിക്സിന് (ഒന്നാം വർഷം) പഠിക്കുന്നു.

എണ്ണ തേച്ചതിന്റെ നീരിറക്കം ആവുമെന്ന് അമ്മ..

ക്യാൻസർ ബയോളജി എന്ന ഒരു പേപ്പർ പഠനത്തിന്റെ ഭാഗമായിരുന്നതുകൊണ്ടാവാം FNAC ക്ക് ഡോക്ടറോട് അവൾ അങ്ങോട്ട് നിർദ്ദേശിച്ചു..

ആദ്യ FNAC യിൽ തൃപ്തി വരാതെ മറ്റൊരു ഹോസ്പിറ്റലിൽ FNAC ആവർത്തിച്ചു.

പിന്നീടെല്ലാം പെട്ടന്നായിരുന്നു ഡോക്ടർ സർജറിക്ക് നിർദ്ദേശിച്ചു.അതിനായി ബയോപ്സി കൂടി ചെയ്തു. ബയോപ്സിക്ക് വിധേയയായപ്പോൾ അവൾ ഡോക്ടറോട് പറഞ്ഞു എന്റേത് hodgkins lymphoma എന്ന ക്യാൻസറാണ്.

ടെസ്റ്റ് റിസൾട്ട്പോലും വരുന്നതിനു മുമ്പ് ഡയഗണൈസ് ചെയ്യാൻ നീയാര് ഡോക്ടറോ എന്ന മട്ടിൽ ആ ഡോക്ടർ അവളെ പരുഷമായി നോക്കി.. അത് ഞങ്ങള് തീരുമാനിച്ചോളാം എന്ന താക്കീതും നൽകി വിട്ടു

എന്തായാലും 10 ദിവസം കഴിഞ്ഞ് ബയോപ്സി റിസൾട്ട് വന്നപ്പോൾ ഡോ ക്ടർ ഒരു പേപ്പറിൽ അവൾക്ക് കുറിച്ച് നൽകി.. hodgkins lymphoma. സെക്കൻഡ് സ്റ്റേജാണ്

അവൾ മുൻകൂട്ടി കണ്ടത് തന്നെ. ഡോക്ടർ അവളെ അത്ഭുതത്തോടെ നോക്കി. അവളാണേൽ മധുരമായ ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി.

യാതൊരു ലക്ഷണങ്ങളുമില്ല.. ആരോഗ്യമുള്ള ശരീരം.. അച്ഛന്റെയോ അമ്മയുടെ യോ കുടുംബത്തിലോ അടുത്ത തലമുറകളിലോ ഒന്നും ആർക്കും കാൻസർ കേട്ടിട്ട് പോലും ഇല്ല.. അതുകൊണ്ടുതന്നെ ഇതറിഞ്ഞപ്പോൾ എല്ലാവരും ഷോക്കായി, നീതു ഒഴിച്ച്.

അവളുടെ മിഴികൾ നനഞ്ഞില്ല. ....മുഖത്തെ പുഞ്ചിരി മാഞ്ഞില്ല...ഈ പ്രാക്ടിക്കൽ പരീക്ഷയിൽ ജയിച്ചേ മതിയാവൂ. ഈശ്വരന്റെ വെല്ലുവിളി അവൾ ഏറ്റെടുത്തു. ആത്മവിശ്വാസത്തിന്റെ കരളുറപ്പിൽ ,രോഗവിവരം കേട്ട് തകർന്നു പോയ മാതാപിതാക്കൾക്കും അനുജത്തിക്കും മറ്റു ബന്ധുക്കൾക്കും അവൾ ധൈര്യം പകർന്ന് മുന്നിൽ നിന്നു.

മൈസൂറിലെ പഠനം അവസാനിപ്പിച്ച് കേരളത്തിലേക്ക് വരാനും ഇവിടെ RCC യിൽ ചികിത്സിക്കാനും വീട്ടുകാർ നിർബന്ധിച്ചു. എന്നാൽ ഇതിനു വേണ്ടി പഠനം ഉപേക്ഷിക്കാൻ അവൾ തയ്യാറായില്ല. അതവൾക്ക് ക്യാൻസറിനേക്കാൾ ഭയാനകവും മരണ തുല്യവുമായിരുന്നു.

MBBS എടുക്കാനായിരുന്നു താല്പര്യം എങ്കിലും അതിനായി ഒരു വർഷം എൻട്രൻസ് പഠിക്കാനുള്ള മടി കാരണം വെറുതെ പോയി എഴുതിയപ്പോൾ BAMS ആണ് ലഭിച്ചത്.അതിന് താല്പര്യം ഇല്ലാതിരുന്നതുകൊണ്ട് മെഡിക്കൽ റിലേറ്റഡ് ആയ ഒരു വിഷയം തന്നെ എടുക്കുന്നതാവും നല്ലതെന്ന് പ്ലസ് ടു അദ്ധ്യാപകൻ ( NSS കല്പറ്റ) ബാബു പ്രസന്നകുമാർ സാർ നിർദ്ദേശിച്ചതനുസരിച്ചാണ് ഏറെ വ്യത്യസ്തവും അധികമാരും എടുക്കാത്തതുമായ ജനിതക ശാസ്ത്രം (genetics) ഡിഗ്രിക്ക് എടുത്തത്.

കേരളത്തിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ മാത്രമേ ഈ ഒരു വിഷയം ഉണ്ടായിരുന്നുള്ളു.അങ്ങനെ AWH കോളേജ് കോഴിക്കോട് നിന്ന് ഇഷ്ട വിഷയം പഠിച്ചിറങ്ങി.

നല്ല ഫാക്കൽറ്റിയും മെച്ചപ്പെട്ട സൗകര്യങ്ങളും ഉള്ള ഒരു യൂണിവേഴ്സിറ്റി ക്യാമ്പസിൽ തന്നെ Msc ചെയ്യണമെന്ന ആഗ്രഹവും അന്വേഷണവും ആണ് സൗത്ത് ഏഷ്യയിലെ നമ്പർ വൺ ഡോർസോഫില (drosophila) സ്റ്റോക് സെന്ററും ,മറ്റു രാജ്യങ്ങളിലെ ഗവേഷകരും അദ്ധ്യാപകരും കോളേജുകളും പോലും ജെനറ്റിക്സ് പഠനത്തിനായി ആശ്രയിക്കുന്ന മൈസൂർ യൂണിവേഴ്സിറ്റി(manasagangotri campus) തന്നെ തിരഞ്ഞെടുത്തത്.അങ്ങനെ ഏറെ ആഗ്രഹിച്ച് നേടിയ അഡ്മിഷനാണിത്. അന്ന് കേരളത്തിൽ നിന്ന് നീതുവിന് മാത്രമാണ് അവിടെ പ്രവേശനം ലഭിച്ചത്.

ഇതാണ് കാൻസറിന്റെ പേരിൽ ഉപേക്ഷിക്കണമെന്ന് പറയുന്നത്... ഇല്ല.. ചികിത്സ ഒരു സൈഡിലേക്ക് മാറ്റി പഠനം മെയിനായി തന്നെ കൊണ്ടുപോകാൻ അവൾ തീരുമാനിച്ചു.ചികിത്സയ്ക്കു വേണ്ടി തന്റെ ക്ലാസുകൾ നഷ്ടപ്പെടുത്താൻ അവൾ തയ്യാറല്ലായിരുന്നു.അങ്ങനെ ബാംഗളൂരുള്ള Kidwai oncology hospital ൽ ചികിത്സ നടത്താൻ അദ്ധ്യാപകരും സുഹൃത്തുക്കളും നിർദ്ദേശിച്ചു.

അതിനായി കോഴിക്കോട്ടെ വീട് മൈസൂറിലേക്ക് മാറ്റി. താങ്ങും തണലുമായി അമ്മയും അച്ഛനും കൂടെ നിന്നു .അനുജത്തിയെ മൈസൂർ പ്ലസ് വണിന് ചേർത്തു..

ആരുടെയും സഹതാപത്തിനോ കണ്ണീരിനോ അവൾ ചെവികൊടുത്തില്ല.. ആർക്കും വേണ്ടി കാത്തു നിന്നതുമില്ല.. അമ്മയും അനുജത്തിയും സുഹൃത്തുക്കളും നൽകിയ ഊർജം..പഠനത്തോടുള്ള അടങ്ങാത്ത പ്രണയം.. ഇവയെല്ലാം ഏതൊരു കാൻസർ സെല്ലിനേയും ചുട്ടെരിക്കാനുള്ള അഗ്നിയായി അവളുടെ മനസ്സിൽ ആളിക്കത്തിക്കൊണ്ടിരുന്നു.

സർജറി, കീമോതെറാപ്പി, റേഡിയേഷൻ... ചികിത്സയുടെ ദിനങ്ങളിലേക്ക് പ്രവേശിക്കും മുമ്പ് ആശു പത്രിയിൽ നിന്ന് ഒരു കൗൺസിലിങ്ങ്. രോഗത്തിന്റെ ഭീകരതയേയും അനന്തരഫലങ്ങളെയും കുറിച്ച് വളരെ നെഗറ്റീവായി പറഞ്ഞു തന്ന ആ കൗൺസിലിങ് എന്തിനായിരുന്നു എന്ന് അന്നും ഇന്നും അവൾക്കറിയില്ല. തീക്കട്ടയോടാണ് തീപ്പെട്ടി കൊള്ളിയുടെ കളി!!!

ആകെയുള്ള ഒരു ചെറിയ സങ്കടം പാരമ്പര്യമായി കിട്ടിയ നീണ്ട ഇടതൂർന്ന മുടി നഷ്ടപ്പെടുന്നതിൽ മാത്രമായിരുന്നു. ഒന്ന് ഷേപ് ചെയ്യുക പോലും ചെയ്യാതെ ഒരു സ്വകാര്യ അഭിമാനമായി കൊണ്ടു നടന്ന മുടിക്ക് പക്ഷേ അവളെ തളർത്താനുള്ള ശേഷിയുണ്ടായിരുന്നില്ല. അവൾക്കറിയാമായിരുന്നു ഇല പൊഴിയും ശിശിരകാലത്തിനു ശേഷം നിറയെ പൂക്കളുമായി വസന്തകാലമെത്തുമെന്ന്.

കിഡ്വായി ക്യാൻസർ ആശുപത്രി... ഏറ്റവും മികച്ച ക്യാൻസർ ചികിത്സ, പ്രഗത്ഭരായ ഡോക്ടർമാർ. ഫോർമൽ ആയ ഡോക്ടർ - രോഗീ ബന്ധം. മാനസികമായ യാതൊരടുപ്പവും അവർ തമ്മിലില്ല. ആയിരത്തോളം ക്യാൻസർ രോഗികൾ അവിടുണ്ടായിരുന്നു. കേരളത്തിലെ പോലെ രോഗികൾ തമ്മിലും ഡോക്ടറും രോഗിയും തമ്മിലുമുള്ള മാനസികമായ ഇഴയടുപ്പം അവിടെ ബന്ധങ്ങളിലുണ്ടായിരുന്നില്ല. എന്തായാലും വിജയകരമായി സർജറിയും 6 കീമോയും പൂർത്തിയാക്കി.

എല്ലാ കാൻസർ രോഗികളുടെയും പോലെ മുടിയെല്ലാം കൊഴിഞ്ഞു പോയി. ദേഹമാകെ കറുത്ത് കോലം കെട്ടു. ഛർദ്ദി.. ക്ഷീണം.. വേദന.. എല്ലാം കൂട്ടിനെത്തി. 'വയ്യാ' എന്നൊരു വാക്ക് അവളുടെ വായിൽ നിന്ന് വന്നില്ല. ഒരിക്കൽ പോലും മിഴികൾ നനഞ്ഞില്ല. ആരേയും ആകർഷിക്കുന്ന വശ്യമായ ആ പുഞ്ചിരിക്ക് യാതൊരു ഇടിവും സംഭവിച്ചില്ല.തന്റെ വേദനകൾക്കു മുന്നിൽ കണ്ണീരുമായി നിന്നവർക്ക് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി സമ്മാനിച്ച് മടക്കി അയച്ചു.

20 റേഡിയേഷനാണ് ഡോക്ടർ നിർദ്ദേശിച്ചത്.ദിവസവും പോയി വരാനുള്ള ബുദ്ധിമുട്ടു കൊണ്ട് റേഡിയേഷൻ മൈസൂറുള്ള ഭാരത് ക്യാൻസർ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ്ചികിത്സ, മികച്ച സൗകര്യങ്ങൾ, ബാംഗ്ലൂരെക്കാളും കുറച്ചു കൂടി മനുഷ്യത്വപരമായ ഇടപെടൽ..

ഇതിനിടയിൽ ക്ലാസ് നഷ്ടപ്പെടുത്താനോ അസൈൻമെന്റിന് അവധി ചോദിക്കാനോ അവൾ മുതിർന്നില്ല.. കാരണം പഠനത്തെ അവൾ അത്രയേറെ പ്രണയിച്ചിരുന്നു. അവളുടെ ആദ്യത്തെ സെമിനാറു പോലും Hodgkins lymphoma ലുക്കീമിയ എന്ന സ്വന്തം അസുഖത്തെക്കുറിച്ചായിരുന്നു!!

മുടിയില്ലാതെ, രൂപവും കോലവും മാറി ക്യാമ്പസിലെത്തിയ നീതുവിനെ സഹപാഠികളോ അദ്ധ്യാപകരോ സഹതാപത്തോടെ നോക്കിയില്ല.. പരിഭവം പറഞ്ഞില്ല.. വേദനിപ്പിച്ചില്ല

പകരം എന്തിനും ഏതിനും താങ്ങായി തണലായി കൂടെ നിന്നു.

ഹൈറേഡിയേറ്റീവ് മെഡിസിനുകൾ സിരകളിലൂടെ ഇങ്ങനെ കത്തി പടരുമ്പോൾ അവളുടെ ശരീരത്തിന് താങ്ങാനാവാതെ പ്രാക്ടിക്കൽ ലാബുകളിൽ പലവട്ടം തലചുറ്റി വീണിട്ടും പരീക്ഷ കംപളീറ്റ് ആക്കിയിട്ടേ അവൾ പിൻ വാങ്ങിയുള്ളു. കണ്ടു നിന്ന അദ്ധ്യാപകർക്ക് സഹിക്കാനായില്ലെങ്കിലും അവളുടെ നിശ്ചയദാർഡ്യത്തിനു മുന്നിൽ എല്ലാവരും തല കുനിച്ചു. റെസ്റ്റ് എടുത്തിട്ട് ജൂണിയേഴ്സിന്റെ കൂടെ പരീക്ഷ എഴുതാം എന്ന് തന്റെ ഏറെ പ്രിയപ്പെട്ട അധ്യാപിക ഡോ. B V ശ്യാമള സ്നേഹപൂർവ്വം ഉപദേശിച്ചെങ്കിലും അതിനു വേണ്ടി ഒരു വർഷം കളയാൻ അവൾ ഒരുക്കമല്ലായിരുന്നു.. നടക്കാൻ കഴിയില്ലെങ്കിൽ ഇഴഞ്ഞാണെങ്കിലും വന്ന് പരീക്ഷ എഴുതുമെന്ന് അവൾ ഉറപ്പിച്ചിരുന്നു.

അവൾ കാൻസറിനെ ഭയപ്പെട്ടില്ല... കാൻസർ അവളെ ഭയപ്പെട്ട് ഓടുകയായിരുന്നു..

അങ്ങനെ 2015ടെ ഒരു വർഷം നീണ്ടു നിന്ന പോരാട്ടം വിജയകരമായി പൂർത്തിയായി. ഒപ്പം ടോപ് 5 ൽ ഒരാളായി ജെനിറ്റിക്സിൽ പോസ്റ്റ് ഗ്രാജുവേഷനും സ്വന്തമാക്കി.

ഈശ്വരനോട് അവൾ വിളിച്ചു പറഞ്ഞു ... ഇതാ ഞാൻ.. അങ്ങ് തന്ന പ്രാക്ടിക്കൽ പരീക്ഷയിൽ ഒന്നാമതായി ജയിച്ചു വന്നിരിക്കുന്നു. തേൽക്കാൻ എനിക്ക് മനസ്സില്ല.. കരയാൻ സമയവും... അറിവിന്റെ ലോകത്ത് കയ്യെത്തിപ്പിടിക്കാൻ ഇനി ഒരുപാടുണ്ട്.. പരീക്ഷണവുമായി വാശി പിടിപ്പിക്കാൻ എന്റെ പിന്നാലെ വരരുത്.. നീ തോറ്റു പോകും..

അതേ.. നീതു എന്ന പോരാളിയുടെ തേരോട്ടം തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു..

ബാങ്ക് ജോലിക്ക് നോക്കാൻ വീട്ടുകാർ നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ സ്വയം പഠിച്ച് പരീക്ഷ എഴുതി.SBI ടെ പ്രൊബേഷണറി ഓഫീസറായി ആദ്യ ചാൻസിൽ തന്നെ സിലക്ഷൻ.. പക്ഷേ അത് തന്റെ വഴിയല്ലെന്ന് തിരിച്ചറിഞ്ഞ് അവളത് ഉപേക്ഷിച്ചു.. അതിനിടയിൽ Forensic science, medicine & toxicology യിൽ ഡിപ്ളോമ എടുത്തു.

GATE ഉം SLET ഉം ക്ലിയർ ചെയ്തു.

കോയമ്പത്തൂർ ഭാരതിയാർ യുണിവേഴ്സി റ്റി യിലെ Dr. V ബാലചന്ദറിനു കീഴിൽ (Dept.of Human Genetics & Molecular Biology) autism spectrum disorder എന്ന വിഷയത്തിൽ Science and engineering research board (SERB) ൻ്റെ JRF ആയി ജോയിൻ ചെയ്തു. ഭർത്താവിൻ്റെ അമ്മ അയച്ചുതന്ന ഒരു പത്ര പരസ്യം കണ്ടാണ് ഒരേ ഒരു വേക്കൻസി മാത്രമുണ്ടായിരുന്ന JRF ഇൻ്റർവ്യുവിന് ചെന്നത്. നിരവധി ഉദ്യോഗാർത്ഥികളെ പിന്തള്ളി നീതു അതും നേടി.

ഓട്ടിസത്തെകുറിച്ചുള്ള നീതുവിൻ്റെ റിസേർച്ച് പേപ്പറുകൾ പ്രമുഖ ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ജനിതകമല്ലാത്ത, പാരിസ്ഥിതിക ജീവിതശൈലി പ്രശ്നങ്ങൾക്കൊണ്ടുണ്ടാകുന്ന ഓട്ടിസത്തിനെതിരെയുള്ള ഒരു ബോധവത്കരണ ശ്രമം കൂടിയായിരുന്നു അത്.

Phd ക്ക് മൈസൂർ യൂണിവേഴ്സിറ്റി ഉൾപ്പെടെ പല പ്രമുഖ യൂണിവേഴ്സിറ്റികളിലും അഡ്മിഷൻ കിട്ടിയെങ്കിലും JRF ചെയ്ത ഭാരതീയർ യൂണിവേഴ്സിറ്റി തന്നെ തിരഞ്ഞെടുത്തു.

സ്കോളർഷിപ്പോടെയാണ് ഗവേഷണം. കോവിഡ് ടൈമിൽ നടന്ന ഇന്ത്യൻ ഇന്നവേഷൻ കോണ്ടസ്റ്റിൽ പങ്കെടുത്ത് മെഡിക്കൽ ഇന്നവേറ്റീവ് മാസ്കിനെക്കുറിച്ച് ഒരു വീഡിയോ സബ്മിറ്റ് ചെയ്യുകയുണ്ടായി.

JRF ന്റെ ഭാഗമായി 'stem cell derived exosomes' എന്ന വിഷയത്തിൽ തയ്യാറാക്കിയ ഒരു പേപ്പർ പ്രശസ്ത സയൻസ് ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കൊറോണ ഗുരുതരമായി ബാധിച്ച രോഗികളിൽ കണ്ടുവരുന്ന ആന്തരീകാവയവങ്ങളിലെ കേടുപാടുകൾ എങ്ങനെ പരിഹരിക്കാം എന്നതിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു ആ പേപ്പർ.

നീതുവിൻ്റെ ഇതുവരെയുള്ള ജീവിതയാത്രയിൽ ഒരു നിഴലായി കൂടെ നിന്ന അമ്മയുടെ പ്രചോദനമാണ് അവൾക്ക് എന്തിനേയും അതിജിവിക്കാനുള്ള കരുത്ത് പകർന്നത്. അമ്മയെന്ന സൂപ്പർ വുമണിനെക്കുറിച്ച് പറയുമ്പോൾ നീതുവിന് നൂറു നാവാണ്.

അമ്മ സൂപ്പർ വുമൺ ആണെങ്കിൽ മകൾ സൂപ്പർ ഡ്യൂപ്പർ വുമൺ ആണ്.

നീതു തോറ്റു കൊടുക്കാൻ തയ്യാറല്ല. പ്രതിസന്ധികളൊന്നും അവളെ തളർത്താറുമില്ല...

നിസ്സാര പ്രശ്നങ്ങളിൽ പോലും തളർന്ന് പോവുകയും ആത്മഹത്യയെ അഭയം പ്രാപിക്കുകയും ചെയ്യുന്നവർക്ക് നീതുവിന്റെ ജീവിതകഥ ഒരു പാഠപുസ്തകമാവട്ടെ.

ക്യാൻസറിനെ ഭയക്കുന്ന രോഗികൾക്കും പ്രചോദനമാവും നീതുവിന്റെ ഈ പോരാട്ട കഥ. ക്യാൻസർ വന്നാലും ചികിത്സിച്ച് ഭേദമാക്കി സാധാരണ ജീവിതം നയിക്കാമെന്നും അമ്മയാകാമെന്നും ഏത് ഉയർന്ന ജോലിയും ചെയ്യാമെന്നും ഇവൾ നമുക്ക് കാട്ടി തരുന്നു.

മനക്കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആൾരൂപമായ ഈ പോരാളിക്ക് ഒരു ബിഗ് സല്യൂട്ട്. ഒപ്പം കരുത്ത് പകർന്ന് കൂടെ നിന്ന അമ്മക്കും.