ഗുജറാത്തില്‍ നിന്നുള്ള ഒരു വിവാഹത്തിന്റെ കാഴ്ചകളാണ് സോഷ്യല്‍ മീഡിയയില്‍ കണ്ണീരണിയിക്കുന്നത്. ഗുജറാത്ത് ടാപിയില് രണ്ട് പ്രതിമകള്‍ തമ്മിലുള്ള വിവാഹമാണ് വീട്ടുകാര്‍ ഇടപെട്ടു നടത്തിയത്. വിവാഹത്തിന് കുടുംബം സമ്മതിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രണയിനികളുടേതായിരുന്നു പ്രതിമകള്‍. ടാപി സ്വദേശികളായ ഗണേഷും രഞ്ജനയുമാണ് മനംനൊന്ത് ജീവനൊടുക്കിയത്.

ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹത്തിനു കുടുംബം എതിര്‍ത്തു. ഇതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. മക്കളുടെ മരണത്തിനു ആറു മാസങ്ങള്‍ക്ക് ശേഷം പശ്ചാത്താപം തോന്നിയ വീട്ടുകാര്‍ പ്രതിമകളുണ്ടാക്കി വിവാഹം നടത്തുകയായിരുന്നു.

പ്രതിമകളെ ആചാരപ്രകാരം വിവാഹം കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതോടെ ഗണേഷും രഞ്ജനയും സ്വര്‍ഗത്തില്‍ ഒരുമിക്കുമെന്ന വിശ്വാസത്തിലാണ് കുടുംബം.
