സമൂഹമാധ്യമങ്ങളിൽ നേരിട്ട ലൈംഗിക അധിക്ഷേപത്തെക്കുറിച്ച് നടി ഹണി റോസ് തുറന്നു പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഒരു വ്യക്തി ദ്വയാർഥ പ്രയോഗങ്ങളിലൂടെ മനഃപൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാതിരിക്കുന്നത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടല്ലെന്ന് സോഷ്യൽ മീഡിയയെ ഓർമിപ്പിച്ചു കൊണ്ടായിരുന്നു ഹണിയുടെ തുറന്നു പറത്തിൽ. വിഷയത്തിൽ ഹണി റോസിന് പിന്തുണയേറുമ്പോൾ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ സൂര്യ ഇഷാൻ. ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീല കമന്റുകളും കേൾക്കുമ്പോൾ മൗനം പാലിക്കുന്നത് അതൊന്നും അവര്‍ അതൊന്നും ആസ്വദിക്കുന്നതു കൊണ്ടല്ലെന്ന് സൂര്യ കുറിക്കുന്നു. വഷളത്തരങ്ങൾ എഴുന്നള്ളിക്കുന്ന ഒരാൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുന്നു എന്ന ഹണിയുടെ ധൈര്യത്തെ പ്രശംസിക്കുന്നതായും സൂര്യ കുറിച്ചു.
കുറിപ്പ് വായിക്കാം:
ഹണി ചേച്ചി അവർ ഒരു നടിയാണ്. സൗന്ദര്യവും ആകാര ഭംഗിയും ഉണ്ട്. സിനിമയ്ക്ക് പുറമേ നിരവധി ഉദ്ഘടനങ്ങളിൽ അവർ പങ്കെടുക്കുന്നു. അവരുടെ സൗന്ദര്യത്തെ പ്രൊജക്റ്റ് ചെയ്തു കാണിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ഒക്കെത്തന്നെയാണ് അവർ ഉപയോഗിക്കുന്നത്. അവരുടെ ജോലിക്ക് അത് ചിലപ്പോൾ ആവശ്യമായേക്കാം. അവരെ വിളിക്കുന്ന ആളുകൾക്കും അതാണ് വേണ്ടത് . അല്ലങ്കിൽ പിന്നെ ഇതൊന്നുമല്ലാത്ത വേറൊരു സ്ത്രീയെ വിളിച്ചാൽ പോരെ.
സൈബർ ഇടങ്ങളിലെ മാന്യന്മാർ എന്നറിയപ്പെടുന്ന ഒരുകൂട്ടം മനുഷ്യർ അവരെ കാണുന്നിടങ്ങളിലെല്ലാം കമന്റുകൾ കൊണ്ട് പൊങ്കാലയിടാറുണ്ട്. അവർ അത് കണ്ടെന്നു നടിക്കുന്നേയില്ല. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ അവരുടെ തൊഴിലുമായി മുന്നോട്ടു പോകുന്നു. ഇന്റർവ്യൂകൾ കാണുമ്പോൾ കരുതാറുണ്ട്, എത്ര മര്യാദപരമായിട്ടാണ് അവർ ഇത്തരത്തിലുള്ള വിമർശനങ്ങളെ സമീപിക്കുന്നത് എന്ന്.
ഇപ്പോൾ ഹണി റോസിന് ഒരാളുടെ പെരുമാറ്റങ്ങളിൽ നിന്നും സമീപനങ്ങളിൽ നിന്നും ഉണ്ടായ പ്രയാസം തുറന്നുപറയുന്നു. ആളുകൾ കൂടുന്നിടത്ത് ആളാകാൻ വേണ്ടി ഏതെങ്കിലും ഒരാൾ ദ്വയാർത്ഥ പ്രയോഗം നടത്തി, തന്നെ പരാമർശിച്ചാൽ ഉടൻ അതിനു പ്രതികരിച്ച് നല്ലപിള്ള ആണന്നു തെളിയിച്ചിരിക്കണം എന്നാണ് നിഷ്‌ക്കളങ്കരായ ചിലരുടെ പറച്ചിൽ.
അനാവശ്യം കാണിക്കുകയോ പറയുകയോ ചെയ്യുമ്പോൾ തൽക്ഷണം പൊട്ടിത്തെറിക്കുന്ന രീതിയിൽ നിർമ്മിച്ചു വെച്ചിരിക്കുന്ന ബോംബുകൾ ഒന്നുമല്ല എല്ലാ സ്ത്രീകളും.
അവരെപ്പോലെയൊരാൾക്ക് മുന്നിൽ നിൽക്കുന്ന ജനക്കൂട്ടം , അവർ ഏറ്റെടുത്തു വന്നിരിക്കുന്ന പരിപാടി, അതിനു ശേഷം സംഭവിച്ചേക്കാവുന്ന ഭൂകമ്പങ്ങൾ, പരിപാടി ഏൽപ്പിച്ചിരിക്കുന്ന ആളുകൾ ഇങ്ങനെ ഇങ്ങനെ അനേകം കാര്യങ്ങൾ അവർക്കു ചിന്തിക്കേണ്ടിവരും
പ്രശ്നങ്ങൾ ഉണ്ടാകുന്നതോ അതിന്റെ ഭാഗമായി ചർച്ചചെയ്യപ്പെടുന്നതോ ബുദ്ധിമുട്ടുള്ള ഒരാളാണ് അവരെങ്കിൽ ഉറപ്പായും സാധാരണപോലെ പുഞ്ചിരിയോടുകൂടിത്തന്നെ ആ പരിപാടിയിൽ പങ്കെടുത്ത് മടങ്ങേണ്ടി വന്നെന്നുമിരിക്കും. എന്നുകരുതി എല്ലാം അവരങ്ങ് ആസ്വദിച്ച് സുഖിച്ചിട്ടുണ്ട് എന്ന് ധരിക്കരുത്.
പിന്നെ ഞാൻ എന്നോട് അരുതായ്മ പറഞ്ഞാൽ, അത് ഏതു സാഹചര്യത്തിലായാലും പോടാ എന്ന് പറയും എന്ന് കരുതി,. ഓരോ ആളുകൾക്കും ഓരോ സ്വഭാവവും പെരുമാറ്റരീതികളും ഒക്കെത്തന്നെയാണ്.
എന്തായാലും ഹണി റോസ് സ്ഥിരമായി വഷളത്തരങ്ങൾ എഴുന്നള്ളിക്കുന്ന ഒരുത്തന് എതിരെ നിയമ നടപടി സ്വീകരിക്കുന്നു എന്ന ധൈര്യത്തെ പ്രശംസിക്കുന്നു.
അവർക്ക് അവരുടെ തൊഴിലിടത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ.ചേച്ചിയോടൊപ്പം.