ADVERTISEMENT

‘എന്റെ കുട്ടിയെ ഞാനല്ലാതെ വേറെ ആരാ എടുക്കുക’ കരിവെള്ളൂർ എവി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം അധ്യാപിക കോറോം സ്വദേശി എം.വി. അനുഷയുടെ വാക്കുകളിൽ മാതൃത്വത്തിന്റെ ലാളന കൂടിയുണ്ട്. അധ്യാപിക അമ്മ കൂടിയാണെന്ന് അനുഷയിലൂടെ വീണ്ടും തെളിഞ്ഞു.

സ്കൂൾ വിട്ട് ഭർത്താവ് പാവൂർ ഷീൽകുമാറിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഓണക്കുന്നിൽ കാർ ബസിന് പിറകിലിടിച്ച അപകടം അനുഷയുടെ ശ്രദ്ധയിൽപെട്ടത്. അനുഷയെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ ഓടി വന്നു. ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഹനാൻ പി.മജീദിനെ കാർ ഇടിച്ച കാര്യം കുട്ടികൾ അനുഷയോട് പറഞ്ഞു. അപകടത്തിന്റെ ഞെട്ടലിൽ ഓടിക്കൂടിയവർ ഹനാനെ കണ്ടിരുന്നില്ല. 

ADVERTISEMENT

ഹനാനെ എടുക്കാൻ ഓടുന്നതിനിടെ നിലത്തെ കമ്പി തടഞ്ഞു വീണു അനുഷയ്ക്കു പരുക്കുപറ്റി. എന്നിട്ടും ഹനാനെയും ചേർത്തുപിടിച്ച്  ഉടൻ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലേക്ക് കുതിച്ചു. മാന്യഗുരു യുപി സ്കൂൾ അധ്യാപിക സജിനയും ഒപ്പം ചേർന്നു. വിവരം അറിഞ്ഞ് സ്കൂളിലെ അധ്യാപകരും പിടിഎ ഭാരവാഹികളും ആശുപത്രിയിലെത്തി. രക്ഷിതാക്കൾ വന്ന് കുട്ടി ആശുപത്രി വിട്ട ശേഷമാണ്  അനുഷയും വീട്ടിലേക്ക് മടങ്ങിയത്.

വിദ്യാർഥിയെ ഇടിച്ച കാർ ബസുകളിലിടിച്ച് കത്തി നശിച്ചു

ADVERTISEMENT

കരിവെള്ളൂർ ഓണക്കുന്നിൽ വിദ്യാർഥിയെ ഇടിച്ച കാർ 2 ബസുകളിൽകൂടി ഇടിച്ചു കത്തിനശിച്ചു. നവവധൂവരന്മാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. നവവധൂവരന്മാരും ഡ്രൈവറുമടക്കം 4 പേർക്ക് പരുക്കേറ്റു.ഇന്നലെ വൈകിട്ട് 4.20ന് ഓണക്കുന്നിലെ പുതിയ ബസ് സ്റ്റോപ്പിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന വരൻ അഞ്ചരക്കണ്ടി മാമ്പ സ്വദേശി ഷിജിൻ (29), വധു കൊട്ടോടി സ്വദേശി ആതിര (28), ഡ്രൈവർ ജാമിൻ പ്രകാശ് (31), ബസ് കയറാൻ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കരിവെള്ളൂർ എവിഎസ് ജിഎച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർഥി ഹനാൻ പി.മജീദ് (14) എന്നിവർക്കാണ് പരുക്കേറ്റത്. 

കാഞ്ഞങ്ങാട് ഭാഗത്തുനിന്നു കണ്ണൂർ ഭാഗത്തേക്കു പോകുകയായിരുന്ന കാർ ഹനാനെ  ഇടിച്ചശേഷം അതേദിശയിൽ പോകുകയായിരുന്ന കെഎസ്ആർടിസി ബസിലും നിർത്തിയിട്ട സ്വകാര്യ ബസിലും ഇടിക്കുകയായിരുന്നു. ഉടൻ കാറിന് തീപിടിച്ചു. കുട്ടികൾ സ്വകാര്യ ബസിൽ കയറുന്നതിനിടെയാണ് കാർ ഇടിച്ചത്. സമീപത്തെ പറമ്പിൽ ജോലി ചെയ്തിരുന്നവരും സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരും ചേർന്നാണു തീ അണച്ചത്. 

ADVERTISEMENT

കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും നാട്ടുകാരും തീ അണയ്ക്കാൻ ഒപ്പം ചേർന്നു. പയ്യന്നൂരിൽനിന്നുള്ള അഗ്നിരക്ഷാസേന തീ പൂർണമായും അണച്ച്, അപകടത്തിൽപെട്ട വാഹനങ്ങൾ നീക്കി.  അപകടത്തിൽപെട്ടവർ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സതേടി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഏവരും മടങ്ങി. ഉദുമയിൽനിന്ന് വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്നു കാർ യാത്രക്കാർ. വധൂവരന്മാർക്ക് ഒപ്പമുണ്ടായിരുന്ന വിവാഹസംഘം മുൻപിൽ പോയിരുന്നു.

 

ADVERTISEMENT