Tuesday 31 July 2018 05:55 PM IST

ഫെയ്സ്ബുക് പണ്ടത്തെ തമ്പാനൂർ സ്‌റ്റാൻഡ് പോലെ; നമ്മളെന്തിന് ഇരയാകാൻ നിന്നു കൊടുക്കണം?

Priyadharsini Priya

Senior Content Editor, Vanitha Online

prasanth-nair-ias-social-media

"നമ്മുടെ നാട്ടിൽ സൈബർ നിയമം ശക്തമല്ല. ആക്രമണങ്ങൾ അവസാനിപ്പിക്കണമെങ്കിൽ വ്യക്തതയുള്ള, പഴുതുകളില്ലാത്ത സൈബർ നിയമം ഉണ്ടാവണം. ഒപ്പം ഇത് വളരെ കർശനവും കൃത്യവും സുതാര്യവുമായി നിർവഹിക്കപ്പെടുകയും വേണം."- ഹനാൻ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞുനിർത്തിയത് ഇവിടെയാണ്. എന്നാൽ നിയമത്തെ മാറ്റിനിർത്തി ചർച്ച ചെയ്യുമ്പോൾ നമുക്ക് സമൂഹ മാധ്യമങ്ങളെ കുറിച്ച് കൂടുതൽ വ്യക്തത വേണം. അതിനു സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് അറിയേണ്ടതുണ്ട്. എന്താണ് ഫെയ്സ്ബുക്? അതെങ്ങനെ ഉപയോഗിക്കണം? എന്തൊക്കെ മുൻകരുതലുകൾ എടുക്കണം? ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രശാന്ത് നായർ ഐഎഎസ്. കോഴിക്കോട് ജില്ലാ കലക്ടർ എന്ന നിലയിൽ സമൂഹ മാധ്യമങ്ങളെ വളരെ പോസിറ്റീവ് ആയി കൈകാര്യം ചെയ്ത ഒരാളാണ് പ്രശാന്ത്. അദ്ദേഹത്തിന് കലക്ടർ ബ്രോ എന്ന ഓമനപ്പേര് ചാർത്തിക്കൊടുത്തതും വെർച്വൽ ലോകമാണ്.

സമൂഹത്തിന് വേണ്ടത്  മനഃശാസ്ത്ര ചികിത്സ...

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത് വളരെ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി നമ്മളിതിന്റെ ഏറ്റവും മോശമായ വശമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് ഒരു വ്യക്തിയെ വാനോളം പുകഴ്ത്തുന്നു. മണിക്കൂറുകൾക്കുള്ളിൽ അതേ ആളെ കൂട്ടം ചേർന്ന് ക്രൂരമായി ആക്രമിക്കുന്നു. യഥാർത്ഥത്തിൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം പ്രശ്നമല്ല. നമ്മുടെ സമൂഹത്തിനു മനഃശാസ്ത്ര ചികിത്സ ആവശ്യമാണ് എന്നുവേണം കരുതാൻ.

സോഷ്യൽ മീഡിയയിൽ ഒരു അക്കൗണ്ട് തുറക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ചില കാര്യങ്ങൾ കാണാനും കേൾക്കാനും നമ്മൾ തയാറാകേണ്ടി വരും. കാരണം മറ്റൊരു വ്യക്തിയുടെ മനസ്സിനെ നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞെന്നുവരില്ല. അപാര തൊലിക്കട്ടി, മനക്കട്ടിയൊക്കെ ഇവയൊക്കെ വേണം. വളരെ ഇമോഷണൽ ആയിട്ടാണ് ഇവിടെ പലരും പ്രതികരിക്കുന്നത്. ഒരു വിഷയം കിട്ടിയാൽ ക്ഷമയില്ലാതെ അപ്പപ്പോൾ എഴുതി വിടുകയാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ പ്രാണൻ പോകുന്ന പോലെയാണ്. മിനിമം രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞുവേണം ഒരു വിഷയത്തിൽ പ്രതികരിക്കാൻ.

പൊതുസമൂഹത്തിൽ ഒരു സർക്കിളിൽ വ്യത്യസ്ത ചിന്താഗതിയുള്ള നിരവധി ആളുകളെ കാണാം. എന്നാൽ സോഷ്യൽ മീഡിയയിൽ അങ്ങനെയായിരിക്കില്ല. ഒരാളുടെ സൗഹൃദ ലിസ്റ്റിലുള്ളവർ ഭൂരിഭാഗവും സമാന ചിന്താഗതിക്കാരായിരിക്കും. ഒരു തെമ്മാടിയുടെ, തോന്നിവാസിയുടെ പ്രൊഫൈലിൽ അത്തരത്തിലുള്ള ആളുകളായിരിക്കും കൂടുതലും. വൃത്തിക്കെട്ട ഭാഷ ഉപയോഗിക്കുന്ന ഒരാളുടെ സൗഹൃദ ലിസ്റ്റിൽ സാഹിത്യകാരന്മാരോ കവികളോ ഉണ്ടായെന്നു വരില്ല. തിരിച്ചും അതങ്ങനെയാണ്, മാന്യമായി ഇടപെടുന്ന ഒരാൾക്ക് തെമ്മാടിയായ മറ്റൊരാളെ സഹിക്കാൻ പറ്റിയെന്ന് വരില്ല.

സമൂഹത്തിന്റെ വെറുമൊരു പരിച്ഛേദം മാത്രമാണ് സോഷ്യൽ മീഡിയ. പൊതുസമൂഹത്തിൽ കാണുന്ന എല്ലാ ദോഷവശങ്ങളും ഇവിടെയുമുണ്ട്. ഉദാഹരണം പറയുകയാണെങ്കിൽ, അട്ടപ്പാടിയിൽ മധു എന്ന വ്യക്തിയെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചു കൊല്ലുന്നു. സംഭവത്തിന്റെ തുടക്കം ഇങ്ങനെയാണ്; ആദ്യം ആ വ്യക്തിയിൽ മോഷണക്കുറ്റം ആരോപിക്കുന്നു. ഒരാൾ തല്ലാൻ ആഹ്വാനം ചെയ്യുന്നു. അവിടെക്കൂടിയിരിക്കുന്ന മറ്റുള്ളവർ അതേറ്റെടുത്ത് അയാളെ മർദ്ദിക്കുന്നു. ഈ യുവാവിനെ കൊലപ്പെടുത്തിയതിനു സമാനമായ സാഹചര്യം തന്നെയാണ് സോഷ്യൽ മീഡിയയിലും കാണാൻ കഴിയുക. വ്യക്തികൾ തമ്മിൽ യാതൊരു സിമ്പതിയുമില്ലാതെ ക്രൂരമായി പെരുമാറുന്നു. പരസ്പരം അസഭ്യം പറയുന്നു, വീണ്ടുവിചാരമില്ലാതെ ആരെക്കുറിച്ചും എന്ത് അശ്ലീലവും എഴുതിവയ്ക്കുന്നു. ഞാൻ അടച്ചാക്ഷേപിക്കുകയല്ല, പക്ഷെ കൂടുതലും അങ്ങനെയാണ്. എന്നാൽ ഇതൊന്നുമല്ലാത്ത വളരെ ഡീസന്റായ ആളുകളും ഇവിടെയുണ്ട്.

സൈബർ ആക്രമണം ഉണ്ടാകുമ്പോൾ പൊതുവെ പറയുന്ന ഒരു കാര്യം ഫെയ്ക് ഐഡികളിലൂടെയാണ് ആക്രമിക്കപ്പെടുന്നതെന്നാണ്. അതുമാത്രമല്ല കാര്യം, ഇതിനു പിന്നിൽ കൃത്യമായ അജണ്ടയോടെ ഇറങ്ങിത്തിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുണ്ട്. രാഷ്ട്രീയവും മതവുമെല്ലാം അതിന്റെ മറുവശങ്ങൾ ആണെന്നു മാത്രം. ബുദ്ധിപൂർവം ചിന്തിക്കേണ്ടത് നമ്മളാണ്. വഴിയേ പോകുന്ന ഒരാൾ മറ്റൊരാളെ അടിയ്ക്കാൻ പറയുന്നു. കേട്ടപാതി കേൾക്കാത്ത പാതി മറ്റുള്ളവർ അയാൾ പറഞ്ഞതുപോലെ പെരുമാറുന്നു. ഇവിടെ നമ്മുടെ മനസ്സും ചിന്തകളും പ്രവൃത്തിയുമൊക്കെ നിയന്ത്രിക്കാനും നിർണ്ണയിക്കാനും മറ്റൊരാളെ ഏൽപ്പിക്കുകയാണ്. സ്വന്തമായി നിലപാടില്ലാത്തവർ, വിവേചന ബുദ്ധിയില്ലാത്തവർ എന്നൊക്കെ അവരെ വിശേഷിപ്പിക്കാവുന്നതാണ്.

Young student woman alone at desk with computer crying desperate suffering

സ്ത്രീ വിരുദ്ധത രൂക്ഷമാകുമ്പോൾ...

വീട്ടിലായാലും പുറത്തായാലും സ്ത്രീകളോട് ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നത്. ഒരു ബസ് സ്‌റ്റോപ്പിൽ നമ്മുടെ കണ്മുന്നിൽ സ്ത്രീ അപമാനിക്കപ്പെടുമ്പോൾ എങ്ങനെയാണ് ചുറ്റുമുള്ളവർ പ്രതികരിക്കുന്നത്. ചിലർ ഒച്ചവയ്ക്കും, ചിലർ സംശയത്തോടെ നോക്കി നിൽക്കും, മറ്റു ചിലർ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ലെന്ന രീതിയിൽ വെറും കാഴ്ചക്കാരാകും. ട്രെയിനിൽ വച്ച് എന്റെ  സുഹൃത്തിനുണ്ടായ ഒരനുഭവം പറയാം. സഹോദരിയുമൊത്ത് യാത്ര ചെയ്യുകയായിരുന്നു അയാൾ. അവരുടെ ബോഗിയിൽ കയറിക്കൂടിയ കുറെ ചെറുപ്പക്കാർ മദ്യപിച്ച് ഉപദ്രവം തുടങ്ങി. സഹോദരിയെ ശല്യപ്പെടുത്തുമ്പോൾ പ്രതികരിക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു ആ ചെറുപ്പക്കാരൻ. ട്രെയിൻ കേരളത്തിലേക്ക് കടന്നതിനുശേഷമാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തതും, നടപടി ഉണ്ടായതും. ട്രെയിനിലും ബസ് സ്‌റ്റോപ്പിലും ഉണ്ടായ അതേ സാമൂഹിക വിരുദ്ധതയും സ്ത്രീ വിരുദ്ധതയും തന്നെയാണ് സോഷ്യൽ മീഡിയയിലും കാണാൻ കഴിയുക.

നിങ്ങൾക്കറിയാമായിരിക്കും, മുൻപൊക്കെ തമ്പാനൂർ ബസ് സ്റ്റാൻഡിൽ സന്ധ്യ കഴിഞ്ഞാൽ സ്ത്രീകൾക്ക് പോകാൻ പറ്റില്ല. കമന്റടിയും ഉപദ്രവവും ഉണ്ടാവും. അതുതന്നെയാണ് ഇവിടെയും നടക്കുന്നത്. യഥാർത്ഥത്തിൽ സമൂഹത്തിന്റെ മറ്റൊരു വേർഷൻ. നമുക്ക് ചെയ്യാൻ കഴിയുന്നത് ഇതാണ്; പോകുന്ന വഴിയിൽ അപകടം ഉണ്ടെന്നറിഞ്ഞാൽ വഴി മാറിപ്പോകുക. അപകടങ്ങളെ ഒഴിവാക്കി മുന്നോട്ടുപോകുക. ഇവിടെ നന്നായി ഉപയോഗിക്കേണ്ട ഒന്നാണ് ബ്ലോക്ക് ബട്ടൺ. അതുപോലെ ഫെയ്ക്കായ പ്രൊഫൈലുകൾ, വൃത്തികെട്ട കമന്റുകൾ എല്ലാം റിപ്പോർട്ട് ചെയ്യപ്പെടണം. സമൂഹത്തിൽ നിന്ന് ഒരു വിഷത്തെ നമ്മൾ പുറംതള്ളുകയാണ് എന്ന ഉത്തമ ബോധ്യത്തോടെയാവണം അത്. പൗരബോധത്തിൽ പെടുന്ന കാര്യമാണിത്, ഒപ്പം നമ്മൾ ഓരോരുത്തരുടെയും കടമയും.

നമ്മളിപ്പോഴും പകച്ചു നിൽക്കുകയാണ്...

നമുക്കറിയില്ല വെർച്വൽ വേൾഡിൽ ഏതു രീതിയിൽ  പെരുമാറണം, അതെങ്ങനെ ഉപയോഗിക്കണം എന്ന്. മുൻപ് വിദേശരാജ്യങ്ങളിലും  ഇതേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവരത് വളരെ നന്നായി തരണം ചെയ്തു മുന്നോട്ടു പോയവരാണ്. നമ്മളിപ്പോഴും ഫെയ്സ്ബുക് ആദ്യമായി കാണുന്നതുപോലെ പകച്ചു നിൽക്കുകയാണ്. ബ്ലോക്ക്, റിപ്പോർട്ട് തുടങ്ങിയ ഓപ്ഷൻ ആർക്കും അറിയില്ലെന്ന് തോന്നുന്നു. മറ്റൊരാളുടെ പ്രശ്നമാണ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമില്ല എന്ന ചിന്തയാണ് തെറ്റ്. റിപ്പോർട്ട് ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമായി എടുക്കണം. അതുപോലെ സൈബർ ആക്രമണം ഉണ്ടായാൽ പരാതിപ്പെടാനുള്ള ധൈര്യം ഉണ്ടാവണം.

സൈബർ ആക്രമങ്ങളെക്കുറിച്ച് പറയുമ്പോൾ 66A സുപ്രീംകോടതി റദ്ദാക്കി എന്നതാണ്‌ തടസ്സമായി പലരും പറയുന്നത്‌. എന്നാൽ ഐപിസി നിലവിലുണ്ട്‌, ഐടി ആക്റ്റിലെ മറ്റു വകുപ്പുകൾ ഇന്നും ഉണ്ട്‌. അതായത്‌ നിയമപരമായി നടപടിയെടുക്കാൻ പറ്റാത്ത വിധം പോരായ്മകളൊന്നും ഇല്ല. സൈബർ ബുള്ളിയിങ്ങും സ്റ്റോക്കിങ്ങും എല്ലാം നമുക്ക്‌ നിയമപരമായി നേരിടാൻ കഴിയും. വ്യക്തിപരമായി അപകീർത്തിപ്പെടുത്തിയ ഒരാൾക്കെതിരെ ആർക്കും പരാതിയുമായി മുന്നോട്ടു പോകാം. അതിനുള്ള ധൈര്യവും ചങ്കുറപ്പും കാണിക്കണമെന്ന് മാത്രം. കാരണം പൊലീസിനോ കോടതിയ്ക്കോ സ്വമേധയാ ഇത്തരം വിഷയങ്ങളിൽ കേസ് എടുക്കാൻ കഴിയില്ല. ബാധിക്കപ്പെട്ട ആൾ പരാതിപ്പെട്ടാൽ മാത്രമേ പൊലീസിനോ സൈബർ സെല്ലിനോ കേസെടുത്ത് അന്വേഷണം നടത്താൻ കഴിയൂ.

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്‌. നിങ്ങൾ മദ്യപിച്ചിരിക്കുമ്പോഴോ, ടെൻഷനോ ഡിപ്രഷനോ ഉള്ളപ്പോഴോ അതിൽ കയറാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ വരുമ്പോഴാണ് പലരും അബദ്ധങ്ങളിൽ ചെന്ന് ചാടുന്നത്. നമ്മുടെ കുറവുകൾ, കൊള്ളരുതായ്മകൾ എല്ലാം സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കപ്പെടും. വാക്കുകൾ വായിക്കപ്പെടുന്നതും മനസ്സിലാക്കപ്പെടുന്നതും വായിക്കുന്നവന്റെ മൂഡ്‌ പോലെയാണ്‌. ശബ്ദത്തിന്റെ മോഡുലേഷൻ ഇല്ലാതെ വെറും വാക്കുകൾ മാത്രം വായിക്കുമ്പോൾ വായിക്കുന്നവൻ അവന്റെ മൂഡിനനുസരിച്ച്‌ മോഡുലേഷൻ ഇടും. 'പോടാ' എന്നത്‌ വൻ അടിയായും സ്നേഹത്തോടെയുള്ള വിളിയായും മനസ്സിലാക്കപ്പെടാം, മൂഡ്‌ പോലെ. ‌ചൊറിയൻ പോസ്റ്റുകൾക്കും കമന്റുകൾക്കും രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞു മാത്രം പ്രതികരിക്കുന്നത്‌ (അപ്പോഴും അതു വേണം എന്ന് തോന്നിയാൽ) ജീവിതം സമാധാനപരമാക്കും. പലതും ‌ഉറങ്ങിയെണീറ്റാൽ നിസ്സാരമായി തോന്നും. അതുപോലെ ജനാധിപത്യം വളർത്താനല്ല നമ്മൾ ഓരോരുത്തരും ഫെയ്സ്ബുക്കിൽ നിൽക്കുന്നത്. അതൊരു മീഡിയം മാത്രമാണ്. നമ്മുടെ മനസ്സമാധാനം, സ്വസ്ഥമായിട്ടുള്ള ജീവിതം അതല്ലേ എല്ലാത്തിലും വലുത്! ചിന്തിക്കൂ...

തുടരും...

സോഷ്യൽ മീഡിയയെ മലിനമാക്കരുത്, ഇത്തരക്കാരെ കുടുക്കാൻ നിയമം ശക്തമാക്കണം! PART- 1