ഗെയ്മിങ് മേഖലയിലെ പ്രമുഖ സ്ഥാനമായ ഹാൾ ഓഫ് ഫെയ്മിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ വനിത പൂർണിമ സീതാരാമൻ
ഫോണിൽ തന്നെ കുത്തിയിരുന്നോ... ഏതു നേരവും ഗെയിം’ എന്നു പറഞ്ഞു മക്കളെ കുറ്റപ്പെടുത്തുന്ന മാതാപിതാക്കൾ പാലക്കാടുകാരി പൂർണിമ സീതാരാമന്റെ വിജയകഥയൊന്നു കേള്‍ക്കണം. പിന്നെ, മക്കളോട് ഇങ്ങനെ പറയാൻ രണ്ടാമതൊന്നു ചിന്തിക്കും. ഗെയിം നിർമിച്ചാണു മുപ്പത്തെട്ടുകാരി പൂര്‍ണിമ ലോകശ്രദ്ധ നേടിയത്.
‘‘ഗെയ്മിങ് മേഖലയിലുള്ള സ്ത്രീകളെ ആദരിക്കാനുള്ള ഹാൾ ഓഫ് ഫെയിം 2011 മുതലുണ്ട്. ആദ്യമൊക്കെ യൂറോപ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവരെ മാത്രമാണു പങ്കെടുപ്പിച്ചിരുന്നത്. 2020ൽ ആദ്യമായി ഏഷ്യയെയും അമേരിക്കയെയും കൂടി ഉൾപ്പെടുത്തി.’’ നമുക്ക് അത്ര പരിചയമില്ലാത്ത അദ്ഭുതലോകത്തെക്കുറിച്ചു പൂർണിമ പറഞ്ഞു തുടങ്ങി.
‘‘പരിചയക്കാർ പറഞ്ഞാണു മത്സരത്തിൽ പങ്കെടുത്തത്. ഗെയിം ക്രിയേഷൻ രംഗത്ത് 17 വർഷത്തെ പ്രവൃത്തിപരിചയമുണ്ടെങ്കിലും സ്വയം പ്രൊജക്റ്റ് ചെയ്യാൻ മടിയായിരുന്നു. വിജയം പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയെ അപേക്ഷിച്ചു നോക്കുമ്പോൾ പല രാജ്യങ്ങളും ഗെയ്മിങ്ങിൽ വളരെ മുൻപിലുമായിരുന്നു. വിവിധ ദേശക്കാരായ 61 പേരിൽ നിന്നു വിധികർത്താക്കൾ തിരഞ്ഞെടുത്ത ആദ്യ പന്ത്രണ്ടില്‍ എത്തി. ബാക്കി പതിനൊന്നു പേരും ഞാൻ ആദരവോടെ നോക്കിയിരുന്നവരായിരുന്നു. ശേഷമുള്ള പൊതു വോട്ടിങ്ങിൽ കൂടുതൽ വോട്ട് കിട്ടിയ ഞങ്ങൾ ആറു പേർ ഹാൾ ഓഫ് ഫെയിമിൽ സ്ഥാനം നേടി. കൊറോണക്കാലത്തായതിനാൽ ലണ്ടനിൽ നടന്ന ചടങ്ങിൽ വെർച്വൽ ആയി പങ്കെടുത്തു.’’
അത്ര സുപരിചിതമല്ലാത്ത മേഖലയിലേക്ക് എങ്ങനെ ഇത്ര നേരത്തെ എത്തി?
2006ൽ ഐടി എൻജീനിയറിങ് കഴിഞ്ഞു പ്രോഗ്രാമറായിരിക്കുന്ന കാലത്താണു സുഹൃത്തു വഴി ഗെയിം പ്രോഗ്രാമിങ്ങിലേക്ക് എത്തുന്നത്. അന്ന് ഗെയിം ഡിസൈനിങ്ങിനെക്കുറിച്ചു വലിയ ധാരണയില്ല. അവരെനിക്ക് ഡൺജൻസ് ആൻഡ് ഡ്രാഗൻസിന്റെ (‘ഗെയ്മിങ്ങിലെ ബൈബിൾ’ എന്നു വിശേഷണം) മാന്വൽ തന്ന്, പഠിക്കാനുള്ള സമയവും തന്നു. അതു കുത്തിയിരുന്നു പഠിച്ചു. അപ്പോഴാണു സമാന്തരലോകം നമുക്കും സൃഷ്ടിക്കാം എന്നു മനസ്സിലാകുന്നത്. വായിക്കുന്തോറും കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങി. അതോടെ കരിയറിനെ കുറിച്ചു വ്യക്തമായ ധാരണയും വന്നു.
ഇന്ത്യ ഗെയിംസ് (ഇപ്പോഴത്തെ ഡിസ്‌നി ഇന്ത്യ), ജംപ് സ്റ്റാർട്ട്, ജിഎസ്എൻ, സിങ്ക തുടങ്ങി പല കമ്പനികൾക്കൊപ്പം ജോലി ചെയ്തു. സിങ്കയിൽ അസോഷ്യേറ്റ് ജനറൽ മാനേജർ എന്ന പദവിയിലാണിപ്പോൾ.
പുരുഷാധിപത്യമുള്ള മേഖലയിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
എന്നോടും അതേ സ്ഥാനത്തുള്ള ആൺസുഹൃത്തിനോടും ഒരേ ഇന്റർവ്യൂവിൽ രണ്ടു തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞോ? കുട്ടികളുണ്ടോ? ജോലിയും ജീവിതവും ഒരുമിച്ചെങ്ങനെ കൊണ്ടുപോകും? ഇതൊക്കെ ഇപ്പോഴും സ്ത്രീകളോടു മാത്രം ചോദിക്കുന്ന ചോദ്യങ്ങളാണ്. ഇപ്പറയുന്നതൊക്ക ആണുങ്ങൾക്കും ഉണ്ടെന്നു നമ്മൾ സൗകര്യപൂർവം മറക്കുന്നു. ഇത് ഗെയ്മിങ് ഇൻഡസ്ട്രിയിൽ മാത്രമല്ല, എല്ലായിടത്തുമുണ്ട്.
വീടുകളുടെ കാര്യമെടുത്താൽ കംപ്യൂട്ടർ ആദ്യം ആൺകുട്ടിക്കാണു കൊടുക്കുക. അവരുപയോഗിച്ച ശേഷം പെ ൺകുട്ടിക്ക്. സ്വാഭാവികമായും ആണുങ്ങൾക്കു ചെറുപ്പം മുതലേ ടെക്നോളജിയുമായി കൂടുതൽ അടുപ്പം വരുന്നു.
ഗെയ്മിങ് അഡിക്‌ഷൻ ഉണ്ടാക്കുമോ?
പണ്ടു സിനിമയെക്കുറിച്ചും ഇങ്ങനെ വിചാരിച്ചിരുന്നില്ലേ? അതൊക്കെ ഇപ്പോൾ മാറി വരുന്നു. ഈ മേഖലയെ കുറിച്ചുള്ള അവബോധം കുറവാണ്. ഗെയ്മിങ്ങിന് ഒരു പരിധിവരെ അഡിക്‌ഷൻ ഉണ്ട്. അതാണ് അതിനെ നിലനിർത്തുന്ന അടിസ്ഥാനഘടകം. കരിയർ സാധ്യതകളെക്കുറിച്ചൊന്നും പലരും ചിന്തിക്കാറില്ല. ഞാൻ കരിയർ തുടങ്ങുന്ന സമയത്ത് ഇതിലും മോശമായിരുന്നു അവസ്ഥ, ഇന്നുള്ളത്ര ഗെയിംസ് പോലും ഇല്ല അന്ന്.
ഹോബി എന്ന നിലയ്ക്കു ക്രിക്കറ്റ്, മ്യൂസിക്, ഡാൻസ് പോലുള്ളതൊക്കെ പഠിക്കാൻ കൂടെ നിൽക്കുന്ന മാതാപിതാക്കൾ പോലും ഗെയ്മിങ് പ്രോത്സാഹിപ്പിക്കില്ല. ഗെയ്മിങ്ങിൽ പ്രോ-ഗെയിമർ, സ്ട്രീമർ, ഗെയിം ഡവലപ്മെന്റ് എന്നിങ്ങനെ പലതും ചെയ്യാം. ഗെയിം ഡവലപ്മെന്റിൽ തന്നെ ഗെയിം–ഡിസൈനിങ്, പ്രോഗ്രാമിങ്, ആർട്, മാർക്കറ്റിങ്, കമ്യൂണിറ്റി മാനേജ്മെന്റ് അങ്ങനെ ഒരുപാടു തൊഴിൽ സാധ്യതകൾ ഉണ്ട്.

മറ്റുള്ളവർ കളിച്ചു നോക്കണം എന്നു കരുതുന്ന കുറച്ച് ഗെയിംസ് പറയാമോ?
Age of empires 2, warcraft 3, zeus ഒക്കെ ഞാൻ സജസ്റ്റ് ചെയ്യും. Joruney, Kris, Ori and the blind forest, Baba is you, Life is Strange എന്നിവയും നോക്കാവുന്നതാണ്. ഞാൻ കൂടുതലും ചെയ്തതു മൊബൈൽ പ്ലാറ്റ്ഫോമിലേക്കുള്ള ഗെയിമുകളാണ്. സ്മാർട്ഫോണിനും മുൻപുള്ള ഫീച്ചർ ഫോണുകൾക്കായിരുന്നു തുടക്കത്തിൽ ചെയ്തത്– Bio shop. പിന്നെ, ‘ദി ഓഫിസ്’ എന്നൊരു സീരീസിനെ ആസ്പദമാക്കി ഗെയിം ഇറക്കിയിരുന്നു. ഇതു രണ്ടുമാണു ഞാന്‍ ചെയ്തതിൽ ഏ റ്റവും ഇഷ്ടം.
ഗെയ്മിങ്ങിലെ നവീന സാധ്യതകൾ എന്തൊക്കെയാണ്?
കുട്ടികളിലേക്കും മുതിർന്നവരിലേക്കും ആശയങ്ങൾ അടിച്ചേൽപ്പിക്കാതെ നയപരമായി എത്തിക്കാൻ സാധിക്കും. നിലവിലെ പാഠ്യരീതികൾക്കു പകരം ഗെയ്മിങ് വഴി പുതിയ മാറ്റങ്ങൾ വരുത്താം. ഗെയ്മിങ്ങിലൂടെ പല നാടുകളെകുറിച്ചും ജീവിതരീതികളെകുറിച്ചും ഒക്കെ ആഴത്തിലുള്ള അറിവുകൾ നമ്മിലേക്ക് എത്തുന്നുണ്ട്. തീരുമാനമെടുക്കുക എന്ന സ്കിൽ വളർത്താൻ ഗെയ്മിങ്ങിലൂടെ കഴിയും.
കുടുംബം ?
പാലക്കാട് കൽപ്പാത്തിയാണു നാട്. പണ്ട് അമ്മൂമ്മ പറഞ്ഞു തന്ന കഥകൾ കേൾക്കുമ്പോഴും അതിലെ വിശ്വാസപരമായ കാര്യങ്ങൾക്കപ്പുറം ഒരു കഥാപാത്രം ഉണ്ടായി വരുന്നതൊക്കെയാണ് എന്നെ അതിശയിപ്പിച്ചത്. സംഗീത പാരമ്പര്യമുള്ള വീട്ടിലാണു വളർന്നത്.
എന്റെ ആന്റി ആർ. ബാലാമണി, ഗായകരായ ശങ്കർമഹാദേവൻ, ബോംബെ ജയശ്രീ എന്നിവരുടെയൊക്കെ ഗുരുവാണ്. ആന്റി ഞങ്ങളെ വിട്ടുപോയപ്പോൾ ഞാനൊരുക്കിയ ട്രിബ്യൂട്ട് ആണ് ‘മധുരം’. സംഗീതാസ്പദമായൊരു ഗെയിമാണത്. പാലക്കാട് ബന്ധുവീടുകളുണ്ട്. അച്ഛൻ ടി.ആർ. സീതാരാമൻ. അമ്മ മീന സീതാരാമൻ. പങ്കാളി അർജുൻ നായർ, പ്രോഗ്രാമറാണ്.
ഗെയ്മിങ്ങിലെ ആരാധനാപാത്രങ്ങൾ ആരാണ്? ഗെയ്മിങ് അല്ലാതെ മറ്റ് ഇഷ്ടങ്ങൾ എന്തൊക്കെയാണ്?
ഹാൾ ഓഫ് ഫെയിമിൽ ഒപ്പമുണ്ടായിരുന്ന ബ്രേണ്ട റോമേറോ എന്ന അമേരിക്കൻ ഗെയിം ഡിസൈനറാണ് എന്റെ ആരാധനാപാത്രം. കൂടാതെ വിർച്വൽ ഗുരു ഏർനെസ്റ്റ് ആഡംസ്, കെയ്റ്റ് എഡ്വേർഡ്‌സ് തുടങ്ങി പലരുമുണ്ട്.
ഗെയിമിങ് കഴിഞ്ഞാൽ ഉള്ള ഇഷ്ടങ്ങൾ പാട്ടും പാചകവുമാണ്. പാചകപരീക്ഷങ്ങൾ നടത്താറുണ്ട്. കഥകളും പാട്ടുകളും ഒരുപാട് ഇഷ്ടമാണ്. ഇനിയും ധാരാളം സ്വപ്‌നങ്ങൾ നേടാനുണ്ട്. അവയ്ക്കായി എന്നെ ഒരുക്കിയെടുക്കുന്നു.
ഗെയ്മിങ് അടുത്തറിയാം
നിങ്ങൾക്ക് ഗെയിം കളിക്കാനാണോ ഗെയിം ഉ ണ്ടാക്കാനാണോ ഇഷ്ടമെന്ന് ആദ്യം അറിയണം. ഉണ്ടാക്കാനാണെങ്കിൽ ഏതു മേഖലയിൽ ജോലി ചെയ്യാനാണ് ഇഷ്ടമെന്നു നോക്കാം. അതിനു വേണ്ട സ്കിൽ വളർത്തുക.
ഗെയിംജാമിൽ പോലുള്ള ഇവന്റുകളിൽ പങ്കെടുക്കുന്നതു തുടക്കക്കാർക്കു ഗുണം ചെയ്യും. ഇ ന്റർനെറ്റിൽ മിക്ക ടൂളും സൗജന്യമാണ്. തനിച്ചും ഗ്രൂപ് ആയും ഗെയിം ഉണ്ടാക്കാം. കൂടാതെ ഓൺലൈൻ ട്യൂട്ടോറിയൽ ഉണ്ട്, അതു നോക്കി പഠിക്കാം. പ്രോഗ്രാമിങ് തീരെ അറിയില്ലെങ്കിലും വിഷ്വൽ സ്ക്രിപ്റ്റിങ് ചെയ്യാം. കോഡിങ്ങിന് പകരം ആശയങ്ങൾ എഴുതിയാലും മതി. തിരിയുക, ചാടുക എന്നൊക്കെ. ഗെയിം ഡവലപ് ചെയ്യുന്നവരുടെ എഫ്ബി ഗ്രൂപ്പുകൾ ഉണ്ട്. അതിലൊക്കെ കയറിയാൽ ധാരാളം കാര്യങ്ങൾ പഠിക്കാം.
ഒരുപാട് ക്രോസ് പ്ലാറ്റ്ഫോം ഗെയിമുകളുണ്ട്. ക്ലൗഡ് പ്ലാറ്റ്ഫോമും- അതായത് ഏതു മാധ്യമം ഉപയോഗിച്ചും കളിക്കാം. ഇവിടെ ഇന്റർനെറ്റ് ഉണ്ടെങ്കിലും എല്ലാവർക്കും മികച്ച ഗെയിം കോൺസോളുകൾ വാങ്ങാൻ പറ്റണമെന്നില്ല. അ വർക്കൊക്കെ ഇത് ഉപകാരപ്പെടും.