Monday 01 June 2020 10:27 AM IST : By സ്വന്തം ലേഖകൻ

നിനക്ക് അച്ഛനും അമ്മയുമില്ലേ... പിന്നെന്തിനാ അനാഥരെ പോലെ കെട്ടുന്നത്; ശർമിള പറയുന്നു ഇവനെന്റെ പൊന്ന്

sharmila

കുടുംബങ്ങളില്‍ കണ്ണീര്‍ പടര്‍ത്തിയ സ്ത്രീധനമെന്ന നാട്ടുനടപ്പിനെതിരെയുള്ള ഉറച്ച ശബ്ദമാകുകയാണ് വനിത ഓണ്‍ലൈന്‍ മുന്നോട്ട് വച്ച (#pennanu_ponnu) പെണ്ണാണ് പൊന്ന് ക്യാമ്പയിന്‍. നാട് മുന്നേറിയിട്ടും പാറപോലെ ഉറച്ചു നില്‍ക്കുന്ന സ്ത്രീധനമെന്ന മാമൂലിനെതിരെ കൈകോര്‍ത്ത് നിരവധി പേരാണ് ക്യാമ്പയിനിന്റെ ഭാഗമായത്. പൊന്ന് തൂക്കി അളന്നു നല്‍കുന്ന കച്ചവടമല്ല തങ്ങളുടെ ജീവിതമെന്ന് ഒരു കൂട്ടം പേര്‍ ഉറക്കെ പ്രഖ്യാപിച്ചപ്പോള്‍ അതേറ്റെടുക്കാനും നിരവധി പേരെത്തി. ഹാഷ് ടാഗ് ക്യാമ്പയിന്‍ പങ്കുവച്ച് ചുരുങ്ങിയ സമയം കൊണ്ട് അവരുടെ കഥ കേള്‍ക്കാനും കൈകോര്‍ക്കാനും നിരവധി പേര്‍ എത്തി എന്നുള്ളതും ശ്രദ്ധേയം. നാട്ടുനടപ്പുകളെ പടിക്കു പുറത്തു നിർത്തി മനസു പറയുന്നതു കേട്ട് ജീവിതപങ്കാളിയെ തെരഞ്ഞെടുത്ത കഥ പറയുകയാണ് ശർമിള ശശിധർ. കെട്ടുന്നെങ്കിൽ സ്ത്രീധനം വാങ്ങിക്കാത്ത ഒരുത്തനെ അതും വളരെ ലളിതമായ ചടങ്ങുകളോടെ മാത്രമേ കെട്ടൂ എന്നുമുള്ള തന്റെ ആദർശത്തെ പുച്ഛിച്ച കുടുംബക്കാരെ പരിചയപ്പെടുത്തിക്കൊണ്ടാണ് ശർമിളയുടെ അനുഭവ കഥ തുടങ്ങുന്നത്. എന്നെ ഞാനായി മനസ്സിലാക്കുന്ന ഒരുത്തന്റെ നെഞ്ചുറപ്പാണ് ഇന്നുമെന്റെ ആത്മവിശ്വാസമെന്ന് ശർമിള പറയുമ്പോൾ ആ വാക്കുകളില്‍ നിറഞ്ഞ ചാരിതാർത്ഥ്യം

വനിത ഓൺലൈനുമായി ശർമിള പങ്കുവച്ച അനുഭവ കഥ ചുവടെ;

2018 ജനുവരി 25 ന് ആയിരുന്നു ഞങ്ങളുടെ വിവാഹം. കല്യാണമേ വേണ്ട എന്നും ഇനി കെട്ടുന്നെങ്കിൽ സ്ത്രീധനം വാങ്ങിക്കാത്ത ഒരുത്തനെ അതും വളരെ ലളിതമായ ചടങ്ങുകളോടെ മാത്രമേ കെട്ടൂ എന്നുമുള്ള എന്റെ ആദർശത്തെ പലരും പുച്ഛത്തോടെ തന്നെയാണ് കണ്ടത്. കല്യാണം കഴിക്കാതിരിക്കാൻ പുതിയ അടവും കൊണ്ട് വന്നതാണല്ലേയെന്ന് ചിരിച്ചവരും ഉണ്ട്. മംഗളം വാരിക 1984 _ൽ നടത്തിയ സമൂഹ വിവാഹത്തിലൂടെ ഒരുമിച്ച അച്ഛന്റെയും അമ്മയുടേയും മകളായ എനിക്കു അതിൽ കുറഞ്ഞൊരു കല്യാണം കഴിക്കാൻ താൽപ്പര്യമില്ലായിരുന്നു എന്നതാണ് കാര്യം. ഒടുവിൽ 2017 ന്റെ മധ്യ ത്തിൽ തികച്ചും യാദൃച്ഛികമായി ഈ ചങ്ങാതിയെ പരിചയപ്പെടുകയും ആദർശങ്ങളെല്ലാം ഒത്തു വന്നതോടെ ഒരുമിച്ച് ജീവിക്കാമെന്നു തീരുമാനിക്കുകയുമുണ്ടായി.

തുടക്കം പോലെ ഗംഭീരമായിരുന്നില്ല പിന്നീടുള്ള കാര്യങ്ങൾ. എന്റേയും പുള്ളിക്കാരന്റെയും ചുറ്റുമുള്ളവർ തന്നെ ആയിരുന്നു പ്രധാന വില്ലന്മാർ. വീട്ടുകാരെ ഒരുവിധം സമാധാനിപ്പിച്ചപ്പോഴേക്ക് ബന്ധുക്കൾ ഏറ്റെടുത്തു അത്. "നിനക്കു അച്ഛനും അമ്മയുമൊന്നുമില്ലേ.. എന്നിട്ടെന്തിനാ അനാഥരെ പോലെ കെട്ടുന്നത്" എന്ന് എന്നോടും, അച്ഛൻ മരിച്ച പുള്ളിയോട് "അച്ഛനേ മരിച്ചിട്ടുള്ളൂ ഞങ്ങളെല്ലാം ജീവനോടെ ഉണ്ടെ"ന്നുമായി അവരുടെ തർക്കം. അവസാനം വെറുമൊരു ഒപ്പിലൂടെ ഒന്നിക്കാമെന്നു കരുതിയ ഞങ്ങൾ അവരുടെയൊക്കെ മുറുമുറുപ്പുകൾക്കൊടുവിൽ ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് എന്റേയും പുള്ളിക്കാരൻ്റേയും വീട്ടുകാരുടെ സാന്നിധ്യത്തിൽ താലി കെട്ടി ജീവിതം തുടങ്ങി. "നല്ല കാശു കൊടുത്തിരുന്നേൽ കൊള്ളാവുന്ന ഒരുത്തനെ കിട്ടിയേനെ" എന്നു ഞാൻ തമാശിക്കുമ്പോൾ "എങ്കിൽ ഞാൻ രക്ഷ പെട്ടേനെ"യെന്നു കൌണ്ടറടിക്കും മൂപ്പര്. ഇപ്പോഴും ഇതംഗീകരിക്കാത്ത പലരും ചുറ്റുപാടിലുമുണ്ടെങ്കിലും ഞങ്ങൾക്കതൊന്നും പ്രശ്നമേയല്ല. രണ്ടര വർഷം പിന്നിട്ടപ്പോൾ ഒന്നര വയസ്സുള്ള മോനുണ്ട് കൂടെ. "ഇപ്പോൾ നിങ്ങൾക്കിതൊന്നും പ്രശ്നമാവില്ല, ഇവനൊരു കാര്യം വരുമ്പോളാകും നിങ്ങൾ പഠിക്കുക"യെന്നു പറയുന്നവരോട് "അവനെ ഞങ്ങൾ നല്ലൊരു യാത്രികനാക്കി വളർത്തും. സർവ്വോപരി നല്ലൊരു മനുഷ്യനാക്കും. പല നാടുകളിൽ, പല സംസ്ക്കാരവുമായി ഇഴുകി ചേർന്നവൻ ജീവിക്കു"മെന്ന ഇങ്ങേരുടെ വാക്കുകളിൽ ശബ്ദം മുട്ടിപ്പോയിട്ടുണ്ട് പലരുടേയും. സ്ത്രീധനം നൽകാതെ തന്നെ എന്നെ ഞാനായി മനസ്സിലാക്കുന്ന ഒരുത്തന്റെ നെഞ്ചുറപ്പാണ് ഇന്നുമെൻ്റെ ആത്മവിശ്വാസം.