Friday 10 August 2018 10:23 AM IST

സുലൈമാനിക്ക് ഒരു കഥ പറയാനുണ്ട്! കട്ടൻചായയും നാരങ്ങാ നീരും തമ്മിൽ മൊഹ്ബത്തിലായതിന്റെ മൊഞ്ചുള്ള രുചിക്കഥ...

Vijeesh Gopinath

Senior Sub Editor

sulaimani2
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കട്ടക്കലിപ്പിൽ നിൽക്കുന്ന നായകന്റെ മുന്നിലൂടെ തുടുത്ത കവിളിൽ തട്ടമുരസിയുള്ള ഒരു നടത്തം. ആ ഒരിതാണ് നാരങ്ങാനീര് കട്ടൻചായയോട് ചെയ്തു കളഞ്ഞത്. നാരങ്ങാ പ്രണയം എത്ര വേഗമാണ് കട്ടൻ ചായയുടെ കടുപ്പത്തെ അലിയിച്ചു കളഞ്ഞത്?

പരിപ്പുവടയും ബീഡിയുമൊക്കെയായി കൂട്ടു കൂടി, മുദ്രാവാക്യമൊക്കെ വിളിച്ച് നടന്ന കടുംചായയുടെ ക്ഷുഭിത യൗവനം. പാലും വെള്ളത്തിനും പാല്‍ച്ചായയ്ക്കും ഒപ്പം ചായക്കടക്കാരന്റെ വിരലില്‍ തൂങ്ങി അൽപം ചെരിഞ്ഞുള്ള ആ വരവിൽ തന്നെയറിയാം അവരുടെ കൂട്ടത്തിൽ നാണം കുണുങ്ങി നിൽക്കാൻ താൽപര്യമില്ലാത്ത, ‘ലോല’ ഹൃദയനല്ലാത്ത ഒരുത്തനാണെന്ന്...

കടുപ്പത്തിലൊരു തീരുമാനമെടുക്കാൻ പാർട്ടിക്കാരുടെ ഒൗദ്യോഗിക പാനീയമായി, വടക്കൻ മലയുടെ ചുരം കടന്നു പോകാന്‍ ചങ്ങാതിയായി, ഉറക്കം വന്ന് കണ്ണിന്റെ ഷ ട്ടർ വീഴുമ്പോൾ തുറന്നിരിക്കാൻ തുണയായി. അങ്ങനെയങ്ങനെ ഒരുപാടു പേ രെ സഹായിച്ച കട്ടൻചായയാണ് ആ നാരങ്ങാ പെണ്ണിന്റെ ഒഴുകിയിറങ്ങലിൽ അലിഞ്ഞു പോയത്. പേരു പോലും മാറിപ്പോയില്ലേ? ‘സുലൈമാനി.’ ആ കെയൊരു പുയ്യാപ്ല ചന്തം. അല്ലെങ്കിലും പ്രണയം ഇങ്ങനെയാണ്, ചന്തത്തിൽ വന്ന് ആളിനെ അടിമുടിയങ്ങ് മാറ്റിക്കളയും.

എന്നു മുതലാണ് ആ കട്ടൻചായയും ഈ നാരാങ്ങാനീരും ചില്ലുഗ്ലാസില്‍ കിടന്ന് ഇങ്ങനെ കരളു പങ്കിടാൻ തുടങ്ങിയത്? അധ്യാപകനും എഴുത്തുകാരനുമായ ഡോ. എന്‍. പി. ഹാഫി സ് മുഹമ്മദ് പറയുന്നതു േകള്‍ക്കൂ.

‘‘മലബാറിൽ കട്ടൻചായയും കട്ടൻചായയിൽ നാരങ്ങാ നീരു ചേർത്ത പാനീയവും സുലൈമാനിയാണ്. പക്ഷേ, ഈ പേരെങ്ങനെ വന്നു എന്നതിന് കൃത്യമായ തെളിവൊ ന്നുമില്ല. സോളമൻ രാജാവിന്റെ സദസ്സിൽ വിതരണം ചെ യ്തിരുന്ന പാനീയമായതിനാലാകാം സുലൈമാനി എന്നു വി ളിച്ചതെന്ന് ഊഹിക്കുന്നു.

ആദ്യകാലങ്ങളിൽ സുലൈമാനിക്ക് അനുഷ്ഠാനപരമായ പരിവേഷം ഉണ്ടായിരുന്നു. മൗലൂദ് പോലുള്ള ചടങ്ങുകളിൽ നൽകിയിരുന്ന പാനീയമായിരുന്നു അന്നത്. പിന്നീടാണ് കല്യാണ വീടുകളിലേക്കും മറ്റും എത്തുന്നത്. അതു കൊണ്ടു തന്നെ മറ്റു പാനീ യങ്ങളെ അപേക്ഷിച്ച് സാമൂഹിക ശാസ്ത്രപരമായ സവിശേഷതയുണ്ട് സുലൈമാനിക്ക്.

പൂണൂലും തൊപ്പിയുമൊക്കെ പോലെ ജാതീയവും സാംസ്കാരികവുമായ ചില അടയളപ്പെടുത്തലുകൾ പണ്ട് ഭക്ഷണത്തിലും ഉണ്ടായിരുന്നു. ഹൈന്ദവ കല്യാണങ്ങളില്‍ സദ്യയ്ക്കൊടുവിൽ പായസമായിരുന്നു വിളമ്പുന്നത്. അല്ലാതെ ചായ കൊടുക്കാറില്ലല്ലോ. ക്രിസ്ത്യൻ കല്യാണങ്ങളിലാവട്ടെ െഎസ്ക്രീമും ഡിസർ‌ട്ടുകളുമായിരുന്നു. മുസ്‌ലിം വിവാഹങ്ങളിൽ ബിരിയാണിക്കൊടുവിൽ നൽകിയിരുന്നത് സുലൈമാനിയായിരുന്നു. അന്നൊന്നും അവർ‌ ഭക്ഷണത്തി നൊടുവിൽ ഡിസർട്ടുകൾ ഉപയോഗിക്കാറില്ല.

ഇതു കൊണ്ടൊക്കെ തന്നെ നാരങ്ങാവെള്ളമോ ചായയോ പോലെ വെറുമൊരു ഡ്രിങ്ക് എന്ന രീതിയിൽ മാത്രം സുലൈമാനിെയ കാണണ്ട. മലയാള സാഹിത്യത്തിലും സംസ്കാരത്തിലുമെല്ലാം സുലൈമാനി മധുരം വീണു കിടക്കുന്നുണ്ട്’’ സുലൈമാനിക്കഥയുടെ ഗ്ലാസ് എൻ. പി. ഹാഫിസ് മുഹമ്മദ് മുന്നിലേക്ക് വച്ചു. അതുശരി, അപ്പോ സംഭവം നിസ്സാരമല്ല. സുലൈമാനിച്ചൂട് നാവിലൊപ്പിടുന്നത് ഒരു നാടിന്റെ കഥകള്‍ കൂടിയാണല്ലേ...

ചായയിൽ നിന്നു തുടങ്ങാം

കേരളത്തിന്റെ സുലൈമാനിക്കെന്തായാലും 185 വയസ്സിൽ താ ഴെയേ പ്രായമുണ്ടാകൂ. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ നിന്നെത്തിയ ഡോ. ക്രിസ്റ്റി സായിപ്പ് നീലഗിരിയുടെ കുളിരറിഞ്ഞപ്പോള്‍ മനസ്സിലേക്ക് ഒരു ചായച്ചൂട് പാറിപ്പോയി. അങ്ങനെ 1832 ൽ സായിപ്പ് നീലഗിരിയിൽ തേയില നട്ടു. പി ന്നെപ്പിന്നെ നമ്മുടെ മൂന്നാറിലേയും മറ്റും മൊട്ടക്കുന്നുകൾ ത ണുക്കാതിരിക്കാൻ തേയിലച്ചെടിയുടെ പുതപ്പിടാൻ തുടങ്ങി.

തേയില എത്തും മുന്നേ മല്ലിക്കാപ്പിയായിരുന്നത്രെ മല യാളികൾക്ക് പ്രിയം. ചുക്കും മല്ലിയുമൊക്കെ ഇട്ട കാപ്പി പോ യ തലമുറയുടെ നാവിൽ എരിവോർമയായുണ്ട്. ആ രുചിയി ലേക്കാണ് സായിപ്പ് ചായപ്പാത്രം കയറ്റി വച്ചത്. പക്ഷേ, അത്രവേഗം മല്ലിക്കാപ്പിയെ ഒാടിച്ചു വിട്ട് ചായ കുടിക്കാൻ നമ്മള്‍ ത യാറാകുമോ? ഒടുവിൽ ഫ്രീയായി ചായവിതരണം ചെയ്യാൻ സായിപ്പും സംഘവും തയാറായി. അങ്ങനെ മാനാഞ്ചിറ മൈ താനത്തും തൃശൂർ റൗണ്ടിലുമെല്ലാം ആളുകളെ വിളിച്ചു വ രുത്തി സൗജന്യമായി ചായ കുടിപ്പിച്ചിട്ടുണ്ടത്രേ. എൻ. പി. ഹാഫിസ് മുഹമ്മദ് പറയുന്ന ആ ഒാർമ കൂടി കേട്ടിട്ട് ഒരു സി നിമയ്ക്ക് കയറാം.

‘‘അങ്ങനെ ചായ വിതരണം ചെയ്താണ് മലയാളികളുടെ രുചിയിടത്തിലേക്ക് അവർ ചായക്കപ്പ് വച്ചത്. എന്റെ ഉപ്പൂപ്പാ മാനാഞ്ചിറയിൽ നിന്ന് ഇങ്ങനെ വിതരണം ചെയ്ത ചായ കുടിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ സി. അച്യുതമേനോന്റെ പുസ്തകത്തിലും തൃശൂർ നഗരത്തിൽ നടത്തിയ ചായ വിതരണത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.’’

ഇനി സിനിമ. സ്ക്രീനിൽ ഉസ്താദ് ഹോട്ടൽ.

ചൂടു സുലലെമാനിയും ഊതിക്കുടിച്ച് ഉപ്പാപ്പ ഫൈസിയോ ടു പറഞ്ഞത് സത്യമാണ്. ‘ഒരു നുള്ള് മൊഹ്ബത്തും കൂടി ചേർത്തു കൊടുത്താലേ ഏതു സുലൈമാനിയിലും രുചിയുടെ പെരുന്നാളു കൂടുകയുള്ളൂ.’ അങ്ങനെ പ്രണയത്തിന്റേയും സ്നേഹത്തിന്റേയും ആരാധനയുടേയുമൊക്കെ തുള്ളികളിറ്റിയ എത്രയോ സുലൈമാനികൾ കോഴിക്കോട്ടുകാരുടെ മനസ്സിൽ രുചിയിടറാതെ നിൽക്കുന്നുണ്ടാകും. ബിരിയാണി കഴിച്ച് തോളിൽ കൈയിട്ടു പിരിയുന്നതു മാത്രമല്ല മലബാറിലെ പല കല്യാണങ്ങളും. അതിലൊരു കൂട്ടായ്മയുടെ നേർത്ത ഞരമ്പുകളോടുന്നുണ്ട്. പലപ്പോഴും വലിയ പിണക്കങ്ങളും മറ്റും തീരുന്നത് ഒരു കല്യാണ ബിരിയാണിക്കപ്പുറമിപ്പുറം ഇരിക്കുമ്പോഴായിരിക്കും. പിണങ്ങി നി ന്നവർ ഒരു സുലൈമാനി ഊതിക്കുടിച്ചു കൊണ്ട് കൈ കൊടു ത്തു പിരിയും.

ഇശലുകളിലെ തേന്‍കണം

കല്യാണത്തിൽ മാത്രമല്ല കുറ്റിച്ചിറയിലേയും മറ്റും മാളിക വീടുകളുടെ മുകൾനിലയിൽ നിന്നിറങ്ങി വരുന്ന ഗസൽ‌ വ രികളുടെ ചുണ്ടിലും ഒരിറ്റു സുലൈമാനി മധുരം തൊട്ടു നിൽക്കുന്നുണ്ടാകും, ഇപ്പോഴും.

പഞ്ചായത്ത് മാളികകളുണ്ടായിരുന്നു പണ്ട് മലബാറിൽ. ക്ലബുകളുടെ പഴയ രൂപം. കച്ചവടക്കാർ വന്ന് രാത്രികൾ ആ ഘോഷമാക്കാനായി സംഗീതവിരുന്നുകളൊരുക്കും. വഴിവക്കി ൽ പാതിരാപ്പൂക്കൾ വിരിയുമ്പോൾ മഹല്ലുകളിൽ ഗസലുക ളുടെ വസന്തം വിടരും. ‘ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയിൽ’ ചൂടിച്ച് ബാബുരാജും ‘എങ്ങനെ നീ മറക്കും കുയിലേ’ പാടി കോഴിക്കോട് അബ്ദുൾ ഖാദറും ഞരമ്പുകളിൽ സംഗീത ലഹരി പായിക്കും. ആ ശബ്ദങ്ങൾക്കു കൂട്ടായി ചില്ലുഗ്ലാസിൽ നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു സുലൈമാനി.

ഇതാ മലബാറിന്റെ സ്വന്തം സുലൈമാനികളെക്കുറിച്ച് കോഴിക്കോടിന്റെ സ്വന്തം ജോയേട്ടൻ, സംവിധായകനും നടനുമായ ജോയ് മാത്യു ഒാർമപാത്രത്തിന്റെ തീയൊന്നു കൂട്ടി.

‘‘കലാകാരന്മാരുടെ സദസ്സുകളിൽ സുലൈമാനി ഒരു നിറസാന്നിധ്യമായിരുന്നു. കൗമാരം കഴിഞ്ഞ് യൗവനത്തിലേ ക്കെത്തിയപ്പോൾ ഏതൊരു തല തിരിഞ്ഞ കോഴിക്കോടൻ യു വാവിനേയും പോലെ ഞാനും സംഘം ചേർന്ന് പാതിരാ വരെ നഗരത്തിൽ അലയുമായിരുന്നു.

ഉറങ്ങാത്ത നഗരമായിരുന്നെങ്കിലും രാപ്പാതിയിൽ ഹോട്ടലുകൾ പലതും ഉറക്കം തൂങ്ങി നിൽക്കുന്നുണ്ടാകും. അവിടെ നിന്നാണെന്നു തോന്നുന്നു ഞാൻ കട്ടൻചായയുടെ രുചിയറിയുന്നത്. പാൽ അപ്പോഴേക്കും തീർന്നിരിക്കും. ചിത്രശലഭത്തിന്റെ രൂപമുള്ള കടുകട്ടിയായ കേക്ക് കണ്ണാടിക്കൂട്ടിലുറങ്ങുന്നുണ്ടാകും. കട്ടൻ ചായയ്ക്കൊപ്പം ഒരെണ്ണം അതുമെടുക്കും.

എന്നാല്‍ സുലൈമാനി എന്ന വാക്ക് ആദ്യമായി കേൾക്കു ന്നതിനും അനുഭവിക്കുന്നതിനുമുള്ള കാരണക്കാരൻ വൈക്കം മുഹമ്മദ് ബഷീറാണ്. കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ബിരുദ പഠന കാലം. അന്ന് ഞങ്ങൾ വിദ്യാർഥികളെല്ലാം കൂടി ബേപ്പൂരിൽ വൈലാലിൽ താമസിക്കുന്ന ബഷീറിനെ കാണാൻ പോകുന്നു.

ഗേറ്റു കടന്നതും വരാന്തയിലെ അരമതിലിൽ കുത്തിയിരിക്കുന്ന ബഷീർ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു,

‘‘എടിയേ, നക്സലൈറ്റുകൾ വരുന്നു, തല വെട്ടാനാ.’’ അതുകേട്ട് ഞങ്ങൾ അമ്പരന്നു. അദ്ദേഹത്തിനു ഞങ്ങളെ അറിയില്ല. എന്നിട്ടും ഞങ്ങളിൽ പലരും നക്സലൈറ്റ് അനുഭാവികളാണെന്ന് അദ്ദേഹത്തിനെങ്ങനെ മനസ്സിലായി?

സംസാരം തുടങ്ങി. ഇടയ്ക്ക് അകത്തേക്കു നോക്കി ബ ഷീർ പറഞ്ഞു, ‘‘എടിയേ ഇവന്മാർക്ക് ഇച്ചിരി സുലൈമാനി എ ട്ക്ക്...’’ ഒരു ഫ്ളാസ്കിൽ നിറയെ ബഷീറിനും ഗ്ലാസുകളിൽ നിറയെ ഞങ്ങൾക്കും സുലൈമാനി എത്തി.

പിന്നീട് നിരവധി സ്ഥലങ്ങളിൽ, ഉറക്കൊഴിച്ച് പുസ്തകം വായിച്ചിരുന്ന ദാരിദ്ര്യത്തിന്റേയും വിപ്ലവത്തിന്റേയും രാത്രിക ൾ. കട്ടൻചായയും ദിനേശ് ബീഡിയും ചാർമിനാർ സിഗരറ്റും കൊണ്ട് നേരം വെളുപ്പിച്ച കാലം. അതു കഴിഞ്ഞ് നാടക റി ഹേഴ്സൽ ക്യാംപുകളിൽ, സിനിമാസെറ്റുകളിൽ, വിവിധ രാജ്യങ്ങളില്‍, സന്ദർഭങ്ങളിൽ സുലൈമാനി നുണഞ്ഞിട്ടുണ്ടെങ്കിലും ബേപ്പൂരിലെ സുൽത്താന്റെ കൈയിൽ നിന്നു കിട്ടിയ സുലൈമാനിയുടെ ഉശിര് മറ്റൊരു സുലൈമാനിക്കും കിട്ടിയില്ല.’’

സുലൈമാനിയുടെ ‘വിധേയന്‍’

‘ന്റുപ്പൂപ്പായ്ക്കൊരാനേണ്ടാർന്നു’ എന്നു സുലൈമാനി പറയു ന്നത് വെറുതെയല്ല, സംഭവം സത്യമാണ്. സുലൈമാനിക്ക് ഒരു ബ്രാൻ‍ഡ് അംബാസിഡർ തന്നെയുണ്ടായിരുന്നു സാഹിത്യത്തിൽ. സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീർ. മാങ്കോസ്റ്റിൻ മരം വിരിച്ചിട്ട തണലിനു താഴെ ചാരുകസേരയിൽ കിടക്കുമ്പോൾ കൈ നീട്ടി തൊടാവുന്ന അകലത്തിലുണ്ടായിരുന്നു ആ ഫ്‌ളാസ്ക്. അതിൽ നിറയെ സുലൈമാനിയും. അത് നാരങ്ങ പിഴിഞ്ഞ ഇപ്പോഴത്തെ സുലൈമാനിയല്ല. ഉഷാർ കട്ടൻചായയായിരുന്നു. ആ ഒാർമകളിലൂടെ നടന്ന് എഴുത്തുകാരനും അധ്യാപകനുമായ എം. എൻ. കാരശ്ശേരി മാഷ് പറയുന്നു. സുലൈമാനിക്കും ബഷീറിനും ഇടയിലുള്ള ‌മൊഞ്ചുള്ള പ്രണയകഥ.

‘‘സുലൈമാനി എന്ന വാക്ക് കേരളത്തിൽ പ്രചരിപ്പിച്ചതിന്റെ പ്രധാന കാരണം ബഷീറാണ്. അദ്ദേഹത്തിന്റെ കഥകളിൽ, സംസാരത്തിൽ, അതുമായി നടക്കുന്ന വർത്തമാനത്തിൽ ഒക്കെ കഥാപാത്രമായി സുലൈമാനി വരുന്നുണ്ട്. സുലൈമാനിക്ക് ‘വിധേയനായ’ ആളായിരുന്നു അദ്ദേഹം.

sulaimani3

1970ലാണ് ഞാനദ്ദേഹത്തെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം മദ്യപാനം പൂർണമായും നിർത്തിയിരുന്നു. അപ്പോൾ മുതലാണെന്നു തോന്നുന്നു കട്ടൻചായയെന്ന സുലൈമാനി കഴിക്കാൻ തുടങ്ങിയത്. ഫ്ളാസ്കിൽ നിന്ന് ഇടയ്ക്കിടയ്ക്ക് അരഗ്ലാസു വീതം എടുത്തു കുടിക്കും.

ബഷീറിന്റെ പല ഭ്രാന്തുകൾക്കും കേൾവിക്കാരനായിട്ടുണ്ട്. ഒരിക്കലദ്ദേഹം പറഞ്ഞു, ‘‘മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ ജാമാതാവ് അലിയും കൂടി എന്നെ കാണാൻ വന്നു’’ അതു കേട്ടു അവർക്കെന്തു കൊടുത്തെന്നു ചോദിച്ചു, ഒരു സംശയവു മില്ലാതെ ബഷീർ പറഞ്ഞു, ‘സുലൈമാനി.’

അതുപോലെ കാണാൻ വന്ന യക്ഷികൾക്ക് സുലൈമാനി കൊടുത്ത കഥയും അവർക്കൊപ്പമിരുന്നു സുൈലമാനി പങ്കിട്ട അനുഭവങ്ങളും പറയും. ഏതാണു സത്യം, ഏതാണു കഥ, ഏതാണ് ഭ്രാന്ത് എന്നറിയാത്ത ജീവിതം.

പൊതുവെ കട്ടൻചായയ്ക്കാണ് മലബാറിൽ സുലൈമാനി എന്നു പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ, സുലൈമാനി എന്ന് കോഴിക്കോട്ടെ ഹോട്ടലുകളിലും പറയുന്നത് നാരങ്ങാനീരൊഴിച്ച കട്ടൻ ചായയ്ക്കാണ്. ഈ വാക്ക് എന്താണെന്ന് എത്രയോ കാലം ഞാൻ ആലോചിച്ചിട്ടുണ്ട്. കാരശ്ശേരിയിലൊന്നും കുട്ടിക്കാലത്ത് ഈ വാക്ക് ഉണ്ടായിരുന്നില്ല. ഞങ്ങളുടെ നാട്ടിൽ കരിഞ്ചായ എന്നാണു പറഞ്ഞിരുന്നത്. കോഴിക്കോട് നഗരത്തിൽ വന്നിട്ടാണ് ഈ വാക്ക് ഞാനാദ്യമായി കേൾക്കുന്നത്.

കൗതുകം കൊണ്ട് സുലൈമാനി എന്ന വാക്ക് എങ്ങനെ ഉ ണ്ടായി എന്ന് ഒരുപാട് അന്വേഷണങ്ങൾ നടത്തിയിരുന്നു.

ഒരിക്കൽ ഖത്തറിൽ വച്ച് ഷെയ്ഖ് അബ്ദുള്ള ഇബ്രാഹിം അൽ അൻസാരി എന്ന പണ്ഡിതന്റെ മകൻ അബ്ദുൽ അസീ സ് അൻസാരിയെ കാണാനിടയായി. ഷെയ്ഖ് അവിടെത്തെ മത പുനരുദ്ധാരണ വകുപ്പ് മേധാവിയായിരുന്നു, ബാപ്പയിൽ നിന്നു കിട്ടിയ അറിവു വച്ചാകാം അദ്ദേഹം സുലൈമാനിയെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്, ‘‘ഞങ്ങൾക്ക് ചായ കിട്ടിയത് സിലോണിൽ നിന്നാണ്. സിലോണിൽ നിന്നു വന്നത് എന്നർഥത്തിൽ സിലോനി എന്ന് അറബികളിൽ ചിലർ അതിനെ വിളിച്ചു. അതിൽ നിന്ന് മിക്കവാറും നിങ്ങൾ മലബാറികളാകാം സുലൈമാനി എന്നു മൊഴി മാറ്റിയെടുത്തത്’ ഈ കഥ എനിക്കു വിശ്വാസയോഗ്യമായി തോന്നി.’’ കാരശ്ശേരി മാഷി ന്റെ മനസ്സിൽ ആ പഴയ മാങ്കോസ്റ്റിൻ മരത്തിനരികിലിരുന്ന് ഒരു സുലൈമാനി കുടിക്കാൻ തോന്നിയോ?

സുലൈമാനിയും ലെമൺ ടീയും

ആകെ കച്ചറയായല്ലോ. കഥകള്‍ കേട്ടു നടന്ന് ഒടുവിൽ നാ വിൻതുമ്പിൽ ഒരു സുലൈമാനിയുടെ തരിവളക്കിലുക്കം നിറയ്ക്കാമെന്നുവച്ച് ബീച്ച് റോഡിലെ തട്ടുകടയിലൊന്നു കയറിയതാണ്. സുലൈമാനി എന്നു പറഞ്ഞു തന്നത് കട്ടൻ ചായ. അതെന്ത് പണിയാ ചങ്ങായീ എന്നു ചോദിച്ചപ്പോ പ്രശ്നമായി. ‘‘ലെമൺ ടീ വേണ്ടതിന് സുലൈമാനിയെന്നാണോ പറയേണ്ടത്.’’ സമോവാറിനു മുന്നിൽ നിന്നു സുൈല‘മാൻ’ചൂടാവുന്നു. അപ്പോ ഇതു രണ്ടു ഇരട്ടകളല്ലേ? അപ്പൊ സുലൈമാനി ‘വേ’ ലെമൺടി ‘റേ’ എന്ന അവസ്ഥയിലായോ?

കടുപ്പമേറിയ കട്ടൻചായ പോലെ കടുത്ത കൺഫ്യൂഷന ടിച്ചു നിൽക്കുമ്പോൾ ദാ വരുന്നു യൂനസ്. കോഴിക്കോട്ടെ റോയൽ കാറ്ററിങ് ഉടമ. ‘‘ഫെയ്സ്ബുക്കുകാരൊക്കെയാണ് സുലൈമാനിയേയും ലൈംടീയേയും ഒന്നാക്കി കളഞ്ഞത്. ഇങ്ങള് ഉസ്താദ് ഹോട്ടൽ കണ്ടിട്ടില്ലേ. അതില് മൂപ്പര് ലൈം പിഴിഞ്ഞിട്ടൊന്നും അല്ലല്ലോ സുലൈമാനി എന്നു പറയുന്നത്. കോഴിക്കോട്ടെ പഴയ ആൾക്കാരുടെ കടകളിൽ ചെന്ന് സുലൈമാനി എന്നു പറഞ്ഞാൽ നേർപ്പിച്ച കട്ടൻ‌ ചായയേ ത രൂ, മലബാറു വിട്ടാലേ ലെമൺടീ സുലൈമാനി ആവുകയുള്ളു. പിന്നെ ഇപ്പോ ചില ഹോട്ടലുകാർ ഇവിടെയും സുലൈമാനീനേം ലെമൺടീയേയും ഒന്നാക്കി കളഞ്ഞു.

സുലൈമാനീന്നു പറഞ്ഞാ അത് തറവാടായി കണ്ടാമതി. ആ തറവാട്ടീന്ന് എറങ്ങണ ആൾക്കാരാണ് ലെമൺടീയും മസാല ചായയും ഏലയ്ക്കാ ചായയും മിന്റ് ചായയും പോലുള്ള നിരവധി ചായകൾ. വെള്ളം തിളയ്ക്കുമ്പോൾ ഏലക്ക ചതച്ചിട്ട് തേയില ഇട്ടാലത് ഏലക്കാ ചായ. അത് കട്ടനാകാം പാലൊഴിച്ചതാകാം. കറുവാപ്പട്ട, ഗ്രാംപൂ, ഏലയ്ക്കാ എന്നിവ ചേർത്ത ചായയാണ് മസാല ചായ. ’’ യൂസഫ് അതാ നടന്നു പോണു.

എന്നാലിനി ‘നാരങ്ങാ പിഴിഞ്ഞ സുലൈമാനി’ പോരട്ടെ . നേരത്ത ചൂടായ സുലൈ‘ മാൻ’ ഇപ്പോ ചിരിക്കുന്നുണ്ട്. ആ ചിരിയിലുണ്ട് കാര്യം. ഉണ്ടാക്കാൻ പോകുന്നത് സാദാ ചായയല്ല. മൊഹബത്തിന്റെ ഒരിതൾ വീണ ചായയാണ്.

ഗ്ലാസിലേക്ക് കടുപ്പം കൂടാതെ, കുറയാതെ പാകത്തിലൊരു കട്ടൻചായ പിറന്നു വീണു കഴിഞ്ഞു. എന്തു നിറമെന്നു പ റയാനാകില്ല. അതുപോലൊരു രുചി നിറം. കടുപ്പം തീരെ കുറഞ്ഞാൽ നാരങ്ങയുടെ മാത്രം രുചിയേ കിട്ടു. ‘കട്ടൻ ടേസ്റ്റ്’ പോകരുത്. നാരങ്ങാ എടുത്തൊന്നു തുടയ്ക്കുന്നു. നല്ല മഞ്ഞ നിറമുള്ള, തുടുത്ത കവിളുള്ള നാരങ്ങാ സുന്ദരിയെ ഒറ്റ മുറി. രണ്ടു കഷണം. അതിലൊരെണ്ണമെടുത്ത് ഒറ്റപ്പിഴിയൽ....

കട്ടൻചായയുടെ കലിപ്പ് അലിഞ്ഞലിഞ്ഞു പോകുന്നുണ്ട്. പിന്നാലെ വീഴുന്നു പഞ്ചസാര. പിന്നെ സ്പൂണുകൊണ്ടൊരു കറക്കം, ഗ്ലാസിനുള്ളിൽ, പ്ലസ്ടൂ കുട്ടി, പെട്ടെന്നു കോളജു കുമാരിയായതു പോലെ ആകെ ഒരിളക്കം...

കടൽക്കരയില്‍ ആരോ ഹാർമോണിയത്തിൽ വിരൽ മുട്ടിച്ച് ബാബുരാജിന്റെ ‘ സുറുമയെഴുതിയ മിഴികളെ’ക്കുറിച്ചു പാടുകയാണ്. ഗ്ലാസുമെടുത്ത് അങ്ങോട്ടു നടന്നു. പാട്ടു പെയ്യുമ്പോൾ പതുക്കെ ഗ്ലാസിലേക്ക് എത്തിനോക്കി. ഉണ്ട്, ചില്ലു ഗ്ലാസിന്റെ മറ പറ്റി നാരങ്ങായല്ലികളിൽ കട്ടൻചായ മു ത്തമിടുന്നുണ്ട്, ആരും കാണാതെ...

sulaimani1

ഓറഞ്ച് ടീ സെറിനേഡ് ---  ഇതാ ഒരു ന്യൂജെൻ സുെെലമാനി

1.വെള്ളം – ഒരു കപ്പ്

2.നാരങ്ങ ഫ്ലേവറുള്ള ടീ ബാഗ് – ഒന്ന്

പഞ്ചസാര – ഒരു വലിയ സ്പൂൺ നിറയെ

3.വെള്ളം – അരക്കപ്പ്

കറുവാപ്പട്ട – രണ്ടിഞ്ചു കഷണം

ഗ്രാമ്പു – നാല്

4. ഓറഞ്ച് ജ്യൂസ് – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙വെള്ളം തിളപ്പിച്ചെടുത്ത് അതിൽ ടീബാഗും പഞ്ചസാരയും ചേർക്കുക. ചൂടാറിയശേഷം ഐസ്ട്രേയിൽ ഒഴിച്ച് ഫ്രീസ് ചെയ്യുക.

∙വെള്ളം കറുവാപ്പട്ടയും ഗ്രാമ്പുവും ചേർത്ത് ഒരു മിനിറ്റ് തിളപ്പിച്ചശേഷം ടീ ബാഗ് ഇടുക.

∙ചൂടാറിയശേഷം ഓറഞ്ച് ജ്യൂസും ചേർത്തു വയ്ക്കണം. മധുരം പാകത്തിനാക്കണം,

∙നീളമുള്ള ഗ്ലാസിൽ കാൽ ഗ്ലാസ് ഐസ്ക്യൂബ് നിരത്തണം. അതിനു മുകളിൽ ഓറഞ്ച്–ചായ മിശ്രിതം ഒഴിക്കുക.

∙പുതിനയിലയും ഓറഞ്ച് അല്ലികളുംകൊണ്ട് അലങ്കരിക്കാം.

വണ്ണം കുറയ്ക്കാനും നല്ല ദഹനത്തിനും

ബിരിയാണി കഴിഞ്ഞ് ഒരു സുലൈമാനി കുടിക്കുന്നത് എന്തിനാണ്? കട്ടൻ ചായ ആരോഗ്യത്തിനു നല്ലതാണോ? ലെെമ ൺടീ കുടിച്ചാൽ തടി കുറയുമോ? സുലൈമാനി കുടിച്ച് ന്യൂട്രിഷൻ സ്പെഷലിസ്റ്റ് ആൻഡ് ഡയറ്റ് കൺസ ൽറ്റന്റ് ആയ ഡോ. അനിതാ മോഹൻ ഉത്തരങ്ങള്‍ പറഞ്ഞുതുടങ്ങി.

‘‘നാരങ്ങാനീരും ഇഞ്ചിയുമൊക്കെ ചേർത്ത ചായ ദഹനത്തിനു നല്ലതാണ്. ശരീരത്തിൽ മെറ്റബോളിക് റേറ്റ് അതു കൂട്ടുന്നു. അതായത് ഊർജത്തിന്റെ അളവു കൂട്ടാൻ സഹായിക്കുന്നു. വയറിനുള്ളിലുള്ള അൾസർ പോലുള്ള മുറിവുകൾ ഉണങ്ങാനും ഇത്തരം ചായകൾ സഹായിക്കുന്നുണ്ട്.

സുലൈമാനി ഉണ്ടാക്കുമ്പോൾ മധുരം കൂടാതെ നോ ക്കണം. മധുരം കുറച്ച സുലൈമാനി ഭാരം കുറയ്ക്കാൻ നല്ലതാണ്. നാരങ്ങയും തേയിലയും ഭാരം കുറയ്ക്കാൻ സ ഹായിക്കുന്ന ഘടകങ്ങളാണ്. മെറ്റബോളിക് റേറ്റ് കൂട്ടുമ്പോൾ കൂടുതൽ ഊർജം ചെലവാക്കും. അതാണ് തടി കുറയ്ക്കാൻ‌ സഹായിക്കുന്നത്. രാവിലെ ഒറ്റനേരം കുടിച്ചതു കൊണ്ടു മാത്രം കാര്യമില്ല. ഇടയ്ക്കിടെ കുടിക്കാവുന്നതാണ്. ഇതിനു പുറമെ സു ലൈമാനി രോഗപ്രതിരോധ ശേഷി കൂട്ടുകയും ചെയ്യും. സുെെലമാനിയില്‍ േചരുന്ന നാരങ്ങയിലെ വൈറ്റമിൻ സി ആണ് ഇതിനു സഹായിക്കുന്നത്. തിയോബ്രോമിനും തിയോസിലിനും തേയിലയിലെ രണ്ടു ഘടകങ്ങളാണ്. അതു രണ്ടും രക്തക്കുഴലുകളെ റിലാ ക്സ് ചെയ്യിക്കുന്ന ഘടകങ്ങളാണ്. ഇതു കൊണ്ടൊക്കെത്ത ന്നെ ആരോഗ്യ കാര്യത്തിൽ സുലൈമാനി ഉഷാറാണ് എ ന്നു തന്നെ പറയാം.