Tuesday 20 September 2022 02:56 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് സൗകര്യമില്ല ചെയ്യാൻ’; കോടതിയിൽ പോകുന്നതിനെച്ചൊല്ലി വനിതാ പൊലീസുകാർ തമ്മിൽ തർക്കം, വൈറല്‍ വിഡിയോ

olicegggg

തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ വനിതാ പൊലീസുകാർ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രണയിച്ച് ഒളിച്ചോടിയ കേസിൽ ഉൾപ്പെട്ടവരെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. വിവാഹിതനായ ആൾ 18 വയസ്സുകാരിയുമായി ഒളിച്ചോടുകയും വീട്ടുകാരുടെ പരാതിയിൽ പൊലീസ് ഇവരെ കണ്ടെത്തുകയും ചെയ്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കാൻ എസ്ഐ നിർദേശിച്ചു. ഇതിനുശേഷമാണ് ആരു കോടതിയിൽ പോകുമെന്നതിനെച്ചൊല്ലി തർക്കം ഉണ്ടായത്. 

വനിതാ എസ്ഐയുടെ മുന്നിൽ വച്ചാണ് സീനിയോറിറ്റി സംബന്ധിച്ച് വനിതാ പൊലീസുകാർ തമ്മില്‍ പ്രശ്നമുണ്ടായത്. ‘എനിക്ക് സൗകര്യമില്ല ചെയ്യാൻ’ എന്ന് ഒരാൾ മറ്റേയാളോട് ദേഷ്യത്തിൽ പറയുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്. സ്റ്റേഷനിൽ ഉണ്ടായിരുന്നവരാണ് വിഡിയോ ചിത്രീകരിച്ചത്. 

വനിതാ പൊലീസുകാർ തമ്മില്‍ വഴക്ക് രൂക്ഷമായതോടെ എസ്ഐ ഇടപെട്ട് രംഗം ശാന്തമാക്കി. ഒടുവിൽ എസ്ഐ നിർദേശിച്ച പൊലീസുകാരി കേസിൽ ഉൾപ്പെട്ടവരെ കോടതിയിൽ ഹാജരാക്കി. രണ്ടുപേർക്കും കാരണം കാണിക്കൽ നോട്ടിസും നൽകി.

Tags:
  • Spotlight
  • Social Media Viral