Tuesday 31 July 2018 12:10 PM IST

ബ്രൈഡൽ മേക്കോവർ എപ്പോൾ തുടങ്ങണം? എന്തെല്ലാം ശ്രദ്ധിക്കണം... വിവാഹത്തിന് പിഴവില്ലാതെ ഒരുങ്ങാൻ വിദഗ്ധർ നൽകുന്ന നിർദേശങ്ങൾ

Shyama

Sub Editor

make_over

ബ്രൈഡൽ മേക്കപ്പ് എന്ന വാക്ക് ഇപ്പോൾ പലരും മറന്നുതുടങ്ങിയിരിക്കുന്നു. കല്യാണപ്പെണ്ണിന്റെ ഒരുക്കത്തിന് ബ്രൈഡൽ മേക്കോവർ എന്ന വാക്കാണത്രേ കൂടുതൽ ഇണങ്ങുന്നത്. വിവാഹമടുത്താൽ മുഖത്തിന്റെ മാത്രം കാര്യമല്ലല്ലോ ഇപ്പോൾ പെൺകുട്ടികൾ നോക്കുന്നത്. അതുക്കും മേലേ!

അമിത രോമ വളർച്ചയ്ക്കുള്ള പരിഹാര മാർഗങ്ങൾ, മുഖത്തിന്റെ വലുപ്പം കൂട്ടാനും കുറയ്ക്കാനും സർജറികൾ, ഹെയർ കളറിങ്, കോൺടൂറിങ്, പാടുകളും തടിപ്പും കളയാൻ ലേസർ ചികിത്സ, ഇടുപ്പിന്റെ അഴകു കൂട്ടാനുള്ള പുത്തൻ രീതികൾ... അങ്ങനെ ഇതുവരെയുള്ള സൗന്ദര്യ പ്രശ്നങ്ങളൊക്കെ മൊത്തമായും ചില്ലറയായും തീർക്കാനുള്ള അവസരം കൂടിയാണ് വിവാഹം. എന്നാൽ പിന്നെ തുറക്കാം കല്യാണപ്പെണ്ണിന്റെ സൗന്ദര്യച്ചെപ്പ്.

നേരത്തെ തുടങ്ങിയാൽ പല ഗുണങ്ങൾ

എത്ര നേരത്തെ തുടങ്ങാമോ അത്രയും നേരത്തെ സൗന്ദര്യ സംരക്ഷണം തുടങ്ങുന്നതാണ് നല്ലത്. മൂന്നു മാസം മുൻപേ ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ കുറഞ്ഞത് ഒരു മാ സം മുൻപെങ്കിലും തുടങ്ങുക.

∙മനസ്സിനിണങ്ങിയ മേക്കപ്പ് ആർട്ടിസ്റ്റിനെ ആദ്യം കണ്ടെത്തുക. ഒരുക്കാനുള്ളയാളെ തിരഞ്ഞെടുക്കുന്നതിന്റെ ആദ്യത്തെ ഘടകം അവരുടെ ജോലി പരിചയം തന്നെയാകണം. അറിയപ്പെടുന്നവരാണെങ്കിൽ അവർ മുൻപു ചെയ്ത മേക്കപ്പിന്റെ ചിത്രങ്ങൾ നോക്കാം. അടുത്ത ബന്ധുക്കളെയോ സുഹൃത്തുക്കളെയൊ മേക്കപ്പ് ചെയ്ത ആളെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അവരോട് കൂടുതൽ ചോദിച്ചറിയാം.

∙ആളെ ഉറപ്പിച്ചാൽ എത്രയും നേരത്തെ അവരെ നേരിൽ ചെന്നു കാണുക. നിങ്ങളുടെ സ്കിൻ ടൈപ് ഏതാണെന്നും സൗന്ദര്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ പരിഹരിക്കാമെന്നും അവർ പറഞ്ഞു തരും.

∙പാർലറിൽ പതിവായി പോയി ശീലമില്ലാത്തവർക്ക് വാക്സിങ്, ത്രെഡ്ഡിങ്, ഫേഷ്യൽ എന്നിവ നേരത്തെ തുടങ്ങാം. ക ല്യാണത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ത്രെഡിങ്ങും വാക്സിങ്ങും ചെയ്താൽ ചർമം ചുവന്നു തടിക്കാം. ബ്ലീച്ചോ ഫേഷ്യലോ അലർജിയുണ്ടാക്കാം. ഇതൊക്കെ ഒഴിവാക്കാൻ എല്ലാം മുൻകൂട്ടി പരീക്ഷിച്ചു നോക്കി ഗുണം ഉറപ്പാക്കുക. ഫേഷ്യൽ, ക്ലീനപ്പ് പോലുള്ളവ കഴിഞ്ഞ് വെയിലത്തിറങ്ങരുതെന്നും സോപ്പും ഫെയ്സ് വാഷും ചില ക്രീമുകളും ഉപയോഗിക്കരുതെന്നും പറഞ്ഞാൽ അതു നിസ്സാരമായി തള്ളിക്കളയരുത്. അലർജിക്കുള്ള സാധ്യത ഒഴിവാക്കാനാണ് അവർ അത്തരം നിർദേശങ്ങൾ തരുന്നതെന്ന് മറക്കരുത്.

∙നിങ്ങൾ മുടി കെട്ടുന്ന രീതി, കണ്ണെഴുതുന്ന രീതി, ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങൾ, അലർജിയുള്ളവ.... ഇതൊക്കെ മേക്കപ്പ് ചെയ്യുന്ന ആളോട് കൃത്യമായി പറയുക. കല്യാണത്തിന് ഏതു സ്റ്റൈലിൽ ഒരുങ്ങാൻ ആഗ്രഹിക്കുന്നു, എന്തു തരം വസ്ത്രമാണ് ധരിക്കാൻ ആഗ്രഹിക്കുന്നത് ഇതെല്ലാം വ്യക്തമാക്കിയാലേ ഇതിനോടൊക്കെ ചേർന്നു നിൽക്കുന്ന മേക്കപ്പ് ചെയ്യാൻ സാധിക്കൂ.

∙വിവാഹ പർചേസിനു പോകും മുമ്പേയും തയ്ക്കാൻ കൊടുക്കും മുൻപും ബ്യൂട്ടീഷ്യനെ കണ്ടാൽ നിങ്ങൾക്കിണങ്ങുന്ന കളർ, വണ്ണം കുറവോ കൂടതലോ തോന്നിപ്പിക്കുന്ന ഡിസൈനുകൾ, ചേരുന്ന ആഭരണങ്ങൾ ഒക്കെ പറഞ്ഞു തരാൻ അവർക്കു സാധിക്കും.

make_over3

ട്രീറ്റ്മെന്റ് ചെയ്യും മുമ്പ്

∙പല തരം സ്കിൻ ട്രീറ്റ്മെന്റുകൾ ഇപ്പോൾ നിലവിലുണ്ട്. കരുവാളിപ്പകറ്റി ചർമത്തിന്റെ നിറം വർധിപ്പിക്കാവുന്നവ, ഇരട്ടത്താടി മാറ്റാനുള്ളത്, കണ്ണിന്റെ കുഴിവും കൺതടത്തിലെ കറുപ്പും മാറ്റാൻ ഫില്ലേഴ്സ്, പുരികം ഉയർത്താൻ, ചിരിക്കുമ്പോ കണ്ണിന്റെ വശങ്ങളിൽ വരുന്ന ചുളിവുകൾ മാറ്റാൻ, മൂക്കിന്റെ വശങ്ങൾക്കു ഭംഗി കൂട്ടാൻ, പുരികത്തിന്റ കട്ടി കൂട്ടാനുള്ള മൈക്രോ ബ്ലാഡിങ്, ചുണ്ടുകളുടെ കറുപ്പു മാറ്റാൻ ലിപ് പിഗ്‌മെന്റേഷൻ, മായാത്ത പാടു കളും പുള്ളികളും ചുളിവുകളും കളയാനുള്ള ഡർമാബറേഷൻ, ചർമത്തിന് നല്ല തിളക്കവും മുറുക്കവും കൊടുത്ത് ചെറുപ്പമാകാനുള്ള വാംപയർ ഫേഷ്യൽ ഇങ്ങനെ സൗന്ദര്യ പ്രശ്നങ്ങൾക്കെല്ലാം തന്നെ ഇന്ന് ചികിത്സയുണ്ട്. ശരീരാകൃതി പരിപാലിക്കാനുള്ള ബോഡി കോൺടൂറിങ്ങ് ലേസറുകൾ, വണ്ണം കുറച്ച് ഷെയ്പ്പ് കിട്ടാനുള്ള ലിപ്പോട്രോപ്പിക്ക് ഇഞ്ചക്‌ഷൻ എന്നിവയും വിവാഹത്തിനു മുമ്പ് ചെയ്യുന്നവരുണ്ട്. ചുളിവുകൾ അകറ്റാനുള്ള കെമിക്കൽ പീലിങ്ങിനു പകരം ഇപ്പോഴുള്ളത് സെറം പീലിങ്ങാണ്.

make_over2

∙വിദഗ്ദ്ധരുടെ നിര‍്‍ദേശമനുസരിച്ച് മാത്രം ചെയ്യേണ്ട ഈ ട്രീറ്റ്മെന്റുകൾ കല്യാണത്തിന് മൂന്നു മുതൽ ആറു മാസം മുമ്പെങ്കിലും ചെയ്യുന്നതാണ് നല്ലത്. മൂന്നു സിറ്റിങ് ആണ് സാധാരണ ആവശ്യമായി വരുന്നത്. അതിൽ കൂടുതൽ ചെയ്യേണ്ടി വന്നാൽ പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം.

മുഖത്തെ രോമങ്ങൾ അകറ്റാം

∙മുഖത്തെ രോമ വളർച്ച അകറ്റാനായി ലേസർ ഹെയർ റിമൂവൽ ചെയ്യുന്ന മണവാട്ടിമാരുണ്ട്. കല്യാണം കഴിഞ്ഞയുടനുള്ള വാക്സിങ്ങും ത്രെഡ്ഡിങ്ങും ഒഴിവാക്കാനാണിത്. ഇത്തരം ട്രീറ്റ്മെന്റുകൾ മൂന്നുമാസം മുമ്പെങ്കിലും ചെയ്യുന്നതാണ് ഉചിതം. എളുപ്പം ഫലം കിട്ടാൻ സ്റ്റിറോയിഡ് ക്രീമുകൾ ഉപയോഗിക്കുന്നത് അപകടമാണ്. അതു തീർത്തും ഒഴിവാക്കുന്നതാണ് നല്ലത്.

∙ശരീര ചർമത്തിനാകെ തിളക്കം കിട്ടാൻ ബോഡി പോളിഷിങ്, ഫുൾ ബോഡി വാക്സിങ്, ഹെയർ സ്പാ, ഹെയർ കളറിങ്, സ്ട്രെയ്റ്റനിങ്, സ്മൂത്‍നിങ്, ഹൈഡ്രാ ഫേഷ്യൽ ഇവയെല്ലാം ചെയ്യാനാഗ്രഹിക്കുന്നവർ മൂന്നു നാലു മാസം മുമ്പേ ചെയ്യാൻ മറക്കേണ്ട.

∙പുരുഷൻമാരായാലും സ്ത്രീകളായാലും മുടി കളർ ചെയ്യാനും സ്ട്രെയ്റ്റ് ചെയ്യാനും ആഗ്രഹിക്കുന്നെങ്കിൽ മൂന്നു മാസം മുമ്പെങ്കിലും താൽക്കാലികമായി ചെയ്തു നോക്കിയിട്ട് ഇണങ്ങുന്നെങ്കിൽ മാത്രം പെർമനന്റ് ചെയ്താൽ മതി.

∙എയർ ബ്രഷ് മെയ്ക്കപ്പിന് ആരാധകരേറെയുള്ളതുകൊണ്ട് മിക്ക മേക്കപ്പ് വിദഗ്ധരും ഇത് ഉപയോഗിക്കുന്നു. വളരെ വേഗത്തിൽ ചർമത്തിലേക്ക് സ്പ്രേ ചെയ്ത് മേക്കപ്പ് പതിപ്പിക്കുന്ന രീതിയാണിത്. വളരെ നേർത്ത ഒരു പാളിയായിട്ട് മാത്രമേ ഈ മേക്കപ്പ് കാണൂ. വാട്ടർപ്രൂഫ് ആയതുകൊണ്ട് വിയർത്താലും മഴ കൊണ്ടാലും മേക്കപ്പ് പടർന്നു പോകില്ല എന്നതാണ് മെച്ചം.

∙ തിരിച്ചു വരുന്ന താരമാണ് ഗ്ലിറ്റർ. ദേഹത്തും പുരികത്തിനു മുകളിലും വധു ഗ്ലിറ്ററിട്ടു തിളങ്ങും. സാരിയുടെ ബോഡറിനനുസരിച്ചുള്ള നെയിൽ ആർട്ടാണ് കല്യാണ ട്രെൻഡുകളിൽ മുന്നിൽ നിൽക്കുന്നത്.

∙സ്റ്റേജ് ഡെക്കറേഷനു മാച്ച് ചെയ്യുന്ന അലങ്കാരങ്ങളുടെ ഒരു ചെറിയ ടച്ച് ചെറുക്കന്റെ ഉടുപ്പിലും പെണ്ണിന്റെ മുടിക്കെട്ടിലുമെല്ലാം ഇപ്പോൾ പ്രതിഫലിക്കുന്നുണ്ട്.

കിടിലൻ ലുക് ഉള്ള മണവാളൻ

കല്യാണ ഒരുക്കം ഇപ്പോൾ പെണ്ണുങ്ങളുടെ മാത്രം കാര്യമല്ല. തങ്ങളുടെ ബിഗ് ഡേയിൽ തിളങ്ങാൻ ആണുങ്ങളും തയാറെടുപ്പുകൾ നടത്തുന്നു. കല്യാണമാകുമ്പോൾ ആണുങ്ങളെ ഏറ്റവും അലട്ടുന്ന പ്രശ്നമെന്തെന്നോ? കുടവയർ. ഏതു തരം വസ്ത്രവും ഇട്ടാൽ ഇണങ്ങാൻ ആദ്യം വേണ്ടത് വെൽ ടോൺഡ് ശരീരമാണ്.

∙ആറു മാസം മുൻപെങ്കിലും വർക്ക് ഔട്ട് തുടങ്ങാം. ഒട്ടും വ്യായാമം ചെയ്യാത്തവർ ആദ്യം നടപ്പു പോലുള്ള ലഘുവായ രീതികളിൽ തുടങ്ങി പതുക്കെ കാഠിന്യം കൂട്ടുന്നതാണ് നല്ലത്. ട്രെയ്നറുടെ സഹായം തേടുന്നതാണ് ഉചിതം.

∙ഡയറ്റിലും മാറ്റം വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. കല്യാണത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കുമ്പോൾ പുതിയ വ്യായാമങ്ങളും ഡയറ്റും പരീക്ഷിക്കാൻ നിൽക്കരുത്. കൊഴുപ്പകറ്റാനുള്ള സർജറി ചെയ്യുന്നവർ കഴിയുന്നതും നേരത്തേ ഇതു ചെയ്യണം. കാരണം ശരീരം മാറ്റത്തെ സ്വീകരിക്കാൻ അൽപം സമയം എടുത്തേക്കാം.

∙ മീശയിലും താടിയിലും പുത്തൻ സ്റ്റൈലുകൾ പരീക്ഷിക്കണം എന്നുള്ളവർ മൂന്നു മാസം മുമ്പേ ചെയ്യാനുദ്ദേശിക്കുന്ന ട്രിമ്മിങ് പരീക്ഷിക്കുക. ഹെയർ ഗ്രോത്ത് ട്രീറ്റ്മെന്റുകൾ ചെയ്യാനുള്ളവരും അത് അവസാന നിമിഷത്തേക്കു മാറ്റി വയ്ക്കരുത്. മുടി സ്ട്രെയ്റ്റനിങ്, കേളിങ്, കളറിങ് ഇവയെല്ലാം ചെയ്യേണ്ടവർ തങ്ങളുടെ സ്കിൻ ടോണിനനുസരിച്ചും ഇടാൻ ഉദ്ദേശിക്കുന്ന വസ്ത്രത്തിനനുസരിച്ചും ചെയ്യുന്നതാകും നല്ലത്.

∙പുതിയ ക്രീമുകളും ഫെയ്സ് പാക്കുമൊന്നും കല്യാണമടുക്കുന്ന രണ്ടാഴ്ചയിൽ പരീക്ഷിക്കേണ്ട. മുമ്പ് ഇവയൊന്നും ഉപയോഗിച്ചിട്ടില്ലാത്തവർ ഇന്റർനെറ്റ് നോക്കിയും സുഹൃത്തുക്കൾ പറയുന്നതു കേട്ടും വാങ്ങി പുരട്ടി അബദ്ധത്തിൽ ചെന്നു ചാടരുത്. ആണുങ്ങൾ കോസ്മെറ്റിക്സ് ഉപയോഗിക്കുമ്പോൾ അവർക്കുള്ള ക്രീമുകളും സൺസ്ക്രീനും തന്നെ ചോദിച്ചു വാങ്ങി ഉപയോഗിക്കാൻ ശ്രമിക്കണം.

∙പുകവലി മദ്യപാനം എന്നിവ കല്യാണത്തിനൊരുങ്ങുമ്പോൾ പതുക്കെ കുറച്ചു കൊണ്ടുവന്ന് ഒരു മാസം മുമ്പെങ്കിലും അവ പൂർണമായി ഒഴിവാക്കുക. ഇല്ലെങ്കിൽ എത്ര മേക്കപ്പിട്ടാലും കുഴിഞ്ഞ കണ്ണുകളും ചുണ്ടിലെ കറുത്ത പാടും തെളിഞ്ഞു കാണും.

∙പല്ലു വെളുപ്പിക്കാൻ ആഗ്രഹമുള്ളവർ പരിശീലനമുള്ള ദന്തഡോക്ടറെക്കൊണ്ട് ചെയ്യിപ്പിക്കുക. പല്ലിൽ ക്ലിപ് ഇട്ടിരുന്നവർ കല്യാണത്തോടനുബന്ധിച്ച് കുറച്ചു നാൾ അത് ഒഴിവാക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ വേണ്ട കരുതലുകൾ ചോദിച്ചറിയുക.

കണ്ണിൽ ലെൻസ് വയ്ക്കുമ്പോൾ

make_over4

∙കണ്ണട വച്ചു ശീലിച്ചവർ കോൺടാക്റ്റ് ലെൻസിലേക്കു മാറുമ്പോഴും വസ്ത്രത്തിനനുസരിച്ചുള്ള കളേർഡ് ലെൻസ് വ യ്ക്കുമ്പോഴും പലര‍്‍ക്കും കണ്ണു ചുവന്നു വരാറുണ്ട്. രണ്ടു മൂന്ന് ആഴ്ച മുമ്പേ തന്നെ ഒപ്ടോമെട്രിസ്റ്റിന്റെ സഹായത്തോടെ ലെൻസ് വച്ചു ശീലിക്കാം. ലെൻസ് എടുക്കുമ്പോഴും വ യ്ക്കുമ്പോഴും കൈകൾ വൃത്തിയായിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം.

∙രാവിലെയുള്ള ചടങ്ങുകൾക്ക് നാചുറൽ മേക്കപ്പ് മതി. വൈകുന്നേരത്തെ പാർട്ടിക്ക് അൽപ്പം ഷിമ്മറുള്ള, തിളക്കം കിട്ടുന്ന മേക്കപ്പ് ചെയ്യാം. മാറ്റ് ലിപ്സ്റ്റിക്കിനൊപ്പം ലൈനറിട്ട് ചുണ്ടുകൾക്ക് ആകൃതി വരുത്താം.

∙കൈകാലുകളുടെ കാര്യം ഒട്ടും ശ്രദ്ധിക്കാത്ത പുരുഷന്മാർ പോലും കല്യാണ സമയത്ത് മാനിക്യൂറും പെഡിക്യൂറും നടത്തുന്നുണ്ട്. ഇതിനു ശേഷമുള്ള പരിപാലനം ബ്യൂട്ടീഷ്യനോട് ചോദിച്ചു മനസ്സിലാക്കി തുടരാൻ മറക്കരുത്.

∙അമിത രോമവളർച്ചയുള്ളവർ നേരത്തേ തന്നെ വാക്സിങ് ചെയ്യുക. അലർജി ടെസ്റ്റ് നടത്തി നോക്കിയ ശേഷം വാക്സിങ് ചെയ്താൽ മതി. ഹണി വാക്സിങ്ങ് താരതമ്യേന പ്രശ്നം കുറവുള്ളതാണ്.

∙രോമവളർച്ച കുറയ്ക്കാൻ ലേസർ ട്രീറ്റ്മെന്റ് എടുക്കാൻ ആ ഗ്രഹമുള്ളവർ ഇതിന് ഒന്നിലധികം സെഷൻസ് ഉണ്ടെന്നു മറക്കാതെ അതിനനുസരിച്ച് നേരത്തെ തുടങ്ങുക.

∙ചർമത്തിൽ മുഖക്കുരുവിെന്റ പാടുകളും കറുത്ത പുള്ളികളും ഉള്ളവർ അത് ബ്യൂട്ടീഷ്യനുമായി നേരിൽ കണ്ടു സംസാരിക്കുക. എവിടെയൊക്കെ കൺസീലർ വേണമെന്നും എവിടെ കോൺടൂറിങ് ചെയ്യണമെന്നും ധാരണ കിട്ടും.

∙അവസാന നിമിഷമുള്ള ഷേവിങ് തീർത്തും ഒഴിവാക്കണം. ബ്ലെയ്ഡ് കൊണ്ടു മുറിഞ്ഞ പാടുകൾ അഭംഗിയുണ്ടാക്കും എന്നു മാത്രമല്ല, അതിനു മുകളിൽ മേക്കപ്പിട്ടാൽ അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്.

∙കല്യാണമടുത്തു വരുമ്പോൾ ഒഴിവാക്കേണ്ട മറ്റൊന്നാണ് സ്വന്തമായുള്ള ബ്ലീച്ചിങ്. അവസാന നിമിഷം പരീക്ഷണങ്ങൾക്കു ശ്രമിച്ചാൽ അപകടമായി മാറാം.

കല്യാണമടുത്താൽ വീടും പാർലർ

മേക്കപ്പിലൂടെ പല മാജിക്കുകളും കാണിക്കാമെങ്കിലും മേക്കപ്പില്ലാതെയും ‘സുന്ദരികളും സുന്ദരന്മാരും’ ആയിരിക്കേണ്ടേ? എപ്പോഴും പാർലറിൽ പോകാതെ വീട്ടിലും സൗന്ദര്യ സംരക്ഷണം നടത്താം.

∙ക്ലീനിങ്ങ്–ടോണിങ്–മോയ്സ്ചറൈസിങ്–പ്രൊട്ടക്‌ഷൻ എ ന്നിവ പതിവായി ചെയ്യാം. രാവിലെ ഉണർന്നാലും രാത്രി കിടക്കാൻ നേരവും മുഖം തണുത്ത വെള്ളത്തിൽ കഴുകാം. രാത്രി കിടക്കാൻ നേരം മുഖത്തുള്ള എല്ലാ മേക്കപ്പും കൺമഷി അടക്കം കളഞ്ഞിട്ടു വേണം കിടക്കാൻ. വാസലീൻ പഞ്ഞിയിൽ മുക്കി തുടച്ചെടുത്താൽ ലിപ്സ്റ്റിക്കിന്റെയും കൺമഷിയുടെയും മുഴുവൻ അംശവും മാറി കിട്ടും.

∙ഇനി ഫെയ്സ് വാഷിട്ടു കഴുകാം. രാവിലെ മുഖം കഴുകിയ ശേഷം നിങ്ങളുടെ ചർമത്തിന് ഇണങ്ങുന്ന (ഓയിലി, ഡ്രൈ...) മോയ്സ്ചറൈസർ ഇടുക, ശേഷം ടോണറും ഇടാം. എല്ലാവരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് സൺസ്ക്രീൻ. പുറത്തു പോകുമ്പോഴെല്ലാം സൺസ്ക്രീൻ ലോഷനോ ക്രീമോ പുരട്ടുക.

∙ചർമത്തിനസുസരിച്ചു വേണം വീട്ടിൽ വച്ചുള്ള സൗന്ദര്യ സംരക്ഷണം. വരണ്ട ചർമമുള്ളവർ ആഴ്ചയിലൊരിക്കലെങ്കിലും മുഖത്തൊരു പാക്കിടുക. കറ്റാർ വാഴയുടെ ജെൽ ഇട്ട് 10 മിനിറ്റു കഴിഞ്ഞ് കഴുകി കളയാം. ശുദ്ധമായ വെളിച്ചെണ്ണയിൽ അൽപം കുങ്കുമാദി തൈലം ചേർത്ത് മുഖത്തും ശരീരത്തിലും തേച്ചു പിടിപ്പിച്ചിട്ട് കഴുകി കളയാം. പാടുകൾ മാറി ചർമം തെളിയും. പേരയില അരച്ച് മുഖക്കുരുവിനു മുകളിൽ പുരട്ടി കഴുകി കളഞ്ഞാൽ മുഖക്കുരുവും കറുത്തപാടുകളും കുറയും.

∙എണ്ണമയമുള്ള ചർമക്കാർക്ക് മഞ്ഞൾ, കടലപ്പൊടി, പയറു പോടി എന്നിവ പാലോ മുട്ടയുടെ വെള്ളയോ ചേർത്ത് മുഖത്തിടാം.

∙ഏതു ചർമക്കാർക്കും ചേരുന്നതാണ് പപ്പായ, അതരച്ച് മുഖത്തിട്ട് പത്തു മിനിറ്റിനു ശേഷം കഴുകി കളയാം. പാലും തൈരും പുരട്ടി ഉണങ്ങിയ ശേഷം കഴുകി കളയുന്നത് കരുവാളിപ്പകറ്റി ചർമത്തിന് മൃദുത്വം പകരും.

∙നെല്ലിക്ക ചേർത്ത എണ്ണ, കേശാമൃതം, നീലഭൃഗാദി എന്നീ എണ്ണകളിൽ ഏതെങ്കിലും പുരട്ടി കുളിക്കുന്നത് മുടിക്ക് കരുത്തു നൽകും.

∙ചൂടുവെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംപൂവും അൽപ്പം ഉപ്പും കലർത്തി കാലിലെയും കൈയിലെയും നഖം മുക്കി, ബ്രഷ് കൊണ്ട് ഉരസ്സി കഴികാം. നഖങ്ങൾ അഴുക്കു മാറി തിളങ്ങും. ദിവസവും ബദാം എണ്ണ നഖങ്ങളിൽ തടവുന്നതും നല്ലതാണ്. കൈമുട്ടിലും കാൽമുട്ടിലും കാൽപ്പാദത്തിലും അൽപ്പം വാസലീൻ തേച്ചുറങ്ങാം. ചുളിവുകൾ മാറി ചർമം മൃദുവാകും.

∙കല്യാണം കഴിക്കാൻ പോകുന്ന ചെറുക്കനും പെണ്ണും നന്നായി വെള്ളം കുടിക്കുകയും നന്നായി ഉറങ്ങുകയും ചെയ്താൽ തന്നെ ചർമത്തിനു കൂടുതൽ ഫ്രഷ്നെസ് വരും.

അബദ്ധം പറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

പലപ്പോൾ കണ്ടു വച്ച വിവാഹ ഒരുക്ക ശൈലി നമ്മുടെ മുഖത്തിനും ശരീരപ്രക‍ൃതിക്കും സ്കിൻ ടോണിനും കാലാവസ്ഥയ്ക്കും ചേരുന്നതാവില്ല. ഉദാഹരണത്തിന് ഹെവി ഐ മേക്കപ്പും കടും നിറമുള്ള ലിപ്സ്റ്റിക്കും അണിയുന്നത് കേരള സാരിയുടുത്തു അമ്പലത്തിൽ വച്ചു നടത്തുന്ന കല്യാണത്തിനു ചേരില്ല. എന്നാൽ നിശാപാർട്ടിക്ക് അത്തരമൊരു മേക്കപ്പിൽ ഷൈൻ ചെയ്യാനും സാധിക്കും. ഇത്തരം കാര്യങ്ങൾ ഒരുക്കുന്നയാൾ ചൂണ്ടിക്കാണിച്ചാൽ അത് അംഗീകരിക്കാനുള്ള വിവേകം കാണിക്കണം.

∙ മുടി സ്ഥിരമായി ചീകുന്ന സ്റ്റൈലിൽ നിന്ന് കല്യാണത്തിനൊരുങ്ങുന്ന ദിവസം മാറ്റി ചീകാതിരിക്കുക. മുഴുവൻ ലുക്കിനേയും ബാധിക്കുന്ന കാര്യമാണിത്.

∙പഫ് വച്ച് മുടിയ ഉയർത്തി ചെയ്യുന്ന ഹെയർ സ്റ്റൈലിനേക്കാൾ ചിലർക്കിണങ്ങുക സാധാരണ രീതിയിലുള്ള പാർട്ടീഷനാകും. എന്തെങ്കിലും മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ ബ്യൂട്ടിഷ്യനോടു പറഞ്ഞ് അതു നേരത്തെ തന്നെ ചെയ്തു നോക്കി നല്ലതാണെന്നുറപ്പിക്കണം.

∙ മേക്കപ്പ് ട്രയലിനു നിർബന്ധമായി പോവുക. ട്രയൽ എടുക്കുന്നത് രണ്ടു കൂട്ടർക്കും കോൺഫിഡൻസ് നൽകും. നിങ്ങൾ ആഗ്രഹിക്കുന്ന സ്റ്റൈൽ നിങ്ങൾക്കിണങ്ങുന്ന രീതിയിൽ വിവാഹദിവസം ഭംഗിയായി അണിയാൻ ട്രയൽ മൂലം സാധിക്കും. ട്രയലിനു സാധാരണ വേഷമണിയാതെ കല്യാണത്തിന് ഇടാൻ ഉദ്ദേശിക്കുന്ന വസ്ത്രം തന്നെ അണിയുക. വേണ്ടത്ര ആഭരങ്ങളും എടുക്കുക. ജീൻസും ടോപ്പും ഇട്ട് ട്രയൽ എടുത്താൽ കല്യാണത്തിന് ഒരുക്കുന്ന രീതി ഇണങ്ങുമോ എന്നു കൃത്യമായി അറിയാൻ കഴിയില്ല.

∙ എനിക്കെന്റെ ചുണ്ടാണ് ഹൈലൈറ്റ് ചെയ്യേണ്ടത് എന്നു ചിലരങ്ങു കടുംപിടിത്തം പിടിച്ചു കളയും. ചിലപ്പോൾ അവരുടെ മുഖത്തെ ഏറ്റവും നല്ല ഫീച്ചർ കണ്ണായിരിക്കും. ഹൈലൈറ്റിങ്ങിന്റെ കാര്യം ബ്യൂട്ടിഷ്യനോട് സംസാരിച്ച ശേഷം ചെയ്തു നോക്കി ഉറപ്പിക്കാം.

∙ കല്യാണ മേക്കപ്പ് മിക്കവാറും രാവിലെ ആയിരിക്കും തുട ങ്ങുക. കഴിവതും പറയുന്ന സമയത്തിന് അൽപം മുൻപേ ത ന്നെ എത്താൻ നോക്കുക. അഥവാ എന്തെങ്കിലും മാറ്റി ചെയ്യണമെങ്കിൽ സമയം കിട്ടാത്ത അവസ്ഥ ഒഴിവാക്കാം.

വാക്സിങ് തലേദിവസം വേണ്ട

∙ കല്യാണത്തിനു ഒരാഴ്ച മുമ്പെങ്കിലും വാക്സിങ്ങും പ്രധാന ഫേഷ്യലും ബോഡി പോളിഷിങ്ങുമെല്ലാം തീർത്തു വയ്ക്കുന്നതാണ് നല്ലത്. മേക്കപ്പ് എന്നാൽ ക്യാൻവാസിൽ ഭംഗിയുള്ള ചിത്രം വരയ്ക്കും പോലെയാണ്. അപ്പോൾ മുഖമാകുന്ന ക്യാ ൻവാസ് വൃത്തിയായി നേരത്തെ ഒരുക്കി വയ്ക്കാം. മുഖക്കുരുവും അമിത രോമവളർച്ചയുമുള്ളയാൾക്ക് അന്നത്തെ ഒറ്റ ദിവസത്തെ മേക്കപ്പ് കൊണ്ടുമാത്രം പൂർണത കിട്ടണമെന്നില്ല. മാത്രമല്ല എത്ര കൂടുതൽ മേക്കപ്പ് ഇട്ട് മറയ്ക്കാൻ നോക്കുന്നോ അത്രയും കൃത്രിമത്വം തോന്നുകയും ചെയ്യും.

∙ മിക്കവാറും പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന പ്രശ്നമാണ് അകാല നര. ഹെയർ കളറിങ്ങും ഡൈയിങ്ങും ഒ ന്നും കല്യാണ ദിവസത്തേക്ക് മാറ്റി വയ്ക്കരുത്.

∙ പലരും മേക്കപ്പ് ആർട്ടിസ്റ്റിനോട് ആവശ്യപ്പെടുന്ന ഒരേയൊരു കാര്യമാണ് എങ്ങനെയും വെളുക്കണം എന്നത്. ഇതിനായി കുറുക്കു വഴികൾ തേടുന്നത് കൂടുതൽ അപകടം വരുത്തിവയ്ക്കുകയേ ഉള്ളൂ. ചർമത്തിന്റെ ശരിയായ നിറത്തേക്കാൾ വെളുപ്പു വരുന്നത് ചിലർക്ക് അഭംഗിയായി മാറുകയേ ഉള്ളൂ. നിറത്തില്ല, ചർമത്തിന്റെ ഫ്രഷ്നെസ്സിലും തിളക്കത്തിലുമാണ് സൗന്ദര്യം എന്നു മനസ്സിലാക്കുക.

∙ കണ്ണ് എഴുതി ശീലമില്ലാത്തവർക്ക് ഹെവി ഐ മേക്കപ്പ്, കട്ടിയുള്ള കൃത്രിമ കൺപീലികൾ ഇവയൊന്നു ചേരില്ല. ഇത്തരക്കാർ ചെറിയ രീതിയിലുള്ള കണ്ണെഴുത്തുകൾ ചെയ്ത് പല നിറത്തിലുള്ള ഐഷാഡോസ് കൊണ്ടുള്ള ഐ മേക്കപ്പ് നോക്കുക. കട്ടികുറഞ്ഞ് സ്വാഭാവികത തോന്നുന്ന ഐലാഷും വ യ്ക്കാം.

∙ ബ്യൂട്ടീഷ്യനെ ബുക്ക് ചെയ്യുമ്പോൾ പ്രധാന ബ്യൂട്ടീഷ്യൻ തന്നെയാണ് കല്യാണത്തിന് എത്തേണ്ടതെന്നു പ്രത്യേകം പറയുക. ഇനി അസിസ്റ്റന്റ് ഒരുക്കിയാൽ മതിയെങ്കിൽ അതും വ്യക്തമായി പറയാം.

∙ നമ്മുടെ നാട്ടിലെ കാലവസ്ഥയ്ക്കിണങ്ങുന്ന രീതിയിലുള്ള മേക്കപ്പാണ് എപ്പോഴും നല്ലത്. മാറ്റ് ഫിനിഷ് ആണ് കൂടുതൽ പേർക്കും ഇണങ്ങുക.

വിവരങ്ങൾക്ക് കടപ്പാട്: . അനില ജോസഫ്, ബ്യൂട്ടി കെയർ സൊല്യൂഷൻസ്, തിരുവനന്തപുരം.

ഡോ. നിലൂഫർ ഷെരീഫ്, സിഇഒ, ലാ ഫെമെ ബ്യൂട്ടി & വെൽഫെയർ, തൃശ്ശൂർ

ചിത്രങ്ങൾക്കു കടപ്പാട്: നിയാസ്‍ മരിക്കാർ, കൊച്ചി, ലെൻസ് ഒൗട്ട്, ത്രിശ്ശൂർ, സോൾ ബ്രദേഴ്സ്, തിരുവനന്തപുരം, റെയിൻ മേക്കേഴ്സ്, കൊച്ചി, ബിഗ് വെഡ്ഡിങ്, കൊച്ചി