Tuesday 01 September 2020 11:49 AM IST

മീശ മാധവന്റെ ‘മീശ’ വച്ച് ലാൽ ജോസ്, മസിലും ഡംബെൽസുമായി ഉണ്ണി മുകുന്ദൻ, തോക്ക് ചൂണ്ടി ലിജോ ജോസ്! ‘പേരിന് ഒരു ലോഗൊ’ മാറ്റിയത് കോവിഡ് കാലത്തെ ഡിപ്രഷൻ

Priyadharsini Priya

Sub Editor

logovara466r7t7t

സംവിധായകൻ അമൽ നീരദിന് സ്ലോ മോഷനിൽ വീഴുന്ന ‘എ’, ലാൽ ജോസിന്റെ മീശമാധവൻ എന്ന ഹിറ്റ്ചിത്രം ഓർമ്മിപ്പിച്ച് ‘എൽ ജെ’, പുലിമുരുകനെ വരച്ചുകാട്ടി വൈശാഖ്, തോക്കുചൂണ്ടി ലിജോ ജോസ് പെല്ലിശ്ശേരി, മസിൽമാൻ ഉണ്ണി മുകുന്ദന് പെരുപ്പിച്ച മസിലും ഡംബെൽസും... ഫെയ്‌സ്ബുക്കിൽ ‘പേരിന് ഒരു ലോഗൊ’ ട്രെൻഡിങ്ങായി മാറുകയാണ്. കറുപ്പ് ബാക് ഗ്രൗണ്ടിൽ തിളങ്ങുന്ന സിൽവർ അക്ഷരങ്ങളിൽ ഒളിപ്പിച്ച മാജിക്. സോഷ്യൽ മീഡിയയിൽ തരംഗമായ ഈ നെയിം ലോഗോകൾ കണ്ടാൽ ആർക്കുമങ്ങനെ തോന്നിപ്പോകും. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവർക്ക് ക്രിയേറ്റിവ് ലോഗോകളിലൂടെ ഒരായിരം കാര്യങ്ങൾ പറഞ്ഞുതരുകയാണ് സംവിധായകനും നടനുമായ സെന്തിൽ സി രാജൻ. 

ഡിപ്രഷൻ പറപറന്നു 

ലോക് ഡൗണിലെ മടുപ്പിൽനിന്ന് ഉയർന്നുവന്ന ആശയമാണ് ‘പേരിനൊരു ലോഗോ’. 15 വർഷങ്ങൾക്ക് ശേഷമാണ് കൊടുങ്ങല്ലൂരിലെ എന്റെ വീട്ടിൽ ഇത്രയും ദിവസം ചിലവഴിക്കുന്നത്. സിനിമാ- പരസ്യ ചിത്രങ്ങൾ എന്നിവയുടെ തിരക്കുകളുമായി എറണാകുളത്ത് ആയിരുന്നു സ്ഥിരതാമസം. എല്ലാ ആഴ്ചകളിലും വീട്ടിൽ വരും. ഒരു ദിവസമൊക്കെയാകും വീട്ടിൽ ചിലവഴിക്കാൻ കിട്ടുക. ജോലി സംബന്ധമായി പിറ്റേന്നുതന്നെ സ്ഥലം വിടും. കൊറോണ വന്നതോടെ ഇപ്പോൾ ആറു മാസമായി വീട്ടിനുള്ളിൽ ലോക്ക് ആയിട്ട്. 

perinoru-logo

ലോക് ഡൗൺ തുടങ്ങി ആദ്യത്തെ ഒരു മാസം സന്തോഷത്തോടെ കടന്നുപോയി. അക്കാലയളവിൽ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള സ്ക്രിപ്റ്റ് റെഡിയാക്കി. പക്ഷെ, പിന്നീടുള്ള ദിവസങ്ങളിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. ഏറെനേരവും വീട്ടിൽ വെറുതെ ഇരിപ്പ്.. സിനിമയില്ല, പരസ്യഷൂട്ട് ഇല്ല, തിരക്കില്ല... അങ്ങനെ ഒരു വർക്കും നടക്കുന്നില്ല. അമ്മയ്‌ക്കൊപ്പം അടുക്കളയിൽ കയറിയതാണ് പോസിറ്റീവായ ഒരു കാര്യം. അല്പസ്വല്പം പാചകമൊക്കെ പഠിച്ചു. എങ്കിലും ലൈവ് ആയി കാര്യങ്ങൾ ചെയ്തിരുന്ന എനിക്ക് പെട്ടെന്ന് ഒന്നും ചെയ്യാനില്ലാതായപ്പോൾ ജീവിതം നിലച്ചപോലെ തോന്നി. ഓരോ ദിവസം കഴിയും തോറും ഡിപ്രഷൻ അനുഭവിച്ചു തുടങ്ങി. ഇനി എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ പണി കിട്ടും എന്നുറപ്പായി. അങ്ങനെയിരുന്നു ചിന്തിച്ചപ്പോൾ മനസ്സിൽ തോന്നിയ കൗതുകമാണ് പേരുകൾ വച്ച് ലോഗോ ചെയ്യുക എന്നത്. 

ഇംഗ്ലീഷിൽ എഴുതുമ്പോൾ ചില അക്ഷരങ്ങൾക്ക് വല്ലാത്ത പ്രത്യേകതയുണ്ട്. ഒരാളുടെ ജീവിതം, പ്രൊഫഷൻ അങ്ങനെ ഏതെങ്കിലും ഇമേജുകൾ ആ അക്ഷരങ്ങളിൽ കൊണ്ടുവരാൻ കഴിയും. സിനിമാതാരങ്ങളുടെ പേര് വച്ചാണ് ഞാൻ ലോഗോ ചെയ്തുതുടങ്ങിയത്. പ്രേക്ഷകർക്കിടയിൽ അവരെ എടുത്തുകാണിക്കുന്ന ഐഡന്റിറ്റി മാർക്കുകൾ ഒളിപ്പിച്ചാണ് ലോഗോകൾ ചെയ്തത്. പിന്നെ പേരിൽ എന്തെങ്കിലും പ്രത്യേകത ഉള്ളവരുടെ ഞാൻ തിരഞ്ഞെടുത്തു ചെയ്യുകയായിരുന്നു. ഇങ്ങനെ തയാറാക്കിയ ലോഗോകൾ ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്തതോടെ മികച്ച പ്രതികരണം ലഭിച്ചു. പലർക്കും ഒറ്റനോട്ടത്തിൽ ആരുടെ ലോഗോ ആണെന്ന് പിടികിട്ടി. ലാൽ ജോസ് സർ, വിനയ് ഫോർട്ട്, രമേശ് പിഷാരടി ഒക്കെ അഭിനന്ദിച്ചു. പിന്നെയൊരു ഹരമായി. രാവും പകലും ലോഗോ ഡിസൈനിങ്ങിൽ മുഴുകി. എന്റെ സമയം പോയിത്തുടങ്ങി, ഡിപ്രഷൻ പറപറന്നു. 

logo89765

ലോഗോത്തര വര

ഫെയ്‌സ്ബുക്കിൽ ലോഗോ കണ്ടിഷ്ടപ്പെട്ട് നിരവധിപേർ ഞങ്ങൾക്കും ഇതുപോലൊന്ന് തയാറാക്കി തരുമോ എന്ന ആവശ്യവുമായി സമീപിച്ചപ്പോഴാണ് ഇതൊരു ബിസിനസ് ആക്കിയാലോ എന്ന് ചിന്തിച്ചത്. എന്തായാലും വരുമാനം നിലച്ചിരിക്കുന്ന സമയവുമാണ്. അങ്ങനെയാണ് ‘https://logovara.com/’ എന്ന വെബ്‌സൈറ്റ് തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നത്. അതിന്റെ ജോലികൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തുതന്നെ വെബ്‌സൈറ്റ് റിലീസ് ചെയ്യും. 

സ്വന്തം ബിസിനസ് നടത്തുന്നവർ, ഫോട്ടോഗ്രാഫി, വ്ലോഗ് തുടങ്ങിയ പ്രൊഫഷൻ കൈകാര്യം ചെയ്യുന്നവരാണ് പ്രധാനമായും പേര് വച്ച് ലോഗോ വേണമെന്ന ആവശ്യവുമായി വന്നത്. സാധാരണക്കാരും ലോഗോ ചെയ്തുതരാൻ പറയാറുണ്ട്. അതുപോലെ സ്വന്തം ഐഡന്റിറ്റിയിൽ ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ, ഫാമിലി പേരുകൾ ചേർത്തു ലോഗോ തുടങ്ങി വെറുതെ ഫെയ്‌സ്ബുക്കിൽ ഇടാൻ വരെ വിവിധ കാര്യങ്ങൾക്കായി നിരവധിപേർ എത്തുന്നുണ്ട്. 

logovaravhgvyfryfe766543

നോൺസെൻസ് തുടരും...  

നടനായാണ് കരിയർ തുടങ്ങിയത്. കെ കെ രാജീവ്‌ സംവിധാനം ചെയ്ത അമ്മമനസ്സ്, കായംകുളം കൊച്ചുണ്ണി തുടങ്ങി വിരലിലെണ്ണാവുന്ന സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് അവതാരകനായി കുറച്ചുകാലം ചാനലിൽ ജോലി ചെയ്തു. പിന്നീടാണ് സംവിധാനത്തിലേക്ക് തിരിയുന്നത്. ആദ്യമൊക്കെ ഷോർട് ഫിലിംസിൽ ആയിരുന്നു തുടക്കം. പിന്നെയത് പരസ്യ സംവിധാനത്തിലേക്ക് മാറി. 

‘കടംകഥ’യാണ് എന്നെ സിനിമാ സംവിധായകനാക്കിയ ചിത്രം. കരിയറിൽ വലിയ ബ്രേക്ക് ആയില്ലെങ്കിലും ‘കടംകഥ’ എന്ന സിനിമ എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. നടൻ ജോജു, വിനയ് ഫോർട്ട്, റോഷൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. കെട്ട്യോളാണ് എന്റെ മാലാഖയിലെ നായിക വീണ നന്ദകുമാർ ആദ്യമായി അഭിനയിച്ച സിനിമ കൂടിയാണ് കടംകഥ. പ്രൊഫഷണലി കുറേ അനുഭവങ്ങൾ ആ സിനിമ തന്നു. എന്തും ചെയ്യണം, എന്ത് ചെയ്യരുത് എന്ന പാഠം പഠിച്ചു. പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടു പോകാനുള്ള കരുത്ത് നൽകി. 

logovara7890

പരസ്യചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഇതിനോടകം നൂറിൽപ്പരം പരസ്യചിത്രങ്ങൾ ചെയ്തു. ജയലക്ഷ്മി സിൽക്‌സ്, മനോരമ ഹൊറൈസൺ, എം ഫോർ മാരി, വനിത തുടങ്ങിയ വലിയ ബ്രാൻഡുകൾക്ക് വേണ്ടി പരസ്യമൊരുക്കാൻ കഴിഞ്ഞു. കരിയറിൽ ഏറ്റവും കൂടുതൽ അഭിനന്ദനം ലഭിച്ച ഒന്നാണ് വനിതയുടെ ആഡ്. ‘വനിത പ്രണമിക്കുന്നു കരുത്തുറ്റ സ്ത്രീ വ്യക്തിത്വങ്ങളെ’ എന്ന ക്യാംപെയ്ൻ കയ്യടി നേടിത്തന്നു. കഴിഞ്ഞ വർഷം ‘നോൺസെൻസ്’ എന്ന പേരിൽ  ഹൈക്കൂ കവിതകളുടെ ഒരു പുസ്തകവും ഇറക്കി. അച്ഛൻ രാജൻ, അമ്മ ഭാനു, സഹോദരൻ സുനീത്, സഹോദരി സുലജ.  

logovara445
Tags:
  • Spotlight